തിരുവനന്തപുരം: എറണാകുളം കൺട്രോൾ റൂം മുൻ സി ഐ എ വി സൈജുവിനെതിരെ വീണ്ടും കേസ്. കുടുംബസുഹൃത്തായ സ്ത്രീയെ ലൈംഗികമായി പിഡിപ്പിച്ചുവെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനൊപ്പം ഇരയെ ആക്രമിച്ചതിനാണ് പുതിയ കേസ്. അതിനിടെ കേസെല്ലാം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വർഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിർബന്ധിച്ച് ലൈംഗികമായി പിഡിപ്പിച്ചെന്നാണ് ആദ്യ പരാതി . അതേസമയം പരാതി നൽകിയ യുവതിക്കെതിരെയും പൊലീസ് കേസെടുത്തു. മകളെ മർദ്ദിച്ചുവെന്ന് കാട്ടി പരാതിക്കാരിക്കും ഭർത്താവിനുമെതിരെ സി ഐ സൈജുവിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. എന്നാൽ ഇരയുടെ ഭർത്താവിനെതിരെ ഉയർത്തിയ ആരോപണത്തിൽ കഴമ്പില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സൈജു ഒളിവിലാണ്. സൈജുവിനെ പിടിക്കാൻ പൊലീസ് ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

കേസ് അട്ടിമറിക്കാൻ നെടുമങ്ങാട് പൊലീസീനെ സേനയിലെ ഓഫീസർമാരുടെ ഇടതു സംഘടനയിലെ ഒരു ഉന്നതൻ സ്വാധീനിച്ചതായും സൂചനയുണ്ട്. നേരത്തെ മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു സൈജു. 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോൾ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ദന്തഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നൽകുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്. അന്നും പരാതിക്കാരിക്കതിരെ സൈജുവിന്റെ ഭാര്യ കേസുമായി എത്തിയിരുന്നു. ഇതേ തന്ത്രമാണ് ഇപ്പോഴും പുറത്തെടുത്തത്. അതിനിടെ അതിക്രൂര മർദ്ദനം ഇരയ്ക്ക് നെടുമങ്ങാട്ടെ സൈജുവിന്റെ വീട്ടിൽ വച്ചുണ്ടായി എന്നാണ് സൂചന.

സിഐയുടെ ബലാത്സംഗം അറിഞ്ഞ ഇരയുമായി ഭർത്താവ് പിണക്കത്തിലായി. ഭാര്യയെ വീട്ടിൽ നിന്നും പുറത്താക്കി. ഇതോടെ അവർ സൈജുവിനെ ഫോണിൽ വിളിച്ചു. വീട്ടിലേക്ക് വരാനായിരുന്നു നിർദ്ദേശം. അതനുസരിച്ച് വീട്ടിലെത്തിയ ഇര പുറത്തു നിന്നു. വീട്ടിലേക്ക് കയറിവരാൻ നിർദ്ദേശിച്ചപ്പോൾ ഭാര്യയും മകളും വിളിച്ചാലെ വരൂവെന്നും പറഞ്ഞു. ഇതെല്ലാം തൊട്ടു മുമ്പിലുള്ള ഡോക്ടർ കുടുംബത്തിന്റെ സിസിടിവിയിലും പതിഞ്ഞു. ബൈക്ക് പുറത്തു വച്ച് നിന്ന ഇരയെ സൈജുവിന്റെ ഭാര്യയും മകളും വിളിച്ചു. ഇതോടെ അവർ വീട്ടിനുള്ളിലേക്ക് കയറി. സൈജുവും ഭാര്യയും മകളും മകനുമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ മകനൊഴികെ എല്ലാവരും ചേർന്ന് തന്നെ മർദ്ദിച്ചെന്ന് ഇര പരാതിപ്പെടുന്നു. വായിൽ തുണി കുത്തികയറ്റിലും കൈ കെട്ടിയിട്ടുമെല്ലാം ക്രൂരമായി മർദ്ദിച്ചു.

മർദ്ദനത്തിൽ അവശയായപ്പോൾ ഇനി തല്ലിയാൽ ചത്തുപോകുമെന്ന് സൈജുവിന്റെ ഭാര്യയും പറഞ്ഞു. ഇതിന് ശേഷം അവർ തന്നെ യുവതിയുടെ ഭർത്താവിനെ ഫോണിൽ വിളിച്ചു. ഇയാൾ വരാൻ കൂട്ടാക്കിയില്ല. അതിന് ശേഷവും മർദ്ദനം തുടർന്നുവെന്നാണ് പരാതി. പിന്നീട് യുവതിയുടെ കെട്ടഴിച്ച് അവരുടെ ഫോൺ ലോക്ക് മാറ്റിയ ശേഷം ഭർത്താവിനെ വിളിപ്പിച്ചു. ഇതിനിടെ ഫോണിലെ ചില രേഖകൾ സൈജുവിന്റെ മകൾ നശിപ്പിച്ചെന്നും പരാതിയിലുണ്ട്. ഭാര്യയിൽ നിന്നും പ്രശ്നത്തിന്റെ തീവ്രത മനസ്സിലായപ്പോൾ പിണക്കത്തിലാണെങ്കിലും ഭർത്താവ് അവിടെ എത്തി. കതക് തുറന്ന് ഭാര്യയുമായി പുറത്തേക്ക് ഇറങ്ങി. ഈ സമയം നാട്ടുകാരും അവിടെ തടിച്ചു കൂടിയിരുന്നു. അവർ പൊലീസിനെ അറിയിച്ചിരുന്നുവെന്നും ഇര പറയുന്നു.

