തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ ലിസ്റ്റിലുള്ള ഗുണ്ടായുടെ ഭാര്യയുമായി ചങ്ങാത്തം കൂടിയ പേട്ട സിഐ റിയാസ് രാജ ഏറെക്കാലമായി പൊലീസിന്റെ ഗുണ്ടാവേട്ടയുടെ നീക്കങ്ങൾ ഗുണ്ടാ നേതാക്കളായ ഓംപ്രകാശിനും പുത്തൻപാലം രാജേഷിനും ചോർത്തിയെന്ന് ഇന്റലിജൻസ് കണ്ടെത്തി. പൊലീസ് ഇവർക്കെതിരേ എന്ത് നടപടി ആലോചിച്ചാലും റിയാസ് അപ്പപ്പോൾ വിവരം ചോർത്തുമായിരുന്നു. ഓപ്പറേഷൻ കാവൽ എന്ന പേരിൽ ഡിജിപി പ്രഖ്യാപിച്ച ഗുണ്ടാവേട്ടയും പൊളിച്ചടുക്കിയത് ഇങ്ങനെയാണ്. ഗുണ്ടാ ഗ്യാംഗുകൾക്കെതിരായ വിവരങ്ങൾ റിയാസ് ചോർത്തിക്കൊടുക്കുകയും ഗുണ്ടാനേതാക്കൾ വിവരം വിറ്റ് കാശാക്കുകയും ചെയ്‌തെന്നാണ് ഇന്റലിജൻസ് പറയുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ്.

കണ്ണമൂലയിലെ പ്രധാന ഗുണ്ടകളിലൊരാളുടെ ഭാര്യയുമായുള്ള ബന്ധമാണ് റിയാസിന് വിനയാകുന്നത്. പോത്തൻകോട്ട് പ്രശ്‌നമുണ്ടാക്കിയതിന് ഈ ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് സമാനമായി പൊലീസിനെ ബോംബ് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയായിരുന്നു. ഈ കേസിൽ പ്രതികൾക്ക് അനുകൂലമായിരുന്നു കോടതി വിധി. ഓം പ്രകാശ്, പുത്തൻപാലം രാജേഷും കേസിലും പ്രതിയായിരുന്നു. ദുരൂഹ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്ന മാരുതി എസ്റ്റീം കാർ പരിശോധിക്കാൻ ശ്രമിച്ചപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ പൊലീസിന് നേരെ നാടൻ ബോംബ് വലിച്ചെറിഞ്ഞശേഷം ഓടി രക്ഷപ്പെടുകയായിരുന്നെന്നും എന്നായിരുന്നു കേസ്. പൊലീസുകാർ സാക്ഷികളായിരുന്ന കേസാണ് കോടതിയിൽ തെളിയാതെ പോയത്.

ഗുണ്ടാബന്ധത്തിൽ സസ്‌പെൻഷൻ ഉറപ്പായതോടെ റിയാസ് രാജ സർക്കാരിനെ വിമർശിച്ച് ഇംഗ്ലീഷ് പത്രമായ ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ചിരുന്നു. ഗുണ്ടാനേതാക്കളായ പുത്തൻപാലം രാജേഷ്, ഓംപ്രകാശ് എന്നിവരെ അറസ്റ്റ് ചെയ്യാതെ രക്ഷിക്കാനാണ് തന്നെ സസ്‌പെൻഡ് ചെയ്യുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് റിയാസ് പറഞ്ഞത്. പ്രത്യേക ഓപ്പറേഷനിലൂടെ ഓംപ്രകാശിനെ അറസ്റ്റ് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. രണ്ട് ഗുണ്ടാനേതാക്കൾക്കും ശക്തമായ രാഷ്ട്രീയ ബന്ധമുണ്ട്. ഇവരെ അറസ്റ്റ് ചെയ്താൽ ഗുണ്ടകളും രാഷ്ട്രീയക്കാരുമായുള്ള അവിശുദ്ധബന്ധം വെളിച്ചത്താവും. സസ്‌പെൻഷന് പിന്നിലുള്ളവരുടെ ഉദ്ദേശം അന്വേഷണം അട്ടിമറിക്കുക എന്നതാണ്. ഓംപ്രകാശിന്റെ ഡൽഹിയിലെ ഒളിയിടത്തെക്കുറിച്ച് വിവരം കിട്ടിയിരുന്നു. രഹസ്യ ഓപ്പറേഷനും പദ്ധതിയിട്ടിരുന്നു. ഗുണ്ടകൾക്കെതിരേ ഒന്നും ചെയ്യണ്ടെന്ന സന്ദേശമാണ് സസ്‌പെൻഷനിലൂടെ നൽകുന്നത്. മാഫിയയ്‌ക്കെതിരേ പോരാടുന്ന പൊലീസുദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണിതെന്നും റിയാസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.

