കാലങ്ങളായി മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്ന അർബുദമെന്ന മാഹാ വ്യാധിക്കെതിരെ കൂടുതൽ ഫലപ്രദമായ ഔഷധവുമായി ഗവേഷകർ എത്തിയിരിക്കുകയാണ്. അർബുദം ബാധിച്ച കോശങ്ങളെ മാത്രം കൊന്നൊടുക്കുന്ന, എന്നാൽ ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങൾക്ക് യാതോരു കേടുപാടുകളും വരുത്താത്ത് ഈ പുതിയ ഔഷധം കീമോതെറാപ്പി എന്ന നിലവിലുള്ള അർബുദ ചികിത്സാ സമ്പ്രദായത്തെ ഇല്ലാതെയാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. യൂണിവേഴ്സിറ്റി ഓഫ് ഏഡിൻബർഗിലെ ശാസ്ത്രജ്ഞ്രരാണ് ഈ പുതിയ ഔഷധം വികസിപ്പിച്ചിരിക്കുന്നത്.

അർബുദം ബാധിച്ച കോശങ്ങളെ കൊല്ലാങ്കെല്പുള്ള സെ എൻബിഡി എന്ന തന്മാത്രയെ ഒരു രാസപദാർത്ഥവുമായി സംയോജിപ്പിച്ച് രോഗബാധിത കോശങ്ങളെക്കൊണ്ട് ആഗിരണംചെയ്യിപ്പിക്കുകയാണ് ചികിത്സാരീതി. അർബുധം ബാധിച്ച കോശങ്ങൾക്ക് ആർത്തി സ്വതവേ കൂടുതലാണ്. മാത്രമല്ല, കൂടുതൽ ഊർജ്ജം ആവശ്യമായതിനാൽ ഇവയ്ക്ക് ഭക്ഷണവും അധികമായി വേണം. അതിനാൽ തന്നെ ഈ പുതിയ ഭക്ഷണം, സാധാരണ കോശങ്ങൾ കഴിക്കുന്നതിലും കൂടുതലായി അർബുദം ബാധിച്ച കോശങ്ങൾ ഉൾക്കൊള്ളും. സ്വാദിഷ്ടമായ ഒരു രാസപദാർത്ഥവുമായി സെ എൻബിഡി തന്മാത്രകൾ കൂട്ടിക്കുഴക്കുന്നതിലൂടെ അർബുദ കോശങ്ങളെ കെണിയിൽ വീഴ്‌ത്താനുള്ള നല്ലൊരു ഇരയായി അതുമാറും.

ഔഷധലോകത്തിലെ ട്രോജൻ കുതിര എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മരുന്ന് വികസിപ്പിച്ചത് യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിലെ ശാസ്ത്രജ്ഞരാണ്. നിലവിൽ ഒരു സീബ്രാ മത്സ്യത്തിലും അതുപോലെ മനുഷ്യ കോശത്തിലും ഇത് പരീക്ഷിച്ചു വിജയം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് സുരക്ഷിതവും ഫലപ്രദവുമായ ഔഷധമാണെന്ന് സ്ഥിരീകരിക്കാൻ ഇനിയും ഏറെ പരീക്ഷണങ്ങൾ ആവശ്യമാണെന്നാണ് ഗവേഷകർ പറയുന്നത്. കാൻസറിന്റെ ആദ്യ ഘട്ടങ്ങളിൽ പൂർണ്ണഫലം നൽകുന്ന ഒരു ചികിത്സയായിരിക്കും ഇതെന്നാണ് ഗവേഷകർ പറയുന്നത്.

ഇത് വിപണിയിൽ എത്തുന്നതോടെ കാൻസർ മരണങ്ങളുടെ നിരക്ക് ഗണ്യമയി കുറയ്ക്കാനാകും എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടതായി വരികയുമില്ല. നിലവിൽ ഇത് സാധാരണയായി തലച്ചോറിനെ ബാധിക്കുന്ന കാൻസറായ ജിലോബ്ലാസ്റ്റോമയുടെ ചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്. സെ എൻബി ഡി, പ്രകാശത്താൽ സജീവമാക്കപ്പെടുന്ന ഒരു ഫോട്ടോ സെൻസിറ്റൈസർ കൂടിയാണ്. അതായത്, കോശങ്ങൾ പ്രകാശത്താൽ ദൃശ്യമാക്കുമ്പോൾ മാത്രമാണ് ഇത് കോശങ്ങളെ കൊല്ലുന്നത്.

അതായത്, ഈ ഔഷധത്തെ എപ്പോൾ സജീവമാക്കണം എന്നത് ഒരു ഡോക്ടർക്ക് തീരുമാനിക്കാൻ കഴിയും. ഇത് ആരോഗ്യമുള്ള കോശങ്ങളെ നാശത്തിൽ നിന്നും രക്ഷിക്കും. മാത്രമല്ല, തലമുടി കൊഴിയുന്നതുപോലുള്ള പാർശ്വഫലങ്ങളിൽ നിന്നുരക്ഷനേടുകയും ചെയ്യാം. അർബുദ ചികിത്സയുടെ രംഗത്തുണ്ടായ ഒരു കുതിച്ചുചാട്ടം എന്നാണ് ഈ പുതിയ ഔഷധത്തെ, ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ച നേച്ചർ കമ്മ്യുണിക്കേഷൻസ് എന്ന ജേർണലിൽ വിശേഷിപ്പിച്ചിരിക്കുന്നത്.