രാജ്യം കടന്ന് പോകുന്നത് ഏറ്റവും ചൂടേറിയ ദിനങ്ങളിലൂടെയാണ്. പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയതോടെ ഉഷ്ണതരംഗത്തിൽ വലയുകയാണ് ജനങ്ങൾ. നദികളും, ജലാശയങ്ങളുമെല്ലാം വറ്റിയതോടെ ജനങ്ങളും ദുരിതത്തിലാണ്. മാത്രമല്ല പല സ്ഥലങ്ങളും തീപിടുത്ത സാധ്യതയും എത്തിയതോടെ ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്നും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

ക്രിസ്മസിനു മുൻപ് അനുഭവപ്പെട്ടു തുടങ്ങിയ ഉഷ്ണതരംഗം ആണ് ഇപ്പോൾ രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്നത്. പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ താപനില പ്രവിച്ചിരിക്കുന്നത് മുൻ റെക്കോഡുകൾ ഭേദിച്ച് 49 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ്. ചൂട് കൂടുന്നതിനാൽ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾക്കും, ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് രാജ്യമെമ്പാടും നല്കിയിട്ടുണ്ട്.

പടിഞ്ഞാറൻ ഓസ്ട്രേലിയ, തെക്കൻ ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയ്ൽസ്, വിക്ടോറിയ, ദി നോർത്തേൺ ടെറിട്ടറി തുടങ്ങിയ പ്രദേശങ്ങളിൽ താപനില 40 ഡിഗ്രിക്കും മുകളിലെത്തി. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പിൽബറ മേഖലയിൽ മാർബിൾ ബാർ എന്ന പ്രദേശത്ത് ചൂട് 49.1 ഡിഗ്രി സെൽഷ്യസിലെത്തി. ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന താപനില 50.7 ഡിഗ്രി സെൽഷ്യസാണ്. അത് 1960-ൽ തെക്കൻ ഓസ്ട്രേലിയയിലെ എയർപോർട്ടിലായിരുന്നു രേഖപ്പെടുത്തിയത്.

താപനില ഉയർന്നതിനെ തുടർന്ന് പല സ്ഥസങ്ങളിലും ഫയർ ബാൻ പ്രഖ്യാപിച്ചിരിക്കുകയാണ്. തീവ്ര കാലാവസ്ഥാ ദിവസങ്ങളിലോ, വ്യാപകമായി തീ പിടിക്കുന്ന സാഹചര്യത്തിലോ ആണ് ഫയർ ബാൻ പ്രഖ്യാപിക്കുന്നത്. ഫയർ ബാൻ പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ, ടെന്റ് അടിച്ച് താവളമടിക്കുന്നവരും, പാചകം ചെയ്യുന്നവരും പൊതുസ്ഥലങ്ങളിൽ തീ കത്തിക്കരുതെന്നാണു നിയമം.