ടുപ്പുമാറുന്നതുപോലെ പങ്കാളികളെ മാറുന്നവരാണ് ബോളിവുഡ് അഭിനേതാക്കൾ എന്നാണ് പൊതുവെയുള്ള ചൊല്ല്. അതിനിടയിലെ മാതൃകാ ദമ്പതികൾ ആയിരുന്നു ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഓരോ പുരുഷന്റെയും സ്വപ്ന സുന്ദരിയാണ് ഐശ്വര്യ റായ്. ഇന്നും ലോകസുന്ദരി എന്ന് പറഞ്ഞാൽ ആകെ മനസിൽ വരുന്ന മുഖം ഐശ്വര്യയുടേതാണ്. അതുപോലെ മിസ്റ്റർ ക്ലീൻ എന്ന് അറിയപ്പെടുന്ന, കുലീനത്വത്തിന്റെ പ്രതീകമാണ്, ഏഷ്യയിലെ ഒന്നാം നമ്പർ സെക്സിയസ്റ്റ് മാനായി യുകെ. മാഗസിനായ ഈസ്റ്റേൺ, ഐ തെരഞ്ഞെടുത്ത അഭിഷേക് ബച്ചൻ. ബോളിവുഡിന്റെ താരദമ്പതിമാർ എന്ത് ചെയ്താലും അത് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

പക്ഷേ ഇപ്പോൾ, ഇരുവരും ഉടൻ ഡിവോഴ്സ് ആകുമെന്നും, ഇപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നതെന്നുമൊക്കെയുള്ള വാർത്തകളാണ് മുംബൈ സിനി പോർട്ടലുകൾ ആഘോഷിക്കുന്നത്. അയോധ്യയിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ, ഭാര്യയെ കൂട്ടാതെ അഭിഷേക് എത്തിയതാണ്, കഴിഞ്ഞ കുറച്ചുകാലമായുള്ള അഭ്യഹം ശക്തമാക്കിയത്. ബോളിവുഡിൽ നിന്നും നിരവധി താരങ്ങളാണ് അയോധ്യയിലെ ചടങ്ങിന് എത്തിയിരുന്നത്. രൺബീർ കപൂർ ഭാര്യയും നടിയുമായ ആലിയ ഭട്ട്, കത്രീന കൈഫ്- വിക്കി കൗശൽ എന്നിങ്ങനെ കൂടുതൽ പേരും ജോടികളായാണ് വന്നത്. അവിടെയാണ് ഐശ്വര്യയുടെ അസാന്നിധ്യം ചർച്ചയായത്. അഭിഷേകിനൊപ്പം എന്തുകൊണ്ട് ഐശ്വര്യ റായ് വന്നില്ലെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത് വിവാഹമോചനം സംബന്ധിച്ചുള്ള കൂടുതൽ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിരിക്കയാണ്.

കഴിഞ്ഞ കുറേ നാളുകളായി അഭിഷേകും ഐശ്വര്യയും തമ്മിൽ പിണക്കത്തിലായിരുന്നുവെന്നും ഇപ്പോൾ ഇരുവരും പിരിഞ്ഞുവെന്നുമാണ് മുബൈ സിനിമാ മാധ്യമങ്ങൾ പറയുന്നത്. വേർപിരിയൽ വാർത്തകളെ സാധൂകരിക്കുന്ന സൂചനകൾ ഇരുവരും പലപ്പോഴും നൽകിയിട്ടുണ്ടെങ്കിലും, ഇതുവരേയും വാർത്തകളോട് താരദമ്പതിമാർ കൃത്യമായി പ്രതികരിച്ചിട്ടില്ല. രണ്ടുമാസംമുമ്പ്, വിവാഹ മോതിരം ധരിക്കാതെ അഭിഷേക് ബച്ചൻ ഒരു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്നും വലിയ തോതിൽ ഡിവോഴസ് വാർത്തകൾ ഉണ്ടായി. പിന്നീട് ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ എത്തിയെങ്കിലും വേർപിരിയൽ അഭ്യൂഹങ്ങൾ അവസാനിച്ചിട്ടില്ല.

നേരത്തെ അഭിഷേക് ബച്ചച്ചന്റെ ഒരു പോസ്റ്റും വലിയ ചർച്ചയായിരുന്നു. ജീവിതത്തെക്കുറിച്ച് ആനന്ദ് ചുലാനി പറഞ്ഞ വാക്കുകളാണ് അഭിഷേക് പങ്കുവച്ചിരിക്കുന്നത്. ''പരാജയത്തെക്കുറിച്ചുള്ള ഭയം നിങ്ങളുടെ സ്വപ്നങ്ങൾ തകർക്കും. പരാജയങ്ങളിൽ നിന്നും പഠിക്കുന്ന പാഠങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളെ കെട്ടിപ്പടുക്കും'' എന്നായിരുന്നു അത്. ഇതെല്ലാം വരികൾക്കിടയിലൂടെ വായിച്ച്, ഡിവോഴ്സിന്റെ തെട്ടാരുക്കമായിട്ടാണ് ചിലരുടെ വിലയിരുത്തൽ.

