കണ്ണൂർ: ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി-വ്യവസായി ഏകോപനസമിതിയും ചേർന്ന് നടത്തിയ നഗരോത്സവത്തിലെ ഗാനമേളയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങൾ വിവാദമായിരിക്കുകയാണ്. മലബാറിലെ പ്രമുഖ സംഗീത കുടുംബമായ സജ്ല സലീം - സജിലി സലീം എന്നിവർ പങ്കെടുത്ത ഗാനമേളയെ ചൊല്ലിയാണ് അസ്വാരസ്യങ്ങൾ ഉണ്ടായത്. സംഘാടനത്തിലെ ചില പ്രശ്നങ്ങളും സൗകര്യങ്ങൾ ഒരുക്കുന്നതിലെ വീഴ്ചക്കുമൊപ്പം കാണികളിൽ ചിലർ മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ എന്നു വാശിപിടിച്ചതുമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

ഗാനമേളക്കിടെ സജ്ല സലിമിനെ അധിക്ഷേപിക്കും വിധത്തിൽ സംസാരിച്ചയാളെ ഗായിക വേദിയിലേക്ക് വിളിച്ചു വരുത്തി ശകാരിക്കുകയും ചെയ്തു. ഈ വീഡിയോ സൈബറിടത്തിലും വൈറലാണ്. മാപ്പിളപ്പാട്ടായിരുന്നു ഗാനമേളാ സംഘം കൂടുതലായി ആലപിച്ചത്. ഇതിനിടെ സദസ്സിന്റെ കൂടി താൽപ്പര്യം കണക്കിലെടുത്ത് മറ്റു ഗാനങ്ങളും ഇവർ ആലപിക്കുകയുണ്ടായി. മികച്ച ഗാനമേള ആയതിനാൽ തന്നെ സ്ത്രീകളും കുട്ടികളും അടക്കമുള്ള വലിയ ആൾകൂട്ടം തന്നെ വീക്ഷിക്കാനുമെത്തി.

ഗാനമേള പുരോഗമിക്കവേയാണ് സദസ്സിൽ നിന്നും ഒരാൾ മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ എന്നും, സദസ്സിലുള്ള പ്രേക്ഷകരുമായി സംവദിക്കരുതെന്നും പറഞ്ഞു കൊണ്ട് രംഗത്തുവന്നത്. അല്ലാത്ത പക്ഷം അടിക്കുമെന്നുമൊക്കെയായിരുന്നി ഇയാൾ പറഞ്ഞത്. എന്നാൽ, ഈ ഭീഷണിയെ സജ്ല സലിം വേദിയിൽ വെച്ചു തന്നെ നേരിട്ടു. മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ തല്ലു കൊള്ളും എന്ന് ഭീഷണിപ്പെടുത്തിയത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഗായിക വ്യക്തമാക്കി.

അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ ചൂണ്ടിവിളിച്ചു ഗായിക 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നും അവർ പറഞ്ഞു. എല്ലാവരും ഗാനമേള ആസ്വദിക്കാനാണ് വന്നതെന്നും വ്യക്തമാക്കി. ഇതോടെ ഗായികയ്ക്ക് കൈയടിക്കുകയും ചെയ്തു പ്രേക്ഷകർ. എന്നാൽ, ഇതിന് ശേഷം ഗാനമേള അവസാനിച്ചതിന് ശേഷം ഗാനമേളാ സംഘത്തെ കുറ്റപ്പെടുത്തി കൊണ്ട് വ്യാപാരി വ്യവസായി പ്രസിഡന്റ് ഖാദറും രംഗത്തുവന്നു.

