തിരുവനന്തപുരം : തന്റെ പ്രീതി നഷ്ടമായ ധനമന്ത്രി ബാലഗോപാലിന്റെ ബില്ലിന് നിയമസഭയിൽ അവതരണ അനുമതി നൽകാതെ ഗവർണർ. തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കാനിരുന്ന നികുതിവകുപ്പിന്റെ ബില്ലിനാണ് ഗവർണർ അനുമതി നൽകാത്തത്. വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുമുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകാത്തത്. എന്നാൽ ഇതിനൊപ്പം ആഭ്യന്തര വകുപ്പ് അവതരണാനുമതി തേടിയ ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആക്കാനുള്ള ബില്ല് അവതരിപ്പിക്കാൻ ഇന്നലെ രാത്രി ഗവർണർ അനുമതി നൽകി. ഈ ബിൽ മുഖ്യമന്ത്രിയാണ് തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുന്നത്.

1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് ഈമാസം ഒന്നിനുചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റലറികളിൽ നിന്നീടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്‌സ് ഒഴിവാക്കുമ്പോളുണ്ടാവുന്ന വരുമാന നഷ്ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് നാല് ശതമാനം വർദ്ധിപ്പിക്കാനായിരുന്നു നിയമഭേദഗതി.

സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ബില്ലുകളായതിനാലാണ് ഗവർണറുടെ അനുമതി വേണ്ടത്. ഇരുബില്ലുകളും തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ളതാണെന്നറിയിച്ച് ദൂതൻ വഴി ഇന്നലെ സർക്കാർ രാജ്ഭവനിലെത്തിക്കുകയായിരുന്നു. കൊച്ചിയിലായിരുന്ന ഗവർണറുടെ അനുമതി തേടി ബില്ലുകൾ ഓൺലൈനിൽ അയച്ചുകൊടുക്കുകയായിരുന്നു. രാത്രി ഒമ്പതോടെ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻപ്രായമുയർത്താനുള്ള ബില്ലിൽ ഒപ്പിട്ടു. നികുതിവകുപ്പിന്റേത് മാറ്റിവച്ചു. ഭരണഘടനയുടെ 207(3) അനുച്ഛേദമനുസരിച്ചാണ് ഇത്തരം ബില്ലുകൾക്ക് ഗവർണറുടെ അനുമതി വേണ്ടത്.

ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മേലുള്ള തന്റെ പ്രീതി നഷ്ടമായെന്നും അദ്ദേഹത്തിനെതിരെ ഉചിതനടപടിയെടുക്കണമെന്നും ഗവർണർ ഒക്ടോബറിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. എന്നാൽ രാജി വേണ്ടെന്നും ബാലഗോപാലിൽ തനിക്ക് വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി തിരിച്ചും കത്തു നൽകി. ഒരു മന്ത്രിക്ക് മേൽ പ്രീതി നഷ്ടമായെന്ന് വ്യക്തമാക്കി നടപടിയാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത് അപൂർവ്വ നീക്കമായിരിക്കെ തുടർചലനങ്ങളിൽ അന്നേ ആകാംക്ഷയുണ്ടായിരുന്നു. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ ഡിസംബറിൽ നിയമസഭ വിളിച്ചതുപോലും തിരിച്ചടി ഒഴിവാക്കാനുള്ള സർക്കാരിന്റെ തന്ത്രമായിരുന്നു. അതിനാണ് തുടക്കത്തിൽ തന്നെ ഗവർണർ തിരിച്ചടി നൽകിയിരിക്കുന്നത്.