ഡെയിലി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യ ഇപ്പോൾ തന്റെ അമ്മയ്ക്കും മകൾക്കുമൊപ്പമാണ് താമസിക്കുന്നത്. എന്നാൽ ബന്ധം വേർപെടുത്തുന്നതിനോട് ബച്ചൻ കുടുംബത്തിന് താൽപര്യമില്ലെന്നും അതിനാൽ പിരിയാതെ തന്നെ അകന്നു കഴിയാനാണ് തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ സൗന്ദര്യധാമമെന്ന് വിദേശമാധ്യമങ്ങൾ പ്രകീർത്തിച്ച ഐശ്വര്യ, തന്നെക്കാൾ രണ്ടുവയസ്സ് കുറവുള്ള അഭിഷേകിനെ വിവാഹം കഴിച്ചത് സംഭവ ബഹുലമായ ഒരു പ്രണയ ജീവിത്തിലൂടെയാണ്.

തൊട്ടതെല്ലാം പൊന്നാക്കിയ ഐശ്വര്യ

പലരും കരുതുന്നതുപോലെ മഹാരാഷ്ട്രയിലല്ല, കർണ്ണാടകയിലാണ് റായ് കുടുംബത്തിന്റെ വേരുകൾ. മാതൃഭാഷ തുളുവാണ്. മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ മകളായി, 1973 നവംബർ 1-ന് മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം. ബണ്ട് സമുദായത്തിൽപ്പെട്ടവരാണ് ഇവർ. ഐശ്വര്യയുടെ സഹോദരൻ ആദിത്യ റായ് നേവി ഉദ്യോസ്ഥാനായിരുന്നു. 2003-ൽ പുറത്തിറങ്ങിയ ദിൽ കാ റിസ്താ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

ഐശ്വര്യയുടെ ജനനശേഷം മാതാപിതാക്കൾ മുംബൈയിലേയ്ക്ക് താമസം മാറി. സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിർ ഹൈ സ്‌കൂളിലാണ് സ്‌കൂൾ വിദ്യാഭ്യാസം നേടിയത്. സ്‌കൂളിൽ പഠിക്കുമ്പോഴാണ് തൻെ സൗന്ദര്യത്തെക്കുറിച്ച് താൻ തന്നെ ബോധവതിയായത് എന്നാണ് ഐശ്വര്യ ഒരു അഭിമുഖത്തിൽ പറയുന്നത്. ''എന്നെ ഒരു നോക്കുകാണാൻ വേണ്ടി കുട്ടികൾ ബസിനുപിറകെ ഓടുന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്. വീടിന്റെ ഗേറ്റിൽ വലിഞ്ഞുകയറിയും കുട്ടികൾ നോക്കാറുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ എന്നെക്കുറിച്ചുതന്നെ ബോധവതിയാവുന്നത്''.

പിന്നീട് ചർച്ച്ഗേറ്റിലുള്ള ജൈ ഹിന്ദ് കോളേജിൽ ചേർന്ന ഐശ്വര്യ, ഒരു വർഷത്തിനുശേഷം മാതുംഗയിലുള്ള രൂപാറെൽ കോളേജിൽ ചേർന്ന് പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കി. നന്നായി പഠിച്ചിരുന്ന ഐശ്വര്യയ്ക്ക് ആർക്കിടെക്റ്റ് ആവാനായിരുന്നു ആഗ്രഹം. തുളു, ഹിന്ദി, ഇംഗ്ലീഷ്, മറാഠി, തമിഴ് എന്നീ ഭാഷകളിൽ സംസാരിക്കാനറിയാം.

ആർക്കിട്ടെക്ചർ പഠനത്തിനിടയിൽ ഐശ്വര്യ മോഡലിങ്ങും ചെയ്തിരുന്നു. 1994-ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് സുസ്മിതാ സെന്നിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി. തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത ഐശ്വര്യ, ലോക സുന്ദരി പട്ടവും നേടി. അതോടൊയണ് അവർ ശ്രദ്ധയാകർഷിക്കുന്നത്. ഈ മത്സരത്തിലെ മിസ് ഫോട്ടോജെനിക് പുരസ്‌ക്കാരവും ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്. അതിനുശേഷം തന്റെ പഠനം ഉപേക്ഷിച്ച ഐശ്വര്യ ഒരു വർഷത്തോളം ലണ്ടനിലായിരുന്നു. മോഡലിങ്ങിലേയ്ക്കും അവിടുന്ന് സിനിമകളിലേയ്ക്കും ഐശ്വര്യ തന്റെ കരിയർ മാറ്റി.