ഈ വാക്കുകളും വിവാദമായി, ഗാനമേളക്കാരെ വാരി അലക്കാതെ വിട്ട നാട്ടുകാർക്ക് നന്ദിയെന്ന് പറഞ്ഞായിരുന്നു വ്യാപാരി വ്യവസായി നേതാവ് രംഗത്തുവന്നത്. അഹങ്കാരിയായ പാട്ടുകാരിയാണെന്നും പറഞ്ഞിരുന്നു. ഒരു ലക്ഷം മുടക്കി ബുക്ക് ചെയ്ത് പതിനായിരം രൂപം അഡ്വാൻസ് കൊടുത്തു. ഈരാറ്റുപേട്ടയിൽ എത്തിയപ്പോൾ സൗകര്യം ഒരുക്കിയെന്നും പറഞ്ഞു. എന്നാൽ, ആദ്യം ലോഡ്ജ് സൗകര്യം ഒരുക്കിയതിൽ അതൃപ്തി രേഖപ്പെടുത്തിയെന്നും ഗാനമേള മുഴുവിപ്പിക്കും മുമ്പും ഗായിക പോയെന്നും വ്യാപാരി നേതാവ് കുറ്റപ്പെടുത്തി. ഈ വീഡിയോയും സൈബറിടത്തിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

വിവാദത്തിൽ സജ്‌ല സലീം മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

മാപ്പിളപ്പാട്ട് മാത്രമേ പാടാൻ കഴിയുകയുള്ളൂ എന്ന കരാർ പ്രകാരം ഒന്നുമല്ല അവർ ഞങ്ങളെ ബന്ധപ്പെട്ടത്. റെയിസ് എന്ന വ്യക്തിയാണ് പരിപാടികൾക്കായി ഞങ്ങളെ ബുക്ക് ചെയ്തത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് ഒരു ലക്ഷം രൂപ പറഞ്ഞ് കരാർ ഉറപ്പിച്ചു. കണ്ണൂരിൽ നിന്ന് ഈരാറ്റുപേട്ട വരെ യാത്ര ചെയ്യാൻ ഉള്ളതിനാൽ പത്തായിരം രൂപ അഡ്വാൻസും ചോദിച്ചു. അത് ചോദിച്ചത് പ്രകാരം അവർ അഡ്വാൻസ് തരികയും ചെയ്തു.

പക്ഷേ ടിക്കറ്റ് പോലും കൺഫേം ആവാത്തിനാൽ നിന്നുകൊണ്ടാണ് രാവിലെ കണ്ണൂരിൽ നിന്നുള്ള ജനശതാബ്ദിയിൽ ഞങ്ങൾ കോട്ടയത്ത് എത്തിയത്. 12 മണിക്കുള്ള ട്രെയിനിൽ തിരിച്ച് സഹോദരിയായ സജിലി സലീമിന് നാട്ടിൽ എത്തണമെന്നും അതിനു വേണ്ട സൗകര്യങ്ങൾ ചെയ്തു തരണമെന്നും റെയ്‌സിന്റെ അടുത്തുപറഞ്ഞു. അവർ സമ്മതിക്കുകയും ചെയ്തു. സജ്‌ലക്ക് പരിപാടി പാലായിൽ ആയതിനാൽ രാത്രി അവിടെ നിന്ന് പാലയ്ക്ക് പോകാം എന്നായിരുന്നു തീരുമാനിച്ചത്.

അവിടെ എത്തുമ്പോഴേക്കും നന്നെ ക്ഷീണിതരായിരുന്നു. സജ്‌ലയും സജ്‌ലിയും ഒപ്പം ഒരു സുഹൃത്തുമാണ് കോട്ടയത്തേക്ക് പുറപ്പെട്ടത്. അവിടെ അവർ യാത്ര സൗകര്യം ഈരാറ്റുപേട്ടയിലേക്ക് ആക്കാം എന്നു പറഞ്ഞിരുന്നു എങ്കിലും സജ്‌ലയും കൂട്ടരും എത്തിയ സമയത്ത് യാത്രാ സൗകര്യങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് അവരോട് സംസാരിച്ചപ്പോൾ ഈരാറ്റുപേട്ടയിലേക്ക് ഒരു ടാക്‌സി പിടിച്ചു വരാൻ പറഞ്ഞു. അതുപോലെ കേൾക്കുകയും ചെയ്തു. ഈരാറ്റുപേട്ടയിൽ എത്തിയപ്പോൾ താമസിക്കാനുള്ള സൗകര്യം വളരെ വൃത്തിഹീനമായ രീതിയിൽ ആയിരുന്നു.

