വൈപ്പിൻ: ഒന്നേകാൽ വർഷം മുൻപു കാണാതായ യുവതിയെ കൊലപ്പെടുത്തി വീട്ടുമുറ്റത്തു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിന്റെ കുറ്റസമ്മത മൊഴിയിലുള്ളതും സംശയ രോഗം നായരമ്പലം നികത്തിത്തറ രമ്യയാണ് (35) കൊല്ലപ്പെട്ടത്. ഭർത്താവ് എടവനക്കാട് അറക്കപറമ്പിൽ സജീവിനെ (45) പൊലീസ് അറസ്റ്റ് ചെയ്തത് കുറ്റസമ്മതത്തിന് ശേഷമാണ്. ഞാറയ്ക്കൽ സിഐയ്ക്ക് മുമ്പിൽ കീഴടങ്ങുകയായിരുന്നു സജീവൻ. എടവനക്കാട് വാച്ചാക്കൽ പടിഞ്ഞാറ് ഇവർ രണ്ടു മക്കൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ കാർപോർച്ചിന്റെ തറയോടു ചേർന്നാണു മൃതദേഹം കുഴിച്ചിട്ടിരുന്നത്.

പൊലീസ് നടത്തിയ പരിശോധനയിൽ ഈ ഭാഗത്തുനിന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കൊല്ലപ്പെട്ടതു രമ്യ തന്നെയെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കണം. ഇലന്തൂർ നരബലിക്കേസിനെ തുടർന്ന്, സ്ത്രീകളെ കാണാതായ കേസുകൾ പൊലീസ് പ്രത്യേകം പരിശോധിച്ചിരുന്നു. സഹോദരിയെ കാണാതായെന്ന പരാതിയിൽ സഹോദരൻ പൊലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. ഈ കേസിൽ സജീവനെ വിളിച്ചു വരുത്തി പൊലീസ് മൊഴി എടുത്തു. ഇതോടെയാണ് സംശയങ്ങൾ തുടങ്ങുന്നത്. പൊലീസിന്റെ നിരന്തര നിരീക്ഷണത്തിന് ശേഷം സജീവനെ വിശദമായി പൊലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ച് അടുത്ത ദിവസം സജീവൻ കീഴടങ്ങിയത്. കൊലപാതകം എങ്ങനെ നടന്നുവെന്നും വിശദീകരിച്ചു.

2021 ഒക്ടോബർ 16നു കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം. മക്കൾ ഇല്ലാതിരുന്ന ദിവസം പകൽ വീടിനുള്ളിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു ശേഷം രാത്രി കുഴിയെടുത്തു മൃതദേഹം മറവുചെയ്യുകയായിരുന്നു. ഇതാണ് മൊഴിയും. സംഭവ ദിവസം സജീവൻ ജോലിക്ക് പോയി. എന്നാൽ പെട്ടെന്ന് തിരിച്ചു വന്നു. ഈ സമയം ഫോണിൽ ഭാര്യ സംസാരിക്കുന്നത് കണ്ടു. ഇതോടെ ഒളിച്ചു നിന്ന് ആരോടോ ഭാര്യ സംസാരിക്കുകയാണെന്ന് മനസ്സിലായി. ഭർത്താവിനെ ഫോണിലൂടെ രമ്യ കുറ്റം പറയുന്നുമുണ്ടായിരുന്നു. ഇതോടെ സജീവന്റെ മനസ്സിൽ സംശയങ്ങൾ തുടങ്ങി. പതിയെ ഭാര്യയുടെ അടുത്തു വന്ന് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഇതിനെ രമ്യ പ്രതിരോധിച്ചു. മുകളിലേക്ക് കയറി ഓടി. പിന്നാലെ സജീവനും. അവിടേയും പിടിവലി തുടർന്നു. താഴേക്കും എത്തി. ഫോണിൽ സംസാരിച്ച ആളിനെ കണ്ടെത്താനായിരുന്നു സജീവന്റെ ശ്രമം.

ഇതിനിടെ കൈയാങ്കളി പുതിയ രൂപത്തിലെത്തി. തന്റെ കഴുത്തിൽ കയറിട്ട് രമ്യ കുരുക്കിടാൻ ശ്രമിച്ചെന്ന് സജീവൻ പറയുന്നു. ഇതോടെ ആ കയർ പിടിച്ചു വാങ്ങി തിരിച്ചു കഴുത്തിൽ കുരുക്കിട്ടു. കുരുക്കിനെ മുറുക്കി മരണമുറപ്പാക്കി. അതിന് ശേഷം ആരും ആറിയാതെ കുഴിച്ചുട്ടു. പിടിക്കപ്പെടാതിരിക്കാൻ കഥകളും പറഞ്ഞു. അഞ്ചു കൊല്ലമായി ഭാര്യയുമായി പിണക്കത്തിലായിരുന്നു താനെന്ന് സജീവൻ മൊഴി നൽകിയിട്ടുണ്ട്. ലൈംഗിക ബന്ധം പോലുമുണ്ടായിരുന്നില്ല. ഈ നിരാശയാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് മൊഴി. ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന സംശയമാണ് എല്ലാ കുടുംബ പ്രശ്‌നത്തിലും കാരണമായതെന്നും മൊഴിയുണ്ട്. ഇത് പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. പരിശോധനകൾ തുടരുകയാണ്. മൃതദേഹം രമ്യയുടേതാണെന്ന് ഉറപ്പിച്ച ശേഷം വിശദ അന്വേഷണം നടത്തും.

മരണ സമയത്ത് ബനിയനും ബെർമുഡയുമായിരുന്നു രമ്യ ധരിച്ചിരുന്നതെന്നാണ് മൊഴി. ഇതെല്ലാം കത്തിച്ചു കളഞ്ഞെന്നും പൊലീസിനോട് സജീവൻ സമ്മതിച്ചിട്ടുണ്ട്. രമ്യയെ കാണാതായതിനെക്കുറിച്ച് സജീവ് 2 തരത്തിലാണു ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. ബ്യൂട്ടീഷൻ കോഴ്‌സ് പഠനം കഴിഞ്ഞു മുംബൈയിൽനിന്നു ഗൾഫിലേക്കു ജോലിതേടിപ്പോയെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ രമ്യ ഫോണിൽപോലും ആരെയും ബന്ധപ്പെടാതായതോടെ പലർക്കും സംശയം തോന്നി. ഈ ഘട്ടത്തിൽ രമ്യയുടെ സഹോദരനും പൊലീസിൽ പരാതി നൽകിയിരുന്നു. അപ്പോൾ മറ്റൊരു കഥയാണു സജീവ് പറഞ്ഞത്.

കോഴ്‌സിനിടെ മറ്റൊരാളുമായി അടുപ്പത്തിലായ രമ്യ അയാൾക്കൊപ്പം വിദേശത്തു പോയെന്നു സജീവ് പറഞ്ഞു. ഇക്കാര്യം വിശദമായി അന്വേഷിച്ച എറണാകുളം റൂറൽ പൊലീസ് രാജ്യത്തെ ഒരു വിമാനത്താവളം വഴിയും രമ്യ ഒന്നര വർഷത്തിനിടെ പോയിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സജീവിനെ വിശദമായി ചോദ്യംചെയ്യുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയാണു സജീവ്. 17 വർഷം മുൻപായിരുന്നു വിവാഹം.പ്രണയ വിവാഹവും. നരബലി കേസുകളുടെ ഭാഗമായി പൊലീസ് മിസിങ് കേസുകളിൽ കാര്യമായ അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി രമ്യയുടെ തിരോധാനവും അന്വേഷിക്കുകയായിരുന്നു.

