തൃശൂർ: തൃശൂർ റൂറൽ പൊലീസിന് കീഴിലെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി 10മണിക്കാണ് ഭാര്യയെ കാണാനില്ലന്ന പരാതിയുമായി ഒരാൾ എത്തുന്നത്. ചിട്ടി കമ്പിനയിൽ ജോലിക്കാരിയായ ഭാര്യ വീട്ടിൽ വൈകി എത്തിയതിന് വഴക്കു പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഭാര്യയും ഭർത്താവും തമ്മിൽ പിണങ്ങി, പിണക്കത്തിനൊടുവിൽ തന്റെ സ്‌കൂട്ടറുമായി രാത്രി തന്നെ ഭാര്യ വീടു വിട്ടു പോയി. ബന്ധു വീടുകളിലോ സുഹൃത്തുക്കളുടെ അടുത്തോ എത്തിയില്ല എന്ന് മനസിലായതോടെയാണ് ഭർത്താവും കുടുംബാംഗങ്ങളും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

ആരും വിളിച്ചിട്ടും യുവതി ഫോൺ എടുക്കുന്നില്ലയായിരുന്നു. ഇതിനിടെ ബന്ധുക്കൾ സ്റ്റേഷനിൽ നിന്നപ്പോൾ കാണാതായ വീട്ടമ്മ പോട്ടൂർ റെയിൽവേ ട്രാക്ക് ലക്ഷ്യമാക്കി നീങ്ങുന്നതായി വിവരം കിട്ടി. ഒരു കൂട്ടുകാരി വിളിച്ചപ്പോഴാണ് ജീവിതം മടുത്തുവെന്നും ആത്മഹത്യ ചെയ്യുകയാണെന്നും വെളിപ്പെടുത്തിയത്. എരുമപ്പെട്ടി സ്റ്റേഷനിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് പോട്ടൂർ റയിൽവേ സ്റ്റേഷൻ, ഇവിടെന്ന് അവിടെ എത്താൻ കുറഞ്ഞത് അര മണിക്കൂർ വേണം. പൊലീസ് ആശയക്കുഴപ്പത്തിലായി. ഇതനിടയിലാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ കെ ജി റിജു മുളങ്കുന്നത്തു കാവിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഡിജോ ജേക്കബ്ബിനെ ബന്ധപ്പെട്ടത്.

പോട്ടൂരിലാണ് ഈ ഉദ്യോഗസ്ഥന്റെ വീട്. റെയിൽവേ ട്രാക്കിൽ നിന്നും കഷ്ടിച്ച് ഒന്നര കിലോമീറ്റർ മാറിയാണ് ഡിജോ താമസിക്കുന്നത്. ഡിജോയെ റിജു വിളിക്കുമ്പോൾ അദ്ദേഹം ഉറങ്ങാൻ തുടങ്ങുകയായിരുന്നു. ഉടൻ തന്നെ ഉടുത്തിരുന്ന കൈലി പോലും മാറ്റാതെ അദ്ദേഹം ബൈക്കുമായി പോട്ടൂർ റെയിൽവേ ട്രാക്കിലേക്ക് തിരിച്ചു. അവിടെ എത്തി ഗേറ്റ് മാനോടു ചോദിച്ചെങ്കിലും ആരെയും കണ്ടില്ല എന്നായരുന്നു മറുപടി. ആകെ കിട്ടിയ വിവരം യുവതി വന്നത് യമഹ റേ സ്‌കൂട്ടറിൽ ആണ് എന്നായിരുന്നു. അവിടെയെല്ലാം പരതിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പിന്നീട് റെയിൽ വേ ട്രാക്കിന്റെ തെക്കേ ഗേറ്റിനടുത്തുള്ള സമാന്തര പാതയിലൂടെ ബൈക്കോടിച്ച് നീങ്ങിയ ഡിജോ കണ്ടത് റോഡ് അവസാനിക്കുന്ന ഭാഗത്ത് ഉപേക്ഷിച്ച യമഹ സ്‌കൂട്ടർ.

