കൊച്ചി: 13 ജില്ലാ ബാങ്കുകളും മറ്റു സംസ്ഥാന സഹകരണ ബാങ്കുകളും തമ്മിൽ ലയിച്ച് കേരള ബാങ്ക് രൂപീകൃതമായെങ്കിലും കാര്യങ്ങൾ ഇപ്പോഴും ശൈശവ ദശയിൽ തന്നെ. ആർ ടി ജി എസ്, നെഫ്ട് സംവിധാനങ്ങൾ ഫല പ്രദമായി നടപ്പിലാവുന്നില്ല. കേരള ബാങ്കിലേക്ക് ലയിച്ച പഴയ ജില്ലാ ബാങ്കുകളിൽ നിന്നും ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്താൽ ബന്ധപ്പെട്ട അക്കൗണ്ട് ഉടമകൾക്ക് കിട്ടുന്നില്ല എന്നാണ് പരാതി. സർക്കാരിന്റെ വിവിധ പദ്ധതി പ്രകാരം സഹായം ലഭിക്കുന്നവർ, വിവിധ ആനുകൂല്യങ്ങൾ കിട്ടേണ്ടവർ, മാസം തോറും അക്കൗണ്ടിൽ പണം എത്തേണ്ടവർ ഇവർക്കൊന്നും യഥാ സമയം പണം കിട്ടുന്നില്ല. ഇതുവരെയും കോർ ബാങ്കിങ് പൂർത്തിയാവാത്തതാണ് തടസമായി പറഞ്ഞിരുന്നത്. എന്നാൽ സാങ്കേതിക രംഗത്തെ പിഴവുകൾ പരിഹരിക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് അറിയുന്നു.

പെൻഷൻ തുക പോലും മുടങ്ങിയ പലരും ബാങ്കുകളുടെ ബ്രാഞ്ചുകളിൽ എത്തി ബഹളം വെയ്ക്കുന്നതും പതാവായിട്ടുണ്ട്. കോർ ബാങ്കിങ് പൂർത്തിയായപ്പോൾ ഒരു അക്കൗണ്ട് ഉടമയ്ക്ക് രണ്ട് അക്കൗണ്ട് നമ്പർ ആയി. ഇതിൽ ഏത് അക്കൗണ്ടിൽ അടച്ചാലും ഉടമയ്ക്ക് പണം കിട്ടുമെന്നാണ് ബാങ്കിന്റെ വാദം. കുറെ നാൾ കഴിയുമ്പോൾ പുതിയ അക്കൗണ്ട് മാത്രമായി ശേഷിക്കുമെന്നും ബാങ്ക് പറയുന്നു. കൂടാതെ ബാങ്കിന്റെ ബ്രാഞ്ചുകൾക്കും രണ്ട് ഐ എഫ് എസി കോഡ് ഉണ്ട്. പഴയതും പുതിയതും രണ്ടും ഉപയോഗിക്കാമെന്നാണ് ബാങ്ക് പറയുന്നത്. എന്നാൽ ഇതിൽ ഏത് ഉപയോഗിച്ചാലും പഴയ ജില്ലാ ബാങ്കിൽ നിന്നും സുഖമമായി ഇപ്പോഴും കേരള ബാങ്കിൽ പണം എത്തുന്നില്ല. ബാങ്കിന്റെ കോർ ബാങ്കിങ് ഏജൻസി വിപ്രോ കമ്പിനിയാണ്. സോഫ്ട് വെയറിനും അപ്‌ഡേഷനുമായി മാത്രം കൈപറ്റുന്നത് 500 കോടിയാണ്. ഇതിൽ ഏറിയ പങ്ക് തുകയും കൈപറ്റിയെന്നാണ് വിവരം.

കോർ ബാങ്കിംഗിനും എറ്റിഎം സെറ്റിംഗിനും മാത്രം 300കോടിയോളം ചെലവഴിക്കുന്നുണ്ട്. എന്നിട്ടാണ് ജീവനക്കാരും പഴി കേൾക്കുന്നത്. ബാങ്കിൽ സോഫ്ട് വെയറും കോർ ബാങ്കിംഗും നിയന്ത്രിക്കുന്നത് കരാർ ജീവനക്കാരാണ്്. അതീവ സുരക്ഷ വേണ്ട നെറ്റ് വർക്ക് സംവിധാനം അടക്കം നിയന്ത്രിക്കുന്നത് ഇവർ തന്നെയാണ്. ഇവരാണെങ്കിൽ സാങ്കേതിക വിദ്യയോ മറ്റു ഓപ്പറേറ്റിങ് നടപടികളോ ബാങ്കിലെ മറ്റു ജീവനക്കാർക്കോ ഉന്നത ഉദ്യോഗസ്ഥർക്കോ പറഞ്ഞു കൊടുക്കുന്നുമില്ല. ആകെ മൊത്തം കൺഫ്യൂഷനും താളം തെറ്റലും കാരണം കേരള ബാങ്കിന്റെ മൊത്തത്തിലെ പ്രവർത്തനം താളി തെറ്റിയാണ് പോകുന്നത്. ബാങ്കിന്റെ നെറ്റ് വർക്ക് സംവിധാനത്തിന്റെ ചുമതല കൊച്ചിയിലെ ഒരു എ ജി എമ്മിനാണ്. അവർക്കാണങ്കിൽ ഈ വിഷയത്തെ കുറിച്ച് എ ബി സി ഡി അറിയില്ലെന്ന് ജീവനക്കാർ പറയുന്നു.

