ലണ്ടൻ: മതമൗലികവാദികൾക്ക് ലണ്ടനെന്നോ അമേരിക്കയെന്നോ ഇന്ത്യയെന്നോ ഇറാനെന്നോ വ്യത്യാസമില്ല. അവർ അസഹിഷ്ണുതയുടെ വക്താക്കളായി തുടരുന്നതാണ് ലോകത്തെങ്ങും കാണുന്നത്. പ്രത്യേകിച്ചു ഇസ്ലാമിക മതമൗലികവാദികളുടെ കാര്യത്തിലാണെങ്കിൽ അവർക്ക് യാതൊരു കാര്യത്തിലും സഹിഷ്ണുതയില്ലെന്നതാണ് വ്യക്തം. ലോകം മുഴുവൻ ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ സമരത്തെ പിന്തുണക്കുമ്പോൾ ആ സമരത്തെ ഇറാനിലെ ഭരണകൂടം മൃഗീയമായി അടിച്ചമർത്തുകയാണ് ചെയ്യുന്നത്.

ഹിജാബ് വലിച്ചെറിഞ്ഞും കത്തിച്ചും പ്രതിഷേധിച്ചു സമര രംഗത്തു വന്ന നിരവധി സ്ത്രീകൾ ഇന്ന് അഴിക്കുള്ളിലാണ്. ഇതിന്റെ പ്രതിഷേധക്കാരെ ക്രൂരമായി കൊലപ്പെടുത്തുന്നതും പതിവായിരിക്കയാണ്. ഇതിനിടെയാണ് ലോകമെമ്പാടുമുള്ള വിഷയങ്ങളിൽ പ്രതിഷേധങ്ങൾ നടക്കാറുണ്ട് ലണ്ടൻ നഗരത്തിൽ ഹിജാബ് പ്രശ്‌നവുമായി ബന്ധപ്പെട്ട പൗരാവകാശ പ്രശ്‌നങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് പ്രശസ്ത മലയാളി സാഹിത്യകാരൻ എം എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ ചെറിയൊരു പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയോടും പോലും തീർത്തും അസഹിഷ്ണുതയോടെയാണ് മതമൗലികവാദികൾ പെരുമാറിയത്.

ലണ്ടനിലെ ഹൈഡ് പാർക്കിലെ സ്പീക്കെഴ്‌സ് കോർണറിൽ എം.എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി ഇറാനി മൗലികവാദികളുടെ ഇടപെടലിനെ തുടർന്ന് പാതിവഴിയൽ അവസാനിപ്പിക്കേണ്ടി വന്നു. രണ്ട് മുതൽ അഞ്ചു മണിവരെയുള്ള സമയത്താണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇതിനിടെയാണ് ഒരാൾ ഇറാനികൾ അനുകൂലിച്ചു രംഗത്തുവന്നത്. പിന്നാലെ പാക്കിസ്ഥാനികളും ഇറാനികളും അടക്കമുള്ള മറ്റൊരു കൂട്ടർ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. തുടർന്ന് പരിപാടി പാതിവഴിയൽ തടസ്സപെടുകയാണ് ഉണ്ടായതെന്ന് കാരശ്ശേരി ഫേസ്‌ബുക്ക് വീഡിയോയിൽ വ്യക്തമാക്കി. മത മൗലികവാദികളായ ചില ഇറാൻ പൗരന്മാർ വന്നു ബഹളമുണ്ടാക്കിയപ്പോൾ സമരത്തോട് അനുഭാവമുള്ള ചില ഇറാൻ പൗരന്മാർ അവരുമായി തർക്കത്തിന് നിന്നതോടെ പരിപാടി അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

അതേസമയം കർണ്ണാടകത്തിൽ ഹിജാബ് ഇടാനുള്ള സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയും ഇറാനിൽ ഹിജാബ് ഇടാതിരിക്കാനുള്ള അവകാശത്തിന് വേണ്ടിയും നമ്മൾ നിലകൊള്ളുമെന്ന് പരിപാടിയിൽ സംസാരിച്ച എം.എൻ കാരശ്ശേരി പറഞ്ഞു. ഇറാൻ പൗരനായ ആദിൽ, ജർമൻ പൗരനായ മൈക്ക് കിലോക്ക്, മലയാളികളായ ഡോ ജെബിൻ താജ്, ലക്ഷ്മി രാജേഷ്, ബിന്നി, കെ. അബ്ദുൽ ഗഫൂർ, സുനിൽ വാര്യർ, ഉമ്മർ കോട്ടക്കൽ, ഡിജോ സേവ്യർ, കരിം അബ്ദുൽ എന്നിവർ സംസാരിച്ചു.

രാജേഷ് രാമൻ സുഗതകുമാരിയുടെ രാത്രിമഴ എന്ന കവിത ആലപിച്ചതോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ഉമ്മർ കോട്ടക്കൽ, മണമ്പൂർ സുരേഷ്, മിനി രാഘവൻ, ജോസ് ആന്റണി, ഡിജോ സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ ഒരുകൂട്ടം ലണ്ടൻ മലയാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അങ്ങനെ വൈകിട്ട് രണ്ട് മുതൽ അഞ്ച് വരെ ഉദ്ദേശിച്ചിരുന്ന പരിപാടി 3.15ന് അവസാനിച്ചു.