അപ്പോൾ ഒരു കാര്യം ഉറപ്പിച്ചു. യുവതി ഇവിടെ എത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്തിരിക്കുമോ എന്ന ചിന്ത പൊലീസുകാരനെ അലട്ടി കൊണ്ടിരുന്നു. ട്രാക്കിൽ കയറാതിരിക്കാൻ കെട്ടിയിരുന്ന മുള്ളു വേലിയിക്കിടയിലൂടെ ഊഴ്ന്ന് ഡിജോ റെയിൽ വേ ട്രാക്കിൽ എത്തി. മൊബൈൽ ടോർച്ച് തെളിച്ച് മൂന്നോട്ട് നടന്നപ്പോൾ അതാ ട്രാക്കിന്റെ ഒത്ത നടുവിൽ യുവതി ഇരിക്കുന്നു. സമയം രാത്രി 11 മണി. കൈലി ഉടുത്ത് വന്ന ആളെ പൊലീസുകാരനാണന്ന് തിരിച്ചറിയാത്ത യുവതി കൂസലില്ലാതെ തന്നെ ട്രാക്കിൽ ഇരുന്നു. നിങ്ങൾ എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദ്യത്തിന് വെറുതെ എന്ന് മറുപടി. എവിടെ വീട് എന്ന് ചോദിച്ചപ്പോൾ തൊട്ടടുത്താണന്ന ഒഴുക്കൻ മറുപടി.

വിവാഹതിയാണോ എന്ന് ചോദിച്ചപ്പോൾ ആണെന്ന് മറുപടി. എത്ര മക്കൾ എന്ന് ചോദിച്ചപ്പോൾ രണ്ട് എന്ന് ഉത്തരം. മൂത്തായൾക്ക് എത്ര വയസായി എന്ന് ചോദിച്ചപ്പോൾ 12 വയസുള്ള മകൾ എന്ന് മറുപടി. 12 വയസുള്ള മകളെ ഒറ്റക്കാക്കി നിങ്ങൾക്ക് എങ്ങനെ മരിക്കാൻ തോന്നുന്നുവെന്ന പൊലീസുകാരന്റെ ചോദ്യത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ യുവതി കാര്യങ്ങൾ ഓരോന്നായി പറഞ്ഞ് ഒടുവിൽ ട്രാക്കിൽ നിന്നും മാറി, ഇതിനിടയിൽ താൻ പൊലീസുകാരൻ ആണെന്നും തനിക്കും 11 വയസുള്ള ഒരു മകൾ ഉണ്ടെന്നും ഡിജോ പറഞ്ഞു.

തുടർന്ന് യുവതിയെ രക്ഷിച്ച് റെയിൽവേ സുരക്ഷ മുള്ളുവേലി കടക്കുമ്പോഴേക്കും യുവതി ഇരുന്ന ട്രാക്കിലൂടെ ട്രെയിൻ ചൂളം വിളിച്ച് പാഞ്ഞ് പോയിരുന്നു. ഡിജോ എത്താൻ 15 മിനിട്ട് വൈകിയിരുന്നെങ്കിൽ ഉറപ്പായും ആ യുവതിയെ രക്ഷപ്പെടുത്താനാകുമായിരുന്നില്ല. റെയിൽവേ കോമ്പൗണ്ടിന് പുറത്ത് എത്തിയ അപ്പോൾ തന്നെ ഡിജോയെ വിവരം അറിയിച്ച എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ കെ ജി റിജുവും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നു.

യുവതി നേരത്തെ ചിട്ടി പിരിവുമായി ബന്ധപ്പെട്ട് ഈ സ്ഥലത്ത് വന്നിട്ടുള്ളതിനാൽ ഇവിടെ വിജനമാണന്നും ആത്മഹത്യക്ക് പറ്റിയ ഇടമാണെന്നും നേരത്തെ തന്നെ അറിയാമായിരുന്നു. പിന്നീട് ബന്ധുക്കൾക്കൊപ്പം യുവതിയെ വിട്ടയച്ചു. പൊലീസിന്റെ വാട്സ് ആപ് ഗ്രൂപ്പിലും സോഷ്യൽ മീഡിയയിലും യുവതിക്ക് പുതി ജീവൻ നല്കാൻ കാരണമായ പൊലീസുകാർക്ക് അഭിനന്ദന പ്രവാഹമാണ്.