കൊച്ചി: ലൈഫ് മിഷൻ കരാറിലെ കള്ളപ്പണക്കേസിൽ കോടതി റിമാന്റ് ചെയ്തതിനെ തുടർന്ന് കാക്കനാട് ജില്ലാ ജയിലിൽ എത്തിച്ച ശിവശങ്കറിന് കഴിഞ്ഞ ഒരാഴ്ചയായി മുട്ടുവേദന അലട്ടുന്നുണ്ടായിരുന്നു. നന്നായി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ ജയിൽ ഡോക്ട്രർ അവധിയായതിനാൽ പുറത്തു നിന്ന് എത്തിയിരുന്ന ഡോക്ടർ ആണ് ചികിത്സിച്ചിരുന്നത്. ചികിത്സയിൽ ഒരു കുറവും വന്നില്ലന്ന് മാത്രമല്ല വേദന അസഹ്യമായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ജില്ലാ ജയിൽ സൂപ്രണ്ട് തന്നെ മുൻ കൈ എടുത്ത് ശിവശങ്കറെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ച ശിവശങ്കറെ ആദ്യം ഐ സി യുവിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഓർത്തോ വിഭാഗത്തിലേക്ക് മാറ്റി. കാൽമുട്ടിന്റെ വേദന ശമിക്കാത്തിനാൽ അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ ഹൃദ്രോഗവും മറ്റു ആരോഗ്യ പ്രശ്നങ്ങളും ശിവശങ്കറെ അലട്ടുന്നുണ്ട്. ശസ്ത്രക്രിയയുടെ കാര്യവും ചികിത്സാ വിവരങ്ങളും മെഡിക്കൽ കോളേജ് സൂപ്രണ്ട് കോടതിക്ക് കൈമാറിയെന്നാണ് വിവരം. ശിവശങ്കറെ ആശുപത്രിയിൽ ആക്കിയ വിവരവും ശസ്ത്രക്രിയ നടത്തുന്ന കാര്യവും ജയിൽ അധികൃതർ തന്നെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റാണ് ഭാര്യ. അവർ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഓർത്തോവിഭാഗം മേധാവിയുമായി ആശയവിനിമയം നടത്തുമെന്നാണ് സൂചന. ആവിശ്യമെങ്കിൽ ചികിത്സ തിരുവനന്തപുരത്തേക്ക് മാറ്റാൻ കോടതിയോടും അനുമതി ചോദിക്കാനും സാധ്യതയുണ്ട്. തിരുവനന്തപുരം പാൽകുളങ്ങരയിൽ താമസമുള്ള ശിവശങ്കറിന്റെ അച്ഛനും മറ്റു ബന്ധുക്കളും സ്ഥിരം ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്. ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലിൽ എത്തിച്ചപ്പോൾ പാർപ്പിച്ചിരുന്നത് പിടിച്ചു പറിക്കാർക്കും പീഡകർക്കും ഒപ്പമായിരുന്നു. ആരോടും മിണ്ടാതെ ഒറ്റയ്ക്ക് സെല്ലിന്റെ ഒരറ്റത്ത്് ഒതുങ്ങിയിരിക്കുന്ന ശിവശങ്കറിനോടു കൂട്ടു കൂടണമെന്ന് സഹ തടവുകാർക്കുണ്ടായിരുന്നു. ചിലർ മിണ്ടാൻ ശ്രമിച്ചെങ്കിലും മറുപടി ഇല്ലാത്ത ആവസ്ഥയായിരുന്നു.

ഇടയ്ക്കിടെ സൂപ്രണ്ടോ മറ്റു വാർഡന്മാരോ അദ്ദേഹത്തെ വന്നു കണ്ട് സുഖ വിവരം തിരക്കുമായിരുന്നു. അധിക പ്രിവിലേജുകൾ ഒന്നും അനുവദിച്ചിട്ടില്ലെന്നാണ് സൂപ്രണ്ട് പറഞ്ഞിരുന്നത്്. ജയിലിൽ പ്രവേശിപ്പിക്കുമ്പോൾ ബി പി യിൽ വ്യത്യാസം ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യത്തിലും ചികിത്സയിലും പ്രത്യേക ശ്രദ്ധ വേണമെന്ന കോടതി ഉത്തരവും ശിവശങ്കർ ഹാജരാക്കിയിരുന്നു. ഇതിന്റെ വെളിച്ചത്തിൽ കൂടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സെല്ലിനകത്തെ താമസം, പായ വിരിച്ച് തറയിൽ കിടക്കേണ്ടി വന്നത. ഇതൊക്കെ വല്ലാത്ത വിമ്മിഷ്ടം ശിവശങ്കറിൽ ഉണ്ടാക്കിയിരുന്നു.. അതു കൊണ്ടു തന്നെ എത്രയും പെട്ടന്ന് ആശുപത്രിയിലേയ്ക്ക് മാറാൻ ആഗ്രഹിച്ചിരുന്നു. ജയിൽ ഡോക്ടർ കൂടി അനുകൂലമായാൽ കാര്യങ്ങൾ എളുപ്പമാവുമെന്നായിരുന്നു കണക്കു കൂട്ടൽ. അതിനിടെ വന്ന മുട്ടു വേദന വൈദ്യൻ ഇച്ഛിച്ചതു രോഗി കൽപ്പിച്ചതും പാലാക്കി.

സെല്ലിനുള്ളിൽ നിന്നും അതിരാവിലെ ഒരു മണിക്കൂറും ഉച്ചക്ക് ഭക്ഷണത്തിനും വൈകുന്നേരം അത്താഴത്തിനുമാണ് പുറത്തിറക്കിയിരുന്നത്.. ശിവശങ്കറിന് ഭക്ഷണം സെല്ലിൽ തന്നെ എത്തിച്ചു നല്കിയിരുന്നു. സെല്ലിൽ മുഴുവൻ സമയവും വായന തന്നെയായിരുന്നു.. ലൈബ്രറിയിൽ നിന്നും ശിവശങ്കർ വേണ്ട പുസ്തകങ്ങൾ വരുത്തിച്ചാണ് വായിച്ചിരുന്നത്. ഇംഗ്ലീഷ് കുറ്റാന്വേഷണ നോവലുകളോടായിരുന്നു താൽപര്യം. ശിവ ശങ്കർ ആവശ്യപ്പെട്ട പുസ്തകങ്ങൾ ഒന്നും ജയിൽ ലൈബ്രറിയിൽ നിന്നും കിട്ടിയതുമില്ല. തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

ലൈഫ് മിഷനിൽ കോഴപ്പണം കൈപ്പറ്റിയെന്ന് ശിവശങ്കർ ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും സമ്മതിച്ചിട്ടില്ല. സ്വപ്നയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകൾ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കർ മറുപടി നൽകിയത്. ലൈഫ് മിഷൻ അഴിമതിക്ക് പിന്നിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും, കോഴയായി കോടികൾ കൈപ്പറ്റിയിട്ടുണ്ടെന്നുമുള്ള കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ശക്തമാക്കിയത്. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ അടക്കം ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്.