കണ്ണൂർ: മവേലിക്കര കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷെറിൻ ഇപ്പോൾ കണ്ണൂർ വനിത ജയിലിലാണ് കഴിയുന്നത്. ജയിലിലെ ജോലി ടൈലറിംഗാണ്. വാർഡന്മാരെയും സൂപ്രണ്ടിനെയുമൊക്കെ മണി അടിച്ച് കഴിയുന്ന ഷെറിൻ ജയിൽ അന്തേവാസികളുടെ ബ്ലൗസും പുറത്ത് വിൽക്കാനുള്ള നൈറ്റിയുമാണ് തുന്നുന്നത്. ഒരു ദിവസത്തെ തയ്യൽ ജോലിക്ക് ഷെറിന് 126 രൂപ ശമ്പളം കിട്ടും. ഇതിന് പുറമെ ഷെറിന് ജയിൽ അക്കൗണ്ടിൽ മണി ഓർഡറായും പണം എത്താറുണ്ട്. വാർഡന്മാരെല്ലാം കയ്യിലായതിനാൽ ഇവിടെയും ഹീറോ ഷെറിൻ തന്നെയാണ്. തയ്യൽ കേന്ദ്രത്തിൽ എത്താനും പോകാനും ഷെറിന് മാത്രം സമയം ബാധകമല്ല. തടവുകാർക്കിടയിൽ താരമായതു കൊണ്ട് തന്നെ പല തടവുകാരും ശുപാർശയും മറ്റ് കാര്യങ്ങളും നിർവ്വഹിക്കുന്നതും ഷെറിൻ വഴിയാണ്.

ജയിലിലെ ബ്യൂട്ടി ക്യൂൻ ആയ ഷെറിന് സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങൾ വിസിറ്റിന് എത്തുന്നവർ തന്നെ പുറത്ത് നിന്ന് എത്തിക്കുന്നുണ്ട്. ഡോവ് സോപ്പിലാണ് കുളി. ഡോവിന്റെ തന്നെ ഷാംപു , യാർഡിലി പൗഡർ ഇതൊക്കെ ഷെറിന് മാത്രം സ്വന്തം. ടൈലറിംഗാണ് ജോലിയെങ്കിലും ജയിലിലെ കിച്ചൺന്റെ പൂർണ കൺട്രോളും ഷെറിനു തന്നെ. അരിപ്പൊടി കൊണ്ട് ഫേഷ്യൽ ചെയ്യുന്ന ഷെറിൻ വെള്ളരിക്കയും തക്കാളിയും കൊണ്ട് മസാജിംഗും നടത്താറുണ്ടെന്നാണ് വിവരം. കണ്ണൂരിലേക്ക് മാറ്റം ഉണ്ടായിട്ടും മാവേലിക്കര സ്വദേശി ഷെറിന് വിസിറ്റർമാർ കുറവില്ല. പരോളിൽ ഇറങ്ങുമ്പോൾ കൊണ്ടു പോകാൻ എത്തുന്നത് ക്രിസ്റ്റയും ഫോർച്യൂണറും പോലുള്ള ആഡംബര വാഹനങ്ങൾ ഇക്കാര്യം സംസ്ഥാന ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജയിലിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുമായും ഷെറിന് നല്ല ബന്ധമാണെന്നാണ് വിവരം. പരോളിന് അപേക്ഷ നൽകിയാൽ ഷെറിനാണെങ്കിൽ എന്ത് നൂലാമാലകൾ ഉണ്ടെങ്കിലും ഉടനടി മാറിയിരിക്കും. ദക്ഷിണ മേഖലയുടെ ചുമതല ഉണ്ടായിരുന്ന ഒരു ഉന്നത ജയിൽ ഉദ്യോഗസ്ഥൻ മുൻപ് ഷെറിന്റെ പേരിൽ പഴി കേട്ടിരുന്നു. ജയിൽ ഉദ്യോഗസ്ഥർക്ക് അത്രയ്ക്ക് പ്രിയപ്പെട്ട തടവുകാരിയാണ് ഷെറിൻ. അട്ടകുളങ്ങര വനിത ജയിലിൽ കഴിയവെ ഐ എസ് റിക്രൂട്ട്‌മെന്റ് കേസിൽ തടവിൽ കഴിയുന്ന യാസ്മിൻ ഷഹീദ് ആയിരുന്നു ഷെറിന്റെ കൂട്ടുകാരി. പിന്നീട് ഇവർ തമ്മിലെ പിണക്കവും അടി പിടിയും ജയിലിലെ സ്വൈര്യത നഷ്ടപ്പെടുത്തിയതിനെ തുടർന്ന് യാസ്മിനെ വിയ്യൂരിലേക്കും ഷെറിനെ കണ്ണൂരിലേക്കും മാറ്റിയത്. വിയ്യൂരിൽ നല്ല നടപ്പായതിനെ തുടർന്ന് യാസ്മിനെ തിരികെ അട്ടകുളങ്ങര എത്തിച്ചുവെങ്കിലും ഷെറിൻ കണ്ണൂരിൽ തന്നെ തുടരുകയാണ്. ഇതിന് മുൻപ് 20 17 ലും ഷെറിനെ ജയിൽ മാറ്റിയിരുന്നു. അന്ന് വിയ്യൂരിലേക്കാണ് മാറ്റിയത്.

