ലണ്ടൻ: യുകെയിൽ മരിക്കുന്ന ഓരോ ഇന്ത്യക്കാരുടെയും ഉത്തരവാദിത്തം ഇന്ത്യൻ ഹൈ കമ്മീഷന് തന്നെയാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി മൃതദേഹം നാട്ടിലെത്തിക്കാൻ ഉള്ള കൈ സഹായവുമായി ഇന്ത്യൻ ഹൈ കമ്മീഷൻ രംഗത്ത്. അടുത്തിടെയായി ആയിരക്കണക്കിന് മലയാളികൾ യുകെയിലേക്കു എത്തിക്കൊണ്ടിരിക്കുന്നതിനാൽ ആകസ്മിക മരണങ്ങളും ഏറിക്കൊണ്ടിരിക്കുകയാണ്.

ഓരോ മരണത്തിലും ധനസഹായം തേടി പ്രാദേശിക മലയാളി സമൂഹം പൊതു സമൂഹത്തെ സമീപിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ഹൈ കമ്മീഷൻ, എൻഎച്എസ്, യൂണിവേഴ്‌സിറ്റികൾ എന്നിവ ഇക്കാര്യത്തിൽ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറുന്നത്. ഇതിനായി ആകെ ചെയ്യേണ്ടത് സാമൂഹ്യ ബോധമുള്ള സംഘടനാ പ്രവർത്തകർ ആവശ്യമായ രേഖകൾ സഹിതം ഇന്ത്യൻ ഹൈ കമ്മീഷനെയോ എൻഎച്എസിനെയോ സമീപിക്കുക എന്നതാണ്.

സഹായിക്കാൻ എംബസിയും എൻഎച്എസ് ട്രസ്റ്റുകളും യൂണിവേഴ്സിറ്റികളും

നിലവിലെ സാഹചര്യത്തിൽ ബ്രിട്ടീഷ് പാസ്പോർട്ട് കൈവശം ഉള്ളവരും എൻഎച്എസിൽ ജോലി ചെയ്യാത്തവരും ആയവരുടെ കാര്യത്തിൽ മാത്രമാണ് യുകെയിലെ മലയാളി പൊതു സമൂഹം സഹായവുമായി മുന്നോട്ട് വരേണ്ടതെന്നു സമീപകാല സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു. കേറ്ററിങ്ങിൽ കൂട്ടക്കൊല ചെയ്യപ്പെട്ട അമ്മയും മക്കളും, ലിവർപൂളിലെ വിരളിൽ മരിച്ച മലയാളി വിദ്യാർത്ഥി, സാഫോക്കിൽ വാഹനാപകടത്തിൽ മരിച്ച കെന്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി, കവൻട്രിയിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട എൻഎച്എസ് നഴ്സ് എന്നിവർക്കാണ് സമീപ കാലത്തു യുകെ മലയാളി സമൂഹം പിരിച്ചെടുത്ത പണം ഉപയോഗിക്കേണ്ടാത്ത സാഹചര്യം സംജാതമായത്. ഇന്ത്യൻ ഹൈ കമ്മീഷൻ, ചെസ്റ്റർ യൂണിവേഴ്‌സിറ്റി, കെന്റ് യൂണിവേഴ്‌സിറ്റി, കവൻട്രി എൻഎച്എസ് ട്രസ്റ്, കേറ്ററിങ് എൻഎച്എസ് ട്രസ്റ്റ് എന്നിവയാണ് ഓരോ സംഭവത്തിലും കുടുംബത്തെ സഹായിക്കാൻ എത്തിയത്.