അവിടെ നിന്ന് നേരെ പൊലീസ് സ്റ്റേഷനിൽ പോയി. പരാതി നൽകിയ ശേഷം ആശുപത്രിയിൽ പരിശോധനയും നടത്തി. അതിന് ശേഷം അടുത്ത ദിവസം രാവിലെ വരാൻ പറഞ്ഞ് അവരെ വിടുകയായിരുന്നു. അടുത്ത ദിവസം രാവിലെ എത്തിയപ്പോൾ നിങ്ങൾക്കെതിരേയും പരാതിയുണ്ട്. കേസെടുക്കേണ്ടി വരുമെന്നാണ് പൊലീസ് സ്റ്റേഷനിലെ ചിലർ പറഞ്ഞത്. ഇതിനിടെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. ഒന്നിൽ ഇരയുടെ ഭർത്താവിനേയും പ്രതിയാക്കി. സൈജുവിനെതിരായ പരാതിയിൽ ഉറച്ചു നിന്നാൽ ഇരയുടെ ഭർത്താവിന്റെ ജോലി കളയിക്കുമെന്നും ഭീഷണിപ്പെടുത്തിയത്രേ. ഇതിനിടെ തന്നെ സിഐയായിരുന്ന സൈജുവിനെ ഡോക്ടർക്കെതിരായ പീഡന പരാതിയിൽ ജാമ്യം കിട്ടാൻ വ്യാജ രേഖയുണ്ടാക്കിയ കേസിൽ സർക്കാർ സസ്പെന്റ് ചെയ്തിരുന്നു.

എന്നിട്ടും ഒളിവിൽ പോയ സൈജുവിനെ രക്ഷിക്കാൻ ചിലർ ശ്രമിച്ചു. ഇരയേയും ഭർത്താവിനേയും അറസ്റ്റു ചെയ്യാനും ശ്രമിച്ചു. ഇത് മനസ്സിലാക്കി ഇര തന്നെ നീതി തേടി തിരുവനന്തപുരം റൂറൽ എസ് പിക്ക് പരാതി കൈമാറി. ഇതോടെയാണ് കേസിൽ വസ്തുതാപരമായ നടപടികൾ തുടങ്ങിയത്. സിസിടിവി അടക്കം പരിശോധിച്ചപ്പോൾ സി ഐ സൈജുവും കുടുംബവും പറയുന്നതിലെ പൊരുത്തക്കേടും കള്ളവും അന്വേഷണ സംഘത്തിന് ബോധ്യമായി എന്നാണ് വിവരം. . മർദ്ദനേറ്റത് ഇരയ്ക്ക് തന്നെയാണന്നും വ്യക്തമായി. ഈ സാഹചര്യത്തിലാണ് സൈജുവിനെതിരെ പുതിയൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തത്. ഹെൽമറ്റു കൊണ്ട് തന്നേയും കുടുംബത്തേയും ഇര മർദ്ദിച്ചുവെന്നായിരുന്നു സൈജുവിന്റെ പരാതി. എന്നാൽ തന്റെ ഹെൽമറ്റ് സ്‌കൂട്ടറിൽ വച്ചാണ് ഇര വീട്ടിലേക്ക് കയറിയതെന്നും സി സി ടി വി യിൽ വ്യക്തമാണ്.

നേരത്തെ ഡോക്ടറേയും ക്രൂര ശാരീരിക പീഡനത്തിന് സൈജു ഇരയാക്കിയിരുന്നു. സൈജുവുമായുള്ള ബന്ധമറിഞ്ഞപ്പോൾ ഡോക്ടറുടെ വിവാഹ ബന്ധം വേർപ്പെട്ടു. വിദേശത്തേക്ക് തിരിച്ച് പോകാനും കഴിഞ്ഞില്ല. ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വർഷങ്ങൾ കബളിപ്പിച്ചുവെന്നും ഡോക്ടർ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും വനിത ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നു. നിലവിൽ ഈ പീഡനക്കേസിൽ ഹൈക്കോടതി ജാമ്യത്തിൽ നിൽക്കവേയാണ് സി ഐ എ വി സൈജു മറ്റൊരു പീഡനക്കേസിൽ പ്രതിയാകുന്നത്. വ്യാജ രേഖ ചമച്ചാണ് ജാമ്യം സംഘടിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പിന്നീട് തെളിഞ്ഞിരുന്നു.

