തിരുവനന്തപുരം: ഇന്നലെ സന്ധ്യ കഴിഞ്ഞ് ഒന്നാം ബ്ലോക്കിലെ ഒന്നാം നമ്പർ ബാരക്കിന്റെ മുന്നിൽ ഡ്യൂട്ടിയിൽ നിന്ന വാർഡന്മാരാണ് നിസാമിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ച കാര്യം ആദ്യം പറയുന്നത്. ടി വി ഫ്‌ളാഷ് കണ്ട് കാര്യങ്ങൾ പറഞ്ഞ വാർഡന്മാർക്ക് കേസ് സംബന്ധിച്ച സർക്കാർ നീക്കത്തെ കുറിച്ച് വിശദമായി പറയാനായില്ല. പിന്നീട് സെല്ലിൽ തന്നെയുള്ള ടിവിയിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിട്ടപ്പോഴാണ് തനിക്ക് വധശിക്ഷ നൽകണമെന്നാവിശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമീപിച്ച സർക്കാരിന്റെ നിലപാടുകൾ നിസാം മനസിലാക്കുന്നത്.

സമചിത്തതയോടെ വാർത്ത മുഴുവനും കണ്ട നിസാം തനിക്ക് ദുഃഖമില്ലന്ന് വരുത്താൻ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകർ തനിക്കായി ഹാജരാകുമെന്നും പറഞ്ഞു. സിറ്റിംഗിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകരെ രംഗത്തിറക്കി സർക്കാർ നീക്കം പൊളിക്കാനാണ് നിസാമിന്റെ നീക്കം. ഉടൻ തന്നെ നിസാമിന്റെ കുടുംബാംഗങ്ങളും അഭിഭാഷകനും ജയിലിൽ എത്തും. നിസാം ജയിലിലായതിനാൽ ബിസിനസിലെല്ലാം വലിയ പാളിച്ചയും നഷ്ടവും വരുന്നു. ഇതിൽ അസ്വസ്ഥതയുണ്ടെങ്കിലും സുപ്രീം കോടതിയിൽ പ്രഗൽഭ അഭിഭാഷകർ എത്തുക വഴി കേസ് തന്നെ തള്ളികളയിപ്പിക്കാമെന്ന് നിസാം കരുതുന്നു. ഈ പ്രതീക്ഷ ഉള്ളതുകൊണ്ടാണ് സർക്കാർ നീക്കം അറിഞ്ഞിട്ടും നിസാമിന്റെ മനസിന് ഉലച്ചിലൊന്നും തട്ടാത്തത്. വളരെ കൂളായി തന്നെയാണ് ഇന്നലെ രാത്രി കാണപ്പെട്ടത്.

അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിസാമിന് വധശിക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ നിസാമിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഭ്രാന്തമായ ആക്രമണമാണ് പ്രതി നടത്തിയതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. എന്നാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. മനസാക്ഷി മരവിപ്പിക്കുന്ന കൃതൃമാണ് നിഷാം നടത്തിയതെന്നും ശിക്ഷയിലൂടെ പരിഷ്‌ക്കരിക്കാനാകുന്ന വ്യക്തിയല്ല പ്രതിയെന്നും അപ്പീലിൽ പറയുന്നു. സ്റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് സംസ്ഥാന സർക്കാരിനായി അപ്പീൽ നൽകിയത്. കഴിഞ്ഞ സെപ്റ്റംബർ 17 ന് വന്ന ഹൈക്കോടതി വിധി അനുകൂലമാകുമെന്ന മുൻധാരണയിൽ വിജയം ആഘോഷിക്കാൻ നിസാം ചില നീക്കങ്ങൾ അന്ന് നടത്തിയിരുന്നു.

നിസാം ഉച്ച ഭക്ഷണം കഴിഞ്ഞ ശേഷമാണ് അന്ന് തന്റെ അഭിഭാഷകനെ വിളിച്ചത്. വിളിക്കുന്നതിന് മുൻപ് സഹതടവുകാരോടു കേസ് ഹൈക്കോടതി പരിഗണിക്കുന്ന വിവരം പറഞ്ഞിരുന്നു. കേസിൽ അനുകൂല വിധി വന്നാൽ ജയിൽ ക്യാന്റീനിൽ നിന്നു മധുരം വാങ്ങി ഒന്നാം ബോള്ക്കിലെ താൻ കിടക്കുന്ന ഒന്നാമത്തെ റൂമിലെ സഹ തടവുകാർക്ക് നല്കാനും നിസാം ആലോചിച്ചിരുന്നു. ഇക്കാര്യം ജയിലിലെ സഹായികളോടും നിസാം പറഞ്ഞിരുന്നു. എന്നാൽ അഭിഭാഷകനോടു സംസാരിച്ചപ്പോൾ കിട്ടിയ വാർത്ത ശുഭകരമായിരുന്നില്ല. സുപ്രീംകോടതിയിൽ പോയാൽ ഈസിയായി കേസ് ജയിക്കുമെന്ന് വക്കീൽ പറഞ്ഞുവെങ്കലും അത് മുഴുവൻ കേൾക്കാൻ നിസാം അന്ന് കൂട്ടാക്കിയില്ല. പിന്നീട് വീട്ടിലേയ്ക്ക് വിളിച്ച നിസാമിനെ ഭാര്യ സമാധാനിപ്പിച്ചുവെങ്കിലും അസ്വസ്ഥനായി തന്നെയായിരുന്നു പെരുമാറ്റം.

മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകനെ സുപ്രീം കോടതിയിൽ ഹാജരാക്കി ഈസിയായി പുറത്തു ഇറങ്ങാമെന്നും ചില നിയമവിദഗ്ധരുടെ അഭിപ്രായം ഉൾപ്പെടെ സൂചിപ്പിച്ച് ഭാര്യ പറഞ്ഞിരുന്നു. 2015 ജനുവരി 29 ന് അറസ്റ്റിലായ നിസാമിന് തൃശൂർ സെഷൻസ് കോടതി ജീവപര്യന്തത്തിന് പുറമെ 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നിസാം നൽകിയ അപ്പീലിലാണ് അന്ന് ഹൈക്കോടതി വിധി പറഞ്ഞത്. ഇതോടെ നല്ലകാലം മുഴുവൻ ബിഡി കമ്പനി മുതലാളിയായിരുന്ന നിസാമിന് അഴിക്കുള്ളിൽ കഴിയേണ്ടി വരും എന്ന ചിന്തയും ഉടലെടുത്തിരുന്നു.

തൃശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കണ്ടശ്ശാംകടവ് സ്വദേശിയായ ചന്ദ്രബോസ്. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിസാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. വീണു കിടന്ന ഇയാളെ നിസാം എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. വാഹനമിടിച്ച് പരിക്കേൽപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിസാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു.

സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും ജനലുകളും നിസാം അടിച്ചു തകർത്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും മർദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ളൈയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കേ ചന്ദ്രബോസ് മരിച്ചു.