മുംബൈ: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്ന അവസരത്തിലും ഏറെ ആശ്വാസകരമാകുന്ന വാർത്തയാണ് ഇപ്പോൾ വാഹന ലോകത്ത് നിന്നും കേൾക്കുന്നത്. എന്നാൽ ആ ആശ്വാസം പണം കൈയിലുള്ളവർക്ക് മാത്രമാണെന്നും വാഹന പ്രേമികൾ പറയുന്നു. സംഗതി മറ്റൊന്നുമല്ല നിരത്തിലേക്ക് പുതു പുത്തൻ ഇലക്ട്രിക്ക് ഹൈപ്പർ കാർ എത്തുന്നു. വസിറാണി ഓട്ടോമോട്ടീവ് എന്ന കമ്പനിയാണ് വസിറാണി ഷുൽ എന്ന വാഹനം നിരത്തിലിറക്കാൻ പോകുന്നത്. സെപ്റ്റംബർ 26ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ വാഹനം പുറത്തിറക്കും.

ഗുഡ് വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡ് എന്ന പരിപാടിയിൽ ഈ വർഷം ആദ്യമാണ് വാഹനം ഇറങ്ങാൻ പോകുന്നുവെന്ന വാർത്ത കമ്പനി ആദ്യമായി പുറത്ത് വിട്ടത്.കമ്പനിയുടെ സഹ നിർമ്മാതാവും ഡിസൈനറുമായ ചങ്കി വസിറാണിയാണ് കാർ ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹന നിർമ്മാതാക്കളായ ഫോഴ്‌സ് എഫ് വൺ ടീം, ടയർ നിർമ്മാതാക്കളായ മിഷലിൻ എന്നിവയുടെ സഹകരണത്തോടെയാണ്  കാർ നിർമ്മാണം പുരോഗമിക്കുന്നത്.ജാഗ്വറിലും റോൾസ് റോയ്‌സലും ജോലി ചെയ്ത പരിചയവും ചങ്കി വസിറാണിക്കുണ്ട്.

ബിഎംഡബ്ല്യു ഐ8ന് സമാനമായ രീതിയിലുള്ള കാർബൺ ഫൈബർ ട്യൂബ് ചെയ്‌സിസ് തന്നയാണ് വസിറാണി ഹൈപ്പർ കാറിനും.നാലു എൻജിനുകൾ ഉള്ളതിനാൽ മികച്ച പെർഫോർമൻസ് കാഴ്‌ച്ച വയ്ക്കാനും കാറിന് സാധിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു. കമ്പനിയുടെ ഡിസൈൻ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന യുഎസിലെ കാലിഫോർണിയയിലാണ് കാർ നിർമ്മിക്കുന്നത്. 2019തോടെ കാറിന് എത്രയാണ് വിലയിടുന്നത് എന്ന കാര്യം പുറത്ത് വിടുമെന്നും കമ്പനി അധികൃതർ അറിയിച്ചു.