കൊച്ചി. കേരളത്തിലെ അറിയപ്പെടുന്ന ടൂറിസം ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ട്രാവൽ സ്റ്റഡീസിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാക്ഷാൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് തന്നെ നേരിട്ടിറങ്ങി. ഓണ സമയത്ത് ഫാക്കൽറ്റിമാർക്കും മറ്റ് ജീവനക്കാർക്കും ശമ്പളം നല്കാൻ പോലും കാശില്ലാതെ പ്രതിസന്ധിയിലായ കിറ്റ്സ് അന്ന് വായ്പയെടുത്താണ് ജീവനക്കാർക്ക് ശമ്പളം നല്കിയത്. അന്നത്തെ ഡയറക്ടർ രാജശ്രീ അജിത് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്ഥാപനത്തെ രക്ഷപ്പെടുത്തനായില്ല.

രാജശ്രീ അജിത് പുതിയ പദ്ധതികളുമായി വരുമ്പോൾ പാളയത്തിൽ തന്നെ പട രൂപപ്പെട്ടതോടെ നിസംഗയായി മുന്നോട്ടുപോവുകയായിരുന്നു അവർ. കെ.ടി.ഡി. എഫ്സിയിലെ അഴിമതി ആരോപണങ്ങൾ ആവർത്തിച്ചാണ് കിറ്റ്‌സിലെ ഒരു വിഭാഗം അവർക്കെതിരെ പടയൊരുക്കം തുടങ്ങിയത്. ഇതിന് സർവ്വ പിന്തുണയും നൽകി പിൻസിപ്പാൾ ഡോ. ബി രാജേന്ദ്രൻ അവരുമായി കൊമ്പ് കോർക്കാൻ ഇറങ്ങിയതും സ്ഥാപത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു. അക്കാദമിക് കാര്യങ്ങളിൽ ആവിശ്യമില്ലാത്ത പിടിവാശിയുണ്ടാക്കി
സ്ഥാപനത്തിന് കിട്ടിയിരുന്ന ഫണ്ടുകൾ നിർത്തലാക്കാൻ ഒരുകൂട്ടർ ചരടുവലിച്ചുവെന്നാണ് പരാതി. കൂടാതെ ഡയറക്ടർക്ക് എതിരെ ഊമ പരാതികളും വിവരാവകാശ ചോദ്യങ്ങളും കൂടിയതോടെ രാജശ്രീ അജിത് തന്റെ സേവനം മതിയാക്കി മാതൃസ്ഥാപനമായ കെ ടി ഡി എഫ് സിയിലേക്ക് മടങ്ങി പോയി.

രാജശ്രീ അജിത്തിനെ പുകച്ചു പുറത്തു ചാടിക്കാൻ കിറ്റ്സിലെ ഒരു വിഭാഗത്തെ കൂട്ടുപിടിച്ച് നിലവിലെ പ്രിൻസിപ്പാൾ ശ്രമിച്ചുവെന്നാണ് മന്ത്രിക്ക് ലഭിച്ച വിവരം. ഇതിനിടെ പുതിയ ഡയറക്ടറെ നിശ്ചയിക്കാൻ നടപടി തുടങ്ങിയപ്പോഴാണ് പ്രിൻസിപ്പാൾ രാജേന്ദ്രൻ ഡയറക്ടർ ആകണമെന്ന ആഗ്രഹവുമായി മന്ത്രി ഓഫീസിൽ എത്തിയത്. ജില്ലയിലെ പ്രമുഖ നേതാക്കളുടെയും ഒരു മുൻ മന്ത്രിയുടെയും പിന്തുണയിൽ ചരടുവലികളും തുടങ്ങി. എന്നാൽ യോഗ്യതയുള്ള ആളെ മാത്രമേ ഡയറക്ടർ ആക്കുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിലപാടെടുത്തു. ശുപാർശയല്ല യോഗ്യതയാണ് വേണ്ടതെന്ന് തന്നെ വിളിച്ചവരോടു പോലും മന്ത്രി തുറന്ന് പറഞ്ഞുവെന്നാണ് വിവരം. ഡോ. ബി രാജേന്ദ്രകുമാറിന്റെ ബയോഡാറ്റ ഒരു ഉന്നത നേതാവിന്റെ ശുപാർശയോടെ മന്ത്രി ഓഫീസിലും എത്തി. ഇതൊന്നും റിയാസ് അംഗീകരിച്ചില്ല.

ഇതിനിടയലാണ് ഇദ്ദേഹത്തിന്റ യോഗ്യത സംബന്ധിച്ച ചില വിവരങ്ങൾ കിറ്റ്സിൽ നിന്നു തന്നെ പുറത്തു പോകുന്നത്. എം കോം ബിരുദധാരിയായ പ്രിൻസിപ്പാൽ രാജേന്ദ്രൻ എം ബി എ എടുത്തത് ഈവനിങ് കോഴ്സ് വഴിയാണെന്നാണ് ആരോപണം. ഈവനിങ് കോഴ്സ് വഴി എം ബി എ എടുത്ത ഒരാൾക്ക് മാനേജ്‌മെന്റോ ടൂറിസമോ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനോ പ്രിൻസിപ്പാളോ ആകാനാകില്ല. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് ഈ സ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ പോലും ആകാൻ കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. പ്രവൃത്തി പരിചയമായി കാണിച്ചിരിക്കുന്നത് സ്വന്തമായി തുടങ്ങിയ ഷെയർ ട്രേഡിങ് കമ്പിനിയിലെ തൊഴിൽ പരിചയം. ഇതെല്ലാം പരിഗണിച്ചാണ് മന്ത്രി റിയാസ് മറ്റ് തീരുമാനങ്ങളിലേക്ക് പോയത്.

സ്ഥാപനത്തിൽ ഡയറക്ടർക്ക് മാത്രമാണ് ഔദ്യോഗിക വാഹനം അനുവദിച്ചിട്ടുള്ളത്. എന്നാൽ തനിക്കും വാഹനം വേണമെന്ന് പ്രിൻസിപ്പാൾ വാശിപിടിച്ചു. ഒടുവിൽ വണ്ടി അനുവദിച്ചു. എന്നാൽ വണ്ടിക്ക് ഇന്ധനം അടിക്കാൻ പോലും പണമില്ലാത്ത രീതിയിൽ പ്രതിസന്ധി വന്നതോടെ വണ്ടി പിൻവലിച്ചു. നിലവിൽ വണ്ടി ഇല്ലാത്തതിനാൽ സ്വന്തം വാഹനം ഉപയോഗിക്കാൻ കാഴ്ച ശക്തി കുറവാണെന്നു വാഹനം അനുവദിക്കണമെന്നും ആവിശ്യപ്പെട്ട് വീണ്ടും കിറ്റ്സിന് അപേക്ഷ നല്കിയരിക്കുകയാണ് ഇദ്ദേഹം.

കോഴിക്കോട് പഴശ്ശിരാജ കോളേജിലെ ടൂറിസം വിഭാഗ മേധാവിയും കോളേജിലെ വൈസ് പ്രിൻസിപ്പാളുമായ ഡോ. ദിലീപ് എം ആർ ആണ് ഡയറക്ടറായി ചുമതല ഏൽക്കുന്നത്. നിലവിലെ പ്രതിസന്ധിയിൽ നിന്നും ഈ സ്ഥാപനത്തെ കരകയറ്റുക എന്ന പ്രധാന ദൗത്യമാണ് മന്ത്രി നേരിട്ട് പുതിയ ഡയറകടറെ ഏൽപ്പിച്ചിരിക്കുന്നത്. അതിന് വേണ്ടി വന്നാൽ പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവരെ മാറ്റാനും അനുമതി നല്കിയിട്ടുണ്ടെന്നാണ് വിവരം. കിറ്റ്‌സിനെ ലാഭത്തിലാക്കാൻ അക്കാദമിക് അഡ്‌മിനിസ്ട്രറ്റീവ് രംഗങ്ങളിൽ വലിയ ഉടച്ചുവാർക്കലാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി പ്രതിസന്ധിയിൽ നിന്നും കരകയറാൻ സർജിക്കൽ സ്‌ട്രൈക്ക് തന്നെ ആരംഭിച്ചു കഴിഞ്ഞു. സാമ്പത്തിക അഭിവൃദ്ധിക്കായി വിവിധ പ്രോജക്ടുകൾ തയ്യാറാക്കിയ ഇദ്ദേഹം സ്ഥാപനത്തിന്റെ നിലവാരം ഉയർത്താൻ നാക്ക് അക്രഡിറ്റേഷൻ നേടാനും നടപടി തുടങ്ങി. ഒരു വർഷത്തിനുള്ളിൽ സ്ഥാപനത്തെ ലാഭത്തിലെത്തിക്കുമെന്നാണ് സൂചന. ശമ്പള പ്രതി സന്ധി അടക്കമുള്ള കാര്യങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാകുന്ന തീരുമാനം വന്നേക്കും. ടൂറിസം രംഗത്തെ വിദ്ഗ്ധൻ കൂടിയായ ഡോ. ദിലീപ് കിറ്റ്‌സിനെ ഒരു ഗവേഷണ സ്ഥാപനമായി ഉയർത്തി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.