കേരളരാഷ്ട്രീയത്തെ ഇന്ന് ഗണപതി പിടിച്ചു കുലുക്കിയിരിക്കയാണ്. ശബരിമല സമരത്തിനുശേഷം വീണ്ടുമൊരു നാമജപ ഘോഷയാത്രക്ക് കേരളം സാക്ഷിയാവുന്നു. ഒരു തരത്തിൽ നാം അവസാനിച്ചുവെന്ന് കരുതിയ കണ്ണുർ കൊലപാതകങ്ങൾ, മോർച്ചറി പരാമർശവും നേതാക്കളുടെ ഗോഗ്വാ വിളികളും മറ്റുമായി, വീണ്ടും തുടങ്ങുമോ എന്നും ആശങ്കയുണ്ടാവുന്നു. ഈ വിവാദങ്ങളുടെയെല്ലാം 'കാരണഭൂതൻ' ഒരേ ഒരു വ്യക്തിയുടെ നാക്കാണ്. എം എൻ ഷംസീർ എന്ന വെറും 45ാം വയസ്സിൽ സ്പീക്കർ ആയ തലശ്ശേരി എം എൽഎ ഇപ്പോൾ വിവാദ നായകനായിരിക്കയാണ്.

'ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുഷ്പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജി യുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.''- എന്നിങ്ങനെയുള്ള ഷംസീറിന്റെ ഒരു പ്രസംഗമാണ് ഇന്ന് കേരളത്തിൽ വർഗീയ ധ്രുവീകരണം ശക്തമാക്കിക്കൊണ്ട് വളരുന്നത്.

ഷംസീർ മാപ്പുപറയില്ലെന്ന് വ്യക്തമാക്കിയതോടെ കാര്യങ്ങൾ കുഴഞ്ഞുമറിയുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നവർ പോലും അദ്ദേഹം മതവിശ്വാസത്തിന്റെ കാര്യത്തിൽ പുലർത്തുന്ന കാപട്യത്തെ ചോദ്യം ചെയ്യുകയാണ്. താൻ ജനിച്ചുവളർന്ന ഇസ്ലാം മതത്തിലെ ചന്ദ്രനെ പിളർന്ന കഥയും, മലക്കും, ജിന്നുമൊന്നും ഒരിക്കലും അന്ധവിശ്വാസമാണെന്ന് പറയാൻ അദ്ദേഹത്തിന് കഴിയില്ല. മാത്രമല്ല ഖുർആൻ എന്നത് വളരെ പ്രോഗസ്രീവായ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്ന പുസ്തകമാണെന്നാണ് ഷംസീർ പറയുന്നത്. ഈ പഴയ വീഡിയോകൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയതാണ് കാര്യങ്ങൾ സങ്കീർണ്ണമാക്കിയത്.

വിദ്യാർത്ഥി സമരങ്ങളിലൂടെ വളർന്നു

കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത കോടിയേരിയിൽ സീമാൻ കോമത്ത് ഉസ്മാന്റെയും, എ എൻ സറീനയുടെയും മകനായി 1977 മെയ്‌ 24 ന് ഷംസീർ ജനിച്ചത്. തലശേരി കലാപകാലത്ത് ഏറെ പ്രയാസം അനുഭവിച്ചതാണ് ഷംസീറിന്റെ കോടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്. ഇടതുപക്ഷ ആഭിമുഖ്യമുള്ള കുടുംബം ആയിരുന്നു അവർ. ഷംസീറും, ചെറുപ്പത്തിൽ തന്നെ ഇടതുരാഷ്ട്രീയത്തിൽ ആകൃഷ്ടനായി.

തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നാണ് ഷംസീർ ഫിലോസഫിയിൽ ബിരുദം നേടിയത്. കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടി. പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് എൽഎൽബി.യും എൽഎൽഎമ്മും പൂർത്തിയാക്കിയത്. മലബാർ ക്യാൻസർ സെന്ററിലെത്തുന്ന അർബുദരോഗികളുടെ സഹായത്തിനായി സ്ഥാപിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിങ് ചെയർമാനാണ്. തലശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റും തലശ്ശേരി കേന്ദ്രമായ അഡ്വ. ഒ വി അബ്ദുള്ള ട്രസ്റ്റ് സ്ഥാപകസെക്രട്ടറിയുമാണ്.

കാമ്പസിലെ തീപ്പൊരി പ്രാസംഗികനു മികച്ച സംഘടനകനുമായ ഷംസീർ. 98ൽ, കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയന്റെ ആദ്യ ചെയർമാനായി. 2003-ൽ എസ്എഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റായിരുന്നു. 2008-ൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായും ,എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ഡിവൈഎഫ്‌ഐയിലേക്ക് കളംമാറ്റി.

