തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത സാഹചര്യത്തിൽ എം വിഗോവിന്ദൻ മാസ്റ്റർ മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെയ്ക്കുമെന്നു റിപ്പോർട്ട്. വ്യാഴാഴ്‌ച്ച നിയമസഭാ സമ്മേളനം കഴിഞ്ഞാൽ വെള്ളിയാഴ്ചയാണ് രാജി. എംഎൽഎ സ്ഥാനവും ഒഴിഞ്ഞ് പാർട്ടിയെ കൂടുതൽ ശക്തമായി നയിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഇതോടെ തളിപ്പറമ്പ് മണ്ഡലം ഉപതിരഞ്ഞെടുപ്പിനെ നേരിടണം.

കഴിഞ്ഞതവണ ജെയിംസ് മാത്യുവിനെ മാറ്റിയാണ് പാർട്ടി ഗോവിന്ദന് തളിപ്പറമ്പ് നൽകിയത്. പാർട്ടിയുടെ ഉറച്ച മണ്ഡലമായതിനാൽ അവിടെ സ്ഥാനാർത്ഥി ആരെയാലും വിജയത്തിൽ ആശങ്കയില്ല. വെള്ളിയാഴ്ച ഗോവിന്ദൻ മാസ്റ്റർ രാജിവച്ചാലുടൻ മന്ത്രിസഭാ പുനഃസംഘടന ഗൗരവമായ ചർച്ചയാകും. ഷംസീറിനെ പകരം മന്ത്രിയാക്കാനുള്ള സാധ്യത ഏറെയാണ്. തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഷംസീർ പ്രതീക്ഷയിലാണെന്നാണ് വിവരം. അടുത്ത ആളുകളോട് അത് പങ്കുവയ്ക്കുകയും ചെയ്തു.

കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിയുന്നതിന് മുമ്പ് ആവശ്യപ്പെട്ട പ്രധാന കാര്യങ്ങളിലൊന്ന് ഷംസീറിനെ മന്ത്രിയാക്കണമെന്നാണ്. അതിനാൽ മന്ത്രിപദം ഉറപ്പിച്ച മട്ടിലാണ് ഷംസീർ. മന്ത്രിസഭയിൽ വകുപ്പുകളിൽ കാര്യമായ മാറ്റമുണ്ടാകും. കൂടാതെ മന്ത്രിമാർക്കൊപ്പം കൂടുതൽ പരിചയയസമ്പന്നരായ സ്റ്റാഫുകളെയും നിയോഗിക്കും. ഫയലുകൾ നോക്കാൻ ധാരണയില്ലാത്തവരാണ് നിലവിൽ മന്ത്രിമാർക്കൊപ്പമുള്ള പ്രൈവറ്റ് സെക്രട്ടറിമാർ പലരും.

അഡീഷണൽ,അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർ പ്രൈവറ്റ് സെക്രട്ടറിയുമായോ മന്ത്രിയുമായോ കൂടിയാലോചിക്കാതെ സ്വന്തം ഇഷ്ടത്തിൽ ഫയലുകളിൽ തീരുമാനമെടുക്കുകയാണ്. ഇത് അപകടരമാണെന്ന് പലനേതാക്കളും ചൂണ്ടിക്കാട്ടുന്നു. പലരും ഓഫീസിൽ കൃത്യമായി എത്താറില്ലെന്നും പരാതിയുണ്ട്. ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാർ ജനങ്ങളിൽ നിന്ന് അകലുന്നുവെന്ന് പാർട്ടി നേതൃയോഗത്തിൽ കടുത്തവിമർശനമുയർന്നിരുന്നു. താൻ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ തന്നെ സ്വയം വിമർശനമായി പറയയുകയും ചെയ്തിരുന്നു.

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരെല്ലാം പുതുമുഖങ്ങളെന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. അതിനാൽ നേരത്തെയുണ്ടായിരുന്നവരെ തിരിച്ചുകൊണ്ടുവരാൻ സാധ്യതയില്ല. അതേസമയം ഒന്നാം പിണറായി സർക്കാരിൽ മന്ത്രിമാർക്കൊപ്പമുണ്ടായിരുന്ന മികച്ച പ്രൈവറ്റ് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള സ്റ്റാഫുകളെ മടക്കികൊണ്ടുവരാനുള്ള നീക്കത്തിലാണ്. മന്ത്രിസഭാ പുനഃസംഘടനയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പുനഃക്രമീകരണവും ഓണത്തിന് ശേഷമാണ് ഉണ്ടാകുക. അതുവരെ എംവി ഗോവിന്ദന്റെ തദ്ദേശസ്വയംഭരണം,എക്സൈസ് വകുപ്പുകളുടെ ചുമതല മറ്റൊരാൾക്ക് നൽകും.

നിയമസഭാ സ്പീക്കർ എം.ബി രാജേഷ് മന്ത്രിസഭയിലേക്കു വരാൻ സാധ്യതയേറയാണ്. പകരം ആരോഗ്യമന്ത്രി വീണ ജോർജിനെ സ്പീക്കറാക്കും, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാനാണ് സാധ്യത. നിയമസഭയിലെ കയ്യാങ്കളിക്കേസ് ഓണത്തിനു തൊട്ടുപിന്നാലെ കോടതിയുടെ പരിഗണനയ്ക്കു വരുമ്പോൾ എതിരായ പരാമർശമുണ്ടായാൽ മന്ത്രിസ്ഥാനത്ത് തുടരാനാകില്ല അതിനാൽ നേരത്തെ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ തിരികെ കൊണ്ടുവരണമെന്നു ശക്തമായ വാദമുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും അത് താത്പര്യമില്ലാത്തതിനാൽ സാദ്ധ്യതയില്ല. അതേസമയം രണ്ടാംപിണറായി സർക്കാർ അധികാരത്തിലെത്തിയങ്കിലും പാർട്ടിക്കുണ്ടായ ക്ഷീണം എം സ്വരാജിന്റെ തോൽവിയായിരുന്നു. അതിന് പകരം വീട്ടാൻ പിണറായി ഈ അവസരം ഉപയോഗിക്കാനും സാധ്യതയുണ്ട്.

തളിപ്പറമ്പിൽ എംവി ഗോവിന്ദന് പകരക്കാരനായി സ്വരാജിനെ കളത്തിലിറക്കിയേക്കും. അതു വഴി സ്വരാജിനെ മന്ത്രിസഭയിലെത്തിക്കാൻ പിണറായി വിജയനും താത്പര്യമുണ്ട്.