കുടിയേറ്റം പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി അടുത്ത വർഷം ബ്രിട്ടനിലേക്കുള്ള വിസ നിരക്കുകൾ കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. 2024 മുതൽ വിസയ്ക്കും വർക്ക് പെർമിറ്റിനും ഉള്ള നിരക്കുകളിൽ 20 ശതമാനം വരെ വർദ്ധനവ് വരുത്താനാണ് സാധ്യത എന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ഈ നയം പ്രയോഗത്തിൽ വരുത്തിയിട്ടില്ലെങ്കിലും, ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്, ബ്രിട്ടനിലെക്ക് കുടിയേറാൻ താത്പര്യപ്പെടുന്നവർ ഉണ്ടെങ്കിൽ അത് പെട്ടെന്ന് ചെയ്യുവാനാണ്.

ജോബ് ഓഫറുകൾ ലഭിച്ചവരോ, അല്ലെങ്കിൽ യു കെയിലെ തൊഴിലുടമകളുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നവരോ തീരുമാനം എത്രയും പെട്ടെന്ന് എടുക്കുക. കുടിയേറ്റ നിയന്ത്രണം ഒരു രാഷ്ട്രീയ വിഷയമാവുകയും, മുൻപെങ്ങുമില്ലാത്ത പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, കുടിയേറ്റം നിയന്ത്രിക്കുവാൻ നടപറ്റി എടുത്തു എന്ന് കാണിക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ വർദ്ധന തീർച്ചയായും ഉണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കെ, കുടിയേറ്റത്തിനെതിരെ കർശന നടപടികൾ കൈക്കൊണ്ടു എന്ന് ജനങ്ങളെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്തം ഭരണ കക്ഷിക്കുണ്ട്. അതോടൊപ്പം എൻ എച്ച് എസിന് കൂടുതൽ ധന സഹായം നൽകും എന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനം പാലിക്കുകയും വേണം. വിസ- വർക്ക് പെർമിറ്റ് ചാർജ്ജുകൾ വർദ്ധിപ്പിക്കുന്നത് ഇതിന് രണ്ടിനും ഒരു പോംവഴി ആവുകയാണ്.

സാധാരണയായി ഇമിഗ്രേഷൻ ഫീസിൽ മാറ്റങ്ങൾ ഉണ്ടാവുകയാണെങ്കിൽ, അത് നിലവിൽ വരുന്നതിന് 21 ദിവസം മുൻപെങ്കിലും പാർലമെന്റിൽ എത്തണം. എന്നാൽ, വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുൻപായി ഇത് പ്രാബല്യത്തിൽ വരുത്തണം എന്ന ദൃഢനിശ്ചയമാണ് സർക്കാരിനുള്ളത്. അതുകൊണ്ടു തന്നെ ഈ മാറ്റം എത്രയും പെട്ടെന്ന് തന്നെ പ്രാബല്യത്തിൽ വരുത്താനായിരിക്കും ശ്രമിക്കുക. തൊഴിൽ സംബന്ധമായി തീരുമാനമാകാത്ത അപേക്ഷകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അതിൽ തീർപ്പുണ്ടാക്കി യു കെയിലേക്ക് എത്തിയാൽ പണം ലാഭിക്കാൻ കഴിയും.

വർക്ക് വിസയ്ക്കും വിസിറ്റ് വിസയ്ക്കും അപേക്ഷാ ഫീസിൽ 15 ശതമാനവും മറ്റ് വിസകളിൽ ചുരുങ്ങിയത് 20 ശതമാനവും വർദ്ധനവ് വരുത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയുന്നു. അതിനൊപ്പം അപേക്ഷകർ നൽകേണ്ട ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ്ജ് 624 പൗണ്ട് എന്നതിൽ നിന്നും 1,035 പൗണ്ട് ആയി വർദ്ധിക്കും. ഇത് മുതിർന്നവർക്ക് ഒരു വർഷം നൽകേണ്ട തുകയാണ്. കുട്ടികൾക്ക് പ്രതിവർഷം 470 പൗണ്ട് എന്നത് 776 പൗണ്ടായി ഉയരും.