പൊലീസ് യൂണിഫോം അണിയുന്നതിന് മുൻപ് സി ഐ സൈജു നാട്ടിലെ പാരലൽ കോളേജ് അദ്ധ്യാപകനായിരുന്നു. മികച്ച അദ്ധ്യാപകൻ എന്ന് പേരെടുത്തതു കൊണ്ട് തന്നെ പ്രാദേശികമായി മിക്കവാറും എല്ലാ ട്യൂട്ടോറിയൽ കോളജേുകളിലും സൈജു പഠിപ്പിക്കാൻ എത്തുമായിരുന്നു. അങ്ങനെ പഠിപ്പിക്കവെ സൈജുവിന്റെ പ്രിയപ്പെട്ട ശിഷ്യ ആയിരുന്ന യുവതിയാണ് ഇപ്പോൾ പീഡന പരാതി നല്കിയത്. പിന്നീട് സൈജുവിന് പൊലീസിൽ ജോലി കിട്ടി പോയി. തുടർന്ന് യുവതിയുടെ വിവാഹം കഴിഞ്ഞ് പോയി. തുടർന്ന് അവിചാരിതമയി ഉണ്ടായ കണ്ടു മുട്ടലാണ് പീഡനത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചത്. സി ഐ സൈജു തന്നെ മുൻകൈ എടുത്ത് യുവതിയുമായി ഭർത്താവുമായി ചങ്ങാത്തത്തിലായി. കുടുംബങ്ങളെ തമ്മിൽ അടുപ്പിക്കാൻ മുൻ കൈഎടുത്തതും സൈജു തന്നെ. അങ്ങനെ ഒരുമിച്ച് വിനോദയാത്ര, ഒത്തു ചേരൽ ഇതൊക്കെ പതിവായി. ഇതിനിടയിലാണ് സൈജു പഴയ ശിക്ഷ്യയെ കീഴ്പ്പെടുത്തിയത്. ഭർത്താവില്ലാത്ത സമയങ്ങളിൽ യുവതിയുടെ വീട്ടിലെത്തിയും അല്ലാത്ത ദിവസങ്ങളിൽ അരുവിക്കരക്കടുത്തുള്ള പുരവൂർകോണത്തെ സൈജുവിന്റെ വീട്ടിൽ വെച്ചുമാണ് പീഡിപ്പിച്ചത്.

ഇതിനിടെ യുവതിയിൽ നിന്നും പണവും കൈക്കാലാക്കി. തിരികെ ചോദിച്ചപ്പോൾ ഭീക്ഷണി തുടർന്നു. ഭീക്ഷണിപ്പെടുത്തിയുള്ള പീഡനം സഹിക്കാതെ വന്നപ്പോൾ യുവതി ഭർത്താവിനോടു കാര്യങ്ങൾ തുറന്ന് പറഞ്ഞു. ഇതോടെയാണ് വീട്ടിൽ നിന്നും ഭർത്താവ് പുറത്താക്കിയത് അതിന് ശേഷമാണ് അഭയം തേടി സൈജുവിനെ വിളിച്ചതും അയാളുടെ വീട്ടിലേക്ക് എത്തിയതും. ഇതിനിടെ സൈജുവിനെ കേസിൽ നിന്നും രക്ഷിക്കാൻ പൊലീസിലെ ഇടതു സംഘടന തീവ്രശ്രമം തുടങ്ങിയിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇരയ്ക്കും ഭർത്താവിനുമെതിരെ കേസെടുത്തതെന്നും ആക്ഷേപം ഉണ്ട്. എന്നാൽ പൊലീസിലെ പീഡകരോടു വിട്ടു വീഴ്ചയില്ലെന്ന സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയതോടെ എറണാകുളം ട്രാഫിക് കൺട്രോൾ സി ഐ ആയിരുന്ന സൈജുവിനെ രണ്ടാമത്തെ പീഡന പരാതി ലഭിച്ച അന്ന് രാത്രി തന്നെ സസ്‌പെന്റു ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി. എപ്രിലിൽ മലയിൻകീഴ് സ്റ്റേഷനിൽ സി ഐ ആയി ജോലി ചെയ്യവെ വനിത ഡോക്ടറെ പീഡിപ്പിച്ച സൈജുവിനെ സസ്പെന്റ് ചെയ്യാൻ ശുപാർശയുണ്ടായിരുന്നു.

അന്ന് മലയിൻകീഴ് സി ഐ, ആയിരുന്ന എ വി സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.. കേസിൽ പ്രതിയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റുമായ സൈജു പിന്നീട് അവധിയിൽ പോയി. തുടർന്ന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ശേഷം മുല്ലപ്പെരിയാറിൽ നിയമനം കിട്ടിയങ്കെിലും കൂടുതൽ സൗകര്യത്തിന് എറണാകുളത്തേക്ക് സ്ഥലം മാറ്റം നൽകുകയായിരുന്നു. അതിനിടെയാണ് പുതിയ കേസ് ഉണ്ടായത്.