പാലക്കാട് . ഈ സീസണിൽ കർഷകരിൽ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശികയുള്ള തുക ലഭിക്കണമെങ്കിൽ വലിയ നൂലാമാലകൾ. ഇത് കർഷകരെ വീണ്ടും കുഴയ്ക്കുന്നു. ഈ മാസം 10മുതലാണ് കേരളാ ബാങ്ക് നെല്ലിന്റെ പണം നല്കി തുടങ്ങിയത്. കേരള ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് പണം ഇല്ല. കേരള ബാങ്കിൽ നിർബന്ധമായും അക്കൗണ്ട് തുടങ്ങേണ്ട അവസ്ഥയിൽ ആണ് കർഷകർ. എസ് ബി ഐ യിലും മറ്റു ഷെഡ്യൂൾ ബാങ്കിലും അടക്കം അക്കൗണ്ട് ഉള്ള കർഷകരോടു വീണ്ടു കേരള ബാങ്കിൽ അക്കൗണ്ട് തുടങ്ങിയാലെ പണം നല്കാനാവുവെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

കുടിശിക തീർക്കാൻ സംസ്ഥാന സർക്കാർ കേരള ബാങ്കിൽ നിന്നാണു കടമെടുത്തത് എന്നതിലാണ് മറ്റു ബാങ്കുകളിൽ അക്കൗണ്ടുള്ളവരും ഇവിടെ വീണ്ടും തുടങ്ങേണ്ടി വരുന്നത എന്നാണ് വിശദീകരണം. പാഡി റസിപ്റ്റ് ഷീറ്റിന്റെ ഈടിൽ കർഷകനെ വായ്പക്കാരനാക്കുന്ന രീതിയിലാണു കേരള ബാങ്ക് തുക വിതരണം ചെയ്യുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നെല്ലിന്റെ തുക വിതരണം പൂർണമായും താളം തെറ്റിയിരുന്നു.

പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 6.9 ശതമാനം പലിശ നിരക്കിൽ 2500 കോടി രൂപ സപ്ലൈകോ കടമെടുത്തിരുന്നെങ്കിലും ഈ തുക നേരത്തേയുള്ള കുടിശിക തീർക്കുന്നതിനു വകമാറ്റേണ്ടി വന്നു. കർഷകരുടെ കുടിശിക തീർക്കാൻ ഒരു നിവൃത്തിയും ഇല്ലാതായതോടെയാണ് 7.65 ശതമാനം പലിശയ്ക്ക് കേരള ബാങ്കിൽ നിന്ന് 195 കോടി രൂപ കടമെടുത്തത്. കർഷകരുടെ അക്കൗണ്ടിലേക്കു നേരിട്ട് പണം നൽകുന്ന രീതി അംഗീകരിക്കില്ലെന്നും കർഷകനെ വായ്പക്കാരനാക്കുന്ന രീതിയിൽ പണം നൽകാമെന്നുമുള്ള കേരള ബാങ്ക് വ്യവസ്ഥ സപ്ലൈകോയ്ക്ക് അംഗീകരിച്ചതാണ് കർഷകർ കൊടുത്ത നെല്ലിന്റെ പണത്തിന് കേരള ബാങ്കിൽ വായ്പാക്കാരാകേണ്ടി വന്നത്.

നെല്ലിന്റെ വിലയായി ബാങ്ക് കർഷകർക്കു നൽകുന്ന തുക സപ്ലൈകോ ബാങ്കിനു തിരിച്ചു നൽകുന്നതു വരെ കൃഷിക്കാരൻ കടക്കാരനാകുമെന്നതാണ് ഈ രീതിയുടെ പ്രശ്നം. ഇതു കർഷകരുടെ സിബിൽ സ്‌കോറിനെയടക്കം ബാധിക്കും. പക്ഷേ, കുടിശിക തീർക്കാൻ സർക്കാരിനു മുന്നിൽ വേറെ വഴിയില്ലയെന്നാണ് വിവരം 4 മാസം വൈകിയാണെങ്കിലും കേരള ബാങ്കിൽ അക്കൗണ്ട് തുടങ്ങിയാൽ നെല്ലിന്റെ വില ലഭിക്കുമെന്ന ആശ്വാസത്തിലാണു കർഷകർ.

