വെല്ലിങ്ടൺ: അങ്ങനെ 2020 ചരിത്രത്തിലേക്ക്. ന്യൂസിലാൻഡിൽ 2021 പിറന്നു. ന്യൂസിലാൻഡിലെ ഓക്ലൻഡിലാണ് പുതുവർഷം പിറന്നത്. ഓക് ലൻഡിലെ കിരിബാത്തി ദ്വീപ് 2021 നെ വരവേറ്റു. സമോവ, ക്രിസ്മസ് ഐലൻഡ്, തുടങ്ങിയവയിലും പുതുവൽസരാഘോഷങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ബേക്കർ ഐലൻഡ്, ഹൗലാൻഡ് ഐലൻഡ് തുടങ്ങിയവയാണ് പുതുവർഷം ആദ്യം എത്തുന്ന മറ്റ് സ്ഥലങ്ങൾ.

ടൈം സോണുകളിലെ വ്യത്യാസം കാരണം ലോകത്തിന്റെ പല കോണുകളിലും പല സമയത്താണ് പുതുവർഷം പിറക്കുന്നത്. ക്രിസ്മസ് ഐലൻഡ് എന്നറിയപ്പെടുന്നകിർത്തിമാത്തി ദ്വീപിലാണ് പുതുവർഷം അവസാനം എത്തുക. കിർത്തിമാത്തിയിൽ 6,500 പേർ മാത്രമാണ് താമസിക്കുന്നത്. കേവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പല രാജ്യങ്ങളിലും കർശന നിയന്ത്രണങ്ങളാണ് പുതുവത്സരാഘോഷത്തിന് ഏർപ്പെടുത്തിയിട്ടുള്ളത്.

2020നെ ആദ്യം എതിരേറ്റത് മൂന്നു രാജ്യങ്ങളായിരുന്നു. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.25 ആയപ്പോഴേക്കും ദക്ഷിണ പസിഫിക്കിൽ 2020ന്റെ പൊൻപുലരി തെളിഞ്ഞിരുന്നു. ഇതോടെ ലോകം പുതുദശാബ്ദത്തിന്റെ ആഘോഷങ്ങളും ആരംഭിച്ചു. സമോവയുടെ തലസ്ഥാനമായ ഏപിയയിലും സമീപപ്രദേശങ്ങളിലും കരിമരുന്നു പ്രയോഗങ്ങളോടെയാണു ജനം സന്തോഷം പ്രകടിപ്പിച്ചത്. വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയും ന്യൂസിലൻഡും പുതുവർഷത്തെ വരവേറ്റു. ഓക്ലൻഡ് നഗരഹൃദയത്തിലെ സ്‌കൈ ടവറിലും കരിമരുന്ന് കലാപ്രകടനം നടന്നിരുന്നു. പിന്നീട് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു പുതുവർഷപ്പിറവി. ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ എല്ലാ രാജ്യങ്ങളും പുതുവർഷത്തിലേക്കു കണ്ണു തുറന്നത്.

കേരളത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി പുതുവത്സരാഘോഷത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിക്കുള്ളിൽ ആഘോഷങ്ങൾ അവസാനിപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ആഘോഷങ്ങളിൽ മാസ്കും സാമൂഹിക അകലവും നിർബന്ധമാണ്. പൊതുപരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. അതതു ജില്ലകളിലെ പൊലീസ് മേധാവിമാരും കലക്ടർമാരും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.