ദുബൈ: ദുബൈയിൽ പൊതു ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഭൂമി ഏറ്റെടുക്കുമ്പോൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പുതിയ നിയമം. ഭൂമി ഉടമകൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിലുള്ള നിയമം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്.

ഏറ്റെടുക്കുന്ന ഭൂമിയിലെ വസ്തുവിന്റെ ഒരു ഭാഗം മാത്രമാണ് പൊളിക്കുന്നതെങ്കിലും ഉടമയ്ക്ക് ബാക്കി ഭാഗം ആവശ്യമില്ലെങ്കിൽ മുഴുവൻ തുകയും നൽകണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നു. ദുബൈ റൂളേഴ്സ് കോർട്ട് ചെയർമാൻ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാര തുക നൽകണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സമിതിയെ നിയോഗിക്കും.

ഇതിലെ അംഗങ്ങളാണ് ഭൂമി ഏറ്റെടുക്കൽ നടപടികളെ കുറിച്ച് തീരുമാനിക്കുക. പുതിയ നിയമം ദുബൈയിലെ എല്ലാ വസ്തുവകകൾക്കും ബാധകമാണ്. സ്പെഷ്യൽ ഡെവലപ്മെന്റ് സോണുകളിലും ഫ്രീ സോണുകളിലും ഈ നിയമമായിരിക്കും നടപ്പിലാക്കുക.