മാത്രമല്ല പലപ്പോഴും ഉയർന്ന തുകയുടെ വ്യക്തിഗത ഇൻഷുറൻസ് ഉള്ളവരെയും മരണ ആനുകൂല്യമായി 50 ലക്ഷത്തിലേറെ രൂപ കുടുംബത്തിന് ലഭിക്കുന്നവർക്കും ഒക്കെ വേണ്ടിയാണു പൊതുസമൂഹത്തിൽ പിരിവെന്ന ആശയവുമായി നേതാക്കൾ എത്തുന്നത്. ക്രൗഡ് ഫണ്ടിങ് പ്ലാറ്റുഫോമുകളെ ആശ്രയിക്കുന്നത് വഴി ഗിഫ്റ്റ് എയ്ഡ് ആയി ലഭിക്കേണ്ട 25 ശതമാനം പണം നഷ്ടമാക്കുക കൂടിയാണ് ഇത്തരക്കാർ ചെയ്യുന്നത്. പതിനായിരം പൗണ്ട് സമാഹരിക്കുന്ന അപ്പീലിൽ യഥാർത്ഥത്തിൽ കുടുംബത്തിന് ലഭിക്കേണ്ടത് 12500 പൗണ്ട് ആണെങ്കിലും ഗിഫ്റ്റ് എയ്ഡ് ഇല്ലാത്ത പിരിവിലൂടെ ഈ പണം നഷ്ടപ്പെടുത്തുകയാണ് സംഘടനാ നേതാക്കൾ ചെയ്യുന്നത്. ഇതേക്കുറിച്ചു വിശദമായ ലേഖനം കഴിഞ്ഞ ആഴ്ച ലിവർപൂൾ മലയാളിയായ ജോയ് അഗസ്തി സോഷ്യൽ മീഡിയയിൽ എഴുതുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ ഓരോ ആപത് ഘട്ടങ്ങളിലും ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങൾ കൂടെ നിൽകുമ്പോൾ ചില വ്യക്തികൾ സ്വന്തം മേൽക്കോയ്മാ സ്ഥാപിച്ചെടുക്കാൻ പണപ്പിരിവുമായി എത്തുന്നത് ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഇത്തരം ചർച്ചകൾ പണം കൈപ്പറ്റേണ്ടി വരുന്ന കുടുംബങ്ങളെ കൂടി നോവിക്കാൻ മാത്രമേ സഹായിക്കാൻ എന്ന ലേബലൊട്ടിച്ചു എത്തുന്നവരുടെ പ്രവർത്തനം വഴി കാരണമാകൂ. അതിനിടെ പലപ്പോഴും സഹായം ആവശ്യമാകുന്ന ഘട്ടങ്ങളിൽ ഇത്തരം സഹായ നേതാക്കൾ രംഗത്ത് നിന്നും വലിഞ്ഞു നിൽക്കുന്നതും ശ്രദ്ധേയമാണ്. മിഡ്‌ലാൻഡ്സിൽ അടുത്തിടെ സ്റുഡന്റ്റ് വിസയിൽ എത്തിയ ദമ്പതികളുടെ കുഞ്ഞു മരിച്ചപ്പോൾ സംഘടനാ പ്രതിനിധികൾ ആരും സഹായവുമായി എത്തിയത് പ്രാദേശിക മലയാളി സമൂഹം കണ്ടിട്ടില്ല. ഒടുവിൽ പ്രാദേശികമായി പണം കണ്ടെത്തിയയാണ് കുഞ്ഞിന്റെ സംസ്‌കാര ചെലവ് പൂർത്തിയാക്കിയത്.

പത്തുവർഷത്തിലേറെയായി യുകെ മലയാളികളെ സഹായിക്കാൻ എംബസി രംഗത്തുണ്ട്

ഓരോ തവണ യുകെ മലയാളികളുടെ മരണം സംഭവിക്കുമ്പോഴും ഉത്തരവാദിത്തത്തോടെ സഹായം നൽകുന്നതാണ് ഇന്ത്യൻ ഹൈ കമ്മീഷന്റെ രീതി. മൃതദേഹം നാട്ടിൽ എത്തിക്കാനാവശ്യമായ പണം ഫ്യൂണറൽ ഡിറക്ടർക്ക് നേരിട്ട് കൈമാറുകയാണ് ഹൈ കമ്മീഷന്റെ രീതി. ഇക്കാര്യം പൊതുസമൂഹത്തിനു ആദ്യമായി ബോധ്യമായത് 2015 ൽ ഇൽഫോർഡിൽ കൂട്ടമരണം ഉണ്ടായപ്പോൾ നാലു പേരുടെ മൃതദേഹങ്ങൾ ഒന്നിച്ചു നാട്ടിൽ എത്തിച്ച സമയത്താണ്. അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ നിന്നും ചില ഇടപെടലുകൾ വേണ്ടി വന്നിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ പിന്നീട് ഉണ്ടായ മരണങ്ങളിൽ ഒരിടപെടലും ഇല്ലാതെ തന്നെ പണം അനുവദിക്കാൻ ഹൈ കമ്മീഷൻ തയാറായിട്ടുണ്ട്.

ഒടുവിൽ അടുത്തിടെ കേറ്ററിങ് കൂട്ടക്കൊല നടന്നപ്പോഴും കോട്ടയം എംപി തോമസ് ചാഴികാടൻ, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ഏറ്റവും വേഗത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന് ഹൈ കമ്മീഷൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. പണം അനുവദിക്കുന്ന കാര്യത്തിൽ ഒരു സമ്മർദവും ഉണ്ടായിട്ടുമില്ല. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ ഇടപെടൽ നടത്തി എന്ന് പൊതുസമൂഹത്തെ അറിയിച്ചിരിക്കുന്നത് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ പേരിലാണ്. കഴിഞ്ഞ ദിവസം ലിവർപൂളിൽ മരിച്ച അനുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണിത്. എന്നാൽ രേഖകൾ യഥാസമയം എത്തിച്ചാൽ ഇത്തരത്തിൽ ആരുടേയും കത്തിന്റെ ആവശ്യം ഇല്ലാതെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുക എന്നത് ഹൈ കമ്മീഷൻ ഉത്തരവാദിത്തം കൂടിയാണ് എന്ന വസ്തുതയാണ് യുകെ മലയാളികളിൽ ചിലരെങ്കിലും മറന്നു പോകുന്നത്.

