തിരുവനന്തപുരം: ഓമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം കടുപ്പിച്ചു. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പുതുവർഷം പിറക്കും മുമ്പ് തന്നെ ആഘോഷങ്ങൾ അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. രാത്രി പത്തുമണി വരെ മാത്രമേ ആഘോഷങ്ങൾ പാടുള്ളൂവെന്ന് പൊലീസ് നിർദേശിച്ചു. ആൾക്കൂട്ടങ്ങൾ പാടില്ല, കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. പരിശോധന കർശനമാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹോട്ടലുകളിൽ ഡിജെ പാർട്ടികൾക്കും നിയന്ത്രണമുണ്ട്. രാത്രി 10 ന് ശേഷം പാർട്ടികൾ പാടില്ല. കടകൾ രാത്രി പത്തുമണി വരെ മാത്രമേ പ്രവർത്തിക്കാവൂ. രാത്രി കർഫ്യൂ നിലവിൽ വന്നതോടെ ആരാധനാലയങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.

ഓമിക്രോൺ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതുവത്സരാഘോഷം കരുതലോടെ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. കടകൾ, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവരും ജാഗ്രത പുലർത്തണം. ഓഫീസുകൾ, തൊഴിലിടങ്ങൾ, സ്‌കൂളുകൾ, മാർക്കറ്റുകൾ, കടകൾ, പൊതുഗതാഗത ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം വായു സഞ്ചാരം ഉറപ്പാക്കണം. കടകളിൽ അകലം പാലിക്കണം. ആൾക്കൂട്ടത്തിൽ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചുരുങ്ങിയ ദിവസം കൊണ്ടു വേഗത്തിൽ പടരുന്ന വകഭേദമാണ് ഓമിക്രോൺ. വാക്സീൻ എടുത്തവർക്കു ഗുരുതരാവസ്ഥ കുറവാണെങ്കിലും അതു നൽകുന്ന പ്രതിരോധശേഷി മറികടക്കാനും രണ്ടാമതും വൈറസ് ബാധിക്കാനും മറ്റു വകഭേദങ്ങളെക്കാൾ സാധ്യതയുണ്ട്.

ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് എത്തി സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ 7 ദിവസം വീടുകളിൽ കഴിയുന്നതാണ് നല്ലത്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം നിരീക്ഷണത്തിൽ പോവുകയും ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും വേണമെന്നും മന്ത്രി വീണാ ജോർജ് നിർദേശിച്ചു.