ലക്ഷ്വറി കാറുകളുടെ വിൽപ്പനയിൽ കുതുപ്പിനൊരുങ്ങുകയാണ് ജർമൻ കമ്പനിയായ ബി.എം.ഡബ്ല്യു. ഇതിന്റെ ഭാഗമായി അവതരിപ്പിച്ച പദ്ധതിയായ 'നമ്പർ വൺ നെക്സ്റ്റ് സ്ട്രാറ്റജി'യിലൂടെ പുതിയ മോഡലുകളും കൺസെപ്റ്റുകളും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസം പാരീസിൽ നടന്ന ചടങ്ങിലാണ് പുതിയ കൺസെപ്റ്റ് അവതരിപ്പിച്ചത്.

'8 സീരീസ്' കൂപ്പെയുടെ കൺസെപ്റ്റ് മോഡലാണ് കമ്പനി വൻ സന്നാഹത്തോടെ പുറത്തിറക്കിയത്. അടുത്ത വർഷം വാഹനം പുറത്തിറക്കുമെന്ന വാഗ്ദാനത്തിലായിരുന്നു കൺസെപ്റ്റ് അവതരണം. സാങ്കേതികതയ്ക്കപ്പുറം ഡിസൈനിലും കമ്പനിയുടെ പുതിയ കാഴ്ചപ്പാടുകളാണ് ഈ കൺസെപ്റ്റിലുള്ളത്. നീല കലർന്ന ചാരനിറത്തിന് ബാഴ്‌സലോണ ഗ്രേ ലിക്വിഡ് എന്നാണ് പേരിട്ടിരിക്കുന്നത്.

വലിയ കിഡ്‌നിഗ്രിൽ, നീണ്ടു മെലിഞ്ഞ ഹെഡ്‌ലൈറ്റുകൾ വലിയ എയർ ഇൻടേക്കുകൾ എന്നിങ്ങനെ ഓരോന്നിലും ബി.എം.ഡബ്ല്യു ടച്ച് നിലനിറുത്തിയിട്ടുണ്ട്. ഉള്ളിൽ കാർബൺ ഫൈബർ കൊണ്ടു നിർമ്മിച്ച ഷെൽ സ്പോർട്‌സ് സീറ്റുകൾ, അലുമിനീയം കൊണ്ട് നിർമ്മിച്ച സ്റ്റിയറിങ് വീൽ, സ്വരോവ്‌സ്‌കി ചില്ലുകൊണ്ടു നിർമ്മിച്ച ഐ. ഡ്രൈവ് കൺട്രോളർ തുടങ്ങിയവയാണ് പ്രത്യേകതകൾ.