തിരുവനന്തപുരം : മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ ലേ സെക്രട്ടറിക്കെതിരെ ഗുരുതര ബന്ധുനിയമന ആരോപണമാണ് കഴിഞ്ഞ ദിവസം ഉയർന്നത്. മൃദുലകുമാരി മകനും കോളേജ് വിദ്യാർത്ഥിയുമായ അഭിജിത്ത് എസ് എം ഉൾപ്പടെ ആറ് പേരെ അനധികൃതമായി തിരികികയറ്റിയെന്നതിന് വ്യക്തമായ തെളിവുകൾ അവിടെ മെഡിസെപ് കൗണ്ടറിൽ കൂട്ടും കൂടിയിരിക്കുന്നവർ തന്നെയാണ്. എന്നാൽ അത് ലേ സെക്രട്ടറി മാത്രം വിചാരിച്ചപ്പോൾ നടന്ന കാര്യമല്ല. കോവിഡ് കാലത്തെ മറയാക്കി വിവിധ തസ്തികളിൽ നിരവധി പേരെയാണ് താത്കാലികകാരെ നിയമിച്ചത്. എല്ലാം കുടുംബശ്രീ വഴി എന്ന ഓമനപേരിലാക്കി. മെഡിക്കൽ കോളേജ് അടക്കി വാഴുന്ന ഡി ആർ അനിലായിരുന്നു ആ നിയമനങ്ങൾക്ക് പിന്നിലും. എന്നാൽ ലേ സെക്രട്ടറിയെ പിണക്കാതിരിക്കാൻ അവർക്ക് ആറ് ഒഴിവ് വീതം വച്ചു നൽകിയെന്നതാണ് വാസ്തവം.

മെഡിക്കൽ കോളേജിലേയും എസ് എ ടിയിലേയും നിയമന അഴിമതികൾ സമാനതകളില്ലാത്തതാണ്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി ആർ അനിലും മേയർ ആര്യാ രാജേന്ദ്രനും വിജിലൻസിന് കത്ത് നൽകി. കത്ത് പരിശോധിച്ച് കുറ്റവിമുക്തരാക്കാനാണ് ഇതെല്ലാം. ഈ സാഹചര്യത്തിലാണ് എസ് എ ടിയിലെ നിയമന അഴിമതിയിൽ വിശദ റിപ്പോർട്ട് മറുനാടൻ പുറത്തു വിട്ടത്. വിജിലൻസ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ചാൽ തന്നെ ഞെട്ടിക്കുന്ന അഴിമതി പുറത്തു വരും. മെഡിക്കൽ കോളേജിലും ആശുപത്രി വികസന സമിതിയുടെ പേരിൽ ഇത്തരം നിയമനങ്ങൾ നടക്കുന്നുണ്ട്. സംഭവത്തിൽ മന്ത്രി വീണാജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും സത്യം പുറത്തുവരുമോയെന്നത് സംശയമാണ്. കാരണം സുതാര്യമായ അന്വേഷണം നടന്നാൽ കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങും. അങ്ങനയെങ്കിൽ പണം നൽകി നിയമനം നേടിയവരെല്ലാം രംഗത്തെത്തും. അത് പാർട്ടിക്ക് ഉൾപ്പെടെ വലിയ ബുദ്ധിമുട്ടാകും.

ഡി.എം.ഇ തോമസ് മാത്യുവിനാണ് അന്വേഷണ ചുമതല. അന്വേഷണം തുടക്കത്തിലെ തണുത്ത മട്ടിലാണ്. കോവിഡ് കാലത്തെ അടിയന്തരസാഹചര്യമെന്ന പേരിലാണ് നിയമനങ്ങളെല്ലാം. എന്നാൽ ഇക്കൂട്ടർക്ക് കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധമില്ല. അഭിജിത്തിന് മെഡസെപ് കൗണ്ടറിൽ മാത്രമല്ല സി സി ടി വി നിരീക്ഷണ സ്റ്റുഡിയോയിലും നിയമിച്ചിട്ടുണ്ട്. രണ്ട് ജോലിയും രണ്ട് ശമ്പളവും. ലേ സെക്രട്ടറിയുടെ മകൻ രാവിലെ എത്തി ഒപ്പിട്ട ശേഷം കോളേജിലേക്ക് പോകും. സമയം കിട്ടുമ്പോൾ മടങ്ങിയെത്തും. അഭിജിത്തിന്റെ കൂട്ടുകാരിയും കൂട്ടുകാരൻ നിധിൻ, ലേ സെക്രട്ടറിയുടെ അനിയത്തിയുടെ മകൾ, ഇവരുടെ ഭർത്താവ് രാഹുൽ രാജ്, ലേ സെക്രട്ടറിയുടെ കുടുംബവീടിന് സമീപത്തെ അയൽവാസി സാജൻ തുടങ്ങിയവരാണ് പിൻവാതിലിലൂടെ എത്തിയത്.