രേഖകൾ നൽകിയാൽ താമസം കൂടാതെ പണം അനുവദിക്കാൻ തയാറായി ഹൈ കമ്മീഷൻ

ഹൈ കമ്മീഷനിൽ അപേക്ഷയും രേഖകളും നൽകാതെ ഒരു ഇമെയിൽ അയച്ചു എന്ന ന്യായത്തെ കൂട്ടുപിടിച്ചു സോഷ്യൽ മീഡിയയിൽ ഹൈ കമ്മീഷൻ അവഗണന കാട്ടുകയാണ്. ഹൈ കമ്മീഷന് എതിരെ കേസിനു പോകണമെന്ന ജല്പനങ്ങളും ചില കോണുകളിൽ നിന്നും അടുത്തിടെ ഉയർന്നിരുന്നു. എന്നാൽ രഞ്ജൻ മത്തായി സ്ഥാനം ഒഴിഞ്ഞതിനു ശേഷം എത്തിയ ഹൈ കമ്മീഷണർമാരുടെ കീഴിൽ മലയാളി സമൂഹം അർഹികുന്ന ഒരു പരിഗണനയും കിട്ടാതിരുന്ന കാലത്തു ഇത്തരം പരാതിക്കാരൊന്നും രംഗത് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഏതാനും മാസം മുൻപ് പുതുതായി ദുരൈ സ്വാമി ഹൈ കമ്മീഷൻ സ്ഥാനം ഏറ്റെടുത്തതോടെയാണ് ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്.

ഹൈ കമ്മീഷനെ മികവുറ്റതാക്കാൻ ഇതിനകം സാമൂഹ്യ സംഘടനകളുടെ അടക്കം യോഗങ്ങൾ വിളിച്ചു ചേർത്ത് പരാതികൾ കേട്ടാണ് അദ്ദേഹം ജീവനക്കാർക്ക് ഉണർവുള്ള പ്രവർത്തനം ആവശ്യമാണെന്നു നിർദ്ദേശം നൽകിയത്. വിദ്യാർത്ഥികൾ ആയിരക്കണക്കിന് എത്തിച്ചേരുന്ന സാഹചര്യത്തിൽ അവർക്കായി പ്രത്യേകം യോഗങ്ങളും അദ്ദേഹം വിളിച്ചു ചേർത്തിരുന്നു. നോർത്ത് വെയ്ൽസിൽ അൻപതോളം മലയാളി വിദ്യാർത്ഥികൾ നാടുകടത്തൽ നേരിടുകയാണ് എന്ന് ജിഎൽഎഎ അറിയിപ്പ് വന്ന വാർത്ത ബ്രിട്ടീഷ് മലയാളിയും ഇന്ത്യയിൽ ദേശീയ മാധ്യമങ്ങളും പുറത്തു വിട്ട ഉടൻ തന്നെ പ്രശ്‌നത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഹൈ കമ്മീഷനെ ബന്ധപ്പെട്ടാൽ നിയമ സഹായം നൽകുന്ന കാര്യം വരെ പരിഗണിക്കാമെന്നും വാർത്ത കുറിപ്പ് പുറത്തു വന്നിരുന്നു.

ഹൈ കമ്മീഷൻ പ്രവർത്തനത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവരാണ് ഇത്തരം ആക്ഷേപവാക്കുകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നതും.മൃതദേഹം നാട്ടിൽ എത്തിക്കുന്ന കാര്യത്തിൽ ആരോടാണ് ഹൈ കമ്മീഷൻ വിവേചനം കാട്ടിയതെന്നു ചോദിച്ചാൽ ആക്ഷേപം ഉന്നയിക്കുവർക്കു കേട്ടറിവുള്ള കാര്യം മാത്രമാണ് പറയാനുള്ളത്. എന്നാൽ ഹൈ കമ്മിഷൻ പോലെയുള്ള സ്ഥാപനങ്ങൾ ഇത്തരം കാര്യങ്ങൾ വാക്കാലല്ല, ഇമെയിൽ അടക്കമുള്ള മാർഗങ്ങളിൽ എഴുതി മാത്രമേ അറിയിക്കൂ എന്ന് ഒരിക്കൽ എങ്കിലും ഹൈ കമ്മീഷനെ സമീപിച്ചിട്ടുള്ളവർക്ക് അറിയാവുന്ന കാര്യവുമാണ് .

മൃതദേഹം നാട്ടിൽ എത്തിക്കാൻ പണമില്ലെന്നോ അനുവദിക്കാൻ സാധിക്കില്ലെന്നോ ഇതുവരെ ഒരാൾക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത് പുറത്തു വിടുന്നത് പൊതു സമൂഹത്തിനു അറിയാനുള്ള അവകാശം കൂടിയാണ്. സ്വന്തം അറിവില്ലായ്മ പൊതു സമൂഹത്തെ അറിയാക്കാൻ മാത്രമാണ് ഇത്തരം ജല്പനങ്ങൾ സഹായകമാകുന്നത്. ഹൈ കമ്മിഷൻ പ്രവർത്തനത്തെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ജീവനക്കാർ അനൗദ്യോഗികമായി അറിയിച്ചിട്ടുമുണ്ട് .