ഗൂഗിൾ കൺസ്യൂമർ അക്കൗണ്ടുകളിൽ പുതിയ പോളിസി നടപ്പാക്കാനൊരുങ്ങുന്നു. ഉപഭോക്താവ് രണ്ടുവർഷമായി ആക്ടീവ് അല്ലെങ്കിൽ ജി മെയിലിലും ഗൂഗിൾ ഡ്രൈവിലും മറ്റും ശേഖരിച്ച വിവരങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനമാണ് ​ഗൂ​ഗിൾ നടപ്പാക്കുക. ജി മെയിൽ, ഡോക്‌സ്, ഷീറ്റുകൾ, സ്ലൈഡുകൾ, ഡ്രോയിംഗുകൾ, ഫോമുകൾ, തുടങ്ങിയ ഫയലുകളാണ് ഡിലീറ്റ് ചെയ്യുക. പുതിയ പോളിസി അടുത്ത ജൂൺ മുതലാണ് നടപ്പാക്കുന്നത്.

'ജി മെയിൽ, ഡ്രൈവ് ഫോട്ടോസ് എന്നിവയിൽ നിങ്ങളുടെ സ്റ്റോറേജ് രണ്ടുവർഷമായി ലിമിറ്റിന് പുറത്താണെങ്കിൽ ഗൂഗിൾ അത് ഡിലീറ്റ് ചെയ്യും' എന്ന് കമ്പനി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. കണ്ടന്റുകൾ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് നോട്ടിഫിക്കേഷൻ നൽകുന്നതാണെന്നും കമ്പനി വ്യക്തമാക്കി. അക്കൗണ്ട് ആക്ടീവ് ചെയ്യാൻ നിശ്ചിത സമയത്തിനുള്ളിൽ ഗൂഗിൾ അക്കൗണ്ടുകൾ സന്ദർശിക്കണമെന്നും ഗൂഗിൾ നിർദ്ദേശിക്കുന്നു. 15 ജിബിയിൽ കൂടുതൽ സ്റ്റോറേജ് നിങ്ങൾക്ക് ആവശ്യമാണെങ്കിൽ ഗൂഗിൾ വണ്ണിൽ പുതിയ സ്‌റ്റോറേജ് പ്ലാൻ എടുക്കാവുന്നതാണ്. നൂറ് ജിബി മുതലുള്ള പ്ലാനുകൾ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ് എന്നും കമ്പനി വ്യക്തമാക്കി.