വിദ്യാർത്ഥിരാഷ്ട്രീയത്തിലുടെ അതി ശക്തമായി പ്രവർത്തിച്ചുവന്ന നേതാവാണ് ഷംസീർ. അഡ്വക്കേറ്റ് ജയശങ്കറൊക്കെ ആരോപിക്കുന്നതുപോലെ കോടിയേരിയുടെ വെറും പെട്ടിപിടുത്തക്കാരൻ മാത്രമായിരുന്നില്ല അദ്ദേഹം. പ്രൊഫഷനൽ കോളേജ് പ്രവേശന കൗൺസിലിങ്ങിനെതിരായ സമരത്തിനിടെ ഷംസീർ പൊലീസിന്റെ ക്രൂര മർദനത്തിനിരയായി. കള്ളക്കേസിൽ കുടുക്കി 94 ദിവസം ജയിലിലടച്ചു. 1999ൽ ധർമടം വെള്ളൊഴുക്കിൽവെച്ച് ആർഎസ്എസ് അക്രമത്തിനിരയായി. അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായി ഊഷ്മളമായ ബന്ധമാണ് ഷംസീറിന് ഉണ്ടായിരുന്നത്. ഷംസീറിന്റെ പൊളിറ്റിക്കൽ ഗോഡ്ഫാദറും അദ്ദേഹം തന്നെയായിരുന്നു. ന്യൂനപക്ഷ സമുദായത്തിൽ നിന്ന് എ.പി.അബ്ദുല്ലക്കുട്ടിയെ പാർട്ടിയിലെത്തിച്ചതും കോടിയേരിയായിരുന്നു. അബ്ദുല്ലക്കുട്ടി പാർട്ടി വിട്ടതിനെ തുടർന്നാണ് ഷംസീറിന്റെ രാഷ്ട്രീയ ഭാവി തെളിയുന്നത് എന്നാണ് വിമർശകർ പറയുന്നത്.

ആദ്യതെരഞ്ഞെടുപ്പിൽ തോൽവി

പക്ഷേ ചാനൽ ചർച്ചകളിലെ സിപിഎം വക്താവായി എത്തിയതോടെയാണ് ഷംസീർ പാർട്ടിയിലും കൂടുതൽ സ്വീകാര്യനാവുന്നത്. ഒറ്റ നോട്ടത്തിൽ ധിക്കാരവും, ധാർഷ്ട്യവും കലരുന്ന ശൈലിയാണ് ഷംസീറിന്റെത് എങ്കിലും, സിപിഎമ്മുകാർക്കിടയിൽ പാർട്ടിയെ പ്രതിരോധിക്കുന്ന കരുത്തൻ എന്ന നിലയിലാണ് ഈ യുവ നേതാവിന്റെ ഇമേജ് മാറിയത്.

2014 -ൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ സിപിഎം സ്ഥാനാത്ഥിയായിട്ടായിരുന്നു കന്നിയങ്കം. പക്ഷേ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് 3,306 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. അന്ന് തനിക്കെതിരെ അതിശക്തമായ കുപ്രചാരണമാണ് ഉണ്ടായത് എന്ന് ഷംസീർ പറയുന്നുണ്ട്. ടി പി വധക്കേസിൽ പ്രതിയല്ലാത്ത തന്നെ, മാധ്യമങ്ങൾ കൂടി ചേർന്ന് പ്രതിയാക്കി കുപ്രചാരണം നടത്തിയെന്ന് അദ്ദേഹം ആരോപിക്കുന്നു. എന്നിട്ടം ചെറിയ വോട്ടിനാണ് ഷംസീർ തോറ്റത്. അതും ടിപി വധം കത്തിനിൽക്കുന്ന സമയത്ത്. 2016 നും 2018 നും ഇടയിൽ ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.

പക്ഷേ 2016ൽ തന്റെ ജന്മനാടയ തലശ്ശേരിയിൽ വൻ ഭൂരിപക്ഷത്തിന് ഷംസീർ ജയിച്ചുകയറി. 34,117 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആദ്യമായി നിയമസഭാംഗമായത്. 2021ൽ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു. മണ്ഡലത്തിലെ മുസ്ലിം വോട്ട് ബാങ്ക് ഷംസീറിനും പാർട്ടിക്കുമൊപ്പമായിരുന്നു. തലശ്ശേരിയിൽ ബിജെപിയുടെ ഒരുവിഭാഗം വോട്ട് യുഡിഎഫിന് പോയിട്ടും സിപിഎമ്മിന് ഭൂരിപക്ഷം ഉയർത്താൻ കഴിഞ്ഞതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല. ഈ രീതിയിൽ പാർട്ടിയെയും, ന്യൂനപക്ഷങ്ങളെയും അടുപ്പിക്കുന്ന പാലമായും ഷംസീർ പ്രവർത്തിച്ചു.

