കൊച്ചി: പി.വി അൻവർ എംഎ‍ൽഎയുടെ തിട്ടൂരത്തിന് മുന്നിൽ മുട്ടുമടക്കാത്ത ജാഫർ മാലിക് ഇനി വ്യവസായ ജില്ലയായ കൊച്ചിയുടെ കളക്ടർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നിലമ്പൂർ എംഎ‍ൽഎ പി.വി അൻവറും അന്നത്തെ മലപ്പുറം കളക്ടറായിരുന്ന ജാഫർമാലിക്കും പരസ്യമായി കൊമ്പുകോർത്തത്.

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട മുണ്ടേരി ചളിക്കൽ കോളനിയിലെ ആദിവാസി കുടുബങ്ങൾക്കായി ഐ.ടി.ഡി.പി വിലക്കുവാങ്ങിയ സ്ഥലത്ത് ഫെഡറിൽ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും 34 വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി കളക്ടർ നടപ്പാക്കിയതാണ് എംഎ‍ൽഎയെ ചൊടിപ്പിച്ചത്. വീടുനിർമ്മാണം നടക്കുന്നതിനിടെ എംഎ‍ൽഎ സ്ഥലത്തെത്തി നിർമ്മാണം തടഞ്ഞതോടെയാണ് കളക്ടറും എംഎ‍ൽഎയും ഇടഞ്ഞത്. വീടുനിർമ്മാണം തടഞ്ഞതിനെതിരെ കളക്ടർ പൊലീസിൽ പരാതി നൽകി.

കവളപ്പാറയിൽ ദുരന്തത്തിനരയായവർക്കാണ് വീടു നൽകേണ്ടതെന്നും താനറിയാതെയാണ് സ്ഥലമെടുത്തതെന്നുമായിരുന്നു എംഎ‍ൽഎയുടെ വാദം. കവളപ്പാറക്കാർക്ക് വീടു നൽകാതെ പണി തുടരാൻ അനുവദിക്കില്ലെന്നും വെല്ലുവിളിച്ചു. എന്നാൽ കവളപ്പാറക്കാറക്കാരോടാണ് ആദ്യമായി വീടിന്റെ കാര്യം പറഞ്ഞതെന്നും അവർക്ക് പോത്തുകൽ പഞ്ചായത്തിൽ തന്നെ വീടുവേണമെന്ന ആവശ്യപ്പെട്ടതിനാലാണ് ചളിക്കൽ കോളനിക്കാർക്ക് വീടു നൽകുന്നതെന്നും കളക്ടർ വിശദീകരിച്ചു. സ്ഥലം വാങ്ങാൻ പർച്ചേസ് കമ്മിറ്റി കൂടിയാണ് നിയമാനുസൃതം തീരുമാനമെടുത്തതെന്നും നിയമപ്രകാരം എംഎ‍ൽഎയെ അറിയിക്കേണ്ടെന്നും വിശദീകരിച്ച് കളക്ടർ ഫേസ്‌ബുക്ക് പോസ്റ്റിട്ടു.

പ്രളയബാധിതർക്കായി സൗജന്യമായി ലഭിച്ച ഭൂമി സർക്കാരിനെക്കൊണ്ട് വിലക്കുവാങ്ങിക്കാൻ പി.വി അൻവർ എംഎ‍ൽഎ നിർബന്ധിച്ചുവെന്നും സൗജന്യമായി കിട്ടിയ ഭൂമി വിലകൊടുത്ത് വാങ്ങാൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞതായും കളക്ടർ തുറന്നടിച്ചു. ഇതോടെ കളക്ടർ എംഎ‍ൽഎ പോര് മൂർഛിക്കുകയായിരുന്നു.

കളക്ടർ അഹങ്കാരിയാണെന്ന് എംഎ‍ൽഎ പത്രസമ്മേളനം നടത്തിപ്പറഞ്ഞു. സ്ഥലമേറ്റെടുത്തതിൽ അഴിമതി ആരോപിച്ച് വിജിലൻസിന് പരാതിയും നൽകി. കളക്ടർക്കെതിരെ മാനനഷ്ടത്തിന് കേസ്‌കൊടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ അതെ ഞാൻ അഹങ്കാരിയാണെന്ന് തന്റേടത്തോടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ തിരിച്ചടിക്കുകയായിരുന്നു കളക്ടർ.

വിവാദം കത്തുന്നതിനിടെ എംഎ‍ൽഎ തടഞ്ഞ വീടു പണി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശത്തെ തുടർന്ന് കളക്ടർ ഇടപെട്ട് പുനരാരംഭിക്കുകയും ചെയ്തു. ഇനി തടയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. എംഎ‍ൽഎ തടഞ്ഞ ആദിവാസികൾക്കുള്ള വീടുപണി പൂർത്തീകരിച്ചശേഷമാണ് ജാഫർ മാലിക് മലപ്പുറം കളക്ടർ സ്ഥാനത്തുനിന്നും പടിയിറങ്ങിയത്.  പിന്നീട് കാസർഗോഡ് ജില്ലയിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ നേതൃത്വവും തുടർന്ന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ എം.ഡിയുമായി അവിടെ നിന്നാണ് എറണാകുളം ജില്ലാ കളക്ടറായെത്തുന്നത്.

ആർക്കും എപ്പോഴും വിളിക്കാവുന്ന ജനകീയ കളക്ടറാണ് ജാഫർ മാലിക്. മലപ്പുറത്താകുമമ്പോൾ ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ ജീവനക്കാരുമായി വിലയിരുത്തുന്ന രീതിയാണ് അദ്ദേഹം പ്രാവർത്തികമാക്കിയത്. ജോലി സമയം കഴിഞ്ഞാലും മണിക്കൂറുകൾ ജാഫർ മാലിക് കളക്ടറേറ്റിലുണ്ടാകുമായിരുന്നു. ന്യായമായ സഹായം ആരു ചോദിച്ചാലും അതിനായി എപ്പോഴും സന്നദ്ധനായിരുന്നു. നിയമവിരുദ്ധമായത് ആരു പറഞ്ഞാലും നോ പറയാൻ മടികാട്ടിയിരുന്നുമില്ല.

പ്രളയത്തിൽ പാലം ഒലിച്ചുപോയി വനത്തിൽ ഒറ്റപ്പെട്ട നിലമ്പൂർ മുണ്ടേരി ഉൾവനത്തിലെ നാലു കോളിനികളിലെ 150 തോളം ആദിവാസി കുടുംബങ്ങൾക്കായി രണ്ടാഴ്ച കൊണ്ട് തൂക്കുപാലം പണിത് ജാഫർ മാലിക്ക് വിസ്മയിപ്പിച്ചിരുന്നു. ആദിവാസികൾ പരാതിയുമായെത്തിയപ്പോൾ ചെറിയ വാഹനങ്ങൾ പോകുന്ന പാലം നിർമ്മിക്കാൻ എട്ടുമാസമെങ്കിലും കാത്തിരിപ്പും മൂന്നു കോടി ചെലവുംവരുമെന്നു കണ്ടു. അതുവരെ ചങ്ങാടത്തിൽ പുഴകടക്കൽ അപകടഭീതിയാണെന്നായി ആദിവാസികൾ. അപ്പോഴാണ് തൂക്കപാലമെന്ന ആശയം കളക്ടറുടെ മനസിലുദിച്ചത്. രണ്ടാഴ്ചക്കകം പാലം പൂർത്തിയാക്കുമെന്ന് ആദിവാസികൾക്ക് ഉറപ്പും നൽകി. കളക്‌റേറ്റിലെ സഹപ്രവർത്തകരുമായി സംസാരിച്ചു.

സഹായിക്കാൻ എല്ലാവരും സന്നദ്ധരായി. അന്നുതന്നെ ഫേസ്‌ബുക്കിൽ കളക്ടർ ഹാങിങ് ബ്രിഡ്ജ് ചാലഞ്ച് ഇട്ടു. ആദ്യ ദിനം തന്നെ കളക്ടറേറ്റ് ജീവനക്കാർ ഒരു ലക്ഷം രൂപ സമാഹരിച്ചു. കളക്ടറും ജീവനക്കാരും കൈകോർത്ത് അഞ്ചുലക്ഷത്തോളം രൂപ ചെലവിട്ട് രണ്ടാഴ്ചക്കകം പാലം പണി പൂർത്തിയാക്കി. പാലം പണിക്ക് ശ്രമദാനമായി കളക്ടറും ജീവനക്കാരും മൂന്നു ദിവസം പങ്കാളികളുമായി.

സർക്കാരിന്റെ സഹായത്തിനായി കാത്തുനിൽക്കാതെ കളക്ടറും റവന്യൂ ജീവനക്കാരും പണിത ഈ തൂക്കുപാലമാണ് മുണ്ടേരിയിലെ ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ കോളനികളിലെ 150തോളം ആദിവാസി കുടുംബങ്ങൾക്ക് പുഴകടക്കാനുള്ള ആശ്രയമായത്. ഇവർക്ക് ചെറിയ വാഹനങ്ങൾപോകാനുള്ള റോഡ് പാലത്തിനുള്ള പദ്ധതിയും സമർപ്പിച്ചാണ് കളക്ടർ മലപ്പുറത്തോട് വിടപറഞ്ഞത്. ത്. മുണ്ടേരി ഉൾവനത്തിലെ കോളനികളിലേക്കുള്ള റോഡ്പാലം ഇതുവരെയും യാഥാർത്ഥ്യമായിട്ടില്ല.

ജാഫർ മാലിക് പെരിന്തൽമണ്ണ സബ് കളക്ടറായിരിക്കെയാണ് പി.വി അൻവർ എംഎ‍ൽഎ ചീങ്കണ്ണിപ്പാലിയിൽ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് കാട്ടരുവിയിൽ കെട്ടിയ തടയണപൊളിക്കണമെന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. അന്ന് സ്ഥലം സന്ദർശിക്കാനെത്തിയ ജാഫർ മാലിക്കിനെ ആദിവാസികളെ ഇറക്കി തടഞ്ഞ് തടയണ പൊളിക്കാൻ പാടില്ലെന്ന ആവശ്യവും ഉയർത്തിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെയാണ് തടയണപൊളിക്കാൻ ജാഫർമാലിക് റിപ്പോർട്ട് നൽകിയത്. അന്നത്തെ കളക്ടർ അമിത് മീണ തടയണ പൊളിച്ചുനീക്കാൻ ഉത്തരവിട്ടു.

കളക്ടറുടെ ഉത്തരവിനെതിരെയുള്ള സ്റ്റേ റദ്ദാക്കിയ ഹൈക്കോടതി തടയണപൊളിക്കാൻ ഉത്തരവിട്ടപ്പോൾ മലപ്പുറം കളക്ടറായെത്തിയ ജാഫർ മാലിക്കിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തന്നെയാണ് തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നുവിട്ടതും. 32 വയസുള്ള രാജസ്ഥാൻ സ്വദേശിയായ ജാഫർമാലിക്ക് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഭാര്യ ഫർസാന പർവീൺ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.