മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിലെ താത്കാലിക നഴ്സിങ് ജീവനക്കാരുടെ ഹോസ്റ്റലിലേക്കുള്ള വെള്ളത്തിന്റെ കണക്ഷൻ വിച്ഛേദിച്ചതായി പരാതി. മഞ്ചേരി വായ്പാറപ്പടിയിൽ പ്രവർത്തിക്കുന്ന താത്കാലിക ഹോസ്റ്റലിലേക്കുള്ള കുടിവെള്ളത്തിന്റേതടക്കമുള്ള കണക്ഷനാണ് വിച്ഛേദിച്ചത്. കഴിഞ്ഞകുറെ നാളുകളായി ഹോസ്റ്റലിൽ നിന്നും ഇവരെ പുറത്താക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

തുടക്കത്തിൽ ഹോസ്റ്റലിന്റെ ചുറ്റുമതിലിന് സമാനമായി കെട്ടിപ്പൊക്കിയ ഭാഗം പൊളിച്ചുമാറ്റുകയായിരുന്നു. പിന്നീട് ഒരു ഘട്ടത്തിൽ ഭക്ഷണവും മുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം കട്ടിലുകളും ഫാനും എടുത്ത് മാറ്റുമെന്ന് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ മോട്ടോർ എടുത്ത് ഒഴിവാക്കുകയായിരുന്നു. വാട്ടർ ടാങ്കുകളും എടുത്ത് മാറ്റി. ഇതോടെ എഴുപതോളം വരുന്ന നഴ്സുമാർ പ്രതിസന്ധിയിലായിരിക്കുകയാണ്.

കോവിഡ് കാലത്തിന്റെ തുടക്കത്തിൽ പ്രത്യേക റിക്രൂട്ട്മെന്റ് വഴിയാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിയമിച്ചത്. തുടക്കം മുതലെ ഇവർ പല തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിരുന്നത്. പ്രഖ്യാപിച്ച ശമ്പളം ഇവർക്ക് ലഭിച്ചിരുന്നില്ല. പിന്നീട് കുറെ നാളുകൾ സമരം നടത്തിയതിന്റെ ശേഷമാണ് കൃത്യമായ ശമ്പളം കിട്ടിത്തുടങ്ങിയത്.

ശമ്പളം കൃത്യമായി ലഭിച്ചതോടെ ഇവരുടെ ഭക്ഷണം നിർത്തലാക്കുകയും ചെയ്തു. ഭക്ഷണം ലഭിക്കാതായതോടെ കളക്ടർ ഇടപെട്ട് ഭക്ഷണം പുനഃസ്ഥാപിച്ചിരുന്നു. 70 നഴ്സിങ് ജീവനക്കാരാണ് ഈ ഹോസ്റ്റലിൽ ഇപ്പോൾ താമസിക്കുന്നത്. എല്ലാവരും മഞ്ചേരി മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. ഇന്നലെ വെള്ളം ലഭിക്കാതായതോടെ ഇവർ തീർത്തും പ്രതിസന്ധിയിലായിരിക്കുകയാണ്.

പലരും മറ്റ് ഹോസ്റ്റലുകൾ അന്വേഷിക്കുന്നുണ്ടെങ്കിലും വൻതുകയാണ് ആവശ്യപ്പെടുന്നത്. മാത്രവുമല്ല ബാച്ചിലേഴ്സിന് ഹോസ്റ്റലോ മുറികളോ നൽകാനും ആരും തയ്യാറാകുന്നില്ല. പലരും ആശുപത്രിയിൽ നിന്ന് പിരിച്ചുവിടലിന്റെ വക്കിലാണ്. ഒരു മാസത്തിൽ താഴെ മാത്രമെ പലർക്കും ഇനി ഇവിടെ ജോലി ചെയ്യാനാകൂ. അത്രയും ദിവസത്തിനായി പുതിയ ഹോസ്്റ്റൽ കണ്ടെത്തുന്നതും ബുദ്ധിമുട്ടാണ്. ആശുപത്രി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

ഇന്നലെ വെള്ളത്തിന്റെ കണക്ഷൻ വിച്ഛേദിച്ചതോടെ ഈ നഴ്്സുമാർ ഇപ്പോൾ തൊട്ടടുത്ത വീടുകളിൽ നിന്നും വെള്ളമെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്രയധികം ആളുകൾക്ക് വെള്ളം നൽകുന്നതിന് അടുത്ത വീടുകളിലുള്ളവർക്കും പരിമിതികളുണ്ട്. നേരത്തെ ഹോസ്റ്റലിലെ കിണറിൽ എലി ചത്തുകിടക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം പലർക്കും ആരോഗ്യ പ്രശ്നങ്ങൾ അനുഭപ്പെട്ടിരുന്നതായും നഴ്സുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.