അനധികൃത നിയമനവിവാദം വരുന്നു

ഇപ്പോൾ സിപിഎം നേതാക്കൾക്കിടയിൽ ഫാഷനായിക്കൊണ്ടിരിക്കുന്ന ബന്ധു നിയമന വിവാദത്തിലും ഷംസീർ പെട്ടു. 2018ൽ ഷംസീറിന്റെ ഭാര്യ ഡോ പി എം ഷഹലയ്ക്ക് കണ്ണൂർ സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ നൽകിയ നിയമനം കോടതി റദ്ദാക്കുകയായിരുന്നു. ഇവിടെ എംഎഡ് വിഭാഗത്തിലാണ് സഹലയെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. നേരത്തെ ഇതേ സ്ഥാപനത്തിലെ ബിഎഡ് വിഭാഗത്തിൽ അദ്ധ്യാപികയായിരുന്ന ഇവർ. ഇവിടെനിന്നു വിടുതൽ വാങ്ങിയാണു എംഎഡ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.

എംഎഡ് വിഭാഗത്തിലെ അദ്ധ്യാപക ഒഴിവിലേക്കു നടന്ന അഭിമുഖത്തിൽ ഒന്നാം റാങ്കുകാരിയായ ഉദ്യോഗാർഥിയെ മറികടന്നായിരുന്നു രണ്ടാം റാങ്കുകാരിയായ സഹലയ്ക്കു നിയമനം നൽകിയത്. സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. ഈ നിയമനത്തിനെതിരെ ഒന്നാം റാങ്ക് നേടിയ ഡോ. എം പി ബിന്ദു നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിയമം റദ്ദാക്കിയത്.

എന്നാൽ സംഭവം ഷസീറിനെ വേട്ടയാടാനുള്ള നീക്കമാണെന്നാണ് ഡോ. ഷഹല പറഞ്ഞത് . കണ്ണൂർ സർവ്വകലാശാലയിലെ നിയമനത്തിന് എല്ലാ വിധ യോഗ്യതകളും തനിക്ക് ഉണ്ട്. തനിക്കെതിരെ നടക്കുന്നത് വേട്ടയാടലാണ്. 2010 ൽ ഷംസീർ ഡി.വൈ എഫ് ഐ സംസ്ഥന കമ്മിറ്റി അംഗമാവുമ്പോൾ തുടങ്ങിയതാണ് വേട്ടയാടൽ. യോഗ്യതയുള്ളതിനാലാണ് തസ്തികയ്ക്ക് അപേക്ഷിച്ചത്. 30 പേരെ വിളിച്ചതിൽ സർവ്വകലാശാലയാണ് വിശദീകരണം നൽകേണ്ടത്. തനിക്കെതിരെയുള്ള നീക്കത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഡോ. ഷഹല വ്യക്തമാക്കി. ഷംസീറിനെ അപമാനിക്കുക എന്നതാണ് തനിക്കെതിരേയുള്ള വിവാദത്തിന്റെ ലക്ഷ്യമെന്നും സഹല പറഞ്ഞു.

പക്ഷേ ഡോ ഹഹലക്ക് കാലിക്കറ്റ് സർവകലാശാലയിൽ അനധികൃത നിയമനം നൽകാൻ നീക്കമുണ്ടായിയെന്ന് വീണ്ടും വിവാദമുണ്ടായി. കാലിക്കറ്റ് സർവകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂവിൽ അപാകത ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്. ഷംസീറിന്റെ ഭാര്യ ഡോ. പി.എം.ഷഹലയുടെ റിസർച്ച് ഗൈഡായിരുന്ന അദ്ധ്യാപകനെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയത് തെറ്റെന്നു പരാതിയിൽ പറയുന്നു. എസ്.എഫ്.ഐ. മുൻ നേതാവും സിപിഎം. മങ്കട ഏരിയാ സെക്രട്ടറിയുമായ പി.കെ.അബ്ദുള്ള നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളിക്കും യോഗ്യരായവരെ മറികടന്ന് നിയമനം നൽകാൻ നീക്കം നടക്കുന്നെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. പക്ഷേ വിവാദങ്ങൾക്കൊടുവിൽ ഷഹലയുടെ പേരില്ലാതെയാണ് നിയമന ലിസ്റ്റ് ഇറങ്ങിയത്.