ലലേട്ടന്റെ നായികയായി തുടക്കം

1997-ൽ പുറത്തിറങ്ങിയ ഇരുവർ എന്ന മണിരത്നം ചിത്രത്തിൽ മോഹൻലാലിന്റെ അഞ്ച് നായികമാരിൽ ഒരാളായിട്ടായിരുന്നു ഐശ്വര്യടെ അഭിനയ ജീവിതത്തിന്റെ തുടക്കം. അതിലേക്ക് അവർ എത്തിയതും, മിസ് വേൾഡ് വിജയി എന്ന ടൈറ്റിലിൽ ആയിരുന്നു. ഇരുവർ സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും മികച്ച ചിത്രമെന്ന് പേരെടുത്തു. ഐശ്വര്യയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. 'ഓർ പ്യാർ ഹോഗയാ' എന്ന ഹിന്ദി ചിത്രമായിരുന്നു ഐശ്വര്യുടെ ആദ്യ ബോളിവുഡ് ചിത്രം. ബോബി ഡിയോൾ ആയിരുന്നു നായകൻ. പക്ഷേ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു.

ഷങ്കറിന്റെ ചിത്രമായ ജീൻസ് (1998) ആയിരുന്നു ഐശ്വര്യയുടെ മൂന്നാമത്തെ ചിത്രം. ഈ സിനിമ വൻ വിജയമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം ഐശ്വര്യയെ തേടിവന്നു. 1999-ൽ പുറത്തിറങ്ങിയ ഹം ദിൽ ദേ ചുകേ സനം ഐശ്വര്യയുടെ ബോളിവുഡ് അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. ഈ സിനിമയിലെ അഭിനയത്തിനും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അതേ വർഷം പുറത്തിറങ്ങിയ താൽ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നാമനിർദ്ദേശവും ലഭിക്കുകയുണ്ടായി.

2000ൽ, ഐശ്വര്യ മൊഹബത്തേൻ, ജോഷ് എന്നീ ഹിന്ദി സിനിമകളും കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന തമിഴ് സിനിമയും ചെയ്ത് അഭിനേത്രിയായി തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. പിന്നീട് അവർ തിരിഞ്ഞുനോക്കിയിട്ടില്ല. 2010-ൽ രാവൺ എന്ന ചിത്രത്തിൽ ഭർത്താവ് അഭിഷേക് ബച്ചനോടൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ചു. ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്കായിരുന്ന അവരുടെ യാത്ര. ഇന്ന് ഈ 50ാം വയസ്സിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയും അവർ തന്നെ. യന്തിരൻ സിനിമക്ക് 5 കോടി പ്രതിഫലം വാങ്ങിയാണ് അവർ ഇന്ത്യയിലെ ടോപ്പ് പെയിഡ് ആർട്ടിസ്റ്റായത്. പക്ഷേ സിനിമപോലെ ഉയർച്ചയുടെ മാത്രം ഗ്രാഫ് ആയിരുന്നില്ല, വ്യക്തിജീവിതത്തിൽ. പല പ്രണയ പരാജയങ്ങളും അവരെ വേട്ടയാടിയിരുന്നു.

സൽമാനുമായി ടോക്സിക്ക് പ്രണയം

പ്രസിദ്ധിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും, ഐശ്വര്യയുടെ സ്വകാര്യ ജീവിതം അത്തരം രസകരമായിരുന്നില്ല. ചില ടോക്സിക്കായ പ്രണയങ്ങളിലൂടെയാണ് അവർ കടന്നുപോയത്. അതിലൊന്നാണ് നടൻ സൽമാൻഖാനുമായുള്ളത്. സൊമി അലി എന്ന കാമുകിയുമായി സൽമാൻ വിവാഹിതനാവാൻ പോവുന്നെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ഐശ്വര്യയുടെ കടന്ന് വരവ്. സൽമാൻ ഐശ്വര്യയുമായി അടുത്തതോടെ സൊമി ഈ ബന്ധം ഉപേക്ഷിക്കുകയും അമേരിക്കയിലേക്ക് താമസം മാറുകയും ചെയ്തത്ര. ഇതോടെ സൽമാൻ-ഐശ്വര്യ പ്രണയബന്ധം തുടങ്ങി. സൽമാനുമായുള്ള ബന്ധത്തിന്റെ ഐശ്വര്യയും മാതാപിതാക്കളും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന്റെ പേരിൽ നടി മറ്റൊരു അപ്പാർട്മെന്റിലേക്ക് താമസം മാറിയെന്നും സോമിഎഴുതിയിട്ടുണ്ട്.

1999ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹം ദിൽ ദേ സുകേ സനം എന്ന ചിത്രത്തിലാണ് സൽമാനും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ചത്. അപ്പോഴാണ് അവരുടെ ബന്ധം പൂത്തുലഞ്ഞത്. പക്ഷേ ശരിക്കും ടോക്സിക്കായിരുന്നു ഈ ബന്ധം. സൽമാൻ ഖാൻ വളരെ നീചമായൊക്കെയാണ് ഐശ്വര്യയോട് പെരുമാറിയത്. സഹികെട്ട് ഐശ്വര്യ ബന്ധം ഉപേക്ഷിച്ചപ്പോൾ സഹതാരങ്ങളുമായി ചേർത്ത് അപവാദങ്ങൾ പറഞ്ഞുപരത്തി. ഐശ്വര്യയുടെ വീട്ടിൽ ചെന്ന് മദ്യപിച്ച് നിലവിളിക്കുകയും, വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയും പോലുള്ള ചീപ് പരിപാടികളും ചെയ്തു. അതോടെ ഐശ്വര്യ റായിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. പക്ഷേ, ഫലമുണ്ടായില്ല. ഐശ്വര്യയുടെ 'ചൽത്തേ ചൽത്തേൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സൈറ്റിൽ പോയി സൽമാൻ പ്രശ്നമുണ്ടാക്കി. അങ്ങനെ ഓരോ സിനിമയി നിന്നായി ഐശ്വര്യയെ മാറ്റേണ്ടി വന്നു. അവസാനം റാണി മുഖർജിയുമായി പ്രണയത്തിൽ ആയശേഷമാണ് സൽമാൻ ഐശ്വര്യയെ വിട്ടത് എന്നാണ് ബോളിവുഡ് സിനിമാ മാധ്യമങ്ങൾ എഴുതുന്നത്. വേർ പിരിഞ്ഞതിന് ശേഷം ഐശ്വര്യ തുറന്നു പറഞ്ഞു. സൽമാൻ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അതൊന്നും ആരെയും അറിയിക്കാതെ ഞാൻ ജോലിക്ക് പോകുമായിരുന്നെന്നും.

ഐശ്വര്യയുടെ ഈ പ്രസ്താവന സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാനെ പ്രകോപിപ്പിച്ചു. ഐശ്വര്യക്കെതിരെ ഇദ്ദേഹം രംഗത്ത് വരികയും ചെയ്തു. ''ഇപ്പോൾ അവൾ പരസ്യമായി കരയുന്നു. അവൾ അവനോടൊപ്പം ചുറ്റിക്കറങ്ങുമ്പോൾ, കുടുംബത്തിലെ ഒരംഗത്തെ പോലെ ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ, എപ്പോഴെങ്കിലും അവൾ ആ ബന്ധം അംഗീകരിച്ചിട്ടുണ്ടോ. അവൾ ഒരിക്കലും അത് ചെയ്തില്ല. അത് സൽമാനെ അരക്ഷിതാവസ്ഥയിലാക്കി. അവൾ അവനെ എത്രമാത്രം ആഗ്രഹിക്കുന്നെന്ന് അറിയാൻ അവനാഗഹിച്ചു. പക്ഷെ അതിനൊരിക്കലും അവൾ അനുവദിച്ചില്ല, ''-സൊഹൈൽ ഖാൻ പറയുന്നു. പക്ഷേ സൽമാൻ ഖാന്റെ മദ്യപാനവും മോശം പെരുമാറ്റവും തന്നെയാണ് ആ ബന്ധം തകരാൻ ഇടയാക്കിയത് എന്ന് ഇന്ന് പരസ്യമായ രഹസ്യമാണ്. സൽമാൻ ഇന്നും അവിവാഹിതനായി തുടരുകയാണ്.

വിവേക് ഒബ്റോയുമായി പിരിയുന്നു

ഐശര്യറായിയെക്കുറിച്ച് കേട്ട ആദ്യ ഗോസിപ്പ് മോഡലിങ്ങ് കാലത്താണ്.
മോഡലിങ് രംഗത്ത് തിളങ്ങിനിൽക്കേ, സഹമോഡലായ രാജീവ് മുൾചന്ദിനിയുടെ പേരാണ് ഐശ്വര്യയുടെ പ്രണയ ജീവിതത്തിൽ ആദ്യം പറഞ്ഞുകേൾക്കുന്നത്. രണ്ടാളും ഒന്നിച്ച് ഫോട്ടോഷൂട്ടുകളും നടന്നിട്ടുണ്ട്. പക്ഷേ ഐശ്വര്യ റായിയുടെ മാത്രം കാമുകനായിരുന്നില്ല രാജീവ്. മനീഷ കൊയ്‌രാളയുമായും ഇയാൾ പ്രണയത്തിൽ ആയിരുന്നു . ഇതിന്റെ പേരിൽ മനീഷയും ഐശ്വര്യയുമായി നിശബ്ദ യുദ്ധം പോലുമുണ്ടായി എന്നാണ് ടൈംസ് ഓഫ് ഇന്ത്യ എഴുതിയത്. പക്ഷേ ആ ബന്ധം അധികനാൾ നീണ്ടില്ല. പിന്നീടാണ് സൽമാൻ ഖാൻ കടന്നുവരുന്നത്.

സൽമാന്ശേഷം, വിവേക് ഒബ്റോയുടെ പേരാണ് ഐശ്യര്യക്കൊപ്പം കേട്ടത്. ക്യൂൻ എന്ന ചിത്രത്തിനിടക്കാണ് വിവേക് ഒബ്‌റോയോയുമായി ഐശ്വര്യ പ്രണയത്തിലാകുന്നത്. ഐശ്വര്യയുടെ മുപ്പതാം പിറന്നാളിന് മുപ്പത് സമ്മാനങ്ങളാണ് വിവേക് നൽകിയത്. എന്നാൽ കോഫി വിത്ത് കരൺ സീസൺ-1 ൽ നടൻ വിവേക് ഒബ്‌റോയ് അതിനെക്കുറിച്ച് സംസാരിച്ചു. വിഷയത്തിൽ ഐശ്വര്യ റായിയുടെ ആഗ്രഹം അറിയാതെയാണ് അദ്ദേഹം പറഞ്ഞത്.

അതും വലിയ വിവാദമായി. അത് വിശദീകരിക്കാൻ വിവേക് നടത്തിയ വാർത്താ സമ്മേളനം അതിലും വലിയ വിവാദമായി. സൽമാൻ ഖാൻ ഐശ്വര്യയുടെ പേരിൽ ഒരുപാട് തവണ ഭീഷണിപ്പെടുത്തി എന്നായിരുന്നു വിവേക് പറഞ്ഞത്. അതോടെ ആ ബന്ധവും അവസാനിച്ചു. ഒടുവിലാണ്, ഐശ്വര്യയുടെ ജീവിതത്തിൽ അഭിഷേക് എത്തുന്നത്.

തകർന്ന് അഭിഷേക് -കരിഷ്മ പ്രണയം

ഇന്ത്യയിലെ ഏറ്റവും വലിയ താരകുടുംബത്തിൽ ജനിച്ചതിന്റെ എല്ലാ പ്രഷറും എൽക്കേണ്ടി വന്ന നടനാണ് അഭിഷേക് ബച്ചൻ. കരിയറിന്റെ തുടക്കത്തിൽ സിനിമയിൽ വേണ്ടവിധം തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിതാവ് അമിതാഭ് ബച്ചന്റെ താരപദവി മകനെ നന്നായി ബാധിച്ചു. 2000ൽ പുറത്തിറങ്ങിയ 'റെഫ്യൂജി' എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് ബച്ചൻ സിനിമയിലേക്ക് ചുവടുവെച്ചത്. അടുത്തിടെ ഒരു അഭിമുഖത്തിൽ, അഭിഷേക് ദുഷ്‌കരമായ സമയങ്ങൾ പറയുന്നുണ്ട്. അമിതാഭ് ബച്ചന്റെ മകനെ അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം, പ്രതീക്ഷകളുടെ അമിതഭാര കാരണം ആരും ഏറ്റെടത്തില്ല. തുടക്കത്തിൽ ചില പടങ്ങൾ പൊളിഞ്ഞതോടെ അൺലക്കി ഹീറോ എന്ന് പറഞ്ഞ് അയാൾ മാറ്റിനിർത്തപ്പെട്ടു. പക്ഷേ വൈകാതെ അഭിഷേക് ജയിച്ച് കാണിച്ചുകൊടുത്തു. പിതാവിന്റെ പേരിലല്ല സ്വന്തം പേരിൽ തന്നെ അയാൾ അറിയപ്പെടാൻ തുടങ്ങി.

അഭിഷേകും ഒരു തകർന്ന പ്രണയത്തിലെ നായികനാണ്. നടി കരിഷ്മ കപൂറുമായിട്ടായിരുന്നു ആ ബന്ധം. താരകുടുംബത്തിൽ നിന്നും ബോളിവുഡിലെത്തി സൂപ്പർ നായികയായി മാറിയ നടിയാണ് കരിഷ്മ കപൂർ. കപൂർ കുടുംബത്തിൽ നിന്നും സിനിമയിലെത്തിയ ആദ്യത്തെ പെൺകുട്ടി. തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു കരിഷ്മ. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, ഗോവിന്ദ തുടങ്ങി അക്കാലത്തെ മിക്ക സൂപ്പർ താരങ്ങളുടേയും നായികയായി അഭിനയിച്ചിട്ടുള്ള കരിഷ്മ തന്റെ പ്രകടന മികവ് കൊണ്ട് ദേശീയ പുരസ്‌കാരം അടക്കം നേടിയ സൂപ്പർ നായികയായി മാറുകയായിരുന്നു.

കരിഷ്മ സിനിമയിലെത്തിയ ശേഷം ആദ്യമായി പ്രണയ വർത്തകളിൽ ഇടം നേടുന്നത് നടൻ അജയ് ദേവ്ഗണിന്റെ പേരിനൊപ്പമാണ്്. ഇരുവരും ജിഗർ, സുഹാഗ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു. ഈ സമയത്താണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാകുന്നതും. ഈ സമയം അജയ് ദേവ്ഗൺ നടി രവീണ ടണ്ടനുമായി പ്രണയത്തിലായിരുന്നു. അജയ് ദേവ്ഗണും കരിഷ്മയും അടുത്തതോടെ ഇത് രവീണയുമായുള്ള കരിഷ്മയുടെ പ്രശ്‌നങ്ങൾക്ക് കാരണമായി. പരസ്യമായി തന്നെ കരിഷ്മയ്ക്കും അജയ് ദേവ്ഗണിനുമെതിരെ രവീണ രംഗത്ത് എത്തിയിരുന്നു. കരിഷ്മ തന്നെ സിനിമകളിൽ നിന്നും ഒഴിവാക്കിയെന്ന് രവീണ ആരോപിച്ചിരുന്നു. ഒരിക്കൽ ഇരുവരും തമ്മിൽ പരസ്യമായി കയ്യാങ്കളി വരെ നടന്നു. എന്നാൽ അജയ് ദേവ്ഗൺ പിന്നീട് നടി കജോളുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.

ഈ സമയത്താണ് കരിഷ്മ, അഭിഷേകിനെ കാണുന്നത്. രാജ് കപൂറിന്റെ മകളുടെ മകൻ നിഖിൽ നന്ദയും അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചനും തമ്മിലുള്ള വിവാഹത്തിൽ വച്ചാണ് അവർ കാണുന്നതും പരിചയപ്പെടുന്നതും. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
കരിഷ്മയെ പ്രണയിച്ചിരുന്ന കാലത്ത് അഭിഷേക് സിനിമയിലത്തിയിരുന്നില്ല. പിന്നീട് കരിഷ്മയുടെ സഹോദരി കരീനയ്‌ക്കൊപ്പം റെഫ്യൂജിയിലൂടെയാണ് അഭിഷേക് സിനിമയിൽ അരങ്ങേറുന്നത്. 2002 ൽ കരിഷ്മയും അഭിഷേകും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നുവെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. ബച്ചന്റെ 60-ാം പിറന്നാളിനായിരുന്നു ഇരുവരും വിവാഹിതരാവുകയാണെന്ന് ഔദ്യോഗികമായി തന്നെ ആരാധകരെ അറിയിച്ചത്. ജയ ബച്ചൻ കരിഷ്മയെ അഭിസംബോധന ചെയ്തത് പോലും മരുമകൾ എന്നായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് വിവാഹത്തിൽ നിന്നും പിന്മാറാനുള്ള കാരണം എന്ന് ഇരുവരും വെളിപ്പെടുത്തിയതുമില്ല.

ജാതക ദോഷംമാറാൻ വാഴക്കല്യാണമോ?

ഇങ്ങനെ പ്രണയത്തകർച്ചകൾക്കശേഷമാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും അടുക്കുന്നത്. അപ്പോഴേക്കും അഭിഷേകും പ്രശസ്തനായി. മണിരത്‌നം സംവിധാനം ചെയ്ത ഗുരു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഈ പ്രണയം ഉടലെടുത്തത്. 'ഉംറോ ജാൻ എന' എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഐശ്വര്യ റായിയുമായി പ്രണയത്തിലായ വിവരം അഭിഷേക് ബച്ചൻ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. വൈകാതെ ഐശ്വര്യാ റായും ഇക്കാര്യം സ്ഥിരീകരിച്ചു. 2007 ഏപ്രിൽ 20-ന് ഇവർ വിവാഹിതരായി. സൂപ്പർ കപ്പിൾ എന്നാണ് ഇന്ന് ഈ ജോഡികൾ അറിയപ്പെടുന്നത്. കോടികൾ പൊടിപൊടിച്ച ആഡംബരവിവാഹമായിരുന്നു ഇവരുടേത്. 2011 നവംബർ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.

പക്ഷേ താരദമ്പതികൾ എന്നും വാർത്തയിൽ ഇടംപിടിച്ചിരുന്നു. അതിലൊന്നാണ്,
ജാതകദോഷം മാറ്റാൻ അഭിഷേകിന് മുമ്പ് ഒരു മരത്തിനെ ഐശ്വര്യ വിവാഹം ചെയ്തുവെന്നവാർത്ത. വിവാഹത്തിന് മുമ്പ് ജാതക ദോഷം മാറ്റാനായി ചെയ്ത് വന്നിരുന്ന പുരാതന ആചാരമാണ് ഇത്. കേരളത്തിൽ ഇത് വാഴക്കല്യാണമെന്ന പേരിലാണ് അറിയപ്പെടുന്നത്. ജന്മനക്ഷത്രത്തിൽ വിവാഹവുമായി ബന്ധപ്പെട്ട ദോഷങ്ങളുള്ള സ്ത്രീകളും പുരുഷന്മാരുമാണ് ഈ പൂജ ചെയ്യേണ്ടത്. രാഹു-ശുക്രൻ, രാഹു- ബുധൻ, രാഹു-ശനി എന്നിങ്ങനെയുള്ള കോമ്പിനേഷനുകൾ ജാതകത്തിലുണ്ടെങ്കിൽ ഇണയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അതുകൊണ്ട് തന്നെ യഥാർത്ഥ വിവാഹത്തിന് മുമ്പായി വാഴയെ വധുവായും വരനായും കണക്കാക്കി വിവാഹങ്ങൾ നടത്താറുണ്ട്. പിന്നീട് ഈ വാഴ വെട്ടി നശിപ്പിക്കും. ഐശ്വര്യ-അഭിഷേക് വിവാഹ സമയത്ത് ഇത്തരത്തിൽ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പിന്നീട് എൻഡിഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇതിനോടെല്ലാം ഐശ്വര്യ പ്രതികരിച്ചു. '' ചില റൂമറുകൾ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു പലതും. വിദേശ രാജ്യങ്ങളിൽ പോലും അതേക്കുറിച്ച് ചോദ്യങ്ങളുണ്ടായി. മരത്തെ വിവാഹം കഴിച്ചുവെന്ന് തുടങ്ങി പലതും ഉണ്ടായിരുന്നു. അതൊക്കെ വളരെ അനാവശ്യമാണെന്ന് തോന്നി. പ്രൈം ടൈം ന്യൂസും പത്രങ്ങളും മാഗസിൻ കവർ സ്റ്റോറികളുമൊക്കെ അതിൽ പ്രാധാന്യം കൊടുക്കുന്നത് അനാവശ്യമാണെന്ന് തോന്നി.'- അവർ പറഞ്ഞു. പക്ഷേ വാഴക്കല്യാണം ശരിക്കും നടന്നതാണെന്ന് പറഞ്ഞ് പിന്നീട് നിരവധി വാർത്തകൾ വന്നിട്ടുണ്ട്.

ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ ദാമ്പത്യ ജീവിതത്തെ കുറിച്ച് സെലിബ്രിറ്റി ജോത്സ്യൻ ചന്ദ്രശേഖർ സ്വാമി പറഞ്ഞതും വാർത്തയായിരുന്നു. ''ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹം ഒരിക്കലും നടക്കില്ലെന്ന് പലരും വെല്ലുവിളിച്ചിരുന്നു . 'ഐശ്വര്യയുടെ ജാതകത്തിൽ കുജദോഷം ഉണ്ടെങ്കിലും രാജയോഗവും ജാതകത്തിലുണ്ട്. അതിശയകരമായ ഗുണങ്ങളുള്ള ഒരു അസാധാരണ ജാതകമാണ് ഐശ്വര്യയുടേത്. റായ് കുടുംബത്തിനായി ഞാൻ ഹോമങ്ങൾ നടത്തിയിട്ടുണ്ട്. ഐശ്വര്യയുടെ അച്ഛൻ കൃഷ്ണരാജ് റായിയെ എനിക്ക് പത്ത് വർഷമായി അറിയാം. '600 വർഷത്തിലൊരിക്കലാണ് ഐശ്വര്യയുടേത് പോലുള്ള ഒരു ജാതകം ഉണ്ടാകുന്നത്. ഐശ്വര്യയും അഭിഷേകും ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം വഴി കൂട്ടിച്ചേർക്കപ്പെട്ട ?ദമ്പതികളാണ്.

ഒരു ശക്തിക്കും അവരെ വേർപെടുത്താൻ കഴിയില്ല. ഐശ്വര്യയിൽ ശുക്രന്റെ ശക്തമായ സാന്നിധ്യമുണ്ട്. സൗന്ദര്യവും ബുദ്ധിയുംഎവിടെ എന്ത് സംസാരിക്കണമെന്നും ഐശ്വര്യയ്ക്ക് കൃത്യമായി അറിയാം. വിവാഹശേഷം അമിതാഭ് ബച്ചന്റെയുംകരിയർ വലിയ ഉയരങ്ങളിലേക്ക് കുതിച്ചു. അതുപോലെ ഐശ്വര്യയുടെ സ്വാധീനം കാരണം അഭിഷേക് ബച്ചന്റെ ഓരോ ചിത്രവും അസാധാരണമായ ഹിറ്റുകളായി മാറികൊണ്ടിരിക്കുകയാണ്''- എന്നാണ് സ്വാമി പറഞത്.

പിരിഞ്ഞാൽ എത്ര കോടി കൊടുക്കണം?

പക്ഷേ ഇത്തരം പ്രവചനങ്ങളെല്ലാം പൊളിക്കുന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാമക്ഷേത്രത്തിലേക്ക് അഭിഷേക് ഒറ്റക്ക് വന്നതോടെ ഹിന്ദി പത്രങ്ങളിലും ചാനലുകളിലും ഡിവോഴ്സ് വാർത്ത നിറഞ്ഞു നിൽക്കയാണ്. സോഷ്യൽ മീഡിയയിലും വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതിനിടെ വേർപിരിഞ്ഞാൽ അഭിഷേക് ഐശ്വര്യയ്ക്ക് എത്ര രൂപ നഷ്ടപരിഹാരം നൽകേണ്ടി വരും എന്നത് സംബന്ധിച്ചും ചർച്ചകൾ സജീവമാണ്. അഭിഷേക് ബച്ചനേക്കാൾ ആസ്തിയുള്ള ആളാണ് ഐശ്വര്യ റായ്. അതുകൊണ്ട് തന്നെ വിവാഹമോചിതരായാലും ചിലപ്പോൾ ഐശ്വര്യ നഷ്ടപരിഹാരം ചോദിക്കാൻ സാധ്യതയില്ലെന്നാണ് ഒരു കൂട്ടർ പറയുന്നത്. ആത്മാഭിമാനമുള്ള സ്ത്രീകൾ നഷ്ടപരിഹാരം വാങ്ങാറില്ലെന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ, മറ്റുചിലർക്ക് തിരിച്ചാണ് അഭിപ്രായം. മുൻപ് സെലിബ്രിറ്റികൾക്കിടയിൽ ഉണ്ടായിട്ടുള്ള എല്ലാ വിവാഹമോചനങ്ങളിലും നഷ്ടപരിഹാരം വാങ്ങുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന് ചിലർ പറയുന്നു. അങ്ങനെയെങ്കിൽ അഭിഷേക് ഐശ്വര്യ റായിക്ക് എത്ര തുക നൽകേണ്ടി വരുമെന്ന് ആരാധകർ കണക്ക് കൂട്ടുന്നു. അഭിഷേകിന് ആകെ 280 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. പ്രതിമാസം 1.8 കോടി രൂപ നടൻ സമ്പാദിക്കുന്നുണ്ട്. വിവാഹമോചന നിയമങ്ങൾ അനുസരിച്ച്, വിവാഹമോചനത്തിൽ ഭർത്താവ് ഭാര്യക്ക് 25% ജീവനാംശം നൽകണം. ഈ സാഹചര്യത്തിൽ ഐശ്വര്യ റായിക്ക് അഭിഷേക് പ്രതിമാസം 45 ലക്ഷം രൂപ ജീവനാംശം നൽകേണ്ടി വരുമെന്നാണ് ആരാധകർ പറയുന്നത്.

അതേസമയം, 750 കോടി രൂപ ആസ്തിയുള്ള ഐശ്വര്യ അഭിഷേകിൽ നിന്നും മാസം 45 ലക്ഷം രൂപ വാങ്ങില്ലെന്നാണ് കരുതുന്നത്. നടിക്ക് പലയിടങ്ങളിലും സ്വത്തുണ്ട്. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് 12 കോടി രൂപയാണ് ഐശ്വര്യ വാങ്ങുന്ന പ്രതിഫലം. ഇതുകൂടാതെ, പരസ്യം, മോഡലിങ് എന്നിവയിലൂടെയും ഐശ്വര്യ കോടികൾ സമ്പാദിച്ചിട്ടുണ്ട്. നൂറുകോടി രൂപ വിലമതിക്കുന്ന ബംഗ്ലാവുകൾ ഐശ്വര്യക്കുണ്ട്. അഞ്ച് ബെഡ്‌റൂം വരുന്ന വലിയൊരു അപ്പാർട്ട്‌മെന്റുണ്ട്. ദുബായിലും ഒരു വീടുണ്ട്. അങ്ങനെ പോവുന്ന ചർച്ചകൾ! പക്ഷേ ഒരുകാര്യമുണ്ട്. ഐശര്യയും അഭിഷേകും ബച്ചൻ കുടുംബവും ഒന്നും ഇക്കാര്യത്തിൽ പ്രതികിരിച്ചിട്ടില്ല. അല്ലെങ്കിലും നാട്ടുകാർക്കണെല്ലോ വീട്ടുകാരെക്കാളും ഇത്തരം കാര്യങ്ങളിൽ തിരക്ക് കൂുടതൽ.

വാൽക്കഷ്ണം: 50 വയസ്സായിട്ടും നായികയായി തിളങ്ങിനിൽക്കുന്ന, ഇന്ത്യയിലെ ഏക നടിയാണ് ഐശ്വര്യ. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ സിനിമ കണ്ടവർക്ക് അറിയാം, അവരുടെ കരിസ്മ. വിവാഹശേഷം ആകെ തടിച്ചുരുണ്ട് അഭിനയരംഗം വിടുന്ന ഇന്ത്യൻ നടിമാരിൽനിന്നും ഐശ്വര്യ തീർത്തും വ്യത്യസ്തയാണെന്നും, ഇതും ഒരു സ്ത്രീ ശാക്തീകരണമാണെന്നും, ഇന്ത്യാ ടുഡെ എഴുതുന്നു.