തിരുവനന്തപുരം: ടൈറ്റാനിയം തട്ടിപ്പിന് പിന്നിൽ തിരുവനന്തപുരത്തെ പ്രമുഖ ഇടതുപക്ഷ നേതാവിനും പങ്കെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം മത്സരിച്ച് പരാജയപ്പെട്ട ഈ നേതാവിന്റെ കുടുംബ സുഹൃത്താണ് അറസ്റ്റിലായ ദിവ്യാ നായർ(ദിവ്യ ജ്യോതി). സെക്രട്ടറിയേറ്റിൽ നിന്ന് അമ്പത് മീറ്റർ അകലെ താമസിച്ചാണ് ജോലി തട്ടിപ്പിന് ദിവ്യ കരുക്കൾ നീക്കിയത്. പാർട്ടി ബന്ധമുള്ള നേതാവിന്റെ പിന്തുണയിലായിരുന്നു ഇതെല്ലാം. നേതാവിന്റെ പിൻബലത്തിലാണ് ദിവ്യ ജോലി തട്ടിപ്പിന് കരുക്കൾ നീക്കിയത്. യഥാർത്ഥത്തിൽ അതൊരു ജോലി തട്ടിപ്പായിരുന്നില്ല. പിൻവാതിൽ നിയമന അഴിമതിയായിരുന്നു. ഇതിനിടെ ടൈറ്റാനിയത്തിലെ നിയമനങ്ങൾക്ക് കോടതി വിലക്ക് വന്നതോടെ പണം നൽകിയവർക്ക് ജോലി കിട്ടാതെയായി എന്നാണ് സൂചന. ഇതോടെ ഇതൊരു തട്ടിപ്പു കേസായതും.

പാളയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവിന് ദിവ്യയുടെ വീടുമായി അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി പോലും അടുത്ത ബന്ധമുള്ള ഈ നേതാവാണ് ജോലി തട്ടിപ്പിലെ പ്രധാന പ്രതിയ്‌ക്കെതിരായ അന്വേഷണം അട്ടിമറിച്ചത്. കൺറ്റോൺമെന്റ് പൊലീസിലെത്തിയ കേസ് പൂജപ്പുരയിലേക്ക് തട്ടിക്കള്ളിച്ചു. പിന്നീട് വെഞ്ഞാറമൂട് പൊലീസ് ഇടപെട്ടതോടെയാണ് കേസിന് പുതിയ മാനം വന്നത്. കേസെടുത്തിട്ടും തിരുവനന്തപുരത്തെ വീട്ടിൽ തന്നെ ദിവ്യ തുടർന്നത് നേതാവിന്റെ പിന്തുണയുടെ ബലത്തിലാണ്. വെഞ്ഞാറമൂട് പൊലീസിന്റെ നീക്കങ്ങൾ അതീവ രഹസ്യമായിരുന്നു. അതുകൊണ്ടു തന്നെ ദിവ്യയ്ക്ക് രക്ഷപ്പെടാനായില്ല. ദിവ്യ അറസ്റ്റിലായ സാഹചര്യത്തിൽ രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം എത്തിക്കാതിരിക്കാനാണ് കരുനീക്കം.

ടൈറ്റാനിയത്തിലെ നിയമനം എല്ലാം പിൻവാതിലിലൂടെയാണ്. രാഷ്ട്രീയ പിൻബലത്തിൽ അത് നടത്തുകയായിരുന്നു ലക്ഷ്യം. ജോലി ഉറപ്പു നൽകിയാണ് ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങിയത്. ഇതിനിടെയാണ് കോടതി ഇടപെടലുണ്ടാകുന്നത്. അങ്ങനെ അഴിമതി ലക്ഷ്യമിട്ടുള്ള പിൻവാതിൽ നിയമന സാധ്യത അടഞ്ഞു. ടൈറ്റാനിയത്തിലും അനുബന്ധ സ്ഥാപനങ്ങളിലും നടക്കുന്നതെല്ലാം എന്നും അഴിമതിയും പിൻവാതിൽ നിയമനങ്ങളുമാണ്. കോടതി ഇടപെടൽ കാരണം ഇപ്പോഴത് നടക്കാതെ പോയി. ്അങ്ങനെയാണ് ഉദ്യോഗാർത്ഥികൾ വഞ്ചിക്കപ്പെട്ടത്.

അതിനിടെ ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉന്നത ഉദ്യോഗസ്ഥൻ വ്യാജ ഇന്റർവ്യു ഉൾപ്പെടെ നടത്തി പണം തട്ടിയ കേസിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാം പ്രതി ദിവ്യ ജ്യോതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് വെഞ്ഞാറമൂട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും.പലരിൽ നിന്നായി 1.5കോടി രൂപ വാങ്ങിയെന്ന് ദിവ്യ സമ്മതിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികളിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈപ്പറ്റിയിരുന്നത്. ദിവ്യയുടെ ഭർത്താവ് രാജേഷ്, ഇന്റർവ്യു നടത്തിയ ടെറ്റാനിയത്തിലെ ജനറൽ മാനേജർ (ലീഗൽ) ശശികുമാരൻ തമ്പി, ഇയാളുടെ സഹപാഠിയായ മണക്കാട് തോട്ടം കുമാരമംഗലത്ത് ബംഗ്‌ളാവിൽ ശ്യാംലാൽ, സുഹൃത്ത് തിരുമല വിജയമോഹിനി മില്ലിന് സമീപം താമസിക്കുന്ന പ്രേംകുമാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.കെമിസ്റ്റ് തസ്തികയിൽ സ്ഥിരം ജോലി ഉറപ്പ് നൽകി 2020ൽ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് പിരപ്പൻകോട് സ്വദേശിനിയാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞമാസം 22ന് വെഞ്ഞാറമൂട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു.10ലക്ഷം രൂപ തട്ടിയെന്ന കോട്ടയ്ക്കകം സ്വദേശിനിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്ത വിവരം കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് വെഞ്ഞാറമൂട് പൊലീസ് അന്വേഷണം വേഗത്തിലാക്കിയത്.

കന്റോൺമെന്റ് പൊലീസ് ഒക്ടോബർ ആറിന് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നതായും ആരോപിച്ച് പരാതിക്കാരി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണച്ചുമതല പൂജപ്പുര എസ്‌ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. കന്റോൺമെന്റ് കേസിൽ ദിവ്യ ജ്യോതി മുൻകൂർ ജാമ്യം നേടിയിരുന്നു. വെഞ്ഞാറമൂട്ടിലെ കേസിൽ കാര്യക്ഷമമായ അന്വേഷണം ഉണ്ടാകില്ലെന്ന് കരുതിയ ദിവ്യ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നില്ല. ഇതാണ് വിനയായത്. കന്റോൺമെന്റ് കേസിൽ ഉന്നത ഇടപെടൽ കാരണമാണ് ദിവ്യയ്ക്ക് ജാമ്യം എടുക്കാൻ കഴിഞ്ഞത്. കൂടുതൽ പരാതികൾ വരാൻ സാദ്ധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് പൊലീസിനെ സമീപിച്ചത്. 2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവിധ ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ ടെറ്റാനിയത്തിൽ ഒഴിവുകൾ ഉണ്ടെന്ന് അറിയിച്ച് പോസ്റ്റുകൾ ഇടും. പോസ്റ്റിൽ വിവരങ്ങൾ തേടി വരുന്നവർക്ക് ഇൻബോക്സിൽ മറുപടി നൽകും. കൂടാതെ പണവും ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി.