തിരുവനന്തപുരം: അച്ഛനെയും അമ്മയേയും സഹേദരിയേയും അടക്കം നാലുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി കേദൽ ജീൻസൺ രാജ തിരുവനന്തപുരം സെന്ററൽ ജയിലിൽ ഏകാന്ത തടവിൽ. കേദലിന്റെ സ്വഭാവവും പെരുമാറ്റവും നിരീക്ഷിച്ച ശേഷമാണ് ജയിൽ അധികൃതർ പത്താം ബ്ലോക്കിലെ രണ്ടാമത്തെ സെല്ലിൽ ഒറ്റയ്ക്ക് കിടത്തിയിരിക്കുന്നത്.

ആസ്ട്രൽ പ്രൊജക്ഷൻ കേദൽ ജയിലിലും പരീക്ഷിക്കുമോ എന്ന ഭയം വാർഡന്മാർക്ക് ഉണ്ട്. അതുകൊണ്ടാണ് മറ്റ് തടവുകാരോടൊപ്പം പാർപ്പിക്കാത്തത്. മാത്രമല്ല കേദലിനൊപ്പം കിടക്കാനും സഹതടവുകാർ തയ്യാറല്ല. ഏകാന്ത തടവിൽ കഴിയുന്ന കേദൽ താടിയും മുടിയും നീട്ടി വളർത്തി ഒരു ബുജി ലുക്കിൽ എത്തിയിട്ടുണ്ട്. ആരെ കണ്ടാലും പുഞ്ചിരിക്കാൻ മറക്കാറില്ല. കേദലിനെ സെല്ലിൽ നിന്നും പുറത്തിറക്കുന്നത് ദിവസം മൂന്ന് നേരം മാത്രമാണ്.

രാവിലെ 6 മണിക്ക് പുറത്തിറക്കിയാൽ 7.30 ആകുമ്പോഴേയ്ക്കും സെല്ലിനകത്ത് ആക്കും. ഉച്ചക്ക് 11.30 കഴിയുമ്പോൾ പുറത്തിറക്കും. ഒരു മണിക്ക് മുൻപ് സെല്ലിൽ കയറ്റും. വൈകുന്നരം 3.30 ന് പുറത്തിറക്കിയാൽ 4.30 ന് തിരിച്ചു കയറണം. ചിട്ടവട്ടങ്ങൾ ഇങ്ങനെയായതിനാൽ കേദലും സെല്ലിന് പുറത്തിറങ്ങാൻ അധികം താൽപ്പര്യപ്പെടുന്നില്ല. അധിക സമയവും വായനയും ധ്യാനവുമൊക്കെയാണ്. അപസർപ്പകഥകളും ക്രൈം നോവലുകളുമാണ് വായിക്കുന്നത് അധികവും. ഇംഗ്ലീഷ് നോവലുകളോടാണ് കൂടുതൽ പ്രിയം. ജയിൽ ലൈബ്രറിയിലെ ഏകദേശ നോവലുകളും കാണാപ്പാടം ആയിട്ടുണ്ട്.

മറ്റ് തടവുകാരെ ജയിൽ ജോലികൾക്ക് ഇറക്കുമെങ്കിലും കേദലിന് അതിനുമുണ്ട് സൗജന്യം. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നതിനാൽ കേദലിന്റെ മേൽ പ്രത്യേക ശ്രദ്ധ ഡോക്ടർമാരും നിർദ്ദേശിച്ചിട്ടുണ്ട്.പണിയായുധങ്ങൾ കയ്യിൽ കിട്ടിയാൽ കേദലിന്റെ നിയന്ത്രണം നഷ്ടമായാലോ എന്ന ചിന്തയും ജയിൽ ഉദ്യോഗസ്ഥർക്ക് ഉണ്ട്. ഇതൊക്കെ കൊണ്ട് തന്നെയാണ് കേദലിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സ്വഭാവത്തിൽ അടിക്കടി മാറ്റം വരുന്നുണ്ട്. മാനസിക പ്രശ്നങ്ങളുള്ളതിനാൽ ഇതുവരെ വിചാരണ ആരംഭിക്കാനായിട്ടില്ല. 2017 ഏപ്രിൽ 9നാണ് ക്ലിഫ് ഹൗസിനു സമീപമുള്ള ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രഫസർ രാജ തങ്കം, ഭാര്യ ഡോക്ടർ ജീൻപത്മ, മകൾ കരോളിൻ, ബന്ധുവായ ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് പുക ഉയരുന്നതു കണ്ട നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഏക മകനായ കേദൽ ജിൺസൺ രാജയെ കാണാനില്ലായിരുന്നു. രാജ തങ്കത്തിന്റെയും ജീൻപത്മയുടെയും കരോളിന്റെയും മൃതശരീരങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ബന്ധുവായ ലളിതയുടെ മൃതശരീരം പൊതിഞ്ഞു കെട്ടി പുഴുവരിച്ച നിലയിലായിരുന്നു. താൻ കൊല്ലപ്പെട്ടു എന്നു തെറ്റിദ്ധരിപ്പിക്കാൻ മൃതദേഹത്തിന്റെ രൂപത്തിൽ ഡമ്മിയുണ്ടാക്കി കത്തിച്ചതിനു ശേഷമാണ് കാഡൽ ഒളിവിൽപോയത്. പൊലീസ് തിരച്ചിൽ ആരംഭിച്ചതോടെ തമിഴ്‌നാട്ടിൽ ഒളിച്ചു കഴിഞ്ഞിരുന്ന കേദൽ തലസ്ഥാനത്തേക്കു മടങ്ങിയെത്തി. അതിനിടെ റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിലായി.

അന്നത്തെ ഡിസിപി അരുൾ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ജില്ലാ ജയിലിലായിരുന്നു കേദലിനെ ആദ്യം പാർപ്പിച്ചത്. മികച്ച ശാരീരികശേഷിയുണ്ടായിരുന്ന, നൂറുകിലോയിലധികം തൂക്കമുണ്ടായിരുന്ന കേദൽ, കൂടെയുണ്ടായിരുന്ന തടവുകാരനായ റിട്ട. എസ്ഐയെ തലയ്ക്കു മുകളിൽ എടുത്തുയർത്തിയതോടെ ജയിൽ അധികൃതർ ജാഗ്രതയിലായി. അങ്ങനെയാണ് മാനസിക ചികിൽസ നൽകാൻ തീരുമാനമായത്.

കോടതിയുടെ അനുമതിയോടെ ജനറൽ ആശുപത്രിയിലിൽ പ്രവേശിച്ച കേദലിനെ പിന്നീട് പേരൂർക്കട മാനസികോരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ദീർഘനാൾ അവിടെ ചികിൽസയിൽ കഴിഞ്ഞു. പിന്നീട് മെഡിക്കൽ ബോർഡ് യോഗം ചേർന്നു കിടത്തിചികിൽസ വേണ്ടെന്നും ഇടവേളകളിൽ ഡോക്ടർ പരിശോധന നടത്തി കൃത്യമായി മരുന്നുകൾ നൽകണമെന്നും നിർദേശിച്ചു. വിചാരണയ്ക്കു പറ്റിയ ശാരീരിക സ്ഥിതി അല്ലെന്നു മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനാൽ വിചാരണ തുടങ്ങാനായിട്ടില്ല. സംഭവം നടക്കുന്നതിനു മുൻപും ശേഷവും കേദലിന്റെ മാനസിക നില തകരാറിലായിരുന്നതിനാൽ ശിക്ഷയും ലഭിക്കാൻ സാധ്യതയില്ല.

കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ഒരറിവും കേദലിന് ഇല്ലെന്ന് ജയിൽ അധികൃതർ പറയുന്നു. അടിക്കടി സ്വഭാവത്തിൽ മാറ്റം വരും. കുളിക്കാനും വെയിൽ കൊള്ളാനുമായി അനുവദിച്ചതിലും കുറഞ്ഞ സമയത്തിലാണ് സെല്ലിൽനിന്ന് പുറത്തിറങ്ങുന്നത്. മാതാപിതാക്കളെക്കുറിച്ചോ സഹോദരിയെക്കുറിച്ചോ നടന്ന സംഭവങ്ങളെക്കുറിച്ചോ ഓർമയില്ല. കേസിന്റെ കാര്യങ്ങൾ അപൂർവമായി ഉദ്യോഗസ്ഥരോട് ചോദിക്കും. ആരെക്കുറിച്ചും ചോദിക്കുകയോ പറയുകയോ ഇല്ല. ശരീരത്തിന്റെ തൂക്കം 75 കിലോയിലേക്കെത്തി.