സർക്കാരിനെ ഗുരുതരമായ ആരോപണങ്ങളുയർത്തി വിമർശിച്ച് ടൈംസ് ഓഫ് ഇന്ത്യയിൽ അഭിമുഖം നൽകിയതിന് റിയാസിനെതിരേ അടുത്ത നടപടി ഉടനുണ്ടാവും. ഇതിനും റിയാസിനെ സസ്‌പെൻഡ് ചെയ്യുമെന്നണ് സൂചന. ഈ വിമർശനത്തിനു പിന്നാലെയാണ് അതീവഗുരുതരമായ സ്വഭാവദൂഷ്യങ്ങൾ എണ്ണിപ്പറഞ്ഞ് റിയാസിനെ എ.ഡി.ജി.പി അജിത്ത്കുമാർ സസ്‌പെൻഡ് ചെയ്തത്. എസ്.എച്ച്.ഒ ആയിരിക്കെ, റിയാസ് രാജ വെൺപാലവട്ടത്ത് വാകടയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് സ്വഭാവദൂഷ്യം കാരണം വീട്ടുടമ നിർബന്ധപൂർവം ഒഴിപ്പിച്ചെന്നും ലുലുമാളിനടുത്തെ അനധികൃത മസാജ് സെന്ററിൽ സ്ത്രീയുമായി സന്ദർശിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയെന്നും ഉത്തരവിലുണ്ട്.

നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഗുണ്ടാലിസ്റ്റിൽപെട്ടയാളുടെ ഭാര്യയുമായി സിഐ സൗഹൃദത്തിലാണെന്നും ഇത് പൊലീസിന് ചേർന്നതല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീ മദ്യപിച്ച് പൊതുജന മദ്ധ്യത്തിൽ വച്ച് അവർക്ക് സിഐയുമായി ബന്ധമുണ്ടെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തി. ഇവർ വഴിയായിരുന്നു പൊലീസിന്റെ ഗുണ്ടാവേട്ടയുടെ വിവരങ്ങൾ ചോർന്നിരുന്നത്

തിരുവനന്തപുരം പേട്ട സിഐ റിയാസ് രാജയ്ക്ക് വിനയായത് കണ്ണമൂലയിലെ റസിഡൻസ് അസോസിയേഷന്റെ പരാതിയാണെന്നും സൂചനയുണ്ട്. തനിക്ക് ലഭിച്ച റിപ്പോർട്ടുകളുടെ ഉള്ളടക്കത്തെക്കുറിച്ച് എഡ.ജിപി എംആർ അജിത്കുമാർ വിശദമായി അന്വേഷിക്കുകയും ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ഈ ആരോപണങ്ങൾ ഉയരാനുണ്ടായ സാഹചര്യം സൃഷ്ടിച്ചതിലൂടെ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്ക ലംഘനവുമുണ്ടായെന്നാണ് എഡിജിപി അന്വേഷണത്തിലുടെ കണ്ടെത്തിയത്.

ഗുണ്ടാലിസ്റ്റിലുള്ളയാളുടെ ഭാര്യയുമായി പൊലീസ് ഉദ്യോഗസ്ഥന് നിരക്കാത്ത ബന്ധം റിയാസ് തുടർന്നു വന്നിരുന്നു എന്നുള്ളത് ഗുരുതരമായ വിഷയമായാണ് പൊലീസ് വകുപ്പ് കാണുന്നത്. ഈ സ്ത്രീ മദ്യപിച്ച് പൊതുജനമദ്ധ്യത്തിൽ വച്ച് അവർക്ക് സിഐയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പലവട്ടം വിളിച്ചു പറഞ്ഞിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യം റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ഉന്നതതല അന്വേഷണ സംഘത്തിനെ തെളിവു സഹിതം ബോധ്യപ്പെടുത്തുകയുമുണ്ടായി.

സംസ്ഥാന ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തത് സഹികെട്ട്. നിരവധി ആരോപണങ്ങളാണ് റിയാസ് രാജയ്ക്ക് എതിരെ വർഷങ്ങളായി എത്തിക്കൊണ്ടിരിക്കുന്നത്. ഗുണ്ടകളുമായുള്ള അവിശുദ്ധ ബന്ധത്തിന് പുറമെ ഗുരുതരമായ സ്വഭാവദൂഷ്യത്തെക്കുറിച്ചുള്ള പരാതികളും പൊലീസ് വകുപ്പിന് ലഭിച്ചിരുന്നു. ഇതെല്ലാം ശരിയാണെന്ന് കണ്ടെത്തിയതോടെയാണ് റിയാസിന് സസ്‌പെൻഷനിലേക്ക് വഴിതുറന്നത്. ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ റിയാസിനെ സ്ഥലംമാറ്റണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ശുപാർശ നൽകുകയായിരുന്നു. അത് സസ്‌പെൻഷനായി.

പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്കലംഘനവുമുണ്ടായതായി പ്രഥമദൃഷ്ട്യാ ബോദ്ധ്യമായെന്ന് എഡിജിപിയുടെ സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. അതേസമയം റിയാസ് രാജയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിനുള്ള ഉത്തരവും പുറത്തു വന്നു. റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ് പി എസ് ശ്രീകാന്തിനെയാണ് ഈ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.