തിരുവനന്തപുരം: ഒക്ടോബർ 30നാണ് ഗ്രീഷ്മയെന്ന പ്രണയ വിഷത്തെ മലയാളി തിരിച്ചറിഞ്ഞത്. പാറശ്ശാല പൊലീസ് ഒതുക്കി തീർത്ത കേസിൽ സത്യം തെളിഞ്ഞത് ഒറ്റ ദിവസത്തെ ചോദ്യം ചെയ്യലിലാണ്. കൃത്യം ഒരു മാസം കഴിഞ്ഞു. നവംബർ 30ന് കേരളം മറ്റൊരു കേസ് കൂടി കേട്ട് ഞെട്ടി. ഊരൂട്ടമ്പലം ഇരട്ടക്കൊല കേസിൽ മൊഴിയിൽ സ്ഥിരീകരണം കിട്ടിയശേഷം അറസ്റ്റെന്ന് റൂറൽ എസ്‌പി ഡി ശിൽപ്പ കേരളത്തെ അറിയിച്ചു. മാഹിൻകണ്ണും ഭാര്യയും കസ്റ്റഡിയിലെന്ന് റൂറൽ എസ്‌പി പറഞ്ഞു. കേസ് അന്വേഷിക്കുന്നത് പതിനഞ്ചംഗ പ്രത്യേക സംഘമാണ്. മാറനെല്ലൂരിൽ നിന്ന് 11 വർഷം മുമ്പ് കാണാതായ വിദ്യയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് കൊന്നതാണെന്ന് വിദ്യയുടെ കാമുകനായിരുന്ന മാഹിൻകണ്ണ് പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിന് പിന്നിലും ഗ്രീഷ്മയെ കുടുക്കിയ അതേ പൊലീസ് ഓഫീസറായ ഡി വൈ എസ് പി കെജെ ജോൺസന്റെ അന്വേഷണ മികവ്.

ബ്രണ്ണൻ കോളേജിലെ പഠന കാലയളവിൽ . എസ് എഫ് ഐ ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥി നേതാവ്.. കെ എസ് യുക്കാരുടെ വെട്ടേറ്റ് വീണ വയനാട്ടുകാരൻ. ഇങ്ങനെ പഠന സമയത്തും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി പോരാടി പേരെടുത്ത ആളാണ് ഡി വൈ എസ് പി കെ.ജെ ജോൺസനെന്ന് പഴയ കാല സുഹൃത്തുക്കളും ഓർക്കുന്നു. പാറശ്ശാല പൊലീസ് ക്ലീൻ ചിറ്റ് നൽകിയ ഗ്രീഷ്മയെ കുടുക്കിയത് നാലേ നാല് ചോദ്യങ്ങളാണ്. ഈ ചോദ്യം ചോദിച്ചത് വയനാട്ടിൽ നിന്ന് ചുരമിറങ്ങി തിരുവനന്തപുരത്ത് എത്തിയ ഡിവൈഎസ് പി കെജെ ജോൺസൺ ആണ്. ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം വിശദമായ ചോദ്യാവലിയാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തയാറാക്കിയത്. നാലു കാര്യങ്ങളാണ് പ്രധാനമായും അറിയാൻ ശ്രമിച്ചത്. ആ ചോദ്യങ്ങളാണ് ഗ്രീഷ്മയെ കുരുക്കിയത്. പാറശ്ശാല പൊലീസ് നൽകിയ ക്ലീൻ ചിറ്റിന്റെ പിൻബലത്തിലെത്തിയ ഗ്രീഷ്മ ഡി വൈ എസ് പി കെ ജെ ജോൺസണിന്റെ സമർത്ഥമായ നീക്കത്തിന് മുന്നിൽ പതറി. ഇതേ ചോദ്യം ചെയ്യലാണ് മാഹിൻ കേസിലും കെജെ ജോൺസൺ നടത്തിയത്. അങ്ങനെ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയ കുറ്റവാളിയും ഭാര്യയും അഴിക്കുള്ളിലായി.

മാഹിൻകണ്ണിനെ പലരും ചോദ്യം ചെയ്തു. അബദ്ധത്തിൽ കണ്ണിൽ പെട്ട കേസിന് പിന്നാലെ ജോൺസൺ യാത്ര ചെയ്തു. പലവട്ടം മാഹിൻകണ്ണ് ജോൺസണിനേയും കബളിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഈ പൊലീസുകാരൻ വെറുതെ വിട്ടില്ല. ഗ്രീഷ്മാ കേസിൽ സത്യം പുറത്തു വന്ന ശേഷം തെളിവെടുപ്പും പൂർത്തിയാക്കി റിമാൻഡ് ചെയ്ത ശേഷം ജോൺസൺ, വിദ്യയുടേയും കുട്ടിയുടേയും കൊലപാതകിക്ക് പുറകെ യാത്രയായി. കഴിഞ്ഞ ദിവസം തെളിവുകൾ എല്ലാം കണ്ടെത്തി ചോദ്യം ചെയ്തു. എല്ലാം മാഹിൻകണ്ണിന്റെ കള്ളം പൊളിഞ്ഞു. അങ്ങനെ കേരളം ഞെട്ടിയ കൊലക്കേസ് പുറത്തായി. എല്ലാ ക്രെഡിറ്റും ജോൺസണു മാത്രമുള്ളതാണെന്നാണ് കേരളാ പൊലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മറുനാടനോട് പ്രതികരിച്ചത്.

