മലപ്പുറം: ഏറെ വിവാദങ്ങൾക്കും, കോലാഹലങ്ങൾക്കുമിടയിൽ മലബാർ ഗോൾഡിന്റെ ലോകോത്തര ആഭരണ ശാലയുടെ ഉദ്ഘാടനം കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ഒരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമ്പോൾ അത്ഭുതം കൂറുന്നത് കാക്കഞ്ചേരിയിലെ നാട്ടുകാർ. ആഭരണ നിർമ്മാണശാലയ്ക്ക് എതിരെ നാട്ടുകാർ മലിനീകരണ പ്രശ്നം ആരോപിച്ച് വർഷങ്ങളായി ജനകീയ സമരം നടന്നു വരികയായിരുന്നു. ചേലേമ്പ്രയിലെ ഭരണപക്ഷ പ്രതിപക്ഷ കക്ഷികളും, ഒരു പോലെ ഇന്നലെ നടന്ന ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിന്നു.

ചേലേമ്പ്ര പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന ആഭരണ നിർമ്മാണ ശാലക്കെതിരെ പ്രമേയം തന്നെ പാസാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും ഉദ്ഘാടനം നടന്ന സ്ഥലത്തിലേക്ക് ഇന്നലെ പ്രതിഷേധ മാർച്ച് അറിയിച്ചെങ്കിലും സിപിഎം, ബിജെപി കക്ഷികൾ വിട്ടുനിൽക്കുകയും പഞ്ചായത്ത് പ്രസിഡണ്ട് അടക്കം മുസ്ലിം ലീഗിലെ എല്ലാ മെമ്പർമാരെയും കോൺഗ്രസിലെ ഉഷ ടീച്ചറെയും അറസ്റ്റ് ചെയ്യുകയും കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

ആഭരണ നിർമ്മാണശാലയുടെ ഉദ്ഘാടനത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സമര സമിതി അംഗങ്ങളും, പൗര പ്രമുഖരും, രാഷ്ട്രീയ പ്രവർത്തകരും, നാട്ടുകാരും രംഗത്ത് വന്നിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും മുസ്ലിംലീഗ് സംസ്ഥാന ദേശീയ നേതാക്കളും ചടങ്ങിനെത്തുകയും മലബാർ ഗോൾഡിനെ പുകഴ്‌ത്തി സംസാരിക്കുകയും ചെയ്തതു നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്കു വഴിവെച്ചിട്ടുണ്ട്.

ചടങ്ങിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു കേരളത്തിലെ മുഖ്യധാരാ പത്രങ്ങൾക്കും ചാനലുകൾക്കും ലക്ഷങ്ങളുടെ പരസ്യങ്ങളാണു വാരിക്കോരി നൽകിയിരുന്നത്. ഇതിനാൽ തന്നെ ആഭരണ ശാലക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ വാർത്ത ഒരു പത്രത്തിലും ചാനലിലും വന്നതുമില്ല. പണത്തിനുമീതെ പരുന്തും പറക്കില്ലെന്ന രീതിയിൽ എല്ലാമാധ്യമങ്ങളും കണ്ണടച്ചു. സമാനമായാണു മുഖ്യമന്ത്രിയും പരിവാരങ്ങളും ചടങ്ങിനെത്തിയതെന്ന ആരോപണവും പ്രതിഷേധക്കാർക്കുണ്ട്.

പ്രാദേശിക ഭരണപക്ഷ പാർട്ടിയുടെ എതിർപ്പ് അവഗണിച്ചുള്ള ഉദ്ഘാടനം വരും ദിനങ്ങളിൽ രാഷ്ട്രീയ ചർച്ചക്ക് വഴി വെക്കും. മലബാർ ഗ്രൂപ്പിന്റെ 30ാം വാർഷികവും കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ഒരുക്കിയ ആഭരണ നിർമ്മാണ യൂനിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയും ഇന്നലെയാണു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. സ്വർണ വ്യാപാരമേഖലയിൽ നികുതി നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിൽനിന്ന് വേറിട്ട് പൂർണമായും നികുതി നൽകിയാണ് മലബാർ ഗോൾഡിന്റെ പ്രവർത്തനമെന്നത് ഏറെ ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മലബാർ ഗോൾഡിന്റെ ഈ മാതൃക ചെറുതും വലുതുമായ സ്ഥാപനങ്ങൾക്ക് പ്രചോദനമാകും. ബിസിനസ് രംഗത്തെ മുന്നേറ്റത്തോടൊപ്പം സാമൂഹികപ്രതിബദ്ധതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിലും മലബാർ ഗ്രൂപ് ഏറെ മുന്നിലാണ്. നാട്ടിലെ വ്യവസായ സൗഹൃദാന്തരീക്ഷം നല്ല രീതിയിൽ ഉയർത്തുന്നതിന് ഗ്രൂപ്പിന്റെ ഇടപെടൽ വഴിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും ആധുനികമായ ഇന്റഗ്രേറ്റഡ് ജൂവലറി യൂനിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയാണ് കിൻഫ്ര പാർക്കിൽ സജ്ജമാക്കിയിട്ടുള്ളത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് തയാറാക്കിയ വെബ്സൈറ്റ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ചാരിറ്റി ചെക്ക് വിതരണം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എംപി. അബ്ദുസ്സമദ് സമദാനി എംപി, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ടി.വി. ഇബ്രാഹിം എംഎ‍ൽഎ, സിപിഎം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, ബിജെപി. ജില്ല പ്രസിഡന്റ് രവി തേലത്ത്, സിപിഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, മലബാർ ഗ്രൂപ് ചെയർമാൻ എംപി. അഹമ്മദ്, എക്സി. ഡയറക്ടർ എ.കെ. നിഷാദ് എന്നിവർ സംസാരിച്ചു.

