തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൽപിത സർവകലാശാലകൾ വരുന്നു. യുജിസി വ്യവസ്ഥകൾ പൂർണമായി പാലിക്കുന്ന കോളജുകൾക്കു സർക്കാർ നിയന്ത്രണത്തിനു വിധേയമായി പദവി നൽകാമെന്നാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശ. ഇതിനായി പ്രത്യേക നിയമം കൊണ്ടു വരാനാണ് നീക്കം. കോളജിന്റെ പാരമ്പര്യം, അടിസ്ഥാന സൗകര്യങ്ങൾ, അദ്ധ്യാപകരുടെയും ജീവനക്കാരുടെയും എണ്ണം, റാങ്കിങ്, അക്രഡിറ്റേഷൻ തുടങ്ങിയവ പരിശോധിച്ചാവും അർഹരെ കണ്ടെത്തുക.

കൽപിത സർവകലാശാലകളുടെ അടിസ്ഥാന യോഗ്യതകൾ യുജിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എയ്ഡഡ് കോളജുകൾ കൽപിത സർവകലാശാലയായി മാറിയാൽ അദ്ധ്യാപകരുടെയും മറ്റും ശമ്പളം തുടർന്നും സർക്കാർ വഹിക്കുമോ എന്ന കാര്യത്തിൽ നയ തീരുമാനം എടുക്കണം. ശമ്പളം നൽകാനുള്ള ബാധ്യതയിൽ നിന്നു സർക്കാർ പിന്മാറിയാൽ അവ സ്വാശ്രയ കൽപിത സർവകലാശാലകൾ ആകും. അതു നിലവിൽ സർക്കാർ ശമ്പളം വാങ്ങുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിഷേധത്തിന് ഇടയാക്കും. സ്വാശ്രയ കൽപിത സർവകലാശാല ആയി മാറിയാൽ ഫീസ് വർധിക്കും.

യുജിസി പോർട്ടലിൽ ലഭ്യമായ വിവരം അനുസരിച്ച് കേരളത്തിലെ 5 കോളജുകൾക്ക് എങ്കിലും കൽപിത സർവകലാശാല ആകാൻ യോഗ്യതയുണ്ട്. ഇപ്പോൾ 22 സ്വയംഭരണ കോളജുകളാണുള്ളത്. ഇവയിൽ പലതും ഭാവിയിൽ കൽപിത സർവകലാശാലകളായി മാറാം. സംസ്ഥാനത്ത് നിലവിൽ സർക്കാർ മേഖലയിൽ 2 കൽപിത സർവകലാശാലകൾ ഉണ്ട്. ഇതിൽ കലാമണ്ഡലം സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കേന്ദ്ര സർക്കാരിന്റെയും ഉടമസ്ഥതയിലാണ്. ചിന്മയ വിശ്വ വിദ്യാപീഠം ആണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റൊരു കൽപിത സർവകലാശാല.