മുഹമ്മദ് റിയാസുമായി ഉടക്ക്

ഇടക്കാലത്ത് സിപിഎമ്മിനകത്തം ഷംസീറിന് അത്ര നല്ല സമയം ആയിരുന്നില്ല. തന്നേക്കാൾ ജൂനിയർ ആയ പി.എ.മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിൽ ഷംസീറിന് നീരസമുണ്ടെന്ന് വാർത്തകൾ പരന്നു. റിയാസ് മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായതോടെ പാർട്ടിയിലെ പുതിയ അധികാര കേന്ദ്രമായി. ന്യൂനപക്ഷ മുഖമായി. എന്നാൽ തന്റെ ഗോഡ്ഫാദറായ കോടിയേരി പാർട്ടി സെക്രട്ടറിയായിട്ടും ഷംസീർ മന്ത്രിയായതുമില്ല.

2021ലെ ഒരു സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഷംസീർ രംഗത്തുവന്നതും വാർത്തയായി. കരാറുകാരെ കൂട്ടി കാണാൻ വരരുതെന്ന് നിയമസഭയിൽ റിയാസ് പറഞ്ഞതിനെ എ.എൻ.ഷംസീറാണ് വിമർശിച്ചത്. ആരെയൊക്കെ കൂട്ടി കാണാൻ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീർ തുറന്നടിച്ചു. വിമർശനത്തോട് മുഹമ്മദ് റിയാസ് യോഗത്തിൽ പ്രതികരിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലായിരുന്നു പാർലമെന്ററി പാർട്ടി യോഗം ചേർന്നത്.

2021 ഒക്ടോബർ 7ന് നിയമസഭയിലെ ചോദ്യോത്തരവേളയിൽ മുഹമ്മദ് റിയാസ് നടത്തിയ പരാമർശമാണ് ഷംസീറിനെ ചൊടിപ്പിച്ചത്. എംഎൽഎമാർക്ക് സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾ നോക്കണം, പ്രശ്നങ്ങൾ പരിഹരിക്കണം. അതിന് മണ്ഡലത്തിലുള്ള പലരെയും കൂട്ടിവന്ന് മന്ത്രിയെ കാണേണ്ടിവരും. ആരെയൊക്കെ കൂട്ടിവരണമെന്ന് മന്ത്രിയല്ല തീരുമാനിക്കുന്നത്. അങ്ങനെ അഹങ്കാരത്തോടെ പറയുന്നത് ശരിയല്ലെന്നും മുഹമ്മദ് റിയാസിന്റെ പേരു പറയാതെ ഷംസീർ തുറന്നടിച്ചു.

തുടർഭരണം കിട്ടിയ സാഹചര്യത്തിൽ എല്ലാവരും കൂടുതൽ വിനയാന്വിതരാകണമെന്ന പാർട്ടി മാർഗരേഖ കൂടി ഓർമിപ്പിച്ചാണ് ഷംസീർ അവസാനിപ്പിച്ചത്. യോഗത്തിൽ അധ്യക്ഷനായിരുന്ന സിപിഎം നിയമസഭാകക്ഷി സെക്രട്ടറി ടി.പി.രാമകൃഷ്ണൻ റിയാസിന് പ്രതിരോധവുമായി രംഗത്തെത്തി. അഴിമതിക്കുള്ള സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാവണം അങ്ങനെ പറഞ്ഞതെന്നു പറഞ്ഞ് ടി.പി.രാമകൃഷ്ണൻ രംഗം തണുപ്പിക്കാൻ ശ്രമിച്ചു. എന്നാൽ മുഹമ്മദ് റിയാസ് മൗനം പാലിച്ചു.

പ്രതിപക്ഷം പോലും പ്രശ്നമാക്കാതിരുന്ന മുഹമ്മദ് റിയാസിന്റെ വാക്കുകളാണ് സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിൽ വിമർശിക്കപ്പെട്ടത്. ഇത് ഒരു പുതിയ ഗ്രൂപ്പിസത്തിന്റെ തുടക്കമായിപ്പോലും മാധ്യമങ്ങൾ വിലയിരുത്തിയിരുന്നു. പക്ഷേ ഈ ശീതസമരം പിന്നീട് കോമ്പ്രമൈസിന്റെ തലത്തിലേക്ക് പോവുകയായിരുന്നു.