തിരുവനന്തപുരം റൂറൽ എസ് പിക്ക് കീഴിലെ ക്രൈം വിഭാഗത്തിൽ അന്വേഷകനായി എത്തിയ ജോൺസണിന്റെ കണ്ണിൽ എങ്ങനെയോ കുടുങ്ങിയതാണ് വിദ്യയെ കാണാതകൽ കേസ്. റൂറൽ എസ് പിയായി ശിൽപ എത്തിയതോടെ ഈ കേസിൽ കൂടുതൽ വേഗത്തിൽ നീങ്ങാൻ ജോൺസണ് കഴിഞ്ഞു. അതാണ് കൊലക്കേസിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ഏപ്രിൽ മാസമാണ് ജോൺസൺ തിരുവനന്തപുരം റൂറൽ പൊലീസിന്റെ ക്രൈംബ്രാഞ്ചിൽ ഡിവൈ എസ് പിയായത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലേക്ക് ഈയിടെ സ്ഥലം മാറ്റവും നൽകി. എന്നാൽ സാങ്കേതിക കാരണങ്ങളാൽ തിരുവനന്തപുരം റൂറലിൽ തന്നെ തുടർന്നു. അങ്ങനെയാണ് നിർണ്ണായക ഘട്ടത്തിൽ കേസ് അന്വേഷണ ചുമതല ജോൺസണ് കിട്ടുന്നത്. ഒറ്റ ദിവസം കൊണ്ടു തന്നെ കേസിലെ വസ്തുത പുറത്തു വന്നു. പാറശ്ശാല പൊലീസിനെ കബളിപ്പിച്ച ഗ്രീഷ്മ അങ്ങനെ അകത്താകുകയും ചെയ്തു. ഇതിന് പിന്നിൽ ഡിവൈ എസ് പി ജോൺസണ് തുണയായത് റുറൽ എസ് പി ശിൽപയാണ്. കേസിൽ പൂർണ്ണ സ്വാതന്ത്ര്യം ജോൺസണ് നൽകിയിരുന്നു. ഇത് തന്നെയാണ് ഊരൂട്ടമ്പലത്തെ കേസിലും സംഭവിച്ചത്.

പഠനകാലത്തെ എസ് എഫ് ഐക്കാരൻ മികച്ച കേസന്വേഷകനാണ്. പക്ഷേ സ്വന്തം വഴിയിലൂടെ നീങ്ങുന്നതു കൊണ്ട് തന്നെ പലർക്കും ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് തന്നെ സേനയിൽ കാര്യമായ റോളുകൾ ജോൺസണ് പലപ്പോഴും കിട്ടിയിരുന്നില്ല. വയനാട്ടുകാരനായ ജോൺസൺ ഇപ്പോൾ സ്വാതന്ത്ര്യം കിട്ടിയാൽ ഏത് കേസും തെളിയിക്കാമെന്ന് ഏവരേയും ബോധ്യപ്പെടുത്തുകയാണ്. തലശ്ശേരി ബ്രണ്ണൻ കോളേജിലെ പഴയ എസ് എഫ് ഐ ക്കാരൻ പഠന ശേഷം പൊലീസായി. ഇതോടെ രാഷ്ട്രീയം മറന്ന് പ്രവർത്തിച്ചു. നിലപാടുകളിൽ അപ്പോഴും കമ്യൂണിസ്റ്റുകാരൻ ഒളിച്ചിരുന്നു. അതുകൊണ്ട് തന്നെ ധാർമികമായി ശരിയെന്ന് തോന്നുന്നത് മാത്രം ചെയ്തു. ഇത് സേനയ്ക്കുള്ളിൽ ഒറ്റയാൻ പരിവേഷം ജോൺസണ് നൽകി.

സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ കുടുംബവുമായി പോലും അടുത്ത ബന്ധം ഈ ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിക്കുണ്ടായിരുന്നു. എന്നാൽ അതൊന്നും സർവ്വീസിലെ നേട്ടങ്ങൾക്ക് ജോൺസൺ ഉപയോഗിച്ചിരുന്നില്ലെന്നതും വസ്തുതയാണ്. അതുകൊണ്ട് തന്നെ താക്കോൽ സ്ഥാനങ്ങളിൽ ജോൺസണ് എത്താനുമായില്ലെന്നതാണ് വസ്തുത. 2011 ഓഗസ്റ്റ് 18 ന് സുഹൃത്തായ മാഹിൻകണ്ണിനൊപ്പം പോയ വിദ്യയും മകൾ ഗൗരിയും കൊല്ലപ്പെട്ടിരുന്നു. ആ അമ്മയും കുഞ്ഞും എവിടെ എന്ന പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ഇടപെട്ടപ്പോഴാണ് കെടുകാര്യസ്ഥതകൊണ്ട് മാത്രം പൂട്ടിക്കെട്ടിയ കേസിന് പുതു ജീവൻ വയ്ക്കുന്നത്. ഇതിന് മുമ്പ് തന്നെ ഈ കേസ് റൂറൽ എസ് പിയുടെ ക്രൈംസെല്ലിൽ എത്തിയിരുന്നു. തിരുവനന്തപുരം റൂറൽ എസ്‌പി ഡി ശിൽപ്പ ഈ കേസ് ജോൺസണ് അന്വേഷിക്കാൻ എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു. ഇതാണ് നിർണ്ണായകമായത്.

വിദ്യയെയും കുഞ്ഞിനെയും തമിഴ്‌നാട്ടിലെ കടലിൽ തള്ളിയിട്ട് കൊന്നെന്നാണ് മാഹിൻ കണ്ണിന്റെ മൊഴി. മാഹിൻ കണ്ണ് മാത്രമല്ല ഭാര്യ റുഖിയയും അറിഞ്ഞുകൊണ്ട് നടത്തിയ ആസൂത്രിത കൊലപാതകം, 2011 ഓഗസ്റ്റ് 19 ന് കുളച്ചലിൽ നിന്നും കിട്ടിയ അമ്മയുടേയും അഞ്ച് ദിവസം കഴിഞ്ഞു കിട്ടിയ കുഞ്ഞിന്റെയും മൃതദേഹം വിദ്യയുടേയും ഗൗരിയുടേതുമാണെന്ന് ജോൺസണ് കീഴിലെ സംഘത്തിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. പുതുക്കട പൊലീസിൽ നിന്ന് അന്വേഷണ സംഘം മൃതദേഹങ്ങളുടെ രേഖകൾ ശേഖരിച്ചു. മാഹിൻ കണ്ണിനെ തുടക്കം മുതൽ വിദ്യയുടെ അമ്മ രാധ സംശയിച്ചെങ്കിലും പൊലീസ് ഉഴപ്പുകയായിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെ പത്ത് മാസത്തിനകം പൊലീസ് പൂട്ടിക്കെട്ടിയ കേസ് പിന്നെ പൊങ്ങിയത് ഐഎസ് റിക്രൂട്ട്മെന്റിന്റെ പേരിൽ സ്ത്രീകളെ കാണാതായ സംഭവങ്ങൾ വീണ്ടും അന്വേഷിക്കണമെന്ന് 2019 ൽ നിർദ്ദേശം വന്നതോടെയാണ്.

അന്ന് അഭിഭാഷകന്റെ സഹായത്തോടെ മാത്രമേ ചോദ്യം ചെയ്യാവു എന്ന കോടതി ഉത്തരവ് മറയാക്കി മാഹിൻ കണ്ണ് തടിയൂരി . മനുഷ്യാവകാശ കമ്മീഷനും മാഹിന് അനുകൂലമായ റിപ്പോർട്ട് നൽകിയതോടെ പൊലീസിന് പൂർണമായും പിന്മാറേണ്ടി വന്നു. അതുകൊണ്ട് തന്നെ കേസിൽ സംശയം തോന്നിയ ജോൺസൺ ഫയൽ തുറന്നു. തുടർന്നാണ് 2022 ഒക്ടോബർ 21 ന് ഏഷ്യാനെറ്റ് ന്യൂസ് വിദ്യയുടെയും കുഞ്ഞിന്റെയും തിരോധാനം വാർത്തയാക്കുന്നത്. പിന്നാലെ എല്ലാം വേഗത്തിലായി. ഒടുവിൽ ഡി വൈ എസ് പി ജോൺസന്റെ അന്വേഷണ മികവിൽ മാഹിൻകണ്ണ് സത്യം പറഞ്ഞു. കേരള പൊലീസിലെ മിടുമിടുക്കന്മാർക്ക് എത്ര വലിയ കേസും നിഷ്പ്രയാസം തെളിയിക്കാനാകുമെന്ന് കാണിച്ചു കൊടുക്കുകയാണ് ജോൺസണും സംഘവും.

ജോൺസൺ തിരുവനന്തപുരം റൂറലിൽ ചുമതലയേറ്റ ശേഷം മറ്റ് രണ്ട് കേസുകൾ കൂടി തെളിയിച്ചിരുന്നു. അഭിഭാഷകൻ ചമഞ്ഞ് പ്രവാസി യുവതിയിൽ നിന്നും 80 ലക്ഷം തട്ടിയെടുത്ത ശങ്കർദാസിനെയും അരുണ പാർവ്വതിയേയും നിഷ്പ്രയാസം പൊക്കി ജയിലിലുമാക്കി. കൂടാതെ അഞ്ച് വർഷം മുൻപ് കാണാതായ ജോസിനെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തി നാട്ടിൽ എത്തിച്ചതും ഇതേ അന്വേഷണ സംഘമായിരുന്നു.