തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ സമഗ്രമാറ്റത്തിന് സർക്കാർ ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.തലപ്പത്ത് ഇനി കൃത്യമായി വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തി രാഷ്ട്രീയ പശ്ചാത്തലത്തിൽ എത്തുന്നവരെ ഒഴിവാക്കുമെന്നുമായിരുന്നു നിർദ്ദേശം.സമഗ്ര പരിഷ്‌കാരങ്ങളുടെ ആദ്യനീക്കമെന്ന നിലയിൽ കെ എസ് ആർ ടി സിയിൽ ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിർത്തലാക്കി.പകരം 12 മണിക്കുർ സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിന് തുടക്കമായി.

ഡ്രൈവർമാർക്ക് സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂർ എന്നത് 8 മണിക്കൂറും പരമാവധി 10 മണിക്കൂറുമെന്നതാണ് പുതിയ വ്യവസ്ഥ. ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്താൽ മതി.എന്നാൽ ഗതാഗതകുരുക്കിൽപ്പെട്ട് വാഹനം ഓടിയെത്തുന്ന സമയം വച്ച് ഈ ഡ്യൂട്ടി സമയം പോരെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്.ഓർഡിനറി ബസുകളുടെ 8 മണിക്കൂർ മാത്രം പര്യാപ്തമായ സർവീസുകൾക്ക് പഴയ സമ്പ്രദായം തുടരാം. എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ ഡബിൾ ഡ്യൂട്ടിയെന്ന നിർദ്ദേശവും പരിഷ്‌കാരങ്ങളിലുണ്ട്.

 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന തൊഴിൽ മാനദണ്ഡം നിലനിൽക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നിലപാട്. ഇന്നലെ പ്രതിഷേധവും സംഘടനകൾ നടത്തി.

അതേസമയം ബാങ്ക് പ്രവൃത്തി ദിനമാല്ലാത്തതിനാൽ നടക്കാതിരുന്നു പെൻഷൻ വിതരണം ഇന്ന് നടക്കും.