ന്യൂയോർക്ക്: യുവതലമുറയുടെ പ്രിയപ്പെട്ട വസ്ത്രമാണ് ജീൻസ്. പൊതുവേ മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് പുരുഷനായാലും സ്ത്രീയായാലും ധരിക്കാൻ ഏറ്റവും എളുപ്പമുള്ള വസ്ത്രമായി ജീൻസിനെ കാണുന്നു. അതുകൊണ്ട് തന്നെയാണ് യുവതലമുറയ്ക്കിടയിൽ ജീൻസ് അത്രയും ജനപ്രിയമാകുന്നത്. ഈ പ്രിയം കൊണ്ടുതന്നെ വസ്ത്ര നിർമ്മാതാക്കൾ ഏറ്റവും കൂടുതൽ പരീക്ഷണം നടത്തുന്നതും ജീൻസിലാണ്.

ജീൻസിൽ തന്നെ പല തരത്തിലുള്ള ഫാഷൻ ട്രെൻഡുകളും ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്. കണ്ടാൽ കീറിയ പോലെ തോന്നുന്ന ജീൻസ്, 'പുല്ലിന്റെ കറ' പോലെ തോന്നുന്ന ജീൻസ്... അങ്ങനെ പല രസകരമായ ഡിസൈനുകളിലാണ് ഇവയെ ഇപ്പോൾ കാണുന്നത്. അതിലും കുറച്ചധികം വിചിത്രമായ ഡിസൈനിലുള്ള ഒരു ജീൻസാണ് ഇപ്പോൾ ഫാഷൻ ലോകത്ത് വൈറലാകുന്നത്. ഇപ്പോഴിതാ അത്തരമൊരു പരീക്ഷണമാണ് വൈറലാകുന്നത്.

മൂത്രമൊഴിച്ചത് പോലുള്ള ഡിസൈനാണ് ഈ ജീൻസിനെ വൈറലാക്കിയത്. ഒറ്റനോട്ടത്തിൽ കാണുന്നവർക്ക് ഈ ജീൻസ് ധരിച്ചിരിക്കുന്നയാൾ പാന്റിൽ മൂത്രമൊഴിച്ചതാണെന്നേ തോന്നൂ. എന്നാൽ സംഭവം ഡിസൈനാണ്. ന്യൂയോർക്കിലുള്ള 'വെറ്റ് പാന്റ്‌സ് ഡെനിം' എന്ന കമ്പനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള പാന്റ് വിപണിയിലിറക്കിയത്.

'നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ' എന്നതാണ് കമ്പനിയുടെ പരസ്യ വാചകം. മൂത്രമൊഴിച്ച ഡിസൈനുള്ള പാന്റ് വിവിധ തരത്തിലും കളറിലുമായി കമ്പനി വിപണിയിൽ എത്തിക്കുന്നത്. ഒരു മോഡൽ പുറത്ത് വിട്ടപ്പോൾ തന്നെ സംഭവം വൈറലായി.അതോടെ ഉടൻ പാന്റ് വിപണിയിലിറക്കാനാണ് കമ്പനിയുടെ ശ്രമം.

മൂത്രമൊഴിച്ച പോലുള്ള ലുക്കും അതേസമയം യഥാർത്ഥത്തിൽ ജീൻസിൽ മൂത്രമൊഴിച്ചാൽ അനുഭവപ്പെടുന്ന അസ്വസ്ഥതകളില്ലാത്ത ജീൻസ് വെറ്റ് പാന്റ്‌സ് ഡെനിം നിർമ്മിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. ചില ആളുകൾക്ക് മൂത്രമൊഴിച്ച ജീൻസിന്റെ ലുക്ക് വളരെ ഇഷ്ടമാണ്. അവരുടെ ആഗ്രഹം പൂർത്തീകരണത്തിനാണ് ഈ നനഞ്ഞ ലുക്കുള്ള പാന്റ് ഡിസൈൻ ചെയ്തതെന്നും വെറ്റ് പാന്റ്‌സ് ഡെനിം സിഇഒ പറയുന്നു.