കൂടാതെ രാഷ്ട്രീയ അതിപ്രസരവും ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. എന്നാൽ ചുരുക്കം ചില ബാങ്കുകളിൽ ഓൺലൈൻ ട്രാൻസാക്ഷന് പ്രശ്നമുണ്ടെന്നും അതൊക്കെ ഉടൻ പരിഹരിക്കുമെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം. ബാങ്കിലെ അമിത രാഷ്ട്രീയ ഇടപെടലിൽ മനം മടുത്ത് സി ഇ ഒ പി എസ് രാജൻ കടുത്ത അസംതൃപ്തിയിലായിരുന്നു. പിന്നീട് കൊല്ലത്ത് അഭിരാമി കൂടി ആത്മഹത്യ ചെയ്തതോടെ അദ്ദേഹം അവധിയിൽ പോകുകയും ചെയ്തത് പ്രതിസന്ധി ഇരട്ടിപ്പിച്ചിരുന്നു. ഒടുവിൽ പുതിയ സി ഇ ഒ വരുന്നത് വരെ തുടരാമെന്ന് ഉറപ്പിൽ അദ്ദേഹെ തിരിച്ചു വന്നെങ്കിലും കാര്യമായ ഇടപെടൽ നടത്തുന്നില്ല. പുതിയ സി.ഇ. ഒ. എത്തിയാൽ ഉടൻ ഒഴിയാൻ സന്നദ്ധനായി നിൽക്കുന്നതിനാൽ ദൈനംദിന വിഷയങ്ങളിൽ പോലും അദ്ദേഹം ഇടപെടുന്നില്ലായെന്നാണ് വിവരം. ബാങ്കിന്റെ പ്രതിഛായക്ക് കോട്ടം വരുന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വന്നപ്പോഴും അദ്ദേഹം മൗനം തുടരുകയായിരുന്നു.

അറിയപ്പെടുന്ന ബാങ്കിങ് വിദഗ്ധനായ പി.എസ് രാജൻ ഒരു പാട് സ്വപ്നങ്ങളുമായാണ് കേരള ബാങ്കിൽ എത്തിയത്. എന്നാൽ തന്റെ പ്രതീക്ഷകൾക്കൊത്ത് ബാങ്കിനെ ഉയർത്താനാവില്ലന്ന് മനസിലായതോടെയാണ് അദ്ദേഹം നിസംഗനായി തുടങ്ങിയത്. കേരള ബാങ്കിന്റെ ചില ജപ്തി നടപടികളും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും വലിയ ചീത്തപ്പേരാണ് ബാങ്കിന് ഉണ്ടാക്കിയത്. കൊല്ലത്തെ ശൂരാനാടുള്ള വീടിന് മുന്നിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിന് അഭിരാമിയെന്ന പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോഴും അസാധാരണ പ്രതിസന്ധി ബാങ്കിലുണ്ടായി. ബാങ്കിന്റെ നാഥനായ ചീഫ് എക്സിക്യട്ടൂവ് ഓഫീസർ പി.എസ്. രാജൻ അന്ന് അവധിയിൽ പോയാണ് പ്രതിഷേധം അറിയിച്ചത്.. മുവാറ്റുപുഴയിൽ സമാന സാഹചര്യം ഉണ്ടായപ്പോഴെ സി ഇ ഒ പി.എസ് രാജൻ വായ്പ തിരിച്ചു പിടിക്കുന്നതിൽ നിന്നും പ്രാകൃത നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും കുറ്റക്കാരെ സംരക്ഷിക്കരുതെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.