എല്ലാവർക്കും മെഡിസെപ് കൗണ്ടറിലാണ് നിയമനം. മുപ്പതിനായിരം രൂപവരെയാണ് പ്രതിമാസം ഓരോരുത്തരുടെയും ശമ്പളം. താത്കാലിക ജീനക്കാരെ 170 ദിവസം കൂടുമ്പോൾ ഇടവേള നൽകി മാറ്റി നിയമിക്കണമെന്ന വ്യവസ്ഥയും ഇവർക്ക് ബാധകമല്ല. താത്കാലികമായി നിയമിച്ച ഇവർക്ക് നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡുകളിൽ കാലാവധി 65വയസുവരെ എന്നതാണ് മറ്റൊരു വിരോധാഭാസം. അധനികൃത നിയമനങ്ങളെല്ലാം കാലങ്ങളായി ഇതെല്ലാം പരസ്യമായ രഹസ്യമാണ്. ഇത് സംബന്ധിച്ച് ആഭ്യന്തരമായി പല പരാതികളും ഉയർന്നെങ്കിലും വെളിച്ചം കണ്ടില്ല. കുടുംബശ്രീ വഴി ഒരുകൂട്ടം പേരെ നിയമിച്ചതിനൊപ്പമാണ് ഈ ആറ് പേരെയും നിയമിച്ചിരിക്കുന്നതിനാൽ ഇക്കാര്യം പുറത്ത് വന്നാൽ മറ്റുള്ളവരെയും ബാധിക്കും. കുടുംബ ശ്രീ പട്ടികയിലെ പലരും രാഷ്ട്രീയ നിയമനങ്ങളാണ്.

ബന്ധുക്കൾ മാത്രമല്ല, പണം വാങ്ങിയും നിരവധി പേരെ നിയമിച്ചതായാണ് ആരോപണം. ലിസ്റ്റ് തയ്യാറാക്കിയതും ചുക്കാൻ പിടിച്ചകുമെല്ലാം രാഷ്ട്രീയ നേതൃത്വമാണെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ആശുപത്രി വികസന സമിതി, സൊസൈറ്റി എന്നിവിടങ്ങളിൽ കൂട്ടത്തോടെയാണ് ബന്ധുക്കളെയും പാർട്ടിക്കാരെയും തിരികി കയറ്റിരിക്കുന്നത്. ഇതേ ലേ സെക്രട്ടറി സ്വന്തം നിലയിൽ വ്യാപകമായി മരുന്ന് പർച്ചേസ് നടത്തുന്നതായും അതിന്റെ നിശ്ചിത കമ്മീഷൻ ആശുപത്രിക്ക് അകത്തും പുറത്തുമുള്ള പ്രമുഖകർക്ക് വീതം വച്ചു നൽകുന്നതായും ആക്ഷേപമുണ്ട്. കോർപറേഷനിലെ നിയമങ്ങൾക്ക് മേയർ പാർട്ടി സെക്രട്ടറിക്ക് എഴുതിയ കത്ത് വിവാദമായതിന് പിന്നാലെ എസ്.എ.ടിയിലെ വിശ്രമകേന്ദ്രത്തിലേക്ക് ജോലിക്ക് ആളെ നിയമിക്കുന്നതിനുള്ള പട്ടിക തേടികൊണ്ട് കോർപറേഷൻ പാർലമെന്ററി പാർട്ടി ലീഡർ ഡി.ആർ.അനിൽ എഴുതിയ കത്തും പുറത്തുവന്നിരുന്നു.

കത്ത് എഴുതിയത് അനിലാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. നഗരസഭയിലെ എസ്.എ.റ്റി ആശുപത്രിയിൽ എൻ.യു.എൽ.എം പദ്ധതി പ്രകാരം രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നിർമ്മിച്ച വിശ്രമകേന്ദ്രത്തിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കാൻ അഭ്യർത്ഥിച്ചായിരുന്നു അനിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ചത്. ഡി.ആർ അനിലിന്റെ പേരിലുള്ള ലെറ്റർ പാഡിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഒക്ടോബർ 24 ന് അയച്ച കത്താണിത്. വിശ്രമകേന്ദ്രത്തിലേക്ക് കുടുംബശ്രീ മുഖേന ജീവനക്കാരെ നിയമിക്കാൻ 23.09.2022 ൽ ചേർന്ന മോണിറ്ററിങ് കമ്മിറ്റിയിൽ തീരുമാനിച്ചതായി കത്തിൽ പറയുന്നു. മാനേജർ -1 ( വേതനം- 20000 രൂപ) , കെയർ ടേക്കർ/ സെക്യൂരിറ്റി -5 (വേതനം- 17000) , ക്ലീനർ -3 (വേതനം- 12500) തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.

നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ഒഴിവുകളിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് മുൻഗണന പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരം തിരുകികയറ്റലുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.