ഹലാൽ ബോർഡ് വേണ്ടെന്നു പറഞ്ഞു

ഇന്ന് ഗണപതിവിവാദം ഉണ്ടാക്കുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. നേരത്തെ ഹലാൽ ബോർഡിനെതിരെ പ്രതികരിച്ചയാളാണ് ഷംസീർ. ഭക്ഷണം ഇഷ്ടമുള്ളവർ കഴിക്കട്ടെ, ചിലത് കഴിക്കാൻ പാടില്ലെന്ന തിട്ടൂരമെന്തിനാണ് എന്നാണ്, സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് ഷംസീർ പറഞ്ഞത്. 'എന്തിനാണ് ഹലാൽ എന്നെല്ലാം ബോർഡ് വയ്ക്കുന്നത്. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തിൽ കുറച്ച് ഉത്തരവാദിത്വം കാണിക്കണം. കേരളം പോലുള്ള മത നിരപേക്ഷമായ ഒരു സംസ്ഥാനത്ത് പ്രശ്നങ്ങളുണ്ടാക്കാൻ സംഘപരിവാർ തക്കം പാർത്ത് നിൽക്കുകയാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ എന്തിനാണ് സംഘപരിവാർ സംഘടനകൾക്ക് അടിക്കാനുള്ള വടി കൊടുക്കുന്നത്. അപക്വമതികളെ തിരുത്താൻ തയ്യാറാവണം. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണം''-ഷംസീർ ചൂണ്ടിക്കാട്ടി.

പക്ഷേ ഈ പ്രസ്താവനയുടെ പേരിൽ സത്യത്തിൽ സിപിഎമ്മിൽനിന്നുപോലും ഒറ്റപ്പെടുകയാണ് ഷംസീർ ചെയ്തത്. പിന്നാലെ ഹലാലിൽ മതമില്ലെന്നും, നല്ലതെന്ന അർത്ഥം മാത്രമേ അതിനുള്ളൂവെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഷംസീറിനെ പരോക്ഷമായി തിരുത്തുകയും ചെയ്തു. തലശ്ശേരി എംഎൽഎ എഎൻ ഷംസീർ അതിരുവിടുന്നുവെന്ന വിലയിരുത്തലിൽ സിപിഎം നേരത്തെ എത്തിയിരുന്നു. 'ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്' എന്ന് എ.എൻ.ഷംസീർ ഫേസ്‌ബുക്കിൽ കുറിച്ചത് പാർട്ടിയേയും പിണറായിയേയും ചൊടിപ്പിച്ചിരുന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസിനും പാർട്ടി നേതൃത്വത്തിനുമുള്ള മറുപടിയാണോ എന്ന ചർച്ച സിപിഎമ്മിൽ സജീവമായിരുന്നു.

സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളും അച്ചടക്കത്തിന്റെ പരിധിയിൽ വരണമെന്നു സംസ്ഥാന കമ്മിറ്റി തന്നെ നിർദ്ദേശിച്ചിരിക്കെയാണ് ആ കമ്മിറ്റിയിലെ അംഗമായ ഷംസീർ പല വ്യാഖ്യാനങ്ങൾക്കും വഴിവയ്ക്കുന്ന ഒരു വരി തൊടുത്തത്. 'വെള്ളം' എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്‌കാരം നേടിയ ജയസൂര്യയെ അഭിനന്ദിക്കുന്ന പോസ്റ്റിന്റെ ആദ്യ വരിയായാണ് ആ ചിത്രത്തിലെ ഡയലോഗ് ഷംസീർ കടമെടുത്തത്. ഇതല്ലൊം വലിയ അഭ്യുഹങ്ങൾക്കും ഇടയാക്കിയിരുന്നു. ഒരുവേള ഷംസീർ പാർട്ടിക്ക് അനഭിമതനാവുകയാണെന്നുപോലും വാർത്തകൾ ഉണ്ടായിരുന്നു.

സ്പീക്കർ പദവിയിലേക്ക്

കോടിയേരിയുടെ അനാരോഗ്യമായിരുന്നു പലപ്പോഴും ഷംസീറിനുവേണ്ടി വാദിക്കാൻ ആളില്ലാതെപോയ അവസ്ഥയുണ്ടാക്കിയതെന്ന് മാധ്യമ വാർത്തകൾ വന്നിരുന്നു. പക്ഷേ കോടിയേരിയുടെ മരണത്തിന് ഒരുമാസം മുമ്പേ സ്പീക്കർ പദവി ഷംസീറിനെ തേടിയെത്തി. കോടിയേരിയുടെ അനാരോഗ്യം മൂലം എം വി ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറിയായതോടെയാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ അഴിച്ചുപണി വേണ്ടിവന്നത്.