സ്ത്രീകൾക്ക് താമസിക്കാൻ പോലും കഴിയാത്ത മുറിയാണ് അവർ നമ്മൾക്കായി തന്നത്. തുടർന്ന് സംസാരിച്ച് എസി റൂം ലഭ്യമാക്കി. അതിനുശേഷം ആണ് അവിടെ വൈകുന്നേരത്തോടുകൂടി പരിപാടി അവതരിപ്പിക്കാൻ ചെന്നത്. ചെന്നപ്പോൾ തന്നെ വളരെ മോശം അനുഭവങ്ങളാണ് അവിടെ നിന്നും നേരിടേണ്ടി വന്നത്. മാപ്പിളപ്പാട്ടും സിനിമാഗാനങ്ങളും ഒരുപോലെ പാടുന്ന രീതിയാണ് ഞങ്ങളുടെ ഗാനമേളയ്ക്ക്. ജനസാഗരമായിരുന്നു പരിപാടി കാണാനായി ഈരാറ്റുപേട്ടയിൽ ഒത്തുകൂടിയത്.

പൊതുവായി അവതരിപ്പിക്കുന്ന രീതിയിൽ സിനിമ പാട്ടുകളും മാപ്പിളപ്പാട്ടുകളും ഒത്തുചേർന്നാണ് ഗാനമേള അവതരിപ്പിക്കാൻ തീരുമാനിച്ചത്. അത്തരത്തിൽ തന്നെ പരിപാടി തുടങ്ങുകയും ചെയ്തു. കയ്യടിയും ബഹളവുമായി പരിപാടി നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റേജിന് പുറത്തുനിന്ന് സംഘാടകരിൽ ഒരാൾ മാപ്പിളപ്പാട്ട് മാത്രം പാടിയാൽ മതി എന്നും ഇല്ലെങ്കിൽ അടിക്കുമെന്ന് ആംഗ്യം കാണിക്കുകയും കയർത്തു സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സഹികെട്ടാണ് അയാൾക്കെതിരെ പ്രതികരിക്കേണ്ടി വന്നത്. പരിപാടി ഏകദേശം 10 മണിയോടെ കഴിഞ്ഞാൽ സഹോദരിക്ക് 12 മണിക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്താൻ കഴിയും എന്നാണ് പ്രതീക്ഷിച്ചത്.

പക്ഷേ അവിടെ നടന്നത് വിപരീതമായ കാര്യങ്ങളായിരുന്നു. മാപ്പിളപ്പാട്ട് മാത്രമേ പാടാൻ കഴുകിയുള്ളൂ എന്ന കരാർ ഒന്നുമുണ്ടായിരുന്നില്ല എങ്കിലും സംഘാടകരിൽ ചിലർ വളരെ മോശമായ രീതിയിലാണ് ഞങ്ങളുടെ അടുത്ത് പെരുമാറിയത്. ഈരാറ്റുപേട്ടയിലെ ആളുകളിൽ മിക്ക ആളുകളും നല്ല സപ്പോർട്ട് ആയിരുന്നു.പക്ഷേ സംഘാടകരിൽ ചിലർ മാത്രമാണ് മോശമായ രീതിയിൽ തങ്ങളുടെ അടുത്ത് പെരുമാറിയത്. റയീസ് സജ്‌ലിക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് വണ്ടി ഏൽപ്പിക്കാമെന്ന് പറഞ്ഞിരുന്നു എങ്കിലും പിന്നീട് ഫോൺ പോലും എടുക്കാൻ കൂട്ടാക്കിയില്ല.

തുടരെ റയീസിനെ വിളിച്ചു എങ്കിലും സഹോദരിക്ക് കോട്ടയത്തേക്ക് പോകാനുള്ള സംവിധാനം ഒന്നും തന്നെ ഉണ്ടാക്കിയില്ല. മാത്രമല്ല കോട്ടയത്തേക്ക് പോകാനായി സഹോദരി ഇറങ്ങിയപ്പോൾ സംഘാടകരുടെ ഭാഗത്ത് നിന്നും വളരെ മോശമായ പെരുമാറ്റം ആണ് ഉണ്ടായത്. വിരൽ ചൂണ്ടി അവർ കയർത്തു സംസാരിച്ചു. പക്ഷേ പരിപാടി അവതരിപ്പിക്കുന്നതിനിടയിൽ സജ്‌ല അത് കാര്യമാക്കിയില്ല. പിന്നീട് ഫോൺ എടുത്തു നോക്കിയപ്പോഴാണ് സഹോദരിയുടെ ഒത്തിരി മിസ്‌കോൾ കണ്ടത്.

