അബൂദബി: കഴിഞ്ഞ മാസം ഷാർജയിൽ, ഈ മാസം അബുദബിയിൽ. ഗൾഫിൽ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് രണ്ട് മലയാളി യുവാക്കൾ. ഏറ്റവുമൊടുവിൽ അബൂദബിയിലാണ് ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടത്. അബൂദബിയിൽ സ്വന്തമായി ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസർ അറഫാത്ത് (39) ആണ് കൊല്ലപ്പെട്ടത്.

പുതിയ സംരംഭം ആരംഭിക്കുന്നതിനായി നാട്ടിൽ നിന്നു സന്ദർശകവിസയിലെത്തിയ യാസറിന്റെ ബന്ധു പെരുമ്പടപ്പ് സ്വദേശി ഗസ്‌നിയാണ് യാസറിനെ കുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച ചർച്ചക്കിടെ, യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്‌സ് ഡിസൈനിങ്ങിലേക്ക് രണ്ടു മാസം മുമ്പ് കൊണ്ടുവന്ന ബന്ധു പ്രകോപിതനായി കുത്തുകയായിരുന്നു എന്നാണ് വിവരം. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായ തർക്കവും പ്രകോപനത്തിന് കാരണമായി. അബൂദാബി മുസഫയിൽ വച്ചാണ് സംഭവം.

പൊലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. അബ്ദുൽഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ്. ഭാര്യ റംല ഗർഭിണിയാണ്. രണ്ട് മക്കളുണ്ട്.

കഴിഞ്ഞ മാസം ആദ്യമാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ഷാർജയിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പാക്കിസ്ഥാൻ സ്വദേശി പിടിയിലായിരുന്നു. ഷാർജ ബുതീനയിലായിരുന്നു സംഭവം.

ഹൈപ്പർമാർക്കറ്റിലെ മാനേജരായിരുന്നു കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയിൽ സഹപ്രവർത്തകരും പാക്കിസ്ഥാാൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു.