ലണ്ടൻ: കഴിഞ്ഞ വർഷം ചില കേന്ദ്രങ്ങളിൽ പരാതികളെ തുടർന്ന് മാത്രം നടന്നിരുന്ന ഇമ്മിഗ്രെഷൻ റെയ്ഡ് രാജ്യവ്യാപകമായി സജീവമായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന റെയ്ഡുകളിൽ അനേകം പേരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇവരെ കയ്യോടെ നാടുകടത്തുക എന്ന സമീപനം തന്നെ ആയിരിക്കും ഹോം ഓഫീസിന്റേത് എന്ന് സൂചനയുണ്ട്.

റെയ്ഡിനെ തുടർന്ന് മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് എത്തുന്നുണ്ടെങ്കിലും നിയമ ലംഘനത്തിന് മലയാളി വിദ്യാർത്ഥികളിൽ ആരെയും അറസ്റ്റ് ചെയ്തതായി വിവരമില്ല. എന്നാൽ കുടിയേറ്റ നിയമം പാലിക്കാത്തതിന് മലയാളി അറസ്റ്റിൽ ആയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കണക്ക് വിട്ട കുടിയേറ്റം സംഭവിച്ചതിലൂടെ എങ്ങനെയും കുറേപ്പേരെ നാടുകടത്തണം എന്ന ഹോം സെക്രട്ടറി സ്യുവല ബ്രെവർമാന്റെ തീരുമാനമാണ് ഇപ്പോൾ റെയ്ഡുകൾ സജീവമാകാൻ കാരണം.

റെയ്ഡിന് പ്രധാന കാരണം മന്ത്രിമാർ തമ്മിലെ സ്വരച്ചേർച്ച

സ്യുവേലയുമായി പരസ്യമായി തന്നെ പോരിനിറങ്ങാൻ വിദ്യാഭ്യസ സെക്രട്ടറി ജില്ലിയൻ കീഗൻ തീരുമാനിച്ചതോടെ രണ്ടു പെൺ മന്ത്രിമാർക്കിടയിലെ സ്വര ചേർച്ചയിലായ്മ ഒടുവിൽ മലയാളി വിദ്യാർത്ഥികളുടെ ഉറക്കം കെടുത്താൻ കാരണമായിരിക്കുകയാണ്. ഇതോടെ അധിക സമയം ജോലി ചെയ്തവരും വാടക ലാഭിക്കാൻ ഒരു മുറിയിൽ തന്നെ അഡ്ജസ്റ്റ് ചെയ്തു താമസിക്കുന്നവരും ഒക്കെ ആശങ്കയിലായി. ഏതു നിമിഷവും കടന്നു വരാൻ സാധ്യതയുള്ള ഇമ്മിഗ്രെഷൻ റെയ്ഡിൽ പിടിക്കപ്പെടാൻ ഇതൊക്കെ തന്നെ ധാരാളം കാരണം എന്നതാണ് ആശങ്കക്ക് വഴിമരുന്നിടുന്നത്.

കുറച്ചു പേരെ എങ്ങനെയും അറസ്റ് ചെയ്യാനായാൽ താൻ പറഞ്ഞതാണ് ശരിയെന്നു സ്യുവേലയ്ക്ക് സർക്കാരിൽ വാദിക്കാനാകും. ഇക്കാര്യത്തിൽ പ്രധാനമന്ത്രി റിഷി സുനാക്കിന്റെ മൗന അനുവാദവും സ്യുവേളക്ക് കൂട്ടിനുണ്ട് എന്ന് വ്യക്തമാണ്. അതിനാൽ അനധികൃത കുടിയേറ്റക്കാർ ജോലി ചെയ്യാൻ സാധ്യതയുള്ള റെസ്റ്റോറന്റുകൾ, ചെറു കടകൾ, എന്നിവിടങ്ങളിൽ ഒക്കെ നിരന്തരം കയറിയിറങ്ങുകയാണ് ഹോം ഓഫിസ് ജീവനക്കാരും പൊലീസും.

ഉറക്കം പോയത് മലയാളി ഏജൻസികൾക്കും വിദ്യാർത്ഥികൾക്കും

പല പ്രധാന പട്ടണങ്ങളിലും പേരിനു മാത്രം ഒതുങ്ങി നിന്നിരുന്ന റെയ്ഡുകളാണ് ഇപ്പോൾ രാജ്യത്തെവിടെയും സംഭവിക്കാം എന്ന മട്ടിൽ വ്യാപിക്കുന്നത്. അടുത്തിടെ ലെവശ്യം, ബോൾട്ടൻ, ലിവർപൂൾ , നോർത്താംപ്ടൺ, സൗത്താംപ്ടൺ എന്നിവിടങ്ങളിൽ ഒക്കെ നടന്ന റെയ്ഡുകൾ ഇതുമായി കൂട്ടി വായിക്കാവുന്നതാണ്.

ലിവർപൂളിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് ഹോം ഓഫിസ്, ജി എൽ എ എ , നാഷണൽ ക്രൈം ഏജൻസി എന്നിവയ്ക്ക് അനേകം പേരുടെ പരാതികൾ എത്തിയതോടെ ലിവർപൂളിൽ നേഴ്‌സിങ് എജൻസികൾ നടത്തുന്നവരുടെയും ഇവിടെയെത്തുന്ന വിദ്യാർത്ഥികളുടെയും ഉറക്കം നഷ്ടമാകുന്ന സാഹചര്യമാണ് റെയ്ഡുകൾ സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം ഈ സാഹചര്യം ഉണ്ടായിരുന്ന സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും അനേകം വിദ്യാർത്ഥികളാണ് നിയമ നടപടി ഭയന്ന് ഇവിടം വിട്ടു മറ്റു സ്ഥലങ്ങൾ തേടി പോയത്. ലിവർപൂളിന് സമാനമായ സാഹചര്യം തന്നെ ഡെവോണിലും സൃഷ്ടിക്കപ്പെട്ടിരുന്നു.

തൃശൂർകാരായ രണ്ടു വിദ്യാർത്ഥികൾ ഇൻഡീഡ് ഡോട്ട് കോം വഴി കണ്ടെത്തിയ ജോലിക്ക് നോക്കുകൂലി ആവശ്യപ്പെട്ട പ്രദേശത്തെ മലയാളി നേഴ്‌സിങ് ഏജൻസി അധമമായ ബിസിനസ് സംസ്‌കാരമാണ് യുകെയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ ചെയ്യുന്നത് മിക്ക മലയാളി നേഴ്‌സിങ് ഏജൻസികളുടെയും പതിവായതിനാൽ ഒരിക്കൽ ജോലിക്കെത്തുന്ന വിദ്യാർത്ഥികൾ തന്നെ പോസ്റ്റ് സ്റ്റഡി വിസ കാലാവധി കഴിയുന്നതോടെ പരാതിയും നൽകിയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

അടുത്തിടെ ലൂട്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി ഏജൻസിക്ക് എതിരെ ഇത്തരത്തിൽ വിദ്യാർത്ഥികൾ പരാതി നൽകിയതായി വിവരമുണ്ട്. ഇവിടെ മലയാളി അഭിഭാഷകന്റെ ഇടപെടലിൽ വിദ്യാർത്ഥികൾക്ക് നീതി ലഭിച്ചത്തിനെ തുടർന്ന് ഏജൻസിക്ക് എതിരെ കാര്യമായ പരാതികൾ ഹോം ഓഫിസിൽ എത്തിയിട്ടില്ല .എന്നാൽ ഈ ഏജൻസിയും ഇപ്പോൾ നോട്ടപ്പുള്ളികളുടെ ലിസ്റ്റിൽ എത്തിയിട്ടുണ്ട് .

