കൊച്ചി: ലൈഫ് മിഷൻ കരാറിലെ കള്ളപ്പണക്കേസിൽ കോടതി അടുത്ത മാസം എട്ടുവരെ റിമാന്റ് ചെയ്തതിനെ തുടർന്ന് കാക്കനാട് ജില്ലാ ജയിലിൽ എത്തിച്ച ശിവശങ്കറിനെ പാർപ്പിച്ചിരിക്കുന്നത് പിടിച്ചു പറിക്കാർക്കും പീഡകർക്കും ഒപ്പം. ആരോടും മിണ്ടാതെ ഒറ്റയ്ക്ക് സെല്ലിന്റെ ഒരറ്റത്ത്് ഒതുങ്ങിയിരിക്കുന്ന ശിവശങ്കറിനോടു കൂട്ടു കൂടണമെന്ന് സഹ തടവുകാർക്കുണ്ട്. ചിലർ മിണ്ടാൻ ശ്രമിച്ചെങ്കിലും മറുപടി ഇല്ല.

കൂടാതെ ഇടയ്ക്കിടെ സൂപ്രണ്ടോ മറ്റു വാർഡന്മാരോ അദ്ദേഹത്തെ വന്നു കണ്ട് സുഖ വിവരം തിരക്കുന്നുണ്ട്. അധിക പ്രിവിലേജുകൾ ഒന്നും അനുവദിച്ചിട്ടില്ലെന്നാണ് സൂപ്രണ്ട് പറയുന്നത്. ഇന്നലെ രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചു. അതിന്റെ ആലസ്യവും അസ്വസ്ഥതയും ശിവശങ്കറിന്റെ മുഖത്ത് പ്രകടമാണ്. ഉപ്പു മാവും കടല കറിയുമായിരുന്നു പ്രഭാത ഭക്ഷണം. അത് കഴിച്ചുവെന്ന് വരുത്തി തീർത്തു.

ഉച്ചക്ക് മട്ടനും ചോറും പുളിശ്ശേരിയും എത്തിച്ചിട്ടും കഴിച്ചില്ലന്നാണ് വിവരം. ജയിൽ ഡോക്ടർ ദീർഘകാല അവധിയായതിനാൽ പുറത്തു നിന്നെത്തിയ ഡോകട്റാണ് ശിവശങ്കറിനെ പരിശോധിച്ചത്. ബി പി യിൽ വ്യത്യാസം ഉണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. ഇദ്ദേഹത്തിന്റെ ആരോഗ്യത്തിലും ചികിത്സയിലും പ്രത്യേക ശ്രദ്ധ വേണമെന്ന കോടതി ഉത്തരവും ശിവശങ്കർ ഹാജരാക്കിയിരുന്നു. ഇതിന്റെ വെളിച്ചത്തിൽ ആശുപത്രിയിലേക്ക് മാറ്റാനാണ് നീക്കം.

സെല്ലിനകത്തെ താമസം, പായ വിരിച്ച് തറയിൽ കിടക്കേണ്ടി വന്നത,് ഇതൊക്കെ വല്ലാത്ത വിമ്മിഷ്ടം ശിവശങ്കറിൽ ഉണ്ടാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ എത്രയും പെട്ടന്ന് ആശുപത്രിയിലേയ്ക്ക് മാറാനാണ് നീക്കം. ജയിൽ ഡോക്ടർ കൂടി അനുകൂലമായാൽ കാര്യങ്ങൾ എളുപ്പമാവുമെന്നാണ് സൂചന.

സെല്ലിനുള്ളിൽ നിന്നും അതിരാവിലെ ഒരു മണിക്കൂറും ഉച്ചക്ക് ഭക്ഷണത്തിനും വൈകുന്നേരം അത്താഴത്തിനുമാണ് പുറത്തിറക്കുന്നത്. ശിവശങ്കറിന് ഭക്ഷണം സെല്ലിൽ തന്നെ എത്തിച്ചു നല്കുന്നുണ്ട്. സെല്ലിൽ മുഴുവൻ സമയവും വായന തന്നെയാണ്. ലൈബ്രറിയിൽ നിന്നും ശിവശങ്കർ വേണ്ട പുസ്തകങ്ങൾ വരുത്തിച്ചാണ് വായിക്കുന്നത്. ഇംഗ്ലീഷ് കുറ്റാന്വേഷണ നോവലുകളാണ് താൽപര്യം. ശിവ ശങ്കർ ആവശ്യപ്പെട്ട പുസ്തകങ്ങൾ ഒന്നും ജയിൽ ലൈബ്രറിയിൽ ഇല്ല. അതുകൊണ്ട് തന്നെ കിട്ടുന്ന പുസ്തകങ്ങളിൽ നല്ലത് വായിക്കുന്നു. പത്രവായനയും മുടക്കാറില്ല. വാർഡന്മാരും സൂപ്രണ്ടും നല്കുന്ന പരിഗണന മാത്രമാണ് ആശ്വാസം. റിമാന്റ് പ്രതിയായതു കൊണ്ട് ജയിൽ വസ്ത്രങ്ങൾ ധരിക്കേണ്ടി വന്നില്ല.

ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്. ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്റെ ആവശ്യം.
ഒൻപത് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ എൻഫോഴ്സ്മെന്റ് ശിവശങ്കറിനെ കൂടതൽ കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടില്ല. ഇത്രയും ദിവസം ചോദ്യം ചെയ്തെങ്കിലും ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷനിൽ കോഴപ്പണം കൈപ്പറ്റിയെന്ന് ശിവശങ്കർ ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും സമ്മതിച്ചിട്ടില്ല. സ്വപ്നയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകൾ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കർ മറുപടി നൽകിയത്. ലൈഫ് മിഷൻ അഴിമതിക്ക് പിന്നിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും, കോഴയായി കോടികൾ കൈപ്പറ്റിയിട്ടുണ്ടെന്നുമുള്ള കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ശക്തമാക്കിയത്. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങിയത്.

നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ അടക്കം ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്.

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്റേത്. യുഎഇയുടെ സഹകരണത്തോടെ ലൈഫ് മിഷൻ പദ്ധതിപ്രകാരം തൃശൂരിലെ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ കരാർ വാങ്ങിനൽകാനായി കരാർ കമ്പനിയായ യൂണീടാക് ബിൽഡേഴ്സിൽനിന്ന് ശിവശങ്കർ കോഴ വാങ്ങിയെന്നാണ് കേസ്. 4.48 കോടി രൂപ ശിവശങ്കറിനു നൽകിയതായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടിന്റെയും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിലെ കോഴയാണെന്ന സ്വപ്നയുടെ മൊഴിയാണ് ശിവശങ്കറിന് കുരുക്കായത്.