തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ തലസ്ഥാനത്ത് ഗുണ്ടകൾ ആയുധങ്ങളുമായി തെരുവിലിറങ്ങി വിളയാട്ടം നടത്തുമ്പോൾ കാപ്പ (ഗുണ്ടാനിയമം) ചുമത്തുന്നതിനെച്ചൊല്ലി കളക്ടറും പൊലീസ് കമ്മിഷണറും തമ്മിൽ പോര് മൂക്കുന്നു. സ്ഥിരം ക്രിമിനലുകളെ കരുതൽ തടങ്കലിലാക്കാനുള്ള പൊലീസിന്റെ അപേക്ഷകളിൽ കളക്ടർ സമയത്ത് തീരുമാനമെടുക്കുന്നില്ലെന്നും ഇതിലൂടെ കുറ്റവാളികൾ രക്ഷപെടുന്നെന്നുമാണ് പൊലീസിന്റ പരാതി.

എന്നാൽ കാപ്പ കേസിൽ വൻ വർദ്ധനവെന്നും പൊലീസിൽ നിന്ന് ലഭ്യമായതിൽ 50 ശതമാനത്തിൽ കൂടുതൽ റിപ്പോർട്ടുകളിലും കരുതൽ തടങ്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് തിരിച്ചടിച്ചു. ക്രിമിനൽകേസിൽ കുടുങ്ങി ആറുമാസത്തിനകം കരുതൽ തടങ്കലിലാക്കണമെന്നാണ് നിയമം. കാപ്പ ചുമത്താനും കരുതൽ തടങ്കലിനും ഉത്തരവിടാൻ കളക്ടർമാർ മടിക്കുന്നതോടെ, ക്രിമിനലുകൾ ജാമ്യംനേടി പുറത്തിറങ്ങുന്നതും പതിവാണ്.

അപേക്ഷകളിൽ സൂക്ഷമമായ നിയമപരിശോധന നടത്തുന്നതാണ് തീരുമാനം വൈകാൻ കാരണമെന്നാണ് കളക്ടർ പറയുന്നത്. മനുഷ്യവകാശം ചൂണ്ടിക്കാട്ടി ഗുണ്ടകളെ എല്ലാവരെയും കാപ്പയിൽ പെടുത്താനാകില്ലെന്ന് പൊലീസിനെതിരെ കളക്ടർ വിമർശനമുന്നയിക്കുന്നു. കളക്ടർ- കമ്മിഷണർ പോര് മുറുകിയതോടെ ഗുണ്ടകൾക്കെതിരായ നടപടികൾ നീണ്ടുപോവുന്നതു കാരണം ഗുണ്ടാപ്പേടിയിൽ വലയുകയാണ് സാധാരണ ജനങ്ങൾ.

പൊലീസ് നൽകിയ 19അപേക്ഷകളടക്കം തലസ്ഥാനത്ത് മുപ്പതോളം അപേക്ഷകൾ ഫയലിലാണ്. മൂന്നുമാസത്തിനിടെ നൽകിയ അപേക്ഷകളാണിവ. കുറ്റകൃത്യം നടന്നയുടൻ അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താൻ പൊലീസ് അപേക്ഷിക്കുന്നത്. ഈ അപേക്ഷകളിലാണ് തീരുമാനം വൈകുന്നത്. നഗരത്തിൽ മുൻപുണ്ടായിരുന്ന ഗുണ്ടാലിസ്റ്റിൽ സജീവ ഗുണ്ടകളല്ലാത്ത നിരവധി പേർ കടന്നുകൂടിയിരുന്നു. . ഇവരെ ഒഴിവാക്കി പുതിയ ഗുണ്ടകളെ ഉൾപ്പെടുത്തി ലിസ്റ്റ് പുതുക്കി. കുറ്റവാളികളെ ഒരുവർഷം വരെ കരുതൽ തടങ്കലിലാക്കാനും ജില്ലയ്ക്ക് പുറത്തേക്ക് നാടുകടത്താനും കാപ്പ നിയമം ചുമത്തണം.

