കൊച്ചി: കൊച്ചി തീരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയവരാകും കൊച്ചിയിലെ പല മത്സ്യത്തൊഴിലാളികളും. മാത്രമല്ല, ദക്ഷിണ നാവികസേനാ ആസ്ഥാനവും കൊച്ചി തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇവരുടെയൊന്നും ശ്രദ്ധയിൽ പെടാതെ കൊച്ചിയിൽ ഒരു രഹസ്യദ്വീപ് വളരുന്നുണ്ടോ? കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ ഇത്തരമൊരു ചർച്ച സജീവമായി നടക്കുന്നു. ഗൂഗിൾ എർത്തിലെ മാപ്പിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് ദുരൂഹമായി ഈ ദ്വീപിനെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞത്. ഇതോടെ എല്ലാവരിലും ആക്ഷാംക്ഷ ഉണരുകയും ചെയ്തു.

ചെല്ലാനം കാർഷിക ടൂറിസം ഡെവലപ്പ്‌മെന്റ് സൊസേറ്റി പ്രസിഡന്റ് കെഎക്‌സ് ജൂലപ്പൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത 'ഗൂഗിൾ എർത്ത്' സ്‌ക്രീൻഷോട്ടാണ് ഇത്തരമൊരു പ്രചരണത്തിന് അടിസ്ഥാനമായ കാര്യം. കൊച്ചി തീരത്ത് നിന്നും ഏഴുകിലോമീറ്റർ പടിഞ്ഞാറ് മാറി ഒരു ദ്വീപ് ഉണ്ടാകുന്നു എന്ന രീതിയിൽ വാർത്തകൾ ആദ്യം വന്നത്. പിന്നീട് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല ഇത് സംബന്ധിച്ച് പഠനം നടത്തും എന്ന് അറിയിച്ചതോടെ ഇത് സജീവചർച്ചയായി. ശരിക്കും അത്തരമൊരു ദ്വീപ് വളരുന്നുണ്ടോ എന്ന വിധത്തിലായി ചർച്ചകൾ.

പയറുമണി രൂപത്തിലായതിനാൽ പയറുമണി ദ്വീപ് എന്നാണ് ഈ ദ്വീപിനെ കുറിച്ച് പലരും വിലയിരുത്തിയത്. ഗൂഗിൾ എർത്ത് പറയുമ്പോലെ ഈ പ്രദേശത്ത് ഇത്തരമൊരു ദ്വീപ് രൂപം കൊണ്ടിട്ടില്ലെന്നാണ് ഭൂമിശാസ്ത്ര തെളിവുകൾ അടക്കം ഉൾപ്പെടുത്തി ഗവേഷകർ പറയുന്നത്. ദ്വീപ് കണ്ടെത്തിയെന്ന വാദം തെറ്റാണെന്നു കാണിച്ച് സാങ്കേതിക വിദഗ്ധരും രംഗത്തുവന്നു.

ഗൂഗിൾ മാപ്പ് ഇമേജുകളും സാറ്റലൈറ്റ് ഇമേജുകളും ഉപയോഗിച്ചാണ് അത്തരമൊരു ദ്വീപില്ലെന്നും സാങ്കേതികപ്പിഴവുകളാണ് ഈ വാദങ്ങളിലേക്ക് നയിച്ചതെന്നുമാണ് ഇവരുടെ വാദം. കൊച്ചിയിൽ ദ്വീപുണ്ടെന്നു പറയുന്ന ഭാഗത്ത് കപ്പലുകളുടെ സാന്നിധ്യം കൂടുതലാണ്. ഒന്നിലധികം കപ്പലുകളുടെ സ്ഥിരമായ സാന്നിധ്യമാകാം അതൊരു ഭൂപ്രദേശമാണെന്ന് ഗൂഗിളിന്റെ അൽഗോരിതത്തെക്കൊണ്ട് തോന്നിപ്പിച്ചതെന്നത് അടക്കം ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയവർ ചൂണ്ടിക്കാട്ടുന്നു.

ദ്വീപിന്റെ നീളവും വീതിയും ആകൃതിയുമെല്ലാം ചേർത്താണ് ഗൂഗിൾ എർത്ത് ഇമേജസിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ വന്നത്. കൊച്ചി കായലിൽ ഡ്രഡ്ജിങ്ങിന്റെ ഭാഗമായാണ് ദ്വീപ് രൂപപ്പെടുന്നതെന്നും ഇത് മണൽത്തിട്ടയാകാൻ സാധ്യതയുണ്ടെന്നും നിരീക്ഷണങ്ങൾ ഉയർന്നു. ദ്വീപിന് 'പയറുമണി ഐലന്റ്' എന്നുവരെ ചിലർ ഗൂഗിൾ മാപ്പിൽ പേരുനൽകി. ഗൂഗിൾ മാപ്പിലെ 2020ലെയോ 2019ലെയോ 2018ലെയോ ചിത്രങ്ങളിൽ ഇത്തരമൊരു മണൽത്തിട്ട കാണാനില്ല.

