ലണ്ടൻ: ബ്രിട്ടനിൽ മലയാളി യുവതി മരിച്ചു. കാൻസർ ബാധിതയായി ചികിത്സയിലിരിക്കവേ മരിച്ചത് ബ്രൈറ്റ് ജോസ എന്ന അബർഡീൻ സ്വദേശിനിയാണ്. ഏറെക്കാലമായി രോഗത്തോട് പൊരുതുകയായിരുന്ന 39 കാരിയായ ആനിന്റെ മരണം സങ്കടമായി പെയ്തു നിറയുകയാണ് അബർഡീനിലാകെ. ഇതാദ്യമായാണ് ഇത്രയും ചെറുപ്പമായ ഒരാൾ അബർഡീൻ മലയാളികളെ വിട്ടുപോകുന്നത് എന്നതും സങ്കടത്തിന്റെ ആഴം കൂട്ടുകയാണ്.

കഴിഞ്ഞ പത്തുവർഷത്തിലേറെ തങ്ങളോടൊപ്പം കളിചിരികളുമായി നിറഞ്ഞു നിന്ന യുവതിയാണ് ഇപ്പോൾ ഓർമ്മയായി മാറിയിക്കുന്നത് എന്നതും ഏവരെയും സങ്കടത്തിലാഴ്‌ത്തുകയാണ്. ചെറുപ്പം ആയതിനാൽ തുടക്ക കാലത്ത് ആനിന്റെ രോഗ വിവരം മാതാപിതാക്കളെ പോലും അറിയിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. ജീവിതത്തിലേക്ക് മടക്കമില്ല എന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഒടുവിൽ ദുഃഖ സത്യം അവരെ അറിയിക്കുന്നതും.

അപൂർവ്വമായി കാണപ്പെടുന്ന കാൻസറാണ് ആനിനെ കീഴ്പ്പെടുത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം. ഏതാനും വർഷം മുൻപ് രോഗത്തിന്റെ ആക്രമത്തിന് ഇരയായി മാറിയ ആൻ മരുന്നുകൾ നടത്തിയ പോരാട്ടത്തേക്കാൾ സ്വന്തം ഇച്ഛാശക്തി കൊണ്ടാണ് രോഗത്തോട് പൊരുതിയതെന്നു കുടുംബ സുഹൃത്തുക്കൾ പറയുന്നു. രോഗത്തോട് മാനസിക വെല്ലുവിളിയുമായി ഇത്രയും കാലം ഒരാൾ ജീവിച്ചത് തന്നെ വലിയ അദ്ഭുതമെന്നും ചികിത്സക്ക് നേതൃത്വ നൽകിയ വിദഗ്ധരും പറയുന്നു. ആനിന്റെ ധൈര്യം കണ്ടു ഏതാനും വർഷത്തേക്ക് പിൻവാങ്ങിയ രോഗം കഴിഞ്ഞ രണ്ടു വർഷം മുൻപ് വർധിത വീര്യവുമായി മടങ്ങി വരുക ആയിരുന്നു.

ഈ സമയമെല്ലാം വേദന കടിച്ചമർത്തി പാലിയേറ്റീവ് ചികിത്സയിലൂടെ പെയിൻ മാനേജ്‌മെന്റ് സ്വായത്തമാക്കിയ ആനിന് ആന്തരിക അവയവങ്ങൾ വരെ പിണങ്ങിയതോടെ കഴിഞ്ഞ ഏതാനും ദിവസം മാത്രമാണ് വീട്ടിൽ നിന്നും അകന്നു പാലിയേറ്റീവ് കെയറിൽ കഴിയേണ്ടി വന്നത്. അതുവരെ സ്വന്തം വീട്ടിൽ സാധാരണ പോലെ ജീവിക്കാൻ കഴിയും എന്നും ആൻ തെളിയിച്ചത് സ്വന്തം ഇച്ഛാശക്തി കൊണ്ടാണ്. അതിനാൽ മരണത്തിലും ആനിനെ അറിയുന്നവർക്ക് അവർ ഇപ്പോൾ ധീരതയുടെ പ്രതീകം കൂടിയാണ്. കാൻസർ പോരാളി എന്ന വിശേഷണവും സ്വന്തമാക്കിയാണ് ആൻ ജീവിതത്തിൽ നിന്നും മറയുന്നത്.

പഠിച്ചത് നഴ്‌സിങ് ആണെങ്കിലും ആൻ അധികകാലം ആ ജോലി ചെയ്തിട്ടില്ല. കെയർ ഹോം മാനേജർ ആയി ജോലി ചെയ്യുന്ന ജിബ്‌സൺ ആൽബർട്ടിന്റെ ഭാര്യ ആയ ആൻ എറണാകുളം ചെറുവയ്‌പ്പ് സ്വദേശിനിയാണ്. മാതാപിതാക്കൾ അടക്കമുള്ളവർ നാട്ടിൽ ആയതിനാൽ മൃതദേഹം ജന്മ ദേശത്ത് എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.