ഇതിന്റെ തുടർച്ചയായി മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. സജീവന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ ശ്രദ്ധിച്ച പൊലീസ് പ്രതിയെ നിരീക്ഷിച്ചിരുന്നു. സജീവൻ കേസിൽ വലിയ താത്പര്യം കാണിക്കാതിരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എറണാകുളം എടവനക്കാട് വാച്ചാക്കൽ പഞ്ചായത്തിന് പടിഞ്ഞാറ് വാടകക്ക് താമസിക്കുന്ന അറക്കപ്പറമ്പിൽ സജീവന്റെ കുറ്റസമ്മതം അങ്ങനെ കേരളത്തെ ഞെട്ടിച്ച കൊലപാതകമായി. തീർത്തും അവിശ്വസനീയമായ കാര്യങ്ങൾക്കാണ് ഇന്നലെ ഞാറക്കലിൽ തുമ്പുണ്ടായത്. കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊന്നശേഷം താമസിച്ചിരുന്ന വീടിന്റെ സിറ്റൗട്ടിന് സമീപം കുഴിച്ചുമൂടുകയായിരുന്നു.

വാച്ചാക്കലിൽ വർഷങ്ങളായി വാടകക്ക് താമസിച്ച് വരുകയായിരുന്നു വൈപ്പിൻ സ്വദേശികളായ രമ്യയും സജീവനും. ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഈ പ്രണയത്തിന്റെ പേരിൽ ബന്ധുക്കളുടെ എതിർപ്പും നേരിടേണ്ടി വന്നിരുന്നു. ഇതോടെ ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇവരുടേത്. വിവാഹിതരായി രണ്ട് മകളും ഉണ്ടായ ശേഷമാണ് ഇവരുടെ ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടായിരിക്കുന്നത്. അവിടെ വില്ലനായി മാറിയത് മൊബൈൽ ഫോണായിരുന്നു. ഭാര്യയുടെ ഫോൺവിളികളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെയിന്റിങ് തൊഴിലാളിയായ സജീവ് നാട്ടിലെ സൗഹൃദക്കൂട്ടായ്മകളിലും മറ്റ് പരിപാടികളിലും സജീവമായിരുന്നു. അതേസമയം, എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന രമ്യയാകട്ടെ അയൽവാസികളുമായിപോലും കാര്യമായ അടുപ്പം പുലർത്തിയിരുന്നില്ലെന്നും പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്കാണ് സജീവനെ അറസ്റ്റ് ചെയ്തത്.

ഭാര്യയ്ക്ക് ഒരു കാമുകനുണ്ടായിരുന്നുവെന്നും അയാൾക്കൊപ്പം അവൾ ഒളിച്ചോടിയെന്നും സ്വന്തം മക്കളെപ്പോലും വിശ്വസിപ്പിക്കാൻ സജീവന് കഴിഞ്ഞു. എന്നാൽ ഒരു കാര്യത്തിൽ മാത്രം സജീവന് പിഴച്ചു. ആ ഒരു പിഴവിൽ പൊലീസ് പിടിച്ചുകയറുകയും ചെയ്തു. അമ്മ കാമുകനൊപ്പം ഒളിച്ചോടിയെന്നാണ് മക്കളെയുൾപ്പെടെ സജീവൻ വിശ്വസിപ്പിച്ചത്. അമ്മ ചീത്തയാണെന്ന് മക്കളെ വിശ്വസിപ്പിച്ചതും പാളി. ഇവിടെയാണ് സജീവനെ സംശയിച്ചത്. രമ്യയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ പഞ്ചായത്ത് അധികൃതർക്ക് പൊലീസ് അറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ പഞ്ചായത്ത് അംഗമെത്തുകയും ചെയ്തിരുന്നു.

ആ സമയം സജീവൻ പട്ടിയെ അഴിച്ചുവിട്ടിരിക്കുകയായിരുന്നു. പിന്നീട് സജീവനെക്കണ്ട് വിവരം തിരക്കിയപ്പോൾ രമ്യ വിദേശത്ത് പോയെന്ന മറുപടിയാണ് നൽകിയതും.