തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി.ആർ അനിൽകുമാറിനോട് കയർത്ത് സംസാരിച്ച സിഐയെ സ്ഥലംമാറ്റിയത് ഏറെ ചർച്ചയായിരുന്നു.മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പീഡന പരാതിയുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. രണ്ടാം ഭർത്താവ് തന്നേയും കുട്ടിയേയും നിരന്തരം ഉപദ്രവിക്കുന്നുവെന്നതായിരുന്നു സ്ത്രീയുടെ പരാതി. ഇതിൽ ഇടപെടണമെന്ന് സ്ത്രീ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വട്ടപ്പാറ സിഐയെ വിളിച്ചത്. ഈ ഫോൺ സംഭാഷണം മറുനാടൻ പുറത്തു വിട്ടിരുന്നു. ഈ കേസിന്റെ വിശദാംശങ്ങളും പുറത്തു വരികയാണ്.

പ്രവാസിയായിരുന്ന യുവതിയാണ് പരാതിക്കാരി. ഗൾഫിലേക്ക് പോകുമ്പോൾ ഇസ്ലാം മതവിശ്വാസിയായിരുന്നു ഇവർ. വിവാഹവും കഴിഞ്ഞു. എന്നാൽ ഭർത്താവിന്റെ പീഡനവും ക്രൂരതയും സഹിക്കാനായില്ല. ഇതോടെയാണ് അവിടെ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്ത് എത്തിയത്. കുട്ടികളുമായി ജീവിതം മുമ്പോട്ട് കൊണ്ടു പോയി. ഇതിനിടെ ധ്യാനകേന്ദ്രത്തിൽ സന്ദർശനം നടത്തി. ഇത് മനസ്സിന് ആശ്വാസം നൽകി. അങ്ങനെ ഇസ്ലാം മതമുപേക്ഷിച്ച് ക്രൈസ്തവ മത സ്വീകരിച്ചു. ഇതിന് ശേഷമാണ് ക്രൈസ്തവനായ രണ്ടാം ഭർത്താവിനെ പരിചയപ്പെടുന്നതും വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ചെറിയ മാനസിക പ്രശ്‌നങ്ങൾക്ക് ഈ വ്യക്തിക്കുണ്ടായിരുന്നു. ചികിൽസയിലാണ് ഇയാൾ ഇപ്പോഴുമെന്നാണ് സൂചന.

പെട്ടെന്ന് കോപാകുലനായകുന്ന ഇയാൾ അല്ലത്തപ്പോൾ സൗമ്യനും ശാന്തശീലനുമായിരുന്നു. യുവതിയുടെ മക്കളുമായും നല്ല അടുപ്പത്തിലായിരുന്നു. എന്നാൽ ഇവർക്കിടയിൽ പ്രശ്‌നങ്ങൾ തുടങ്ങി. ഇതോടെ ബഹളം പുതിയ തലത്തിലെത്തി. മുപ്പത്തിയഞ്ച് വയസ്സുള്ള യുവാവ് ഇതോടെ പിറകെ നടന്ന് ശല്യം തുടങ്ങി. കുട്ടികളെ സ്‌കൂളിൽ എത്തി കണ്ടു. കാലിൽ ഷൂസ് മാറി ഇട്ടതിന് പോലും കുറ്റപ്പെടുത്തലുകൾ ഉണ്ടായി. ഇത് പരിധി വിട്ടപ്പോഴാണ് യുവതി പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയത്. എന്നാൽ സംഭവങ്ങൾ വട്ടപ്പാറ സ്റ്റേഷനിലെ എസ് ഐയ്ക്ക് മനസ്സിലായി. ഇക്കാര്യം സിഐ ആയിരുന്ന ഗിരിലാലിനെ അറിയിക്കുകയും ചെയ്തു. ഇതുകൊണ്ടാണ് മന്ത്രി വിളിച്ചപ്പോൾ ന്യായം നോക്കി പ്രവർത്തിക്കുമെന്ന് മന്ത്രിക്ക് സി ഐ ഉറപ്പ് നൽകിയത്.

17ാം തീയതിയാണ് രണ്ടാനച്ഛൻ 11 വയസ്സുള്ള കുട്ടിയുടെ കാലിൽ ചവിട്ടി പരുക്കേൽപ്പിച്ചത്. 22ന് മാതാവ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ആദ്യം മൊഴി നൽകാൻ പരാതിക്കാരി തയാറായില്ലെന്നു പൊലീസ് പറയുന്നു. നിർബന്ധിച്ചശേഷമാണ് മൊഴി നൽകിയത്. ഭർത്താവിനു മാനസിക പ്രശ്‌നങ്ങളുള്ളതിന്റെ രേഖകൾ പരാതിക്കാരി ഹാജരാക്കി. ഭർത്താവിനെ തിരക്കി പൊലീസ് ഫ്‌ളാറ്റിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് നാലാഞ്ചിറയിൽനിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. ചികിത്സാ രേഖകൾ പരിശോധിച്ചു വരികയാണെന്നും അതിനുശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. നിലവിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ മാറ്റം വരുത്തി. വീണ്ടും അറസ്റ്റു ചെയ്തു.

