മലപ്പുറം: രണ്ടാമത് വിവാഹിതയായ ഹാദിയയുടെ മലപ്പുറം ഒതുക്കുങ്ങലിലെ ക്ലിനിക്ക് അടച്ചുപൂട്ടി. 2019 ജൂലൈയിൽ ആരംഭിച്ച ഡോ. ഹാദിയാസ് ഹോമിയോപതിക് ക്ലിനിക്കാണ് രണ്ടര മാസം മുമ്പ് അടച്ചുപൂട്ടിയത്. ഇവിടുത്തെ ബോർഡുകൾ മുഴുവനായും ഒഴിവാക്കുകയും, ക്ലിനിക്കലുണ്ടായിരുന്ന ഫർണിച്ചറുകളും മറ്റും കൊണ്ടുപോകുകയും ചെയ്തു.

നിലവിൽ ക്ലിനിക്കിൽ പുതിയ വാടകക്കാർ എത്തിയിട്ടുണ്ട്. രണ്ടര മാസം മുമ്പാണു ഹാദിയയുടെ ക്ലിനിക്ക് അടച്ചുപൂട്ടിയതെന്നാണു സമീപത്തെ മറ്റുകച്ചവടക്കാർ പറയുന്നത്. രണ്ടാംവിവാഹിതയായ കാര്യമൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല. പിന്നീട് സോഷ്യൽമീഡിയയിൽ വന്ന വാർത്തകൾ കണ്ടാണു വിവാഹിതയായ കാര്യം അറിഞ്ഞതെന്നും സമീപത്തെ കടക്കാർ പറഞ്ഞു.

പുനർവിവാഹം ചെയ്ത ഹാദിയ തിരുവനന്തപുരത്താണ്. 2019മുതൽ ഒതുക്കുങ്ങലിൽ ക്ലിനിക്ക് നടത്തിവരികയായിരുന്നു ഹാദിയ. ഒതുങ്ങൾ അങ്ങാടിയിൽ നിന്നും ഇത്തിരി ദൂരം മാറിനിൽക്കുന്ന ഈ ക്ലിനിക്കിലേക്ക് ആളുകൾ എത്തുന്നതും വളരെ കുറവായിരുന്നു. മുൻഭർത്താവ് ഷഫിൻ ജഹാനുമായി അകന്നു കഴിയുകയായിരുന്നു. ഷഫിൻ ജഹാൻ കൊച്ചിയിലായിരുന്നു. എല്ലാമാസവും സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഹാദിയയുടെ ക്ലിനിക്കിലെത്തി വിവരം ശേഖരിക്കുന്നതും പതിവായിരുന്നു. ഇതിനിടയിലാണു രണ്ടര മാസം മുമ്പ് ക്ലിനിക്ക് പൂർണമായും ഒഴിവാക്കി ഹാദിയ പോയത്.

മകളെ കണാൻ മലപ്പുറം ഒതുക്കങ്ങലിൽ നേരത്തെ പിതാവ് അശോകനും മാതാവും വന്നിരുന്നു. തന്റെ ക്ലിനിക്കിലെത്തിയ മാതാപിതാക്കളോട് ഒപ്പമിരിക്കുന്ന സെൽഫി ഹാദിയ തന്നെയാണ് മൊബൈലിൽ പകർത്തി ഷെയർചെയ്തിരുന്നത്. മതംമാറിയ ശേഷം വിവാഹം കഴിഞ്ഞാണു ഹാദിയ ഒതുക്കുങ്ങലിൽ സ്വന്തമായി ഹോമിയോ ക്ലിനിക്ക് ആരംഭിച്ചത്.

ഹോമിയോ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റം. ഹാദിയയെ നിർബന്ധിച്ച് മതം മാറ്റി സിറിയയിൽ കൊണ്ടുപോകാനായിരുന്നു ഭർത്താവ് ഷഫിൻ ജഹാന്റെ ശ്രമമെന്നായിരുന്നു പരാതികൾ. തുടർന്ന് ഏറെ കാലത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് നിയമപരമായ പ്രശ്നങ്ങളെല്ലാം അസാനിച്ചത്.

ഇവരുടെ വിവാഹം സുപ്രീംകോടതി അംഗീകരിക്കുകയും പഠനം തുടരാൻ അനുവദിക്കുകയും ചെയ്ത ശേഷം ഹോമിയോ കോഴ്സ് പൂർത്തിയാക്കിയ ഹാദിയ സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് മലപ്പുറം കോട്ടക്കൽ റോഡിൽ ഒതുക്കുങ്ങലിൽ ഡോ. ഹാദിയാസ് ഹോമിയോപതിക് ക്ലിനിക് എന്ന സ്ഥാപനം തുടങ്ങിയത്. 2019 ജൂലൈയിലായിരുന്നു ഇത്. 2018 മാർച്ച് എട്ട് വനിതാദിനത്തിലാണ് പത്തുമാസം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹാദിയ ഷഫിൻ വിവാഹം സാധുവാക്കി സുപ്രീംകോടതി വിധി വന്നത്. 2017 മെയ് 24നായിരുന്നു ഇരുവരുടേയും വിവാഹം

അതേ സമയം മകൾ ഡോ.അഖിലയെന്ന ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു പിതാവ് കെ.എം.അശോകൻ നൽകിയ ഹേബിയസ് കോർപസ് ഹർജി ഇന്നു കോടതി തള്ളി. മലപ്പുറം സ്വദേശി എ.എസ്.സൈനബ ഉൾപ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണ് മകളെന്നാണു ഹർജിയിലെ ആരോപണം. താനും ഭാര്യയും മകളെ ഫോണിൽ വിളിക്കുകയും ഇടയ്ക്കു ക്ലിനിക്കിലെത്തുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. പലപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു. മൂന്നിന് ക്ലിനിക്കിൽ എത്തിയപ്പോൾ അടഞ്ഞുകിടക്കുകയായിരുന്നു. മകൾ എവിടെയാണെന്ന് അറിയില്ലെന്നാണു പരിസരത്തുള്ളവർ പറഞ്ഞതെന്നും അറിയിച്ചു. വിവാഹം ചെയ്ത ഷഫിൻ ജഹാനുമായി ദാമ്പത്യ ബന്ധമില്ലെന്നും ഷഫീന്റെ വിവരങ്ങൾ അറിയില്ലെന്നും ഇതിനിടെ, മകൾ പറഞ്ഞിരുന്നെന്നും ഹർജിയിൽ അറിയിച്ചു.

അതിനിടെ ഷഫിനുമായി വിവാഹമോചിതയായെന്നും തന്റെ ഇഷ്ടപ്രകാരം മറ്റൊരാളെ വിവാഹം ചെയ്തെന്നും ഹാദിയ ഒരു വിഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. വിവാഹിതയാകാനും അതിൽനിന്ന് പുറത്തുവരാനും ഇന്ത്യൻ ഭരണഘടന എല്ലാവർക്കും സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഇത് സമൂഹത്തിൽ സാധാരണ നടക്കുന്നതാണ്. എന്റെ കാര്യത്തിൽ മാത്രം സമൂഹത്തിന് എന്താണ് ഇത്ര പ്രശ്നം എന്ന് മനസ്സിലാകുന്നില്ല. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയായ ഒരു സ്ത്രീയാണ് ഞാൻ.

എനിക്ക് വിവാഹബന്ധവുമായി മുന്നോട്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ അതിൽനിന്ന് പുറത്തുവന്നു. ഇപ്പോൾ എനിക്ക് ഇഷ്ടമുള്ള മറ്റൊരാളെ ഞാൻ വിവാഹം ചെയ്തു. ഒരു മുസ്ലിം ആയി ജീവിക്കുന്നതിൽ ഞാൻ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കൾക്കും ഈ പുനർവിവാഹത്തെ കുറിച്ച് അറിയാം. ഞാൻ ഒളിവിലല്ല, എന്റെ ഫോൺ സ്വിച്ച് ഓഫുമല്ല. തുടക്കം മുതൽ എന്റെ പിതാവ് എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്റെ പിതാവ് എന്നും സംഘപരിവാറിന്റെ ഉപകരണമായി പ്രവർത്തിക്കുകയാണെന്നുമാണ് ഹാദിയ വിഡിയോയിൽ പറഞ്ഞത്.