ലണ്ടൻ: ലണ്ടനിലെ ഹീത്രൂ വിമാനത്താവളം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തി 3 മില്യൻ പൗണ്ടോളം സമ്പാദിച്ച ഒരു ബ്രിട്ടീഷ് എയർവെയ്സ് സൂപ്പർവൈസർ ഇന്ത്യയിലേക്ക് മുങ്ങിയതായി സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ടെർമിനൽ 5 ലെ ഒരു ചെക്ക് ഇൻ ഡസ്‌കിൽ നിന്നും അഞ്ച് വർഷത്തോളം മനുഷ്യക്കടത്ത് റാക്കറ്റ് ഇയാൾ നടത്തിയിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 25,000 പൗണ്ട് ഫീസ് വാങ്ങി ആവശ്യമായ വിസ ഇല്ലാതെ ആളുകളെ യു കെയിൽ നിന്നും കാനഡയിലേക്ക് പോകാൻ സഹായിക്കുകയായിരുന്നു ഇയാളുടെ ജോലി.

ഈ അഞ്ച് വർഷക്കാലത്തിനിടയിൽ തട്ടിപ്പിലൂടെ ഇയാൾ 3 മില്യൻ പൗണ്ട് വരെ സമ്പാദിച്ചിരിക്കാം എന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ നിന്നും താത്ക്കാലിക വിസയിൽ ആളുകളെ ബ്രിട്ടനിൽ എത്തിച്ച ശേഷം വിസ ഇല്ലാതെ തന്നെ അവരെ കാനഡയിലെക്ക് കടത്തലായിരുന്നു ഇയാളുടെ പ്രവർത്തന രീതി. ടൊറൊണ്ടോയിലോ വാൻകൂവറിലോ ഇറങ്ങിയതിന് ശേഷം അവർ അഭയത്തിനായി അപേക്ഷിക്കും.

ലണ്ടനിൽ നിന്നുള്ള ബ്രിട്ടീഷ് എയർവെയ്സ് വിമാനങ്ങളിൽ അഭയാർത്ഥികൾ നിരവധി എത്തുന്നത് മനസ്സിലാക്കിയ അധികൃതർ പദ്ധതി താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബ്രിട്ടീഷ് അധികൃതർ നടത്തിയ അന്വേഷണത്തിൽ, ഇത്തരത്തിൽ അഭയാർത്ഥികളായി കാനഡയിൽ എത്തിയ എല്ലാവരെയും ഹീത്രൂവിൽ ചെക്ക് ഇൻ ചെയ്തത് ഈ സൂപ്പർവൈസറാണ് എന്ന് തെളിഞ്ഞിരുന്നു.

കടത്തിവിട്ട യാത്രക്കാർക്ക് ഇലക്ട്രോണിക് ട്രാവൽ ഓഥറൈസേഷൻ ഉണ്ടെന്ന് ഇയാൾ വ്യാജമായി രേഖപ്പെടുത്തുകയായിരുന്നു. ജനുവരി 6 ന് ഇയാളെ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ഇയാൾ പിന്നീട് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇപ്പോൾ ഇയാളെ കണ്ടെത്താൻ ഇന്ത്യൻ അധികൃതരുടെ സഹായത്തോടെ ശ്രമിക്കുകയാണ് ബ്രിട്ടീഷ് പൊലീസ്. ഇമിഗ്രേഷൻ പരിശോധനകൾ ഉദ്യോഗസ്ഥർ നടത്തില്ലെന്നും മറിച്ച് എയർലൈൻസ് ജീവനക്കാർ മാത്രമെ നടത്തുകയുള്ളു എന്ന് മനസ്സിലാക്കിയായിരുന്നു ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് സൺ ദിനപ്പത്രം റിപ്പോർട്ടിൽ പറയുന്നു.

ബന്ധപ്പെട്ട കമ്പ്യുട്ടറുകളിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയും ഇ ടി എ രേഖകൾ ഉണ്ടെന്നും പറഞ്ഞ്, ഒരു രേഖയുമില്ലാതെ ഇയാൾ ആളുകളെ കാനഡയിലേക്ക് അയയ്ക്കുകയായിരുന്നു. കാനഡയിൽ എത്തിയതിന് ശേഷം, കൈവശമുള്ള രേഖകൾ എല്ലാം നശിപ്പിച്ച് അവർ അഭയത്തിനായി അപേക്ഷിക്കും. അനധികൃത മനുഷ്യക്കടത്ത് വഴി ലക്ഷങ്ങൾ സമ്പാദിച്ച ഇയാളെ കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസിന് എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ബ്രിട്ടീഷ് എയർവെയ്സ് അറിയിച്ചു. അന്വേഷണത്തിൽ ഇരിക്കുന്ന കാര്യത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ല എന്നായിരുന്നു പൊലീസിന്റെ പ്രതികരണം.