അമ്മയുടെ ബന്ധുവായ വയോധികൻ ഇടയ്ക്ക് കാണാൻ ജയിലിലെത്തുമായിരുന്നു. ഇപ്പോൾ സന്ദർശനം കുറഞ്ഞു. കൊലപാതകം നടന്ന വീടിന് ബന്ധുവിനും അവകാശമുണ്ട്. അവിടെ വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിലാണ് അദ്ദേഹത്തിന്റെ താമസം. തമിഴ്‌നാട്ടിൽ കേദലിന്റെ അച്ഛന്റെ പേരിലുണ്ടായ വസ്തുക്കൾ ചിലർ കൈവശപ്പെടുത്തിയതായി ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. കൊലപാതകം നടത്തിയശേഷവും വീട്ടിൽ താമസിച്ച കേദലിന്റെ മാനസികനില മറ്റു കുറ്റവാളികളിൽനിന്നും വ്യത്യസ്തമാണെന്ന് ജയിൽ അധികൃതർ പറയുന്നു.

കേദലിന്റെ കുടുംബ പശ്ചാത്തലം

ഉയർന്ന ജീവിത സാഹചര്യങ്ങളിലുള്ളവരായിരുന്നു കേദലിന്റെ കുടുബം. അച്ഛൻ രാജ തങ്കം മാർത്താണ്ഡം ക്രിസ്ത്യൻ കോളജിലെ പ്രഫസർ ആയിരുന്നു. അമ്മ ഡോക്ടർ ജീൻ പത്മ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽനിന്ന് സ്വയം വിരമിച്ചു. അതിനു ശേഷം സൗദി അറേബ്യയിലും ബ്രൂണെയിലും ജോലി ചെയ്തു. മകൾ കരോളിൽ ചൈനയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി നാട്ടിലെത്തിയത് സംഭവം നടക്കുന്നതിനു മൂന്നു മാസം മുൻപ്. കേദൽ ജിൻസൺ ഓസ്ട്രേലിയയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിച്ച ആളാണ്.

തിരുവനന്തപുരം മോഡൽ സ്‌കൂളിൽനിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കിയതിനു ശേഷം വീട്ടുകാർ എംബിബിഎസ് പഠനത്തിനായി ഫിലിപ്പൈൻസിലേക്ക് അയച്ചു. ഒരു വർഷം ആയപ്പോഴേക്കും അവിടെയുള്ള ആളുകളുടെ ഇടപെടൽ കേദലിന് ഇഷ്ടമായില്ല. തിരികെ നാട്ടിലെത്തി. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ അസാമാന്യ വൈദഗ്ധ്യം ഉള്ളയാളായിരുന്നതിനാൽ എൻജിനീയറിങ് പഠനത്തിനായി പിന്നീട് ഓസ്ട്രേലിയയിലേക്ക് അയച്ചു. അതും പാതിവഴിയിൽ ഉപേക്ഷിച്ചു തിരികെ എത്തിയ ഇയാൾ സ്വന്തമായി ഒരു ഗെയിം സേർച്ച് എൻജിൻ തയാറാക്കി. അത് ഓസ്ട്രേലിയൻ കമ്പനിക്കുതന്നെ നൽകി.

അതിൽനിന്നുള്ള റോയൽറ്റി കേദലിനു ലഭിക്കാറുണ്ടായിരുന്നതായി അടുപ്പമുള്ളവർ പറയുന്നു. ജോലിയുടെ ഭാഗമായി വീണ്ടും ഓസ്ട്രേലിയയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു. കുടുംബത്തിലെ മിക്കവരും ഉന്നത വിദ്യാഭ്യാസം നേടിയവരും ഉന്നത ഉദ്യോഗങ്ങളിലുള്ളവരുമായിരുന്നു. എന്നാൽ പ്ലസ് ടു മാത്രം പാസായ കേദലിനു പിതാവിൽ നിന്നും അവഗണന നേരിട്ടിരുന്നു. അതിനാൽ പിതാവിനോടു കടുത്ത വിരോധമായിരുന്നു. സ്ഥിരം മദ്യപനായിരുന്ന പിതാവ് റിട്ട. പ്രഫ. രാജ് തങ്കത്തെ പറഞ്ഞു വിലക്കണമെന്ന് അമ്മ ജീൻ പത്മയോടു പലതവണ ആവശ്യപ്പെട്ടിട്ടും മുഖവിലയ്ക്കെടുക്കാത്തത് വിരോധം കൂട്ടി.

