തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാസമിതിയുടെ ശുപാർശകൾ സർക്കാർ പരിശോധിക്കുന്നതിന് പിന്നിൽ പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള നീക്കം. പങ്കാളിത്ത പെൻഷൻ പദ്ധതി സർക്കാർ പിൻവലിക്കാനും സാധ്യതയുണ്ട്. ഇങ്ങനെ വന്നാൽ പെൻഷൻ പ്രായം കൂട്ടേണ്ട സാഹചര്യമുണ്ടാകും. വിരമിക്കേണ്ട ജീവനക്കാർക്ക് നൽകേണ്ട പണം നിലവിൽ ഖജനാവിൽ ഇല്ല. ഇതും ഇത്തരം ആലോചനകൾക്ക് പ്രേരക ഘടകമാണ്. ഇതിനൊപ്പം സർക്കാർ ജീവനക്കാരെ കൂടെ നിർത്താനും പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിലൂടെ കഴിയമെന്നാണ് വിലയിരുത്തൽ.

യുഡിഎഫ് സർക്കാരാണ് പെൻഷൻ രീതി പങ്കാളിത്ത മാതൃകയിലേക്ക് മാറ്റിയത്. ഇങ്ങനെ പങ്കാളിത്ത പെൻഷൻ വാങ്ങുന്നവർക്ക് പെൻഷൻ പ്രായം അറുപത് വയസ്സാണ്. പങ്കാളിത്ത പെൻഷൻ പിൻവലിച്ചാലും ഇവരുടെ വിരമിക്കൽ പ്രായം അറുപതാകും. നിലവിൽ ബാക്കിയുള്ളവർക്ക് 56 വയസ്സാണ് വിരമിക്കൽ പ്രായം. അതായത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമ്പോൾ അതിന്റെ പേരിൽ എല്ലാവർക്കും ഒരേ പെൻഷൻ പ്രായം ആക്കേണ്ട സാഹചര്യം വരും. അതുയർത്തി പെൻഷൻ പ്രായം അറുപതാക്കി മാറ്റും. നിലവിൽ 60 വയസ്സിൽ വിരമിക്കേണ്ടവരുടെ പെൻഷൻ പ്രായം കുറയ്ക്കുന്നതിൽ പ്രായോഗികതയുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാകും പെൻഷൻ പ്രായം അറുപതിലേക്ക് എല്ലാവർക്കും ഉയർത്തുക.

രണ്ടു തരം പെൻഷൻ പദ്ധതികളാണ് നിലവിലുള്ളതെന്ന് സാരം. അതായത് യുഡിഎഫ് സർക്കാർ പങ്കാളിത്ത പെൻഷൻ കൊണ്ടു വരുന്നതിന് മുമ്പുള്ളവർക്കെല്ലാം സാധാരണ പെൻഷനാണ്. അവരുടെ വിരമിക്കൽ പ്രായം 56. പങ്കാളിത്ത പെൻഷൻ വന്നതോടെ അതിന് ശേഷം സർക്കാർ ജോലി കിട്ടിയവർക്ക് പെൻഷൻ രീതിയിൽ മാറ്റം വരികയും അവരുടെ വിരമിക്കൽ പ്രായം 60 ആയി മാറുകയും ചെയ്തു. എല്ലാവരും സാധാരണ പെൻഷനിലേക്ക് കടക്കുമ്പോൾ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് ശേഷം ജോലിയിൽ കയറിയവരുടെ വിരമിക്കൽ പ്രായം 60 ആയി തുടരും. ഇത് മുമ്പ് ജോലിക്ക് കയറിയ ജീവനക്കാർക്ക് അതൃപ്തിയായി മാറും. ഇത് പരിഹരിക്കാനാണ് പെൻഷൻ പ്രായം കൂട്ടാനുള്ള ആലോചന. ഫലത്തിൽ പണമില്ലാത്ത ഖജനാവുള്ള സർക്കാരിന് വിരമിക്കൽ ആനുകൂല്യത്തിൽ നാല് കൊല്ലം ആശ്വാസവും കിട്ടും.

എല്ലാ പ്രശ്നത്തിനും കാരണം യുഡിഎഫിന്റെ പങ്കാളത്തി പെൻഷനാണെന്ന വാദിക്കാനും കഴിയും. ഏതായാലും പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാസമിതിയുടെ ശുപാർശകൾ വിശദമായി പഠിക്കാൻ ധന, നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയെ നിയോഗിച്ചത് എല്ലാ വശവും പരിശോധിച്ചാകും. ഈ സമിതിയിൽ ചീഫ് സെക്രട്ടറി മുമ്പോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ നിർണ്ണായകമാകും. അത് സർക്കാർ അംഗീകരിച്ചേക്കും. 2021 ഏപ്രിലിൽ പുനഃപരിശോധനാസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം വിവരാവകാശ കമ്മിഷണർ നിർദ്ദേശിച്ചിട്ടു പോലും സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതു സംബന്ധിച്ച കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. കേന്ദ്ര സർക്കാരിലും പങ്കാളിത്ത പെൻഷനാണ്. ഇതിനെതിരെ സമരം ചെയ്യുന്നത് ഇടത് സർവ്വീസ് സംഘടനകളാണ്.

പങ്കാളിത്ത പെൻഷൻ പദ്ധതി രാജ്യത്താകെ പിൻവലിക്കണമെന്ന ആവശ്യവുമായി സിപിഎമ്മിന്റെ സർവീസ് സംഘടനകൾ ഉൾപ്പെടെ നാളെ പാർലമെന്റ് മാർച്ച് നടത്തുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡ്, രാജസ്ഥാൻ ഉൾപ്പെടെ 6 സംസ്ഥാനങ്ങൾ പദ്ധതിയിൽനിന്നു പിന്മാറിക്കഴിഞ്ഞു. അങ്ങനെ കേന്ദ്ര സർക്കാരിന്റെ പങ്കാളിത്ത പെൻഷനെ എതിർക്കുന്നവർ ഭരിക്കുന്ന കേരളത്തിൽ പങ്കാളിത്ത പെൻഷനാണുള്ളത്. ഇത് ദേശീയ തലത്തിൽ ചർച്ചയാകുന്നതു കൊണ്ടാണ് സംസ്ഥാന സർക്കാരും പുനപരിശോധനയിലേക്ക് പോകുന്നത്.

2013 ഏപ്രിൽ ഒന്നിനു സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയിൽ ഇപ്പോൾ ഒന്നര ലക്ഷം ജീവനക്കാരാണ് അംഗങ്ങൾ. ഇടതുമുന്നണി അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകാറായപ്പോഴാണ് സമിതിയെ ചുമതലപ്പെടുത്തിയത്. സമിതി നൽകിയ റിപ്പോർട്ട് 2 വർഷമായിട്ടും സർക്കാർ പരിശോധനയ്ക്കെടുത്തില്ല. ഇതെല്ലാം വിമർശന വിധേയമാക്കി.

ശമ്പള പരിഷ്‌കരണത്തിന്റെയും ക്ഷാമബത്തയുടെയും കുടിശിക നൽകാത്തതിൽ ജീവനക്കാർക്കിടയിൽ പരാതിയുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്നും പകരം ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്നുമാണു വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശ എന്നാണു സൂചന. ഒന്നുകിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അല്ലെങ്കിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകി പദ്ധതി നിലനിർത്തുക എന്നീ രണ്ടു മാർഗങ്ങളാണു സർക്കാരിനു മുന്നിലുള്ളത്. ഇതിനൊപ്പം ചീഫ് സെക്രട്ടറിയുടെ സമിതി മുമ്പോട്ട് വയ്ക്കുന്ന മറ്റ് നിർദ്ദേശങ്ങളും പരിഗണിക്കും.

പെൻഷൻ പദ്ധതിയിലേക്കുള്ള സർക്കാർ വിഹിതം കേന്ദ്ര സർക്കാരും പല സംസ്ഥാനങ്ങളും കൂട്ടിയിട്ടും കേരളം വർധിപ്പിക്കാൻ തയാറായിട്ടില്ല. ഇത് കൂട്ടേണ്ട സാഹചര്യവുമുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ അത് ചെയ്യാനുള്ള സാമ്പത്തിക കരുത്ത് കേരളത്തിനില്ല. ഈ സാഹചര്യത്തിലാണ് പങ്കാളിത്ത പെൻഷൻ പിൻവലിച്ച് എല്ലാ ജീവനക്കാർക്കും പെൻഷൻ പ്രായം ഉയർത്താനുള്ള ചർച്ച. ഇതിലൂടെ വിരമിക്കുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നാല് വർഷത്തേക്ക് കൊടുക്കേണ്ടിയും വരില്ല. ഇത് ഖജനാവിന് ആശ്വാസമാകുകയും ചെയ്യും.