പിന്നീടുള്ള ചതിയെ കുറിച്ച് ഭൂരിഭാഗം കർഷകരും ബോധവാന്മാരല്ല താനും. കർഷകർക്ക് ഈ തുക കിട്ടിയിട്ടു വേണം ഇതര വായ്പയും കടവും തീർക്കാൻ. 7661 കർഷകരിൽ നിന്നായി 2.3 ലക്ഷം മെട്രിക് ടൺ നെല്ലാണ് ഈ സീസണിൽ സംഭരിച്ചത്.ഇതിൽ 46314 കർഷകർക്കായി 369.36 കോടി രൂപ കൊടുത്തു തീർത്തിരുന്നു. ശേഷിച്ച തുകയായ 195 കോടിയാണ് കേരള ബാങ്ക് വഴി വിതരണം ചെയ്യുന്നത്. ഒരു കിലോ ഗ്രാം നെല്ലിന് 28.20 രൂപയാണ് താങ്ങു വിലയായി നല്കി വരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിലയാണിതെന്നാണ്് സർക്കാർ വാദം.

കഴിഞ്ഞ വർഷം ഒക്ടോബറിൽ നെല്ലു സംഭരണം പാളിയതുമായി ബന്ധപ്പെട്ട് കർഷകർ പ്രക്ഷോഭത്തിനിറങ്ങിയതിനെ തുടർന്ന് ഭക്ഷ്യ മന്ത്രി പ്രശ്നത്തിൽ ഇടപെട്ടിരുന്നുവെങ്കലും പരിഹാരം ഉടൻ ഉണ്ടായില്ല. .നെല്ലുസംഭരണം ആരംഭിക്കാതെ കർഷകരെ ദുരിതത്തിലാക്കിയതിന് പിന്നിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഉന്നതതല ഏകോപനത്തിലുണ്ടായ വീഴ്ചപ്രശ്നവുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ വകുപ്പുകൾക്കിടയിലെ യോജിപ്പില്ലായ്മയാണ് പ്രശ്നം ഇത്രയും വഷളാക്കിയതിന് പിന്നിലെന്നാണ് ആരോപണം ഉയർന്നിരുന്നു. കർഷക പ്രശ്നം തീർക്കാൻ ആരും മുൻകൈ എടുക്കുന്നില്ലെന്ന അവസ്ഥയിലും കാര്യങ്ങൾ എത്തി ചേർന്നിരുന്നു.

മന്ത്രിതലത്തിൽ ഉൾപ്പെടെ മില്ലുടമകളുമായി ചർച്ചകൾ പലതു നടത്തിയിട്ടും കരാർ ഒപ്പിടാനായില്ല. കരാറിന്റെ കരട് നേരത്തേ തയാറാക്കിയെങ്കിലും ധന-പൊതുഭരണവകുപ്പുകളുടെ മറുപടി ലഭിക്കാത്തതും തടസമായി.. സംഭരണത്തിനുള്ള ജിഎസ്ടി മരവിപ്പിക്കാൻ ധനവകുപ്പ് സമ്മതിച്ചെങ്കിലും അതിന്റെ ഉത്തരവ് നീണ്ടു പോയതും പ്രതി സന്ധി ഉണ്ടാക്കി.

2018 ലെ പ്രളയത്തിൽ മില്ലുകാരുടെ ഗോഡൗണുകളിൽ നശിച്ച നെല്ലിന്റെ നഷ്ടം സംബന്ധിച്ച ആവശ്യം ദുരന്ത നിവാരണ അഥോറിറ്റി നിരാകരിച്ചതിനെ തുടർന്ന് പ്രത്യേകമായി 4.95 കോടി രൂപ നൽകാനും ധാരണയായെങ്കിലും ഫയൽ ചീഫ് സെക്രട്ടറിയുടെ പരിശോധനയിലായിരുന്നു. സംഭരിക്കുന്ന നെല്ലിൽ നിന്നു സപ്ലൈകോയ്ക്ക് നൽകേണ്ട അരിയുടെ അളവു സംബന്ധിച്ച് കോടതി കയറിയ ആവശ്യം പകരം സംവിധാനത്തിലൂടെ തീർക്കാനും ശ്രമം നടന്നിരുന്നു.

100 കിലോഗ്രാം നെല്ല് സംഭരിച്ചാൽ മില്ലുകാർ 68 കിലോഗ്രാം അരിപൊതുവിതരണവകുപ്പിന് നൽകണമെന്നാണ് കേന്ദ്രനിയമം. എന്നാൽ, പലയിടത്തെയും നെല്ലിൽനിന്ന്, ഇതിന് ആനുപാതികമായി അരി ലഭിക്കുന്നില്ലെന്നാണ് മില്ലുടമകളുടെ വാദം. അരിയുടെ അളവ് 64.50 കിലോഗ്രാമായി കുറയ്ക്കാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി കേന്ദ്ര ഉത്തരവ് ശരിവച്ചു. അളവ് കുറക്കാനുള്ള സർക്കാർ നിർദേശവും റദ്ദാക്കി.