തിരുവനന്തപുരം: ബ്രണ്ണൻ കോളേജിൽ പഠനം. എസ് എഫ് ഐക്കാരൻ. കെ എസ് യുക്കാരന്റെ വെട്ടേറ്റ വയനാട്ടുകാരൻ. പാറശ്ശാല പൊലീസ് ക്ലീൻ ചിറ്റ് നൽകിയ ഗ്രീഷ്മയെ കുടുക്കിയത് നാലേ നാല് ചോദ്യങ്ങളാണ്. ഈ ചോദ്യം ചോദിച്ചത് വയനാട്ടിൽ നിന്ന് ചുരമിറങ്ങി തിരുവനന്തപുരത്ത് എത്തിയ ഡിവൈഎസ് പി കെജെ ജോൺസൺ ആണ്. ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം വിശദമായ ചോദ്യാവലിയാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തയാറാക്കിയത്. നാലു കാര്യങ്ങളാണ് പ്രധാനമായും അറിയാൻ ശ്രമിച്ചത്. ആ ചോദ്യങ്ങളാണ് ഗ്രീഷ്മയെ കുരുക്കിയത്. പാറശ്ശാല പൊലീസ് നൽകിയ ക്ലീൻ ചിറ്റിന്റെ പിൻബലത്തിലെത്തിയ ഗ്രീഷ്മ ഡി വൈ എസ് പി കെ ജെ ജോൺസണിന്റെ സമർത്ഥമായ നീക്കത്തിന് മുന്നിൽ പതറി.

മറ്റൊരു വിവാഹം തീരുമാനിച്ച ശേഷവും എന്തിനു ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി? ഷാരോണിനു ശീതള പാനീയമടക്കം എന്തെല്ലാം നൽകി? കഷായം നൽകാനുണ്ടായ സാഹചര്യം? ഈ സമയം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു? ഇവയായിരുന്നു ആ നാല് ചോദ്യങ്ങൾ. അതു മതിയായിരുന്നു സത്യം പുറത്തു വരാൻ. ഏപ്രിൽ മാസമാണ് ജോൺസൺ തിരുവനന്തപുരം റൂറൽ പൊലീസിന്റെ ക്രൈംബ്രാഞ്ചിൽ ഡിവൈ എസ് പിയായത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലേക്ക് ഈയിടെ സ്ഥലം മാറ്റവും നൽകി. എന്നാൽ സാങ്കേതിക കാരണങ്ങളാൽ തിരുവനന്തപുരം റൂറലിൽ തന്നെ തുടർന്നു. അങ്ങനെയാണ് നിർണ്ണായക ഘട്ടത്തിൽ കേസ് അന്വേഷണ ചുമതല ജോൺസണ് കിട്ടുന്നത്. ഒറ്റ ദിവസം കൊണ്ടു തന്നെ കേസിലെ വസ്തുത പുറത്തു വന്നു. പാറശ്ശാല പൊലീസിനെ കബളിപ്പിച്ച ഗ്രീഷ്മ അങ്ങനെ അകത്താകുകയും ചെയ്തു. ഇതിന് പിന്നിൽ ഡിവൈ എസ് പി ജോൺസണ് തുണയായത് റുറൽ എസ് പി ശിൽപയാണ്. കേസിൽ പൂർണ്ണ സ്വാതന്ത്ര്യം ജോൺസണ് നൽകിയിരുന്നു.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച കിട്ടുമെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. ഇതിനു ശേഷം ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആന്തരികാവയവങ്ങളുടെ തകരാറാണ് മരണ കാരണമെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സാഹചര്യ തെളിവും മൊഴികളും ഗ്രീഷ്മയ്ക്ക് എതിരായിരുന്നു. വാട്സാപ്പ് ചാറ്റുകളിലും സത്യം ഒളിച്ചിരുന്നു. ഇതാണ് പഠനകാലത്തെ എസ് എഫ് ഐക്കാരൻ പുറത്തേക്ക് കൊണ്ടു വന്നത്. എസ് എഫ് ഐയുടെ കോട്ടയായിരുന്നു തലശ്ശേരി ബ്രണ്ണനിലായിരുന്നു ജോൺസണിന്റെ പഠനകാലം. വിദ്യാർത്ഥി സംഘർഷത്തിനിടെ ജോൺസണ് കെ എസ് യുക്കാരുടെ വെട്ടേറ്റതായും സുഹൃത്തുക്കൾ പറയുന്നു. പഠന ശേഷം പൊലീസായി. ഇതോടെ രാഷ്ട്രീയം മറന്ന് പ്രവർത്തിച്ചു. നിലപാടുകളിൽ അപ്പോഴും കമ്യൂണിസ്റ്റുകാരൻ ഒളിച്ചിരുന്നു. അതുകൊണ്ട് തന്നെ ധാർമികമായി ശരിയെന്ന് തോന്നുന്നത് മാത്രം ചെയ്തു. ഇത് സേനയ്ക്കുള്ളിൽ ഒറ്റയാൻ പരിവേഷം ജോൺസണ് നൽകി.

സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ കുടുംബവുമായി പോലും അടുത്ത ബന്ധം ഈ ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിക്കുണ്ടായിരുന്നു. എന്നാൽ അതൊന്നും സർവ്വീസിലെ നേട്ടങ്ങൾക്ക് ജോൺസൺ ഉപയോഗിച്ചിരുന്നില്ലെന്നതും വസ്തുതയാണ്. അതുകൊണ്ട് തന്നെ താക്കോൽ സ്ഥാനങ്ങളിൽ ജോൺസണ് എത്താനുമായില്ലെന്നതാണ് വസ്തുത. അത്തരമൊരു കാർക്കശ്യക്കാരനാണ് ഗ്രീഷ്മയെ ചോദ്യങ്ങൾക്ക് മുമ്പിൽ അടിതെറ്റിച്ചത്. രാവിലെ ചോദ്യം ചെയ്യലിന് എത്തുമ്പോൾ ഇത്ര വേഗം കീഴടങ്ങേണ്ടി വരുമെന്ന് ഗ്രീഷ്മ പോലും കരുതിയില്ല. ഇതാണ് പൊളിച്ചത്. ഇത്രവേഗം ഈ കേസ് അന്ത്യത്തിലെത്തുമെന്ന് വിശ്വസിക്കാത്തവരെ ഞെട്ടിച്ച അന്വേഷണവും ചോദ്യം ചെയ്യലും.

കൃഷി ആവശ്യങ്ങൾക്കായി അമ്മാവൻ വാങ്ങിവച്ച തുരിശ് ആണ് കഷായത്തിൽ കലക്കി കാമുകനായ ഷാരോണിന് നകിയതെന്ന് ഗ്രീഷ്മ ചോദ്യംചെയ്യലിൽ സമ്മതിച്ചു. തുടർന്ന് ഗ്രീഷ്മയുടെ അമ്മാവനിലേക്കും അന്വേഷണമുണ്ടാകുമെന്നാണ് സൂചന. കുറ്റകൃത്യത്തിൽ ഗ്രീഷ്മയ്‌ക്കൊപ്പം മറ്റൊരാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തുടർന്ന് ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചെയ്തു. റ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനാലാണ് ഷാരോണിനെ കൊല്ലാൻ ഗ്രീഷ്മ തീരുമാനിച്ചത്. ഇതിനായി ആസൂത്രിത നീക്കം തന്നെ ഗ്രീഷ്മ നടത്തി. ഇന്റർനെറ്റിൽ ഗ്രീഷ്മ ഇക്കാര്യങ്ങൾ അന്വേഷിച്ചു. ഗ്രീഷ്മ വിഷം സംഘടിപ്പിച്ചെടുത്തതിൽ കൂടുതൽ അന്വേഷണമുണ്ടാകും. ഇംഗ്ളീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ(22).

ഷാരോൺ റെക്കാഡ് ബുക്ക് ശേഖരിക്കാൻ വീട്ടിലെത്തിയ സമയം മുഖംകഴുകാൻ പോയ തക്കം നോക്കിയാണ് കഷായത്തിൽ വിഷം കലർത്തിയത്. ഷാരോണിന് ഗ്രീഷ്മ മുൻപും വിഷം നൽകിയിട്ടുണ്ടെന്ന് ഷാരോണിന്റെ മാതാവ് ആരോപിച്ചു. ഷാരോണിന്റെ കൊലപാതകത്തിന് പിന്നിൽ അന്ധവിശ്വാസവുമുണ്ടെന്നാണ് അമ്മ പറഞ്ഞത്. എട്ട് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിലാണ് കാരക്കോണത്തെ രാമവർമ്മൻചിറ സ്വദേശിനിയായ ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. സാങ്കേതികമായി രാമവർമ്മൻചിറ തമിഴ്‌നാട്ടിലാണ്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോൺ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തിൽ പ്രധാന തുമ്പായത്. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22).

കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കൾ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.