ആസ്ട്രൽ പ്രൊജക്ഷനോട് ആഭിമുഖ്യം

ഓസ്ട്രേലിയയിൽ പോയപ്പോഴാണു ആസ്ട്രൽ പ്രൊജക്ഷനോട് കൂടുതൽ ആഭിമുഖ്യം ഉണ്ടായത്. ഇന്റർനെറ്റിലൂടെ വിവരങ്ങൾ ശേഖരിച്ചു. ആത്മാവാണ് കൊലപാതകം ചെയ്തതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇതോടെയാണു മനഃശാസ്ത്ര വിദഗ്ധനായ ഡോ. മോഹൻ റോയിയുടെ സഹായത്തോടെ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തത്.

ചോദ്യംചെയ്യലിനിടെ പ്രതി അടിക്കടി മൊഴി മാറ്റിയത് ഉദ്യോഗസ്ഥരെ കുഴക്കിയിരുന്നു. ആദ്യം ആസ്ട്രൽ പ്രൊജക്ഷന്റെ കാര്യം പറഞ്ഞ ഇയാൾ പിന്നീട് വീട്ടുകാർക്കു തന്നോടുള്ള അവഗണനയും നിരാശയുമാണ് കൊലപാതകത്തിനു കാരണമെന്നാണു പറഞ്ഞത്. മനഃശാസ്ത്രജ്ഞർക്കും പ്രതിയുടെ യഥാർഥ മാനസികനില പൂർണമായി മനസ്സിലാക്കാനായില്ല. ആഭിചാര കർമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച കേദൽ, കൊലപാതകത്തിൽ ഉന്മാദം കണ്ടെത്തിയെന്നാണു മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായത്.

ആസ്ട്രൽ പ്രൊജക്ഷൻ ശൈലി 15 വർഷമായി പരിശീലിക്കുന്നുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മറ്റുള്ളവരുമായി സൗഹൃദമോ ബന്ധമോ ഇല്ലാതിരുന്ന പ്രതി തെറ്റായ ചിന്തകളിലേയ്ക്കു വഴിമാറുകയായിരുന്നെന്നും പൊലീസ് പറയുന്നു.

മൂന്ന് മാസം കൊണ്ട് പദ്ധതി തയ്യാറാക്കി

പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടത്. പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചു. മൂന്നു മാസമായി പദ്ധതി തയാറാക്കി. ഓൺലൈൻ വഴി രണ്ടു മഴു വാങ്ങി. അതിനു ശേഷം രാവിലെ അമ്മയെ മുകളിലത്തെ നിലയിൽ കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തി. സ്വന്തമായി നിർമ്മിച്ച വിഡിയോ ഗെയിം കാണിക്കാനെന്ന പേരിലാണ് അമ്മയെ കൊണ്ടുപോയത്. മൃതദേഹം കുളിമുറിയിലേക്കു മാറ്റി. തുടർന്ന്, അച്ഛനും സഹോദരിക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ശേഷം, അച്ഛൻ രാജ് തങ്കത്തെയും മുറിയിൽ വരുത്തി സമാനമായ രീതിയിൽ കൊലപ്പെടുത്തി. ഒരു മണിക്കൂറിനു ശേഷം സഹോദരി ഡോ. കരോളിനെയും.

രക്തം തെറിക്കുന്നതു കാണുമ്പോഴാണു കൊല നടത്തിയതെന്നു തിരിച്ചറിഞ്ഞതെന്നു പ്രതി പൊലീസിനോട് പറഞ്ഞു. രക്തം പുരണ്ട വസ്ത്രങ്ങൾ കട്ടിലിന്റെ അടിയിൽ നിന്നു കണ്ടെത്തി. മാതാപിതാക്കളെ മാത്രം കൊലപ്പെടുത്തിയാൽ സഹോദരിയും അന്ധയായ കുഞ്ഞമ്മയും തനിച്ചാകുമെന്നതിനാലാണ് എല്ലാവരെയും വകവരുത്തിയത്. മാതാപിതാക്കളെ കൊലപ്പെടുത്താൻ നീക്കം നടത്തിയെങ്കിലും കൈ വിറച്ചതിനാൽ ആദ്യം ശ്രമം ഉപേക്ഷിച്ചു. പിന്നീട്, ധൈര്യം വീണ്ടെടുത്ത് നാലുപേരെയും കൊലപ്പെടുത്തി. വീടിനു പുറത്തു ടർക്കി കോഴികളെ വളർത്തിയിരുന്ന കേദൽ, കോഴിക്കൂടിനു സമീപമുണ്ടായിരുന്ന മരത്തിൽ വെട്ടി മഴു ഉപയോഗിക്കാൻ പരിശീലിച്ചിരുന്നതായും കണ്ടെത്തി.