വിളിച്ചപ്പോൾ കാര്യം സഹോദരി പറഞ്ഞു. ഇത്തരത്തിൽ വളരെ മോശമായ അനുഭവമാണ് സംഘാടകരിൽ ചിലരുടെ ഭാഗത്തുനിന്നും തങ്ങൾക്ക് നേരിടേണ്ടി വന്നത്. ഇതിനിടയിൽ വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് ആയ കരിം മൈക്കെടുത്ത് സംസാരിച്ചു. തുടർന്ന് തങ്ങളുടെ ഭാഗത്തായ ആളുകൾ ചില ആളുകൾ മറുഭാഗം ചേർന്ന് പ്രതികരിക്കാൻ തുടങ്ങി. പല ആളുകളും അനാവശ്യമായി ബഹളം വെച്ചു. പല സ്ഥലത്തും പരിപാടി അവതരിപ്പിച്ചുവെങ്കിലും ഇത്തരത്തിൽ അനുഭവം ഇതിനു മുന്നേ നേരിടേണ്ടി വന്നിട്ടില്ല.

തുടർന്ന് ഒരു കല്ല് ഓർക്കസ്ട്ര ടീമിന്റെ കീബോർഡിന് മുകളിൽ വന്നു വീണു. അതോടെ തങ്ങളെ ബാക്ക് സ്റ്റേജിൽ കൊണ്ടുപോയി ചില യുവാക്കൾ തങ്ങൾക്ക് കാവൽ നിന്നു. പക്ഷേ ഖാദർ എന്ന പ്രസിഡന്റ് വന്ന് അവരുടെ എടുത്ത് മാറി പോകുവാൻ ആവശ്യപ്പെട്ടു. വളരെ കയർത്താണ് അദ്ദേഹം അവരുടെ അടുത്ത് സംസാരിച്ചത്. പക്ഷേ ഉടനടി ഞങ്ങളുടെ അടുത്ത് കസേരയും കുടിക്കാൻ വെള്ളമോ ചായയോ മറ്റോ വേണോ എന്ന് ചോദിച്ചു. നല്ല കെയറിങ് ഓടുകൂടി സംസാരിച്ചു. ഒരേ ആൾ തന്നെ രണ്ടു രീതിയിൽ പെരുമാറുന്നത് എന്താണ് എന്ന് പോലും ഞങ്ങൾക്ക് മനസ്സിലായില്ല.

മാപ്പിളപ്പാട്ട് മാത്രമേ പാടാൻ പാടുള്ളൂ എന്ന് ഒരു കരാർ പോലും ഇല്ലാത്ത ഒരു സ്ഥലത്താണ് ഇത്തരത്തിൽ ഒരു അനുഭവം ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. പക്ഷേ പിന്നീടാണ് ഖാദർ ഞങ്ങളെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അത് മാനസികമായി ഒത്തിരി പ്രശ്‌നങ്ങൾ ഉണ്ടാക്കി. തങ്ങൾക്ക് യാതൊരു പങ്കുമില്ലാത്ത കാര്യത്തിൽ തങ്ങളെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേൾക്കുന്നത് മനോ വിഷമവും ഉണ്ടാക്കുന്നു എന്നാണ് സജ്‌ല മറുനാടന്റെ അടുത്ത് പ്രതികരിച്ചത്.

സഹോദരിക്ക് തിരികെ തലശ്ശേരി എത്താൻ കഴിഞ്ഞില്ല. ഈരാറ്റുപേട്ടയിൽ നിന്ന് ഒരു മണിക്കൂറോളം യാത്ര ചെയ്തു കോട്ടയത്തെത്തി അവിടെനിന്ന് ട്രെയിൻ പിടിച്ച് തലശ്ശേരിക്ക് പോകാനായിരുന്നു തീരുമാനമെങ്കിലും സംഘാടകരുടെ ശ്രദ്ധയില്ലായ്മയും പെരുമാറ്റവും കാരണം അതിനു കഴിഞ്ഞില്ല. അതിനുശേഷം പാലായിൽ ഒരു ഫാമിലി ഫംഗ്ഷനിൽ ആയിരുന്നു എനിക്ക് പരിപാടി അവതരിപ്പിക്കേണ്ടിയിരുന്നത്. അവിടെ ഞങ്ങളുടെ പരിപാടി അവതരിപ്പിക്കരുത് എന്ന് വരെ പല ആളുകളും വിളിച്ചുപറഞ്ഞു. അവിടെനിന്ന് ഫോൺ അറ്റൻഡ് ചെയ്യാതിരുന്ന റെയ്‌സിനെ കണ്ടു. അപ്പോഴാണ് അയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചതാണ് എന്ന് മനസ്സിലായത്.