അന്ന് മാത്യു കുഴൽ നാടൻ ജപ്തി നടപടി നേരിട്ട കുടംബത്തിന്റെ കടബാധ്യത ഏറ്റെടുത്തിരുന്നു.ഒരു ഷെഢ്യൂൾ ബാങ്കായി ഉയർന്നെങ്കിലും സംവിധാനത്തിലും മറ്റു കാര്യങ്ങളിലും ബാലാരിഷ്ടത മാറാത്ത ഒരു സഹകരണ ബാങ്കു തന്നെയാണ് കേരള ബാങ്ക്. ഇതാണ് സി ഇ ഒ യ്ക്ക് ബാങ്കിൽ തുടരാൻ താല്പര്യമില്ലാത്തതിന് കാരണം. അദ്ദേഹം രാജി സന്നദ്ധത അറിയിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയെ നേരിൽ കണ്ടിരുന്നു. എന്നാൽ പുതിയ ആളു വരുന്നത് വരെ തുടരാനായിരുന്നു നിർദ്ദേശം. 2019 നവംബറിൽ കേരള ബാങ്കിനെ നമ്പർ വൺ ആക്കാനാണ് പി എസ് രാജൻ എത്തുന്നത്. പൊതു മേഖലാ ബാങ്കിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള രാജനെ കേരള ബാങ്കിൽ എത്തിച്ചത് തന്നെ അന്നത്തെ സഹകരണ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ വിഷന്റെ കൂടി ഭാഗമായിരുന്നു.യൂണിയൻ ബാങ്കിന്റെ ജനറൽ മാനേജർ സ്ഥാനത്തു നിന്നും എത്തിയ രാജൻ മുൻഗണന വായ്പ, വായ്പ നയം, ഇൻഫർമേഷൻ ടെക്നോളജി, ഇങ്ങനെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധൻ കൂടിയായിരുന്നു.

എന്നാൽ കേരള ബാങ്കിൽ എത്തിയ അദ്ദേഹത്തെ ആദ്യം നേരിട്ടത് യൂണിയനുകാർ തന്നെയായിരുന്നു. ഭരണ സൗകര്യത്തിനും മികച്ച മുന്നേറ്റത്തിനും അദ്ദേഹം കൊണ്ടു വന്ന പരിഷ്‌ക്കാരങ്ങൾ അട്ടിമറിച്ചു. സ്ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചു. വിരമിച്ച പ്രതിഭകളായ ഉദ്യോഗസ്ഥരെ നിർണായക സ്ഥാനങ്ങളിൽ എത്തിക്കാൻ അദ്ദേഹം നടത്തിയ നീക്കവും ഫലം കണ്ടില്ല. ഒടുവിൽ യൂണിയനോടും ഹെഡ് ഓഫീസിലെ ലോബികളോടും തോറ്റ ശേഷമാണ് പി എസ് രാജൻ പടി ഇറങ്ങാൻ തീരുമാനിച്ചത്.പുതിയ ആളു വരുന്നത് വരെ തുടരണമെന്ന നിർദ്ദേശം പാലച്ചാണ് അദ്ദേഹം തുടരുന്നത്. രൂപീകരിച്ചയിടത്തു തന്നെ നിൽക്കുന്നതല്ലാതെ ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കേരള ബാങ്കിന് ആയിട്ടില്ല. മാത്രമല്ല വായ്പ മുടങ്ങുന്നവരെ ന്യൂ ജെൻ ബാങ്കുകളെ പോലെ വിരട്ടുന്ന ശീലവും കൂടി വരുന്നു. സമീപനത്തിൽ മാറ്റം വരുത്തിയാൽ തന്നെ മുടങ്ങിയ വായ്പകൾ ആൾക്കാർ തിരിച്ചടക്കം.

എന്നാൽ ഭീഷണിയും നോട്ടീസും കൂടി വരുന്നതോടെയാണ് ആൾക്കാർക്കും എതിർപ്പുണ്ടാക്കുന്നത്. ഇതിനിടെ കൊല്ലത്തെ അഭിരാമിയുടെ മരണത്തിൽ കലാശിച്ച വീടിനു മുൻപിൽ ജപ്തി നോട്ടിസ്പതിച്ചതിൽ കേരള ബാങ്കിന് വീഴ്ച പറ്റിയെന്ന കൊല്ലം സഹകരണജോയിന്റ് രജിസ്റ്റ്രാറുടെ പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നിരുന്നു..അഭിരാമിയുടെ പിതാവ് അജികുമാറാണ് കേരള ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നത്. അദ്ദേഹം സ്ഥലത്തുണ്ടായിട്ടും കേരള ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നോട്ടീസ് അജികുമാറിന് നൽകിയില്ല. പകരം രോഗബാധിതനായ അഭിരാമിയുടെ അപ്പൂപ്പൻ ശശിധരൻ ആചാരിക്കാണ് കേരള ബാങ്ക് ജപ്തിനോട്ടിസ് കൈമാറിയത്. ഇത് തെറ്റായ നടപടിയാണ്. കാര്യം വിശദീകരിക്കാതെ ജപ്തിനോട്ടിസ് ശശിധരൻ ആചാരിയെക്കൊണ്ട് ഒപ്പിട്ട് വാങ്ങിയതും വീഴ്ചയാണ്. ഇതെ തുടർന്ന് ജപ്തിബോർഡ് സ്ഥാപിച്ചതും ശരിയായ നടപടിയല്ലെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിലുണ്ടായിരുന്നു.