ഇതിനായി നൽകിയതാണ് 19പുതിയ അപേക്ഷകൾ. കാപ്പാ സെല്ലാണ് യാതൊരു പിഴവുമില്ലാതെ അപേക്ഷകൾ തയ്യാറാക്കിയത്. കളക്ടർക്കുള്ള പൊലീസിന്റെ അപേക്ഷയിൽ വിവരങ്ങൾ തെറ്റിക്കുന്ന പതിവ് സിറ്റി പൊലീസിലുണ്ടായിരുന്നു. സ്ഥിരം ക്രിമിനലുകളുടെ ഏഴുവർഷത്തെ കേസ് ചരിത്രം സഹിതമാണ് കളക്ടർക്ക് അപേക്ഷ നൽകേണ്ടത്. ഇതിൽ കേസ് നമ്പറുകളും വകുപ്പും സെക്ഷനുകളും തെറ്റായെഴുതിയാണ് ഗുണ്ടകളെ രക്ഷിക്കുക. വിവരങ്ങൾ തെറ്റാണെങ്കിൽ കളക്ടർക്ക് കരുതൽ തടങ്കലിന് ഉത്തരവിടാനാവില്ല.

കളക്ടർ നടപടിയെടുത്താൽ കാപ്പ ബോർഡിലും ഹൈക്കോടതിയിലും അപ്പീൽ നൽകി ഗുണ്ടകൾ ഊരിപ്പോരും. ഇതൊഴിവാക്കാനാണ് അപേക്ഷ തയ്യാറാക്കാൻ ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിച്ചത്. നഗരപരിധിയിൽ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് ഗുണ്ടാ ആക്രമണങ്ങൾ നടന്നു.കാപ്പ കേസുകളിൽ ചുമത്താനുള്ള ജില്ലാ കളക്ടറുടെ നടപടികൾ നീണ്ടു പോകുന്നുവെന്ന ആരോപണം പൊലീസ് സേനയിൽ നിന്ന് ഉയർന്നു വന്നിരുന്നു.

എന്നാൽ കാപ്പ ചുമത്താൻ ഉത്തരവിടുന്നതിൽ താൻ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് കളക്ടർ പറയുന്നു. കാപ്പ കേസുകളിലെ കരുതൽ തടങ്കൽ ഉത്തരവുകൾ കഴിഞ്ഞ വർഷത്തെക്കാൾ വളരെയധികം കൂടിയിട്ടുണ്ട്. ഗൗരവ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയെല്ലാം കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ നിലവിൽ മുപ്പതോളം ഗുണ്ടകൾ ജയിലിൽ കഴിയുന്നു. ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ കേസുകളും ഉപദേശക സമിതി ശരിവച്ചിട്ടുണ്ട്.

ബാക്കി ഗൗരവ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരേയും ഒരളവുവരെ നിരപരാധികളായ, കുറ്റകൃത്യങ്ങളിൽ പെട്ടുപോയവരേയും ഒഴിവാക്കുകയും അത്തരം റിപ്പോർട്ടുകൾ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സാമൂഹ്യക്രമത്തിന് പ്രശ്‌നം സൃഷ്ടിക്കുന്നില്ലെന്ന് കണ്ട് നിരപരാധികളാക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശം സംരക്ഷിക്കേണ്ട അഥോറിറ്റി എന്ന നിലയിൽ, പൊലീസ് ശുപാർശ ചെയ്യുന്ന എല്ലാവരേയും ക്രമസമാധാന പാലനത്തിന് പ്രയാസം സൃഷ്ടിക്കുന്നവരേയും കരുതൽ തടങ്കൽ പോലെ ഗൗരവതരമായ നടപടിയിൽപ്പെടുത്താനാവില്ല. അതിനാലാണ് ഇത്തരം കേസുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നുമാണ് കളക്ടറുടെ വിശദീകരണം.

ഗുണ്ടാനിയമം ചുമത്താനുള്ള അപേക്ഷകളിൽ ഉദാസീനത പാടില്ലെന്നും കാലതാമസം വരുത്തരുതെന്നുമാണ് കളക്ടർമാർക്ക് മുഖ്യമന്ത്രി നേരത്തേ നിർദ്ദേശം നൽകിയിരുന്നതാണ്. അപേക്ഷകൾ സെക്ഷനുകളിലേക്ക് കൈമാറാതെ സബ്കളക്ടറോ ആർ.ഡി.ഒയോ ഡെപ്യൂട്ടി കളക്ടറോ നേരിട്ട് പരിശോധിക്കണം. രേഖകൾ കൃത്യമാണെങ്കിൽ അപേക്ഷകളിൽ കാലതാമസം വരുത്താതെ തീരുമാനമെടുക്കണം. ജില്ലാഭരണകൂടവും പൊലീസും ഏകോപനത്തോടെയും പരസ്പര സഹകരണത്തോടെയും പ്രവർത്തിക്കണം. മതിയായ കാരണമില്ലാതെ തീരുമാനം നീട്ടിവയ്ക്കരുത്. ആറുമാസത്തിലേറെ ഫയലുകൾ പിടിച്ചുവയ്ക്കുന്ന സ്ഥിതി ഒഴിവാക്കണം.