എം വിഗോവിന്ദനു പകരം കണ്ണൂരിൽനിന്നു തന്നെ മന്ത്രിയുണ്ടാകുമെങ്കിൽ അത് ഷംസീറായിരിക്കുമെന്നു തുടക്കം തൊട്ടു പ്രചാരണമുണ്ടായിരുന്നു. മന്ത്രിപദം സ്പീക്കറായിരുന്നു എം.ബി.രാജേഷിലേക്കു പോയതോടെയാണ്, സ്പീക്കർ സ്ഥാനത്തേക്ക് ഷംസീർ പരിഗണിക്കപ്പെട്ടത്. പി.എ.മുഹമ്മദ് റിയാസ് മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായതോടെ ഷംസീറിന് ഇനി ഉയർച്ചയില്ലെന്നു കരുതിയവർക്കുള്ള മറുപടിയായിരുന്നു, 45ാം വയസ്സിൽ ലഭിച്ച സ്പീക്കർ സ്ഥാനം.

നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ള ഷംസീറിന് സഭയുടെ നിയമങ്ങളും കീഴ്‌വഴക്കങ്ങളുമായി പൊരുത്തപ്പെടാൻ പ്രയാസമുണ്ടാവില്ല. പക്ഷേ ഔട്ട സ്പോക്കണായ അദ്ദേഹത്തിന്, കക്ഷി രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നു മാറി നിൽക്കേണ്ടി വരുമെന്നതാണ് അദ്ദേഹത്തിനു നേരിടേണ്ടി വരുന്ന പ്രയാസം എന്ന് അന്നുതന്നെ വിലയിരുത്തൽ ഉണ്ടായിരുന്നു. എവിടെയും അതിശക്തമായ ആഞ്ഞടിച്ച് സംസാരിക്കുന്നതാണ് ഷംസീറിന്റെ രീതി. േഎംഎൽഎ ആയിരുന്നപ്പോൾ സ്പീക്കർ എം ബി രാജേഷുമായൊക്കെ ഷംസീർ ഉടക്കിയിരുന്നു. കെ റെയിൽ സമരം ശക്തമായപ്പോൾ, 'കല്ലുപിഴുതാൽ തല്ലുമേടിക്കുമൊന്നൊക്കെ' യാതൊരു മറയുമില്ലാതെ പറഞ്ഞയാളാണ് ഷംസീർ. അങ്ങനെ ഒരാളുടെ നാക്ക് അടങ്ങിയിക്കുമോ എന്നായിരുന്നു വിമർശനം. പക്ഷേ എല്ലാവരയെും അമ്പരിപ്പിച്ചുകൊണ്ട് അങ്ങേയറ്റം പക്വതയോടെ നിയമസഭ കൊണ്ടുപോകാൻ സ്പീക്കർ എന്ന നിലയിൽ ഷംസീറിനായി. അങ്ങനെ ഒരു വിധം പേരെടുത്ത് നിൽക്കുന്നതിനടയിലാണ് ഗണപതി വിവാദം ഉണ്ടാവുന്നത്.

ഗണപതി വിവാദത്തിൽ

എംഎൽഎ പി വി ശ്രീനിജന്റെ ക്ഷണം അനുസരിച്ച് കുന്നത്തുനാട് ജിഎച്ച്എസ്എസിലെ വിദ്യാജ്യോതി പരിപാടിയിൽ നടത്തിയ പ്രസംഗമാണ് ഷംസീറിനെ പൊല്ലാപ്പിലാക്കിയത്. ഗണപതി മിത്താണെന്ന, പരാമർശം വിവാദമായതോടെ, ഹിന്ദു വിശ്വാസങ്ങൾക്ക് എതിരായ ഷംസീറിന്റെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി പരാതി നൽകി. കേരളം മുഴവൻ എല്ലാ പൊലീസ്സ്റ്റേഷനിലും പരാതി എത്തി. ഷംസീർ മുസ്ലിം മത വിശ്വാസിയാണെന്നും പരാതിയിലുണ്ട്. ഇസ്ലാമിലുള്ള തന്റെ വിശ്വാസവും ഇസ്ലാമിലെ മലക്ക് മുതലായ സങ്കൽപ്പങ്ങളെക്കുറിച്ചും ഷംസീർ വാചാലനായിട്ടുണ്ട്. തികഞ്ഞ ഇസ്ലാം മതവിശ്വാസിയായ ഷംസീർ, ഹിന്ദു ദേവതാ സങ്കൽപ്പങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ഹിന്ദു മതത്തെയും ഹിന്ദു മത വിശ്വാസികളെയും പൊതുമധ്യത്തിൽ അവഹേളിക്കുവാനും മത വിദ്വേഷം പ്രചരിപ്പിക്കാനും വിവിധ മതസ്ഥർ തമ്മിൽ വർഗീയ സംഘർഷം ഉണ്ടാക്കാനും മനഃപൂർവം ലക്ഷ്യമിട്ടാണെന്നും പരാതിയിൽ പറയുന്നു.എൻഎസ്എസ് ഇപ്പോൾ നാമജപ ഘോഷയാത്ര നടത്തിയാണ് പ്രതിഷേധിക്കുന്നത്.

