കൊച്ചി : കേരള കൈത്തറിയുടെ മുദ്ര മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മൂല്യവർധിത കൈത്തറി ഉൽപ്പന്നങ്ങളെ ദേശീയ അന്തർദേശീയ തലത്തിൽ ബ്രാൻഡ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ലോഗോ പ്രകാശനം ചെയ്തത്. കൈത്തറി ഉൽപ്പന്നങ്ങളുടെ വിപുലമായ വിപണി സാധ്യതകൾ കണ്ടെത്താനും നൂതന ഡിസൈൻ ആശയങ്ങൾ കൈത്തറിയിൽ കൊണ്ടുവരാനും കേരള കൈത്തറി മേഖലയെ മൊത്തത്തിൽ പുനരുജ്ജീവിപ്പിക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.

ഹാൻഡ്ലൂം ഡയറക്ട്രേറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ വീവേഴ്സ് സർവീസ് സെന്ററിന്റെയും ഹാന്റ്ക്സിന്റെയും ഹാൻഡ് വീവിന്റെയും സഹകരണമുണ്ട്. ഇതിനൊപ്പം തന്നെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കണ്ണൂരിന്റെ സഹകരണത്തോടുകൂടി ആധുനിക ലോകത്തിനനുസൃതമായ ഫാഷനിലുള്ള കൈത്തറി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുന്നു. കേരള കൈത്തറി മുദ്രക്ക് കീഴിലുള്ള ഉൽപ്പന്നങ്ങൾക്കായി ഓൺലൈനിലും ദേശീയ-അന്തർദേശീയ വിപണികളിലും സാന്നിദ്ധ്യം ഉറപ്പാക്കാനും പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതായും മന്ത്രി അറിയിച്ചു.

ദേശീയ-അന്തർദേശീയ തലത്തിൽ തന്നെ നിരവധി ഡിസൈൻ പുരസ്‌കാരങ്ങൾ നേടിയ ഷിബിൻ കെ കെ ആണ് കേരള കൈത്തറിയുടെ ലോഗോ രൂപകൽപന ചെയ്തത്. പൊതുജനങ്ങളിൽ നിന്ന് ലോഗോ ഡിസൈനുകൾ ക്ഷണിച്ചിരുന്നു. പിന്നീട് ഐഐഎച്ച്ടി, എൻഐഎഫ്ടി, വീവേഴ്സ് സർവീസ് സെന്റർ ഹാൻഡ് വീവ് എന്നിവരുടെ പ്രതിനിധികളടങ്ങിയ സമിതി മികച്ച ലോഗോ തെരഞ്ഞെടുക്കുകയായിരുന്നു. ഭാവിയിൽ കേരളത്തിലുടനീളമുള്ള കൈത്തറി സംഘങ്ങളും മറ്റ് കൈത്തറി കലാകാരന്മാരും ഇനി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഈ ലോഗോ ഉപയോഗിച്ചാണ് ബ്രാൻഡ് ചെയ്യുക.