കെയർ ഹോമുകളിൽ റെയ്ഡുകൾ സജീവമാകും

കഴിഞ്ഞ ദിവസം സൗത്താംപ്ടണിൽ കെയർ ഹോമിൽ നടത്തിയ റെയ്ഡിൽ ആറു പേരെ ഒറ്റയടിക്ക് അറസ്റ്റ് ചെയ്യാനായതോടെ ഏജൻസികളെ ആശ്രയിച്ചു സേവനം നടത്തുന്ന കെയർ ഹോമുകളിൽ അറസ്റ് തുടർക്കഥയാകാൻ സാധ്യതയുണ്ട്. കോവിഡ് കാലത്തു യാതൊരു നിയന്ത്രണവും ഇല്ലാതെ കെയർ ഹോമുകളിലും ജോലി ചെയ്യാൻ ഉണ്ടായിരുന്ന സാഹചര്യവും കെയർ ഹോമുകളിലും റെയ്ഡ് വേണ്ടെന്ന ഹോം ഓഫിസ് നിലപാടിലും മാറ്റം വന്നതിന്റെ വ്യക്തമായ സൂചനയാണ് സൗത്താപ്റ്റൻ റെയ്ഡ് നൽകുന്നത്. കുടിയേറ്റ നിയമം ലംഘിച്ചു എന്ന് സംശയിക്കപ്പെടുന്നവരാണ് ഇപ്പോൾ അറസ്റ്റിൽ ആയിട്ടുള്ളവരെല്ലാം. പുതിയ നിയമ നിർമ്മാണം നടപ്പാക്കുമ്പോൾ കണക്കുകൾ അനുക്കൂലമാക്കാൻ ഇത്തരം റെയ്ഡുകളും അറസ്റ്റുകളും ഹോം ഓഫിസിനു അനിവാര്യമാണ്. അതിനാൽ തുടർച്ചയായ റെയ്ഡുകൾ ആയിരിക്കും വരും ദിവസങ്ങളിൽ കാണാനാകുക.

അറസ്റ്റിലാകുന്ന ഓരോരുത്തർക്കുമായി സ്ഥാപന ഉടമയെ തേടി 20000 പൗണ്ടിന്റെ പിഴയും എത്തും. റെയ്ഡുകൾ ശക്തമാകാൻ ഉള്ള നീക്കത്തിന്റെ ഭാഗമായി ഹോം ഓഫിസ് പുതുതായി 200 ഉദ്യോഗസ്ഥരെ കൂടി നിയമിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അറസ്റ്റുകളിൽ സൗത്താപ്റ്റണിൽ ആറുപേരെയും സോമർസെറ്റിൽ മൂന്നു പേരെയും ബോൾട്ടണിൽ രണ്ടു പേരെയും ലേവിശ്യമിൽ ഒരാളെയും ആണ് ഹോം ഓഫിസിനു കിട്ടിയിരിക്കുന്നത്. ലിവർപൂളിൽ അനേകം മലയാളി വിദ്യാർത്ഥികളെ ചോദ്യം ചെയ്യലിന് വിധേയമാക്കിയെങ്കിലും അറസ്റ്റിൽ ആയ ആൾ വിദ്യാർത്ഥി അല്ലാത്ത കുടിയേറ്റക്കാരനായ മലയാളി ആണെന്ന് പറയപ്പെടുന്നു.

ഏതാനും വർഷം മുൻപ് സീ മെൻ വിസ എന്ന പേരിൽ ബോട്ടിൽ മീൻ പിടുത്തത്തിനു എത്തിയ ഇയാൾ ജോലിയുടെ കടുപ്പം കാരണം പുറത്തു ചാടുക ആയിരുന്നു. അഭയാർത്ഥി വിസക്ക് ഇതിനകം അപേക്ഷ നൽകിയ വ്യക്തിയാണ് നടപടി നേരിടുന്നത് എന്നും സൂചനയുണ്ട്. ലണ്ടനിലെ മലയാളി അഭിഭാഷകൻ വഴി ഒട്ടേറെ മലയാളികൾ ഇപ്പോൾ അഭയാർത്ഥി വിസ അപേക്ഷ നൽകി അനുകൂല വിധി കാത്തിരിക്കുകയാണ്.