സത്യത്തിൽ ഷംസീറിന് സംഘപരിവാറിന്റെ വിദ്യാഭ്യാസ കാവിവത്ക്കരണത്തിനെതിരെ സംസാരിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. പക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ അദ്ദേഹത്തെ പിന്തുണക്കുന്നവർ പോലും വെട്ടിലാവുന്നത്, സ്വന്തം മതത്തിലെ അന്ധവിശ്വാസങ്ങൾ അദ്ദേഹത്തിന് പ്രശ്നമല്ല എന്ന കാരണത്താൽ ആണ്.

ഖുർആൻ പ്രോഗസീവ് കാഴ്ചപ്പാട്'

മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈ വിറയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ എണ്ണം കേരളത്തിൽ കൂടിക്കൂടി വരികയാണെന്ന വിമർശനത്തിന് പുതിയ ഉദാഹരണമാണ് ഷംസീറും. ഭൗതികവാദി പാർട്ടിയിൽ നിന്ന് നിൽക്കുന്ന കേരളസ്പീർക്കർക്ക് സ്വന്തം മതത്തിലെ പ്രശ്നങ്ങൾ കാണാൻ കഴിയുന്നില്ല. 'പരിശുദ്ധ ഖുർആൻ വളരെ പ്രോഗസീവ് വ്യൂ മുന്നോട്ടുവെക്കുന്ന ഗ്രന്ഥം എന്നാണ്' ഷംസീർ വിശേഷിപ്പിച്ചത്. ഇസ്ലാം മതത്തെയും ഖുർആനെയും ഇസ്ലാമിക വിശ്വാസങ്ങളെയും ശരീഅത്ത് നിയമങ്ങളെയും പുകഴ്‌ത്തുന്ന ഷംസീറിന്റെ നിരവധി വീഡിയോകൾ ഉണ്ട്. അതേ വ്യക്തി തന്നെ ഹിന്ദു പുരാണങ്ങൾ മിത്തുകളാണെന്ന് പറയുന്നു.

ഷംസീർ ഒരു പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു. 'ഒരാൾ സ്വർഗത്തിൽ പോകണമോ നരകത്തിൽ പോകണമോ എന്ന് തീരുമാനിക്കുത് ലീഗല്ല. ഒരാൾ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നെല്ലാം തീരുമാനിക്കുന്നത് മുസ്ലിം ലീഗ് ഓഫീസിൽ നിന്നല്ല. അതിന് അള്ളാഹു മലക്കുകളെ ഭൂമിയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഒരു മുസ്ലീമിന്റെ ജീവിതം ഒരു നിസ്‌കാരം മുതൽ വാങ്ക് വരെയാണ്. ലേബർ റൂമിൽ വെച്ച് തന്നെ ചെവിയിലേയ്ക്ക് വാങ്ക് വിളിച്ച് കൊടുക്കുകയാണ്. ആ സമയം മുതൽ ഒരു ഇസ്ലാമിന്റെ ജീവിതം തുടങ്ങുകയാണ്. അവൻ ചെയ്യുന്ന നന്മയെയും തിന്മയെയും അറിയാൻ മാലാഖമാരെ മലക്കുകളുടെ ഭൂമിയിലേയ്ക്ക് അയച്ചിരിക്കുന്നു. ഈ ലോകത്തിലെ ജീവിതമല്ല, പരലോകത്തെ ജീവിതമാണ് മഹത്തരം എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന പുരോഗമന ദർശനം മുന്നോട്ട് വെയ്ക്കുന്ന ഗ്രന്ഥമാണ് ഖുർആൻ'. ഷംസീർ ചൂണ്ടിക്കാട്ടുന്നു. അതായത് ഗണപതിയെപ്പോലെ അള്ളാഹുവും മലക്കുമൊന്നും ഷംസീറിന് മിത്തല്ല. ഒരു തികഞ്ഞ വിശ്വാസിയുടെ ശബ്ദമാണ് അവിടെ കേൾക്കുന്നത്.