അന്ന് അട്ടകുളങ്ങര ജയിലിൽ വിശിഷ്ട വ്യക്തികൾ എത്തുമ്പോൾ താലമേന്തി സ്വീകരിക്കുന്നതു ഷെറിനായിരുന്നു. മൊബൈൽ ഫോൺ വിളി പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് അന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. അന്ന് അട്ടകുളങ്ങര വനിതാ ജയിലിലെ ചില വനിതാ വാർഡർമാരാണു ഫോൺ വിളിക്കു ഷെറിന് ഒത്താശ ചെയ്തിരുന്നത്. സിം കാർഡ് ഊരിയ ശേഷം സ്വന്തം മൊബൈൽ ചാർജ് ചെയ്യാൻ ഉദ്യോഗസ്ഥർ ജയിൽ അടുക്കളയിൽ പ്ലഗിൽ കുത്തിവയ്ക്കുമായിരുന്നു. ഷെറിൻ കൈവശമുള്ള സ്വന്തം സിം കാർഡ് അതിലിട്ടു രഹസ്യമായി വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ചിരുന്നു. ഇതു സ്ഥിരം പരിപാടിയായതോടെ അന്ന് ജയിലിൽ സഹതടവുകാരിയായി ഉണ്ടായിരുന്ന ബ്ലൂ ബ്ളാക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യാസും ഒരു ദിവസം ഫോൺ ചോദിച്ചു. എന്നാൽ ജീവനക്കാർ നൽകിയില്ല.

അതോടെ ഷെറിന്റെ ഫോൺവിളി ഉന്നതരുടെ ചെവിയിലെത്തി. മറ്റൊരു തടവുകാരി രേഖാമൂലം പരാതിയും നൽകി. അന്വേഷണം നടത്തി. നെട്ടുകാൽത്തേരി തുറന്ന ജയിലിലെ ഒരു തടവുകാരനെയും മറ്റു ചിലരെയും സ്ഥിരമായി ഷെറിൻ വിളിക്കുന്നതായി കണ്ടെത്തി. അതൊടൊപ്പം ഫോൺ വിളിക്ക് ഒത്താശ ചെയ്ത മൂന്നു വനിതാ ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം നടപടി റിപ്പോർട്ട് മുകളിലോട്ടു പോയി. അങ്ങനെ ശിക്ഷാ നടപടിയുടെ ഭാഗമായി ഷെറിനെ അന്ന് വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റി. എന്നാൽ ഫോൺ വിളിയുടെ പേരിലായിരുന്നില്ലെന്നു മാത്രം. ഒപ്പം ഒത്താശ ചെയ്തവർക്കു കിട്ടിയതാണു ശിക്ഷ. ആ മൂന്നു പേരെ മാറ്റിയതു മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള പൂജപ്പുര വനിതാ ഓപ്പൺ ജയിലിലേക്കായിരുന്നു.

