വെല്ലിങ്ടൺ: ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കടുത്ത യാത്രാ വിലക്ക് ഏർപ്പെടുത്തി ന്യൂസിലാന്റ്. ഏപ്രിൽ 11 മുതൽ ഏപ്രിൽ 28 വരെയാണ് വിലക്ക്. ഇന്ത്യയിലുള്ള സ്വന്തം പൗരന്മാർ പോലും ഇപ്പോൾ മാതൃരാജ്യത്തിലേക്ക് തിരികെ വരേണ്ട എന്ന നിലപാടാണ് ന്യൂസിലാന്റ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂസിലാന്റിൽ ഇരുപത്തിമൂന്ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 17ഉം ഇന്ത്യയിൽ നിന്നും എത്തിയവരായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ന്യൂസിലാൻഡ് നിലപാട് കടുപ്പിക്കുന്നത്.

കർശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ ആലോചിച്ച് നടപ്പാക്കുമെന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേണെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന പശ്ചാത്തലത്തിലാണ് ന്യൂസീലൻഡിന്റെ നടപടി.

കഴിഞ്ഞ നാല് ദിവസമായി കോവിഡ് കേസുകൾ ഇന്ത്യയിൽ ഒരു ലക്ഷത്തിനും മുകളിലാണ്. ഇന്ന് ഒന്നേകാൽ ലക്ഷത്തിനും മുകളിലാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം രാജ്യത്ത് നാല് സംസ്ഥാനങ്ങൾ കോവിഡ് വാക്‌സിൻ ക്ഷാമം നേരിടുന്നതായി ആശങ്കപ്പെടുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും ഇക്കാര്യം ഔദ്യോഗികമായി കേന്ദ്രത്തെ ധരിപ്പിച്ചിരുന്നു. ഛത്തീസ്‌ഗഡും, ഒഡീഷയും സമാനമായ ക്ഷാമം നേരിടുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാഷ വാക്‌സിൻ ക്ഷാമമില്ലെന്നും, ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.