പ്രായമായ അമ്മ മാത്രമാണ് യുവാവായ രണ്ടാനച്ഛനുള്ളത്. യുവതിയുടെ പരാതി എഴുതി കിട്ടിയതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടിരുന്നു. വിവാദങ്ങളെ തുടർന്ന് വീണ്ടും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. യുവതിക്ക് മന്ത്രിയുമായി യാതൊരു ബന്ധവുമില്ല. സിപിഐയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു സ്ത്രീയാണ് ഈ വിഷയം സിപിഐയുടെ മുമ്പിലേക്ക് എത്തിച്ചത്. പാർട്ടി വഴിയാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ എത്തിയത്. രണ്ടാനച്ഛന്റെ ക്രൂരതകളെ കുറിച്ചാണ് അവർ മന്ത്രിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് മന്ത്രി സിഐയെ വിളിച്ചത്. എന്നാൽ എസ് ഐയുടെ അന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിയോട് ന്യായം നോക്കി വേണ്ടത് ചെയ്യുമെന്ന ഉറപ്പ് സിഐയായിരുന്ന ഗിരിലാൽ നൽകുകയായിരുന്നു.

ഇത് വിവാദമായതോടെയാണ് വട്ടപ്പാറ സിഐ ഗിരിലാലിനെ വിജിലൻസിലേക്ക് സ്ഥലംമാറ്റിയത്. സംഭവത്തിൽ മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. മന്ത്രി നേരിട്ടും ഡിജിപിയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സിഐയെ സ്ഥലംമാറ്റിയുള്ള ഉത്തരവ് പുറത്തിറക്കിയത്. മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കൊപ്പമാണ് വട്ടപ്പാറ സിഐയുടെ സ്ഥലംമാറ്റ ഉത്തരവ് കൂടി ഡിജിപി ചൊവ്വാഴ്ച പുറത്തിറക്കിയത്. ന്യായം നോക്കി കാര്യങ്ങൾ ചെയ്യാമെന്നാണ് സിഐ മന്ത്രിയോട് മറുപടി പറഞ്ഞത്. സാറല്ല ആരു വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സിഐ പറഞ്ഞിരുന്നു.

പരാതി കേട്ടയുടൻ ആളെ തൂക്കിയെടുത്തുകൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടർന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാൻ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പൊലീസുകാരൻ പറഞ്ഞത്. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെ മന്ത്രി സിഐയോട് ക്ഷോഭിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള സംഭാഷണം വാക്കുതർക്കത്തിലേക്ക് വഴിമാറി. സംഭാഷണത്തിന്റെ ഓഡിയോ മറുനാടനാണ് ആദ്യം പുറത്തു വിട്ടത്. ഇതോടെ സംഭവം വലിയ വിവാദമാവുകയായിരുന്നു. ജി.ആർ.അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഫ്‌ളാറ്റിൽ നടന്ന കേസായതു കൊണ്ടാണ് മന്ത്രി ഇടപെട്ടത്.

തന്റെ മണ്ഡലത്തിലെ കേസായതിനാലാണ് നേരിട്ടു വിളിക്കുന്നതെന്നു മന്ത്രി ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. കേസിനെ സംബന്ധിച്ച കാര്യങ്ങൾ മന്ത്രി വിശദീകരിക്കുമ്പോൾ ന്യായം നോക്കി പരമാവധി ചെയ്യാമെന്ന് സിഐ ഉറപ്പു നൽകി. പരാതിക്കാരിക്കും കുട്ടികൾക്കും സംരക്ഷണം നൽകാമെന്നും സിഐ പറയുന്നുണ്ട്. ന്യായം നോക്കി ചെയ്യാമെന്ന വാക്കാണ് തർക്കത്തിനു തുടക്കമിടുന്നത്. ഒരു സ്ത്രീ പരാതി പറഞ്ഞപ്പോൾ ഗൗരവത്തോടെ കണ്ട് വിളിച്ചതാണെന്നു മന്ത്രി പറയുന്നു. നാളെ പരാതിക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ മന്ത്രി വിളിച്ചതാണെന്ന് ഓർക്കണമെന്നും ന്യായം നോക്കിയേ ചെയ്യൂ എന്ന് സിഐ പറഞ്ഞ കാര്യം പറയേണ്ടി വരുമെന്നും മന്ത്രി പറയുന്നുണ്ട്. രണ്ടാം ഭർത്താവ് പീഡിപ്പിച്ചു എന്നു പറയുമ്പോൾ ന്യായം നോക്കി നടപടിയെടുക്കുമെന്ന് എങ്ങനെയാണ് പറയുന്നതെന്നും താൻ കേരളത്തിലല്ലേ ജീവിക്കുന്നതെന്നും സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ മന്ത്രി ചോദിക്കുന്നതോടെയാണ് തർക്കം രൂക്ഷമാകുന്നത്. ഇന്ന് വൈകുന്നേരത്തിനു മുൻപ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നു.

ഒരു സ്ത്രീ രാത്രി സ്റ്റേഷനിൽ പരാതിയുമായി വരണമെങ്കിൽ അവർ എന്തെല്ലാം അനുഭവിച്ചു കാണുമെന്നറിയാമെന്നും ന്യായമായി മാത്രമേ ചെയ്യാൻ കഴിയൂ എന്നും സിഐ പറയുന്നുണ്ട്. പരാതിയിൽ പറയുന്ന രണ്ടാം ഭർത്താവിനെ വീട്ടിൽനിന്ന് തൂക്കി എടുത്ത് സ്റ്റേഷനിൽ എത്തിച്ചാൽ തന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നും ന്യായം നോക്കിയേ കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്നും സിഐ പറയുന്നു. താൻ ആരുടെയും പിരിവ് വാങ്ങിച്ചിരിക്കുന്നവനല്ല. നീ എന്നൊന്നും എന്നെ വിളിക്കരുത്. ആ രീതിയിൽ സംസാരിക്കരുത്. മണ്ഡലത്തിലെ വോട്ടർ പറയുന്നതുകേട്ട് അതുപോലെ നടപടിയെടുക്കാൻ കഴിയില്ലെന്നും സിഐ തിരിച്ചടിച്ചു.