എം വി ശ്രേയാംസ് കുമാർ, പി.വി. ചന്ദ്രൻ, പി.കെ. അഹമ്മദ്, കെ.പി. അബ്ദുൽ സലാം, മലബാർ ഗ്രൂപ് ഓപറേഷൻസ് എം.ഡി ഒ. അഷർ, ഗ്രൂപ് എക്സി. ഡയറക്ടർമാരായ കെ.പി. വീരാൻകുട്ടി, എ.കെ. നിഷാദ്, കോർപറേറ്റ് ഹെഡുമാരായ ആർ. അബ്ദുൽ ജലീൽ, വി എസ്. ഷറീജ്, വി എസ്. ഷഫീഖ്, എസ്.സി.എം ഹെഡ് എൻ.വി. അബ്ദുൽ കരീം തുടങ്ങിയവർ പങ്കെടുത്തു.

കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ആധുനിക സജ്ജീകരണമുള്ള ആഭരണ നിർമ്മാണശാലയാണ് തുടങ്ങുന്നത്. 250 കോടി രൂപ ചെലവിൽ 1.75 ലക്ഷം ചതുരശ്രയടിയിലാണിത് പൂർത്തീകരിച്ചത്. പരിസര മലിനീകരണം പൂർണമായും ഒഴിവാക്കാനായി ആധുനിക രീതിയിലുള്ള സാങ്കേതികവിദ്യയാണ് ഉപയാഗിച്ചിട്ടുള്ളതെന്നും ആയിരത്തിലധികം പേർക്ക് ജോലി ലഭിക്കാൻ ഈ സംരംഭംകൊണ്ട് സാധിക്കുമെന്നുമാണ് മാനേജ്മെന്റിന്റെ അവകാശ വാദം.

'മേക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദി വേൾഡ്' എന്നതാണ് മലബാറിന്റെ വികസന നയമെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എംപി. അഹമ്മദ് പറഞ്ഞു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി മലബാറിന് ഇപ്പോൾ 307 ഷോറൂമുകളുണ്ട്. 14 ആഭരണ നിർമ്മാണശാലകളും. ഇതിലെല്ലാംകൂടി ഇരുപതിനായിരത്തോളം പേർ ജോലി ചെയ്യന്നു?െണ്ടന്നും അദ്ദേഹം പറഞ്ഞു. 'ഹംഗർഫ്രീ വേൾഡ്' എന്ന പുതിയ സാമൂഹിക വികസന പദ്ധതിയും ഒരുവർഷം നീളുന്ന പരിപാടികളും 30ാം വാർഷികത്തോടനുബന്ധിച്ച് നടക്കും.

മലബാർ ഗോൾഡം കിൻഫ്രയും പൊല്യൂഷൻ കൺട്രോൾ ബോർഡും ചേർന്ന് പ്രദേശവാസികളോട് കാണിക്കുന്ന ചതിക്കും വഞ്ചനക്കും നിയമ നിഷേധത്തിനും കരാർ ലംഘനത്തിനും എതിരെ മാർച്ച് ഒന്നിനും സായാഹ്ന ധർണ്ണ നടന്നിരുന്നു. വിശദമായ കുറിപ്പും സമര സമിതി പുറത്തിറക്കിയിരുന്നു. ഗുരുതരമായ ആരോപണമായിരുന്നു അതിൽ ഉണ്ടായിരുന്നത്. ഇതൊന്നും ഭരണകൂടമോ സംസ്ഥാന രാഷ്ട്രീയ നേതാക്കളോ പരിഗണിക്കുന്നില്ലെന്നതാണ് വസ്തുത.