2020ൽ മനോരമ ന്യൂസിൽ ഷാനി പ്രഭാകരൻ നയിച്ച ഒരു ചർച്ചയും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിട്ടുണ്ട്. അതിൽ ഷംസീർ ഇങ്ങനെ പറയുന്നു. 'എല്ലാമതഗ്രന്ഥങ്ങളും ഞാൻ വായിച്ച് പഠിച്ചിട്ടുണ്ട്. എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യസ്നേഹമാണ് പറയുന്നത്. പരിശുദ്ധ ഖുർആൻ വളരെ പ്രോഗസീവ് വ്യൂ മുന്നോട്ടുവെക്കുന്ന ഗ്രന്ഥമാണ്. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന വളരെ പ്രോഗ്രസീവായ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥം. ആ പരിശുദ്ധ ഖുറാനകത്ത് സ്ത്രീ വിരുദ്ധമായ രീതിയിലേക്ക്, സത്രീകൾക്ക് ഏറ്റവും പരിരക്ഷ കൊടുക്കുന്ന മതം ഇസ്ലാമാണ്. അതിൽ ഒരു തർക്കവും ആർക്കും വേണ്ട. സ്ത്രീകൾക്ക് ഏറ്റവും പരിരക്ഷ കൊടുക്കുന്ന മതമായ ഇസ്ലാമിനെ യാഥാസ്ഥിതിക മതപൗരോഹിത്യം...'( ചർച്ചയിൽ അപ്പോൾ അവതാരകയായ ഷാനി പ്രഭാകരൻ അപ്പോൾ ഇടപെടുന്നു)

ഷാനി: ഒരു മതവും സ്ത്രീകൾക്ക് പരിരക്ഷ കൊടുക്കുന്നില്ല. മാത്രമല്ല പരിരക്ഷയല്ല മതങ്ങൾ നൽകേണ്ടത് തുല്യതയാണ്.അങ്ങനെ പറഞ്ഞാൽ പുതിയൊരു തർക്കം നമ്മുടെ ഇടയിൽ ഉന്നയിക്കും''

അതിന് ഷംസീർ ഇങ്ങനെ പറയുന്നു. 'ഇസ്ലാം സ്ത്രീകൾക്ക് തുല്യത മാത്രമല്ല പുരുഷനേക്കാൾ, ഒരു പടി സ്വാതന്ത്ര്യം ചിലയിടങ്ങളിൽ നൽകുന്നുണ്ട്. അതാണ് ഇസ്ലാം.'- ഈ സംഭാഷണ ശകലവും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇതോടെ കേരള സ്പീക്കർ ശരിക്കും എയറിലായി. എല്ലാമതങ്ങളും മിത്തുകൾ ആണെന്നും ശാസ്ത്രമാണ് സമൂഹ പുരോഗതിക്കുള്ള ഏറ്റവും നല്ല കാര്യം എന്നും ഒരു ഒറ്റവാക്ക് ഷംസീർ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇത്. പക്ഷേ അത് പറഞ്ഞാൽ ന്യൂനപക്ഷ വോട്ടുപോവും. ദൈവനാമത്തിലല്ലാതെ ദൃഢ പ്രതിജഞ ചെയ്ത അധികാരമേറ്റ എംഎൽഎയാണ് ഷംസീർ. പക്ഷേ അദ്ദേഹത്തിനുപോലും വൺ സൈഡ് നവോത്ഥാനവാദത്തിന്റെ വക്താവായി മാറാനേ കഴിയുന്നുള്ളൂ. ഈ ഇരട്ടത്താപ്പാണ് കേരളം നേരിടുന്ന എറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയും.

വാൽക്കഷ്ണം: ഷംസീർ പ്രശ്നം വളർന്ന് അത് ഒരുരീതിയിൽ ഒതുങ്ങിവന്ന കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് വീണ്ടും തിരികൊളുത്തുമെന്നും ഭയമുണ്ട്. പി ജയരാജന്റെ മോർച്ചറി പ്രസ്താവനയും, അതിന് സോഷ്യൽ മീഡിയിൽ പരിവാറുകൾ കൊടുത്ത മറുപടിയും കാണുമ്പോൾ ശരിക്കും ഭീതി വരുന്നുണ്ട്.