വിയ്യൂരിൽ ആയിരുന്നപ്പോൾ ഷെറിനു കഠിനജോലിയൊന്നും കൊടുത്തിരുന്നില്ല. വെയിൽ കൊള്ളാൻ വയ്യ. സെല്ലിൽ നിന്നു ജയിൽ ഓഫിസിലേക്കു നടക്കുമ്പോൾ വെയിലു കൊള്ളാതിരിക്കാൻ ഷെറിന് ഒരു കുട അനുവദിച്ചു നൽകുകയും ചെയ്തത് വാർത്തയായിക്കുന്നു.. ജയിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരമാണിത്. ജയിൽ അടുക്കളയിൽ ജോലിയും നൽകി. ചുരുങ്ങിയ കാലത്തിനുള്ളിൽ ജയിലിൽ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരിയും ഷെറിനാണ്.

പരോൾ കാലാവധി തീർന്നിട്ടും മടങ്ങി വരാതിരുന്നാലും ഉദ്യോഗസ്ഥർ നടപടിയെടുക്കില്ല. ഒരു ദിവസം വൈകിപ്പോയ വിയ്യൂരിലെ നിർധനയായ തടവുകാരിക്ക് ഒരു വർഷത്തേക്കു പരോൾ നിഷേധിച്ചപ്പോഴാണ് ഷെറിന് ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയത്. 2018-ൽ ഷെറിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കാമുകനുമൊത്ത് സുഖജീവിതം കൊതിച്ച ഷെറിൻ അങ്ങനെയാണ് ആയുഷ്‌കാലം മുഴുവൻ കൽതുറങ്കിലാവുന്നത്. മാവേലിക്കര അതിവേഗകോടതി വിധിച്ച ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഷെറിൻ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിലാണ് ശിക്ഷ ശരിവച്ചു കൊണ്ട് അപ്പീൽ തള്ളിയത്. മരുമകൾ ഷെറിനും കാമുകനും കൂട്ടാളികളും ചേർന്ന് അമേരിക്കൻ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2009ൽ നടന്ന സംഭവത്തിൽ കൊലപാതക സമയത്ത് ഷെറിൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. വിചാരണ കോടതിയിൽ നൽകിയ മൊഴിയിൽ ഷെറിൻ കൂട്ടുപ്രതികളുമായി ചേർന്ന് കുറ്റം നടത്തിയതായി സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

ഷെറിനൊപ്പം കേസിൽ പ്രതികളായ ബാസിത് അലിക്കും മറ്റു രണ്ടുപേർക്കും ജീവപര്യന്തം തടവും 80,000 രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്. കൊലപാതകം നടത്തിയത് പുറത്തു നിന്നെത്തിയ ആളാണെന്നും കേസിൽ തന്നെ കുടുക്കിയതാണെന്നുമായിരുന്നു സുപ്രിം കോടതിയിൽ ഷെറിന്റെ വാദം. എന്നാൽ കൃത്യം നടക്കുമ്പോൾ വീട്ടിൽ കാരണവർക്ക് പുറമെ ഷെറിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ജസ്റ്റിസ്മാരായ എസ്എ ബോബ്‌ഡെ, എൽ നാഗേശ്വർ റാവു എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കേരളമനസാക്ഷിയെ ഞെട്ടിച്ച കേസിൽ മാവേലിക്കര അതിവേഗ കോടതിയിൽ ശിക്ഷ വിധിച്ചിരുന്നെങ്കിലും ഷെറിൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി അപ്പീൽ തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.