മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് ജീവനക്കാരുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനും, വിദേശ നഴ്സുമാരേയും ഡോക്ടർമാരെയും പരമാവധി ആശ്രയിക്കാതെ മുന്നോട്ടു പോകാനും ഉള്ള പദ്ധതികളുമായി ഋഷി സർക്കാർ മുൻപോട്ട് പോകുമ്പോഴാണ് ഈ ഉദ്ദേശത്തിന് തിരിച്ചടിയാകുന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. 2023 ലെ അണ്ടർ ഗ്രാഡ്വേറ്റ് നഴ്സിങ് കോഴ്സുകളിൽ പ്രവേശനം നേടിയവരുടെ എണ്ണം മുൻ വർഷത്തേക്കാൾ 16 ശതമാനം കുറവാണ് എന്നതാണ് ആ വാർത്ത. സ്‌കോട്ട്ലാൻഡ്, വെയ്ൽസ്, നോർത്തേൺ അയർലൻഡ് തുടങ്ങിയ അംഗ രാജ്യങ്ങളിലും നഴ്സിങ് പഠിക്കാൻ താത്പര്യപ്പെടുന്നവരുടെ എണ്ണം കോവിഡ് പൂർവ്വകാലത്തേതിനാക്കാൾ കുറഞ്ഞു എന്നതാണ് ഏറ്റവും ആശങ്കയുയർത്തുന്ന കാര്യം.

യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജസ് അഡ്‌മിഷൻ സർവ്വീസ് (യു സി എ എസ്) കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ വികസിത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അതീവ ആശങ്കയുയർത്തുന്നതാണെന്നാണ് നഴ്സിങ് രംഗത്തെ പ്രമുഖർ പറയുന്നത്. ലഭ്യമായ വിവരം അനുസരിച്ച് ഈ വർഷം ജൂൺ 30വരെ 43,920 ബ്രിട്ടീഷുകാരാണ് നഴ്സിങ് പഠനത്തിനായി ചേർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 52,150 ആയിരുന്നു.

യു കെ യിലേത്പൊതുവായി പരിശോധിച്ചാൽ, നഴ്സിംഗിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞ് കോവിഡ് പൂർവ്വകാലത്തേതിലേക്ക് പോകുന്ന കാഴ്‌ച്ചയാണ് കാണുന്നത്. എന്നാൽ, സ്‌കോട്ട്ലാൻഡ്, വെയ്ൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഇത് കോവിഡിനു മുൻപുള്ള സമയത്തിലേതിനേക്കാൾ കുറവായിരിക്കുന്നു. വെയ്ൽസിലാണ് ഈ വർഷം നഴ്സിങ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏറ്റവും അധികം കുറവ് വന്നിരിക്കുന്നത്, 21 ശതമാനം.

കഴിഞ്ഞ വർഷം 4200 പേർ വെയ്ൽസിൽ നഴ്സിങ് പഠനത്തിന് റെജിസ്റ്റർ ചെയ്തപ്പോൾ ഈ വർഷം അത് 3,330 ആയി കുറഞ്ഞു. സ്‌കോട്ട്ലാൻഡിൽ 2022 ജൂൺ വരെയുള്ള വർഷത്തിൽ 7,930 പേർ കോഴ്സിന് ചേർന്നപ്പോൾ 2023 ൽ അത് 6,450 ആയി കുറഞ്ഞു. 19 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഇവിടെ ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിലാണെങ്കിൽ നഴ്സിങ് വിദ്യാർത്ഥികളുടെ എണ്ണം 43,170 ൽ നിന്നും 16 ശതമാനം കുറഞ്ഞ് 36,400 ൽ എത്തി. നോർത്തേൺ അയർലൻഡിലാണെങ്കിൽ ഇത് 2,410 ൽ നിന്നും 17 ശതമാനം കുറഞ്ഞ് 2,910 ൽ എത്തിച്ചേർന്നു.

എല്ലാ പ്രായക്കാരിലെ അപേക്ഷകരിലും ഈ കുറവ് ദൃശ്യമായിട്ടുണ്ട്. അതുപോലെ നഴ്സിങ് പഠനത്തിനായെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ കാര്യത്തിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തിലേതിനേക്കാൾ 6 ശതമാനം കുറവ് വിദ്യാർത്ഥികളാണ് ഇത്തവണ നഴ്സിങ് പഠനത്തിനായി ബ്രിട്ടനിൽ എത്തിയിട്ടുള്ളത്. ലിംഗാടിസ്ഥാനത്തിൽ പരിശോധിച്ചാൽ സ്ത്രീ അപേക്ഷകരുടെ എണ്ണം 2022 നെ അപേക്ഷിച്ച് 17 ശതമാനം കുറഞ്ഞപ്പോൾ പുരുഷ അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത് 8 ശതമാനത്തിന്റെ കുറവാണ്.

നഴ്സിങ് പഠനത്തിൽ ആളുകൾക്ക് താത്പര്യം കുറഞ്ഞു വരുന്നു എന്നത് ആശങ്കയുയർത്തുന്നു എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് റോയൽ കോളേജ് ഓഫ് നഴ്സിങ് ജനറൽ സെക്രട്ടറി പാറ്റ് കല്ലന്റെ പ്രതികരണം. ഈ തൊഴിൽ മേഖലയോട് അധികാരികൾ കാണിക്കുന്ന വിവേചനം തന്നെയാണ് ഇതിനൊരു കാരണം എന്നുംഅവർ പറയുന്നു. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ ഈ മേഖല വിട്ടു പോവുകയാണെന്ന് ചൂണ്ടിക്കാണിച്ച അവർ, പുതുതായി ഈ മേഖലയിലെക്ക് വരുന്നവരുടെ എണ്ണം കുറയുക കൂടി ചെയ്യുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും എന്നും മുന്നറിയിപ്പ് നൽകുന്നു.

2028-29 ആകുമ്പോഴേക്കും നഴ്സിങ് പരിശീലനത്തിനുള്ള സീറ്റുകൾ 40,000 ആയും, 2031-32 ആകുമ്പോഴേക്കും 53,858 ആയും ഉയർത്താനുള്ള ദീർഘകാല പദ്ധതികളുമായി ബന്ധപ്പെട്ട പ്രഖ്യാപനം എൻ എച്ച് എസ് നടത്തി രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് യു സി എ എസിന്റെ ഈ കണക്കുകൾ പുറത്തു വരുന്നത്. ഇത്, മുൻപോട്ടുള്ള പ്രയാണം അതീവ ശ്രമകരമായിരിക്കും എന്ന് തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് പാറ്റ് കല്ലൻ പറഞ്ഞു. അടിയന്തിര നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ യൂണിവേഴ്സിറ്റി സീറ്റുകൾ ഇനിയും ഒഴിഞ്ഞു കിടക്കുമെന്നും, ഒഴിവുള്ള തസ്തികകൾ നികത്താതെ കിടക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.