സംഭവിച്ചത് ഗൂഗിൾ മാപ്പിലെ അൽഗോരിതം പിഴവ്

2018 മുതൽ രൂപപ്പെട്ടത് എന്ന അവകാശവാദവുമായി വരുന്ന ദ്വീപ് വാദങ്ങളിൽ തെളിവായി പ്രധാനമായും ഉന്നയിക്കുന്ന ഗൂഗിൾ എർത്തിന്റെ ഹൈ റെസല്യൂഷൻ ഇമേജാണ്. അതിൽ കാണിക്കുന്ന പയറുമണി പോലുള്ള രൂപത്തിലുള്ള ഭാഗം ദ്വീപ് രൂപം കൊള്ളുന്നതാണെന്ന വാദത്തിന് കരുത്തു പകരുകയും ചെയ്തു. അതേ സമയം ഓപ്പൺ സ്ട്രീറ്റ് മാപ്പിൽ പരിശോധിച്ചാൽ 'പുതിയ ദ്വീപ്' നിലനിൽക്കുന്നു എന്ന് പറയുന്നയിടത്ത് കൂടി കടന്നുപോകുന്നതുകൊച്ചി-മിനിക്കോയി ഫെറി റൂട്ടാണ്. നിലവിൽ വരുന്ന എല്ലാ വാദങ്ങളും കടലിന് അടയിൽ 21 അടി താഴ്ചയിൽ വരെ രൂപപ്പെട്ട മണൽതിട്ട എന്നാണ്. എന്നാൽ അതിനൊപ്പം തന്നെ ഗൂഗിൾ എർത്തിലെ വോയേജ് ഓപ്ഷൻ ഉപയോഗിച്ചാൽ ആ പ്രദേശത്തിന് കാലങ്ങളായി വരുന്ന മാറ്റം നമ്മുക്ക് കാണുവാൻ സാധിക്കും. ഇപ്പോൾ ലഭിക്കുന്ന ചിത്രത്തിലുള്ള രീതിയിലുള്ള ഒരു ഭൂപ്രദേശം പെട്ടെന്ന് ഒരു ദിനം ഉണ്ടാകില്ല. അതിനാൽ തന്നെ അത് രൂപപ്പെട്ട് വരുന്ന ഒരു സൂചനയും, വോയേജറിലെ ടൈം ലാപ്‌സ് ഓപ്ഷൻ ഉപയോഗിച്ചാൽ കാണാൻ സാധിക്കുന്നില്ല.

ഡബ്യൂആർഐ ഇന്ത്യ ജിയോ അനലിസ്റ്റായ രാജ് ഭഗത് പളനിച്ചാമി ഇത് സംബന്ധിച്ച് വിശദമായ ട്വിറ്റർ പോസ്റ്റ് നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാദങ്ങൾ പ്രകാരം, ഗൂഗിൾ എർത്ത് ചില സ്ഥലങ്ങളിൽ ഗൂഗിൾ എർത്ത് ഹൈ റെസല്യൂഷൻ ഇമേജ് നൽകണം എന്നില്ല. ഇത്തരം സ്ഥലങ്ങളിൽ അവർ സമുദ്രത്തിന്റെ ഭാഗം തന്നെ നൽകും. ഈ ഭാഗത്ത് നൽകിയ സാറ്റലൈറ്റ് ഇമേജ് ചിലപ്പോൾ സമുദ്രഉപരിതലത്തിന് പകരം ഏതെങ്കിലും കരഭാഗമായതാകാം, അത് സാങ്കേതികമായ പിഴവാണ് അല്ലാതെ പുതിയ ദ്വീപ് ഉണ്ടാകുന്നതല്ല.

ആർക്കവീസ് എന്ന തന്റെ ബ്ലോഗിൽ സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഡാറ്റകൾ വച്ചും അർജ്ജുൻ ഗംഗാധരൻ പുതിയ ദ്വീപ് എന്ന വാദത്തിന്റെ സാധുത തള്ളിക്കളയുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിനെക്കുറിച്ചുള്ള പഠനമാണ് ബാത്തിമെട്രി (Bathymetry) ഇതിൽ തന്നെ മുൻനിര പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന അന്തരാഷ്ട്ര സമുദ്രപഠന ഓർഗനൈസേഷന്റെ കീഴിലുള്ള ജനറൽ ബാത്തിമെട്രിക്ക് ചാർട്ട് ഓഫ് ഓഷ്യൻ. ഇവരുടെ ഏറ്റവും പുതിയ 2020 ഡാറ്റകൾ ത്രിമാന ചിത്രങ്ങളാക്കി മാറ്റി നടത്തിയ അന്വേഷണത്തിൽ 'പയറുമണി ദ്വീപ്' നിൽക്കുന്നു എന്ന് പറയുന്ന സ്ഥലത്ത് യാതൊരു മാറ്റവും സമീപകാലത്ത് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇത് സംബന്ധിച്ചുള്ള ത്രിമാന ചിത്രങ്ങൾ പരിശോധിച്ചാൽ കപ്പൽ ചാൽ പോലെ കൊച്ചി തീരത്ത് നിന്നും താഴ്ന്ന് കിടക്കുന്ന രീതിയിലാണ് ഈ പ്രദേശം കാണുവാൻ സാധിക്കുന്നത്.

 

ഇതിനൊപ്പം കൊച്ചിതീരമായ ചെല്ലാനത്തെ തീരശോഷണവും 'പുതിയ ദ്വീപ്' കണ്ടെത്തലുമായി ബന്ധപ്പെടുത്തുന്ന വാദങ്ങളും ഗവേഷകർ തള്ളുന്നുണ്ട്.