പിന്നീട് ഖാദർ ഇക്കയെ കണ്ടപ്പോൾ വളരെ മാന്യമായാണ് ഞങ്ങളുടെ അടുത്ത് സംസാരിച്ചത്. അന്ന് ഉണ്ടായ സംഭവത്തിൽ ക്ഷമ ചോദിക്കുന്നു എന്ന് വരെ അദ്ദേഹം പറഞ്ഞു. പക്ഷേ ആ സംഭവത്തിനുശേഷമാണ് ഇദ്ദേഹം സംസാരിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. എന്തുകൊണ്ടാണ് ഒരാൾ തന്നെ രണ്ടു രീതിയിൽ പെരുമാറുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മാപ്പിളപ്പാട്ട് പാടിയാണ് ആളുകളുടെ ഇടയിൽ ശ്രദ്ധ നേടിയത്. ഉപ്പയും മാപ്പിളപ്പാട്ട് പാടി പ്രശസ്തനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ മകൾ എന്നുള്ള ബഹുമാനം മിക്ക സ്ഥലത്തു പോയാലും ലഭിക്കാറുണ്ട്. ഏത് പരിപാടിക്ക് ചെന്നാലും മാപ്പിളപ്പാട്ട് പാടുന്നതിൽ യാതൊരു പ്രശ്‌നവുമില്ല പക്ഷേ സംഘാടകരിൽ ചിലർക്ക് മാത്രമായിരുന്നു ഇവിടെ പ്രശ്‌നം.

പൊതുവേ ഞാൻ പ്രതികരിക്കുന്ന കൂട്ടത്തിൽ ആണ്. അതുകൊണ്ടാണ് വേദിക്ക് പുറത്തുനിന്ന് ഒരാൾ സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചപ്പോൾ പ്രതികരിച്ചത്. ഈരാറ്റുപേട്ടയിലെ ജനങ്ങളെ കുറിച്ച് മോശം അഭിപ്രായം ഒന്നുമില്ല. ഇതിനുമുമ്പും പരിപാടി അവതരിപ്പിച്ച സ്ഥലമാണ് ഈരാറ്റുപേട്ട. പക്ഷേ സംഘാടകരിൽ ചിലർ മാത്രമാണ് ഞങ്ങൾക്കെതിരെയും അനാവശ്യമായ രീതിയിലും പ്രശ്‌നമുണ്ടാകുന്ന രീതിയിലും സംസാരിച്ചത്. അതുകൊണ്ടുതന്നെ അതൃപ്തിയും നീരസവും ജനങ്ങളോട് അല്ല, സംഘാടകരിൽ ചിലരോട് മാത്രമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലയാളുകളും ഇത് മതപരമായ ഒരു പ്രശ്‌നമായി മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടു. ഈരാറ്റുപേട്ടയിലെ ജനങ്ങളെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നുണ്ട് പലരും. പക്ഷേ ഇത് ശരിയായ കാര്യമല്ല. ഈ പ്രശ്‌നത്തിൽ ദയവുചെയ്ത് മതം കയറ്റരുത് എന്നും മാപ്പിളപ്പാട്ട് എന്നത് എല്ലാവരും ആസ്വദിക്കുന്ന ഒരു കലയാണ് എന്നും സജ്‌ല സലിം മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതുവരെ കരിയറിൽ ഇത്തരത്തിലൊരു പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല കേസിനും മറ്റു കാര്യങ്ങൾക്ക് ഒന്നും തന്നെ പോകുന്നില്ല പക്ഷേ മാനസികമായി ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ട്. ഈ വിവാദം ഇതോടെ അവസാനിക്കട്ടെ എന്നും സജ്‌ല പറഞ്ഞു.